‘വലത്തോട്ട് തിരിഞ്ഞ് നേരെ പോയി ഇടത്തോട്ട് തിരിഞ്ഞ് ……….’ ഇതിന് മുൻപിൽ കൂടിയല്ലേ നമ്മൾ അങ്ങോട്ടേക്ക് പോയത്… ? ‘ എന്തായാലും ആ കോൺവെന്റിനു മുന്നിലൂടെ കറക്കം തുടങ്ങിയിട്ട് രണ്ടു – മൂന്നു പ്രാവശ്യമായി. ‘സത്‌പുര കി റാണി’ എന്ന അറിയപ്പെടുന്ന മധ്യപ്രദേശിലെ ഏറ്റവും ഉയരം കൂടിയ ഹിൽ സ്‌റ്റേഷനായ പച്ച് മറിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം 5 – 6 കിലോമീറ്റർ ചുറ്റളവിലാണ്. ഗൂഗിൾ മാപ്പിനെ ആശ്രയിക്കാതെയുള്ള ഞങ്ങളുടെ യാത്ര പലപ്പോഴും ഭൂമി ഉരുണ്ടാതാണെന്ന് തെളിയിച്ചു കൊണ്ട് തുടങ്ങിയിടത്തു തന്നെ എത്തി നിൽക്കുകയാണ്. രണ്ടു – മൂന്നു പ്രാവശ്യത്തെ കോൺവെന്റിൽ മുന്നിലൂടെയുള്ള കറക്കം – എന്നാൽ പിന്നെ കോൺവെന്റിൽ ഒന്നു കയറാമെന്ന ചിന്തയായി. ലോകത്തിന്റെ ഏതു കോണിലുള്ള ആശുപത്രിയിൽ പോയാലും ഒരു മലയാളി നഴ്സിനെ കാണാതെ വരാൻ പറ്റില്ല എന്നു പറയുന്നതു പോലെയാണ് കന്യാസ്ത്രീകളും.
St.Josephs Convent, സാധാരണയായി വിദ്യാഭ്യാസ രംഗത്താണ് ഇവരുടെ സേവനമുള്ളത്. സ്കൂളുകളും കോളേജുകളും ധാരാളം. കോൺവെന്റിലെ വാച്ചർ ഞങ്ങളെ അകത്തേക്ക് കടത്തിവിടാൻ മടിച്ചു. ആ സമയത്ത് അവിടെ താമസിക്കുന്ന കന്യാസ്ത്രീ ഒരു ഓട്ടോയിൽ വന്നിറങ്ങി. എന്നാൽ കന്യാസ്ത്രീയെ പരിചയപ്പെട്ട് അകത്തു കയറാം എന്നതായി ഞങ്ങളുടെ അടുത്ത പരിപാടി. നാടോടികളെ പോലെ കറങ്ങി നടക്കുന്ന സമയങ്ങളിൽ ഇതു പോലുള്ള ചില വട്ടുകളും തലയ്ക്ക് പിടിക്കാറുണ്ട്.
കന്യാസ്ത്രീയുടെ സംശയകരമായ ചോദ്യങ്ങളെല്ലാം ഹിന്ദി & ഇംഗ്ലീഷ് ഭാഷയിലാണെങ്കിലും ആ പറയുന്നതിലെ ശ്രുതി, സംഗതി, താളം …. ‘ങാ … – ഇത് നമ്മുടെ സ്വന്തമല്ലേ !…’ എന്നു നമുക്ക് തോന്നാം. പലപ്പോഴും ഞാൻ മറുപടി മലയാളത്തിലാണ് പറഞ്ഞെങ്കിലും അവരുടെ ഭാഷ ഹിന്ദി & ഇംഗ്ലീഷിൽ തന്നെയാണ്. സംസാര മലയാള ഭാഷയുടെ താളത്തിൽ പറയുന്ന ഹിന്ദി & ഇംഗ്ലീഷ് ഭാഷ കേൾക്കാനും രസമാണ്. അതുപോലെ തന്നെയാണ് കാവി സാരിയും കുരിശിന്റെ മാലയും ഇട്ടിട്ടുള്ള കന്യാസ്ത്രീയെ കാണാതെ ഒരു തീവണ്ടി യാത്രയും അവസാനിക്കാറില്ല. ഇതൊക്കെ വടക്കെയിന്ത്യയിൽ കണ്ടു മുട്ടിയിട്ടുള്ള മലയാളി കന്യാസ്ത്രീകളുടെ പ്രത്യേകതയായി തോന്നിയിട്ടുള്ളതാണ്. ജോലിയിൽ നിന്നും വിരമിച്ചവർക്കും വയസ്സായ കന്യാസ്ത്രീകൾക്കുള്ള താമസസ്ഥലവും പുതിയതായി ചേർന്നവർക്കുള്ള ട്രെയിനിംഗ് കൊടുക്കുന്ന സ്ഥലവുമാണത്. ‘ കോൺവെന്റ് വിസിറ്റ്’ മോശമായില്ല. നാടിന്റെ രുചിയിലെ കറികളൊക്കെയായി ഉച്ച ഭക്ഷണമൊക്കെ ഞങ്ങൾക്ക് തരാനും അവർ മടിച്ചില്ല.ഏതാനും മറ്റു മലയാളി കന്യാസ്ത്രീകളെ പരിചയപ്പെട്ടുവെങ്കിലും അവരെക്കൊണ്ട് മലയാളം പറയിപ്പിക്കുക എന്ന എന്റെ ദൗത്യം വിജയിച്ചില്ല.
