ഖജുരാഹോ ക്ഷേത്രങ്ങൾ
ഇന്ത്യയിലെ ക്ഷേത്ര വാസ്തുവിദ്യയുടെ ഏറ്റവും ഗംഭീരവും വാസ്തുവിദ്യാപരമായി അതിശയിപ്പിക്കുന്നതുമായ ചില മാതൃകകളാണിവിടെ എന്നാണ് പൊതുവെയുള്ള അഭിപ്രായം. രാവിലെ തന്നെ ഞങ്ങൾ അവിടെ എത്തി. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഞങ്ങളുടെ യാത്ര ‘സീസണിൽ ‘അല്ലാത്തതു കൊണ്ടായിരിക്കാം , ഗൈഡുമാരെല്ലാം ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ ഞങ്ങളുടെ ചുറ്റും കൂടി. ഗൈഡുമാരുടെ റേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു ബോർഡ് ടിക്കറ്റ് കൗണ്ടറിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് അത്തരം ബോർഡ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കാണുന്നത്.
ഇതു പോലെയുള്ള സ്ഥലങ്ങളിൽ ‘ ക്യാമറ’ ഒരു ‘കീറാമുട്ടി’ യാണ്. ക്യാമറക്ക് വലിയൊരു തുക ചാർജ്ജ് ചെയ്യും. കൈയ്യിലുള്ള ഫോണിലെ ക്യാമറയോ – അത് അവർക്ക് പ്രശ്നമല്ല. കൂടെയുള്ളയാളും അവിടുത്തെ ഉദ്യോഗസ്ഥരും ‘ ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ്’ എന്ന നിലപാടിലാണ്. ഇതെല്ലാം ആ ഉദ്യോഗസ്ഥരുടെ സ്വകാര്യമായ ഒരു ആനന്ദമാണോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളിലും ഇത്തരം വാഗ്വാദങ്ങൾ ഉള്ളതു കൊണ്ട് ഞാൻ അവിടെയെല്ലാം ചുറ്റിക്കറങ്ങി കാഴ്ചകൾ കാണുകയായിരുന്നു. ക്ഷേത്രങ്ങളെ കുറിച്ചുള്ള വിവരണത്തിന്റെ ഫലകത്തിന്റെ അടുത്തു തന്നെ Braille യിലുള്ള
( കണ്ണു കാണാത്തവർക്ക് വായിക്കാനുള്ള രീതി) ഫലകവുമുണ്ട്.
വിനോദ സഞ്ചാരികൾക്ക് എത്രമാത്രം പ്രാധാന്യം കൊടുത്തിരിക്കുന്നുവെന്ന് അതിൽ നിന്നും വ്യക്തം.
ഖജുരാഹോ ക്ഷേത്രങ്ങളെ ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് ടെംപിൾസ് , വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് ടെംപിൾസ്, സതേൺ ഗ്രൂപ്പ് ഓഫ് ടെംപിൾസ് എന്നിങ്ങനെ തിരിക്കാം.
വെസ്റ്റേൺ ഗ്രൂപ്പിലെ ക്ഷേത്ര സമുച്ചയങ്ങളിൽ ആദ്യമായി സന്ദർശിച്ചത് വരാഹ ക്ഷേത്രം.
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ മൂന്നാമത്തേതായ വരാഹൻ എന്ന പന്നിയുടെ മണൽക്കല്ലിൽ കൊത്തുപണികളുള്ള അതിമനോഹരമായ ശില്പം. രണ്ടര മീറ്ററിലധികം നീളവും ഒന്നേ മുക്കാൽ മീറ്ററോളം ഉയരവുമുണ്ട്. ശില്പം ഭീമാകാരവും ഏകശിലാരൂപവുമാണ്. പന്നിയുടെ ഉപരിതലത്തിൽ 675 മിനിയേച്ചർ രൂപങ്ങളുണ്ടത്ര ! പ്രധാനപ്പെട്ട പല ദൈവങ്ങളെയും ദേവതകളെയും പ്രതിനിധീകരിക്കുന്നു. പന്നി തന്നെ എല്ലാ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്നതായിട്ടാണ് കാരണം പറഞ്ഞത്.
ഒരു ഉയർന്ന സ്തംഭത്തിൽ പണിത വരാഹ ക്ഷേത്രം. പതിനാല് തൂണുകളിൽ വിശ്രമിക്കുന്ന പിരമിഡാകൃതിയിലുള്ള മേൽക്കൂരയുള്ള ഒരു ദീർഘചതുര പവലിയൻ ശ്രീകോവിലിൽ അടങ്ങിയിരിക്കുന്നു. പരന്ന മേൽത്തട്ട് ഒരു താമര പോലെ കൊത്തിയെടുത്തിട്ടുണ്ട്. വിഷ്ണുവിന്റെ കൈയിൽ കാണപ്പെടുന്നതാണല്ലോ താമര.
ഐതീഹ്യമനുസരിച്ച് ഹിരണ്യാക്ഷനെ പരാജയപ്പെടുത്താൻ മഹാവിഷ്ണു ഒരു പന്നിയുടെ രൂപത്തിൽ അവതരിച്ചു. വരാഹവും ഹിരണ്യാക്ഷനും തമ്മിലുള്ള യുദ്ധം ആയിരം വർഷത്തോളം നീണ്ടുനിന്നതായി വിശ്വസിക്കപ്പെടുന്നു. വരാഹൻ ഭൂമിയെ സമുദ്രത്തിൽ നിന്ന് തന്റെ കൊമ്പുകൾക്കിടയിൽ കൊണ്ടുപോയി പ്രപഞ്ചത്തിൽ അതിന്റെ സ്ഥാനത്ത് പുന:സ്ഥാപിച്ചു.
AD900 – 925 കാലഘട്ടത്തിൽ പണി കഴിപ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം , കോമ്പൗണ്ടിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്.
ക്ഷേത്രവിശേഷങ്ങളും കാഴ്ചകളും നീളുകയാണ് ……