കുട്ടനാടിന്റെ അഭിമാനമായ സംസ്കാരികപൈതൃകങ്ങളായ ജലയാനങ്ങളിൽ
കുട്ടനാടിന്റെതല്ലാത്ത, ഒരു ജലരാജാവുണ്ട്, “കല്ലൂപ്പറമ്പൻ ” പേരിലും ആകൃതിയിലും സൗന്ദര്യത്തിലും ആണൊരുത്തന്റെ നെഞ്ചുവിരിവും തലയെടുപ്പുമുള്ള ജലരാജാവ്.
വേമ്പനാട്ടുകായലും, കുട്ടനാടൻ പ്രദേശങ്ങളും അതിർത്തിയായിട്ടുള്ള മലനിരകളും,കുന്നുകളും, വിശാലമായ നെല്പാടങ്ങളും, പരന്നുകിടക്കുന്ന കായലും കൊണ്ട് സമൃദ്ധമായ , അക്ഷരനഗരിയെന്നു അറിയപ്പെടുന്ന കോട്ടയത്ത് നിന്നും, പുന്നമടയെ വിറപ്പിക്കാൻ എത്തിയ വീരപുരുഷൻ “കല്ലൂപ്പറമ്പൻ ”
മിന്നുന്നപ്രകടനങ്ങൾ കാഴ്ച്ചവെച്ചു പുന്നമടയെ പുളകംകൊള്ളിച്ച ഈ ജലരാജാവ് ഇപ്പോൾ വിശ്രമത്തിലാണ്.. നീണ്ട പടയോട്ടങ്ങളുടെ, വിജയങ്ങളുടെ ദിനങ്ങൾതന്ന ഓർമയുടെ ലഹരിയിൽ, ഗർവ്വോടെ കോട്ടയം അയ്മനത്തെ വള്ളപ്പുരയിൽ വിശ്രമിക്കുന്ന കല്ലൂപ്പറമ്പന്റെ വീരചരിതകഥകളിലേക്ക് നമുക്കൊന്ന് പോയാലോ..
കല്ലൂപ്പറമ്പനെക്കുറിച്ച് പറയുമ്പോൾ, വള്ളംകളിയെന്ന്കേട്ടാൽ രക്തം തിളയ്ക്കുന്ന കോട്ടയംകാരനായ ഒരു പ്ലാന്റ്റെക്കുറിച്ചാണ് ആദ്യം പറയേണ്ടത്.. ആലിച്ചൻ എന്ന പേരിലറിയപ്പെടുന്ന “ഹാലി മാത്യു” എന്ന പ്ലാന്റർ. കുട്ടനാട്ടുകാരനല്ലാഞ്ഞിട്ടും ചുണ്ടൻവള്ളത്തെയും വള്ളംകളിയെയും ഇത്രമേൽ നെഞ്ചിലേറ്റിയ ഒരു വ്യക്‌തിത്വം ഇല്ലയെന്ന് തന്നെവേണം പറയാൻ. എല്ലാ റബ്ബർ കർഷകരെയും പോലെ സമ്പാദ്യത്തുക ബാങ്കിലിട്ട് സ്വസ്ഥമായി കഴിയാൻ ഹാലിമാത്യൂനെപോലുള്ള ഒരു ജലോൽസവപ്രേമിക്ക് കഴിയുമായിരുന്നില്ല…. ചുണ്ടൻവള്ളമെന്ന ഭ്രാന്തിലേക്കുള്ള മനസിന്റെ ഒഴുക്കിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ. കല്ലൂപ്പറമ്പൻ എന്ന അസുരരാജാവിന്റെ പിറവിയിലേക്കുള്ള ചരിത്രം ഉടലെടുത്തു.
ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്ന് പറയുന്നത് പോലെ കല്ലൂപ്പറമ്പൻ എന്ന ജലരാജാവിനു വേണ്ടി പുന്നമടയിലെ അത്‌വരെയുള്ള ചരിത്രം വഴി മാറുകയായിരുന്നു.
ഹാലി മാത്യുവിന് കല്ലൂപ്പറമ്പൻ ചുണ്ടൻവള്ളത്തിന്റെ ജനനത്തിന് മുൻപ് രണ്ട് വള്ളങ്ങൾ ഉണ്ടായിരുന്നു.. “മാട്ടി, അഴകേശൻ “എന്നീ രണ്ട് ഇരുട്ടുകുത്തി വള്ളങ്ങൾ ഉണ്ടായിരുന്നു.(ഇരുട്ടുകുത്തി [ഓടി വള്ളം ] കവർച്ചക്കാരും കടൽ കൊള്ളക്കാരും പണ്ട് ഉപയോഗിച്ചിരുന്ന ഈ വള്ളം ജലനിരപ്പിനോട് ചേർന്നാണ് കിടക്കുന്നത്. രാത്രി കാലങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് കൊണ്ടാകും ഇരുട്ടുകുത്തി എന്ന പേര് ലഭിച്ചത്. രണ്ടറ്റവും ഒരു പോലെ വളഞ്ഞിരിക്കുന്ന ഇരുട്ടുകുത്തി വള്ളങ്ങളും, പിന്നറ്റം മീൻപിടിക്കാൻ ഉപയോഗിക്കുന്ന തോണിപോലുള്ള അറ്റമുള്ള വള്ളവും ഇരുട്ടുകുത്തിവള്ളങ്ങളിൽ കാണാറുണ്ട്.പതിനഞ്ചു മീറ്ററോളം നീളമുള്ള ഈ വള്ളം മത്സരങ്ങളിൽ സാധാരണ സ്ത്രീകളും തുഴയാറുണ്ട്.)