Handikhoh
മലയിടുക്കുകളും താഴ്‌വരകളും എതൊരു ഹിൽസ്റ്റേഷന്റെയും രത്നങ്ങളാണ് , ഇവിടേയും വ്യത്യാസമില്ല. ഏകദേശം 300 അടി താഴ്ചയുള്ള ഇവിടെ മലയിടുക്കിന്റെ വശങ്ങളും അടിഭാഗവും പല തരത്തിലുള്ള സസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.
യുനെസ്കോ ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ് പച്ച് മറി. സസ്യജന്തുജാലങ്ങളെക്കുറിച്ച് പഠിക്കാൻ ഗവേഷകർ ഇവിടെ വരാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കഥകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ, മി. ഹാൻഡി എന്നു പേരുള്ള ഒരു ബ്രിട്ടീഷുകാരൻ ഇവിടെ നിന്നും ചാടി ആത്മഹത്യ ചെയ്തുവെന്നും അതല്ല അയാൾക്ക് അപകടം പറ്റി കാർ താഴോട്ട് വീണ് മരിച്ചതാണെന്നും പറയപ്പെടുന്നു. ഈ സ്ഥലത്ത് വച്ച് Mr. ഹാണ്ടി കൊല്ലപ്പെട്ടതിനാൽ അത് ‘ഹണ്ടി ഖോ ‘ എന്നറിയപ്പെട്ടു.ഗൈഡുമാരുടെ കഥകൾ കേട്ടുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ തൊപ്പി താഴോട്ട് വീണു പോയി. അതോടെ ഈ സ്ഥലത്തെ ‘ Topi Khoh’ എന്നാക്കി കൂടെ എന്നൊരു സംശയമായി ആ കുട്ടിക്ക്. ഇവിടെ നിന്ന് ഒരു കല്ലെറിഞ്ഞാൽ അതിന്റെ ശബ്ദം കേൾക്കണമെങ്കിൽ ഏകദേശം തൊണ്ണൂറു സെക്കന്റ് വേണമെന്നാണ് പറയുന്നത്. ആരും പരീക്ഷിച്ചില്ല. പോയത് തൊപ്പിയായതു കൊണ്ട് ശബ്ദവും വന്നില്ല. എന്തായാലും അവിടെയുള്ള ആ വേലിക്ക് വലിയ ആരോഗ്യമൊന്നുമില്ല. സൂക്ഷിക്കണം.
ഐതിഹ്യമനുസരിച്ച്, ഈ സ്ഥലത്ത് മനോഹരമായ ഒരു തടാകമുണ്ടായിരുന്നു. അതിലൊരു പൈശാചിക പാമ്പ് ഉണ്ടായിരുന്നു. മഹാദേവൻ ആ പാമ്പിനെ കൊന്നു. പാമ്പിനെ കൊല്ലുമ്പോൾ തടാകത്തിലെ വെള്ളമെല്ലാം ബാഷ്പീകരിക്കുകയും പിന്നീട് അത് ഇടുങ്ങിയ വായയുള്ള വീതിയേറിയ ഒരു പാത്രം പോലെയായിയെന്നാണ് (ഹാൻഡി) .
ഇവിടുത്തെ വിനോദ സഞ്ചാര ആകർഷണമാണ് ഇന്നത്. കാഴ്ചകൾ കാണാനായിട്ട് ബൈനാക്കുലറുകളും ടെലിസ്കോപ്പുകളും വാടകക്ക് കൊടുക്കുന്ന ആളുകളുണ്ട്. അതുപോലെ കുതിര സവാരിക്കുമുള്ള സൗകര്യമുണ്ട്. അവർക്കെല്ലാം അതൊരു ഉപജീവനമാർഗവുമാണ്. അതുകൊണ്ടു തന്നെ റേറ്റുകൾ നിശ്ചിതമല്ല.
പത്തോ – പതിനഞ്ചോ മിനിറ്റാണ് അവിടെ ചെലവാക്കിയതെങ്കിലും പ്രകൃതിയാൽ നിർമ്മിച്ച ആ കാഴ്ചകളിൽ പ്രത്യേകിച്ച് മലയുടെയും പാറകളുടെയും വളവുകൾ അതിശയകരമാണ്. പതിവു പോലെ ഇവിടേയും കൂടുതൽ ക്ഷീണിച്ചിരിക്കുക ക്യാമറകളായിരിക്കും.
ചരിത്രപരമായ കഥകൾ നിറഞ്ഞ മനോഹര സ്ഥലമെന്നു പറയാം!
Thanks,
റിറ്റ ഡൽഹി✍