” കല്ലുകളിൽ സ്നേഹത്തിന്റെ കവിതയെഴുതിയ നഗരമാണ് ഖജുരാവോ ….. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ കൊത്തിയെടുത്ത കല്ലുകൾ ….. കല്ലുകളിൽ കാമസൂത്ര കൊത്തിയ ഇടമെന്ന വിശേഷണം ഒരേ സമയം തള്ളുകയും കൊള്ളുകയും ചെയ്യുന്ന നാട് —– ഖജൂരാഹോ യെ കുറിച്ചുള്ള വിവരണങ്ങൾ നീളുകയാണ്.
നഗ്നശില്പങ്ങൾക്കു മുന്നിലെത്താൻ ഭാരതീയർ മടിക്കുമ്പോൾ, ശില്പ കലയിലെ ഈ സൗന്ദര്യം കാണുവാനായി മാത്രം എത്തിച്ചേരുന്ന വിദേശികളുമുണ്ട്. ഗൂഗിൾ തന്ന വിവരണങ്ങൾ വായിച്ചപ്പോൾ, ” കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണല്ലോ എന്റെ ഖജുരാഹോ !” എന്നാലും യാത്രകൾക്കായി കിട്ടുന്ന ചാൻസുകൾ ഞാൻ മുടക്കാറില്ല. രതിശില്പങ്ങൾ എന്നു പറയുമ്പോഴും മഹത്തായ ഭാരതീയ വാസ്തുവിദ്യയുടെ മകുടോദ്ദാഹരണങ്ങളാണ് ഈ ക്ഷേത്രസമുച്ചയങ്ങൾ .
മധ്യ പ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സ്ഥിതി ചെയ്യന്നത്. അടിസ്ഥാനപരമായി ഹിന്ദു – ജൈന ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. മധ്യകാല നൂറ്റാണ്ടിൽ ചന്ദേല രാജവംശം പത്താം നൂറ്റാണ്ടോടെ പണി കഴിപ്പിച്ചതാണിത്. പതിമൂന്നാം നൂറ്റാണ്ടിലെ ഡൽഹിയിലെ സുൽത്താന്റെ സൈന്യം ഈ സാമ്രാജ്യം ആക്രമിച്ചു കീഴടക്കിയ തോടെയാണു ഈ ക്ഷേത്രസമുച്ചയത്തിന്റെ നാശം ആരംഭിക്കുന്നത്. ഏകദേശം ഏഴു നൂറ്റാണ്ടുകളോളം വനത്തിനുള്ളിലായിരുന്നു. പിന്നീട് 1838 – ൽ ബ്രിട്ടീഷ് എൻഞ്ചിനിയർ ആയിരുന്നു ക്ഷേത്രങ്ങളെ പുറം ലോകത്തിനു പരിചയപ്പെടുത്തുന്നത്. ഇരുപത് ചതുരശ്ര കിലോമീറ്റർ സ്ഥലത്തിനുള്ളിലായി 85 ക്ഷേത്രങ്ങളുണ്ടായിരുന്നു എന്നാൽ ഇന്ന് ആറു ചതുരാശ കിലോമീറ്ററിൽ 20 ക്ഷേത്രങ്ങളാണുള്ളത്.
ഡൽഹിയിൽ നിന്നും ഏകദേശം 611 കി.മീ. യാണുള്ളത്. ഖജുരാഹോയിലേക്ക് അടുക്കു തോറും റിസോർട്ടുകളുടെയും ‘ഫാം ഹൗസ്സു’ കളുടെയും നീണ്ട നിര തന്നെ കാണാം. വിരുന്നുകാരുടെ ബഹളമാണ് എവിടെയും. ആകെയൊരു ഉത്സവപ്രതീതി.
പാട്ടും ഡാൻസും മേളവും ആഘോഷവുമൊക്കെയായി മൊത്തത്തിൽ ആഘോഷമാണ് നോർത്ത് ഇന്ത്യൻ കല്യാണങ്ങൾ. കല്യാണം ആഘോഷിക്കാനായി പലരും ഡൽഹിയിൽ നിന്നും എത്തിയിരിക്കുന്നവരാണ് . അതിന്റെ ഭാഗമായി പല സ്ഥലങ്ങളും പ്രകാശലങ്കാരത്താൽ കൂടുതൽ സുന്ദരിയായിരിക്കുന്നു. ജീവിതത്തിൽ ആഹ്ളാദം കണ്ടെത്തുന്നവരാണ് വടക്കെ ഇന്ത്യക്കാർ!
പഞ്ചാബി കല്യാണം എന്നു പറയുമ്പോൾ ഏകദേശം 25 യോളം ആചാരങ്ങൾ ഉള്ളതാണ്. അതിൽ ‘ Haldi ceremony, Sangeet’ എല്ലാം കേരളത്തിലും ഇന്ന് പ്രചാരത്തിലായിട്ടുണ്ടല്ലോ. ആചാരങ്ങളിൽ നാട്ടുകാർക്കും നല്ലൊരു കാഴ്ച സമ്മാനിക്കുന്ന ആചാരമാണ് ‘ Ghodi Chadhna’,
വിവാഹത്തിലേക്കായി കുതിരപ്പുറത്തുള്ള വരന്റെ സവാരിയാണിത്. കൂട്ടത്തിൽ ബാൻഡ് മേളവും കാണും.വരന്റെ സഹോദരിമാരും ബന്ധുക്കളും ഡാൻസും പാട്ടുമൊക്കെയായി അവർ മാത്രമല്ല നാട്ടുകാർക്കും അതൊരു ഉത്സവം പോലെയാണ്. പല ഹോട്ടലുകളുടെ മുൻപിലും കുതിരയും ബാൻഡ് മേളക്കാരും കാത്ത് നിൽക്കുന്നുണ്ട്.
ഇതൊക്കെ കാണുമ്പോൾ കേരളത്തിലുള്ള കല്യാണങ്ങൾക്കുള്ള ആർഭാടങ്ങൾ ഒന്നുമല്ലയെന്ന് തോന്നിപോകുന്നു.
ഇത്തരം ബഹളങ്ങളൊന്നുമില്ലെങ്കിൽ വളരെ ശാന്തവും സുന്ദരവും ഒരു ചെറിയ പട്ടണമായിട്ടാണ് തോന്നിയത്.
എന്തായാലും കല്യാണമേളങ്ങൾ കണ്ടതോടെ ക്ഷേത്രങ്ങളും വാസ്തുവിദ്യാ വിസ്മയങ്ങളെല്ലാം തലയിൽ നിന്നും മാറി പോയിരിക്കുന്നു. കൂടുതൽ വിശേഷങ്ങളോടെ അടുത്താഴ്ച