“ചെമ്പിലരയൻ” എന്ന ഇരുട്ടുകുത്തിവള്ളം വിലയ്ക്ക് മേടിച്ച് ഹാലിയുടെ മൂത്തമകന്റെ പേരായ “മാട്ടി “എന്ന പേരുനൽകി മത്സരത്തിനിറക്കി. പിന്നീട് നടന്നൊരു മത്സരത്തിൽ മാട്ടിയെന്ന ജെറ്റിനെ തോൽപിച്ച അഴകേശനെന്ന ഇരുട്ടുകുത്തി വള്ളത്തെയും സ്വന്തമാക്കി.
എവിടെയും മനുഷ്യനെ വേർതിരിക്കുന്ന മതഭ്രാന്തെന്ന വിഷവിത്ത് ഈ ചുണ്ടൻവള്ളം തുഴയുന്ന ടീമിലുമുണ്ടായി, ഒരു വള്ളം ഹിന്ദുക്കളും ഒരുവള്ളം ക്രിസ്താനികളും തുഴഞ്ഞപ്പോൾ വള്ളങ്ങളുടെ മത്സരപ്പോര് സമുദായികപ്പോരായി ഉടലെടുക്കാൻ തുടങ്ങി. അതിന് തടയിടുന്നതിനായി അദ്ദേഹം, എല്ലാവർക്കും ഒരേപോലെതുഴയാൻ പറ്റുന്നൊരു ചുണ്ടൻവള്ളം വേണമെന്ന് തീരുമാനത്തിലെത്തുകയും.ആറന്മുളയിൽ കീക്കോഴൂർ എന്ന കരയിലെ വള്ളപ്പുരയിൽ അലസനായി കിടന്നിരുന്ന ഒരു പള്ളിയോടത്തെ വിലക്ക്വാങ്ങി കല്ലൂപ്പറമ്പിൽ എത്തിച്ചു.. കേട്ടുകേഴ്വി അനുസരിച്ച് (ചൂളക്കാടൻ എന്ന പള്ളിയോടമാണ് കല്ലൂപ്പറമ്പൻ ആക്കിയതെന്നും പറയപ്പെടുന്നു. ഇതിനെ പറ്റി വ്യക്തമായ ധാരണയില്ല. ) ഈ പള്ളിയോടത്തെ കോഴിമുക്ക് നാരായണൻ ആചാരി തന്റെ വൈദഗ്ധ്യത്താൽ രൂപംകൊടുത്ത് ഈ വീരകേസരിയെ 1970ൽ നീറ്റിലിറങ്ങി. അമരത്ത് പതിപ്പിച്ച കുരിശടയാളം ഇവന്റെ പ്രത്യേകതയാണ്. ഈ കുരിശടയാളത്തിന് മുൻപിൽ തലവെച്ചാൽ പിന്നെ ഇവനെ നിയ്യന്ത്രണത്തിൽ കിട്ടില്ലെന്ന് തുഴച്ചിൽക്കാരുടെ അനുഭവം. ഈ ജലരാജാവിന്റെ പടയോട്ടത്തിന്റെ വീരചരിതകഥകളുമായി അടുത്ത ലക്കം വരാം.
പുന്നമടയിൽ പുളകങ്ങൾ വാരിവിതറുന്ന,ചുണ്ടൻവള്ളങ്ങളും,ഇടിമിന്നൽപോലെ നെഞ്ചിലേക്ക് കയറുന്ന ഇടിത്താളങ്ങളുടെ ശബ്ദവും, ആടിത്തുഴയാൻ തോന്നിപ്പിക്കുന്ന വഞ്ചിപ്പാട്ടിന്റെ ഈരടികളും, ഞരമ്പുകളെ ത്രസ്സിപ്പിക്കുന്ന വാശിയേറിയപോരാട്ടവും എന്റെ തൂലികയിലൂടെ നിങ്ങളുടെ മനസ്സിലേക്ക് പുന്നമടയിലെ കുഞ്ഞോളങ്ങളെപ്പോലെ തുള്ളിഴൊകുന്നുണ്ടെന്ന്, ഞാൻ കരുതിക്കോട്ടെ.
വായിക്കാൻ നിങ്ങളും തയ്യാറല്ലേ എന്റെ കുട്ടനാടിനെക്കുറിച്ച്, എങ്കിൽ ഞാനും എഴുതാൻ തയ്യാറാണ്. നിങ്ങളുടെ സ്വന്തം കുട്ടനാടൻ കൂട്ടുകാരി
അശ്വതി മനോജ്✍