‘വാട്ട്സ് ആപ്പിലൂടെയോ മറ്റോ വായിച്ചിട്ടുള്ള ‘forward message’ ന്റെ ഭാഗമായിട്ട്, വഴിയോരക്കച്ചവടക്കാരാടൊന്നും ഇപ്പോൾ വില പേശാൻ പോകാറില്ല. വലിയ വെള്ള താമര പൂവിന് 100 രൂപയാണ് വില പറഞ്ഞത്. പൂവിനെക്കാളും ആ കുട്ടിയുടെ ദൈന്യത നിറഞ്ഞ മുഖമാണ് എന്റെ കൂടുതൽ മനസ്സിനെ സ്പർശിച്ചത്. ‘വെള്ള താമര’ ഞാനാദ്യമായിട്ടാണ് കാണുന്നത്. എന്തായാലും താമരയെ കണ്ടു ആസ്വദിക്കാൻ അധിക സമയം ലഭിച്ചില്ല. അതിനു മുൻപെ ഒരു കുരങ്ങൻ അത് തട്ടിപ്പറിച്ചെടുക്കാൻ എത്തി. എൻെറ ‘ ശീ…. ശൂ’ വിനൊന്നും യാതൊരു വിലയുമില്ല പകരം പല്ലിളിച്ചു
കാണിച്ചു എന്നെ പേടിപ്പിക്കുകയാണ്. ചുറ്റും നോക്കിയപ്പോൾ അവിടെ മനുഷ്യരെക്കാളുമധികം വാനരന്മാരാണ്. വാനരപ്പട ! താമര അവർക്ക് കൊടുത്ത് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു എന്നു പറയാം. താമര അവർ ഭക്ഷിക്കുമോ?
നാഗപ്പൂരിൽ നിന്ന് ഏകദേശം 42 കി.മീ ദൂരെയായിട്ടുള്ള ചെറിയ പട്ടണമാണ് രാംടെക് . ഇവിടെയാണ് ചരിത്ര പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രം . രാമഗിരി കുന്നുകൾ എന്നറിയപ്പെടുന്ന ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് എത്താൻ അഞ്ഞൂറിനു മേലെ പടികൾ കയറേണ്ടതുണ്ട്.
കുത്തനെയുള്ള പടികൾ അല്ല. നിരപ്പായ സ്ഥലങ്ങളിലെ വശങ്ങളിലുള്ള കടകളിലെ ഷോപ്പിംഗും വാനരന്മാരുടെ ഇത്തരത്തിലുള്ള കയ്യേറ്റങ്ങളും ഒരു പക്ഷെ നടന്ന് മടുത്തവർക്ക്, പോയ ഉന്മേഷം തിരിച്ചു പിടിക്കാനുള്ള നുറുങ്ങളാക്കാം.
ശ്രീരാമന്റെ പതിനാലു വർഷത്തെ വനവാസത്തിനിടെ വിശ്രമിച്ച സ്ഥലമെന്നാണ് ഐതിഹ്യം. ഋഷിമാർ അനുഷ്ഠിച്ചിരുന്ന മതപരമായ ചടങ്ങുകളും പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന പ്രക്രിയയിൽ അസുരന്മാർ ഏർപ്പെടുകയും നിരവധി പുണ്യപുരുഷന്മാരെ വധിക്കുകയും ചെയ്തുവത്രേ . ഇതിൽ മനം നൊന്ത ശ്രീരാമൻ രാക്ഷസന്മാരുടെ വഞ്ചനാത്മകമായ പ്രവർത്തനങ്ങളിൽ നിന്ന് ലോകത്തെ മുഴുവൻ മോചിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
ടെക് എന്നാൽ പ്രാദേശിക ഭാഷയിൽ നേർച്ച എന്നാണ്. അതിനാൽ രാം ടെക് എന്നാൽ രാമന്റെ നേർച്ച എന്നാണ്. ഈ സ്ഥലത്തു വെച്ച് നേർച്ചയോ പ്രതിജ്ഞയോ എടുക്കുന്ന ഏതൊരു വ്യക്തിക്കും നേർച്ച സഫലമാകുമെന്നാണ് വിശ്വാസം. ശ്രീരാമന്റെ പാദുകങ്ങളെയാണ് ഇവിടെ ആരാധിക്കുന്നത്.ഈ ക്ഷേത്രത്തിന് 600 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന് മധ്യപ്രദേശിൽ കണ്ട ക്ഷേത്രങ്ങളുടെ തരത്തിലുള്ള രൂപകൽപ്പനയോട് സാദൃശ്യം തോന്നി. ക്ഷേത്രവും പരിസരവും വളരെ നന്നായി പരിപാലിച്ചിരിക്കുന്നു.
അവിടെ കണ്ട Bauoli, വെള്ളം സംഭരിക്കാൻ കഴിയുന്ന റിസർവോയറാണ് ബാവോലി. ഭൂഗർഭജലത്തിന്റെ ഉറവിടവും മഴക്കാലത്ത് വെള്ളം ശേഖരിക്കുന്നതുമാണ്. ശക്തമായ മഴയും വെയിലും കൊണ്ടാകാം പായലൊക്കെ പിടിച്ച് ആ പ്രദേശത്തിന് കണ്ണു തട്ടാതിരിക്കാനായിട്ടുള്ളതു പോലെയുണ്ട്.
കുന്നിൻ മുകളിലായതു കൊണ്ട് ഏതോ തീപ്പെട്ടിക്കോല് കൊണ്ട് അടുക്കി വെച്ചിരിക്കുന്നതുപോലെയുള്ള പട്ടണത്തിന്റെ കാഴ്ചയും സമ്മാനിക്കുന്നുണ്ട്.
പ്രകൃതി ഭംഗിയും ഭക്തിയും വാനരപ്പടയും എല്ലാം കൂടി കലർന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നു പറയാം.
Thanks