രണ്ടു പ്രളയത്തെ അതിജീവിച്ച, വൈറസിന് മുൻപിൽ തകർന്നുപോകാത്ത കുട്ടനാടൻ ഗ്രാമീണജനതയുടെ പച്ചയായ ജീവിതത്തിന്റെ നേർകാഴ്ചകളിലേക്ക് എന്നോടൊപ്പം നിങ്ങളെയും ക്ഷണിക്കുന്നു. ആലപ്പുഴയുടെ ഹൃദയഭാഗമായ അമ്പലപ്പുഴയിലെ യദുകുലദേവന്റെ ക്ഷേത്രോൽപത്തിയിലേക്ക് നമുക്ക് പോകാം,
വളരെ പ്രസിദ്ധനായിരുന്ന ചെമ്പകശ്ശേരി രാജാവ് ദേവനാരായണൻ വില്ല്വമംഗലം സ്വാമിയാരുടെ നിർദ്ദേശപ്രകാരം പണികഴിപ്പിച്ചതാണ് അമ്പലപ്പുഴ ക്ഷേത്രം.മദ്ധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കൻകേരളത്തിലുള്ള ക്ഷേത്രമായതിനാൽ “തെക്കൻഗുരുവായൂർ” എന്നറിയപ്പെടുന്നു
മഹാകവി കലക്കത്ത് കുഞ്ചൻനമ്പ്യർ തന്റെ യൗവ്വനത്തിൽ ഇവിടെ താമസിച്ചിരുന്നു, അദ്ദേഹത്തിന് തുള്ളൽ തുടങ്ങാൻ പ്രചോദനമായത് ഇവിടെ വെച്ചാണ്. കുഞ്ചൻ നമ്പ്യാരുടെ “മിഴാവ് “ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്..
ടിപ്പുസുൽത്താൻ ഗുരുവായൂർ ആക്രമിക്കുമോയെന്നു സംശയം തോന്നിയപ്പോൾ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയും കൂട്ടരും ഗുരുവായൂരിലെ വിഗ്രഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുവരികയും, പഴയ ചെമ്പകശ്ശേരികൊട്ടാരമായിരുന്ന അമ്പലപ്പുഴതെക്കേമഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും നിർമിക്കുകയും ഗുരുവായൂരപ്പനെ അവിടെ കുടിയിരുത്തുകയും ചെയ്തു എന്നാണറിയപ്പെടുന്നത്..
ഇന്നും അമ്പലപ്പുഴയിൽ ശ്രീകോവിലും തിടപ്പള്ളിയും കിണറുമൊക്കെയുണ്ട് അവിടെ വിളക്കുവെപ്പുമുണ്ട്, സമീപത്തുള്ള എല്ലാ ക്ഷേത്രങ്ങളും തകർത്തിട്ടും ടിപ്പുസുൽത്താന് ഗുരുവായൂർ ക്ഷേത്രം മാത്രം തകർക്കാൻ പറ്റിയില്ല പിന്നീട് വിഗ്രഹം ഗുരുവായൂരിലേക്ക് തിരികെ കൊണ്ടുപോയി.
ക്ഷേത്രം പോലെതന്നെ പ്രസിദ്ധമാണ് അമ്പലപ്പുഴ പാൽപ്പായസം. ഒരു ക്ഷാമകാലത്ത് ചെമ്പകശ്ശേരി രാജാവ് തലവടിയിലുള്ള ബ്രാഹ്മണനോട് കുറച്ചു ധനം വായ്പ മേടിച്ചിരുന്നു. എന്നാൽ നിശ്ചിതസമയത്തു പണം തിരികെ കൊടുക്കാൻ പറ്റിയില്ല. ഒരു ദിവസം ബ്രാഹ്മണൻ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നും തന്റെകുടുമ അഴിച്ച് ശപഥം ചെയ്തു തന്റെ കടം വീട്ടാതെ ക്ഷേത്രത്തിൽ ഉച്ചപൂജ നടത്തിക്കുകയില്ലെന്ന്. അതുകേട്ടു വിഷമിച്ച രാജാവ് തന്റെ മന്ത്രിയായ മണക്കാട്ടമ്പള്ളി മേനോനോട് കാര്യം പറഞ്ഞു, മേനോന്റെ നിർദ്ദേശപ്രകാരം അമ്പലപ്പുഴയിലെ മുഴുവൻ കരക്കാരും തങ്ങളുടെ മുഴുവൻനെല്ലും അമ്പലത്തിന്റെ കിഴക്കേനടയിൽ കൊണ്ടുവെച്ചു. മന്ത്രി ബ്രഹ്മണനോട് ഉച്ചപൂജക്ക് മുൻപ് മുഴുവൻ നെല്ലും എടുത്തുമാറ്റി കൊടുക്കണമെന്ന് പറഞ്ഞു. എന്നാൽ അവിടുത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാൻ കൂട്ടാക്കിയില്ല ഒടുവിൽ മുഴുവൻ നെല്ലും ക്ഷേത്രത്തിനു തന്നെ സമർപ്പിച്ച് പറഞ്ഞു,
“ആ നെല്ലിന്റെ വിലയും പലിശയുംകൊണ്ടു ഭാഗവാന് ഉച്ചപൂജക്ക് പാൽപ്പായസം നൽകൂ ”
അന്ന് മുതലാണ് പാൽപ്പായസം തുടങ്ങിയത്,
രാവിലെ കൃത്യം ആറുമണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം തിളപ്പിക്കുന്നു,ഒരു മണിക്കൂറിനു ശേക്ഷം പാലൊഴിച്ച് സാവധാനത്തിൽ തിളപ്പിച്ച് പറ്റിക്കുന്നു പതിനൊന്നുമണിയോട് കൂടി വെള്ളം വറ്റുമ്പോൾ അരിചേർക്കും ഒരുമണിക്കൂർ കഴിയുമ്പോൾ പാലിന്റെ പകുതിഭാഗത്തോളം വറ്റിക്കഴിയും അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്ത് നിവേദിക്കുന്നു. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമാണ് ഉപയോഗിച്ചിരുന്നത്.ഇന്നത്തെ തോത് പാൽ എഴുപത്തിയൊന്നു ലിറ്ററും വെള്ളം ഇരുന്നൂറ്റിഎൺപതിയൊന്ന് ലിറ്റരും അരി 8:91കിലോയും പഞ്ചസാര 15.84 കിലോയുമാണ്. അമ്പലപ്പുഴയിൽ പാൽപ്പായസം എഴുന്നുള്ളിക്കുമ്പോൾ വടക്കേ നടയിലൊരു കൃഷ്ണപ്പരുന്തു വട്ടമിട്ടു പറക്കും അതു സാക്ഷാൽ ഗുരുവായൂരാപ്പന്റെ സാനിധ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു.
എന്റെയീ ചെറിയ എഴുത്തുകൊണ്ട് അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ സാനിധ്യം നിങ്ങളുടെ മനസ്സിലുമുണ്ടായികാണുമെന്നു കരുതട്ടെ
കുട്ടനാടൻ ജനതയുടെ സാമൂഹികസാംസ്കാരിക ജീവിതത്തിലേക്ക് നമുക്കൊന്ന്പോകാം,
കേരളത്തിന്റെ കലസാംസ്‌കാരിക, സാമൂഹിക, മേഖലകളിലും, കൃഷി, മത്സ്യബന്ധനം ടൂറിസം മേഖലകളിലും നിർണ്ണായകസ്വാധീനം ചെലുത്തിയ ഭൂപ്രദേശമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാടിന്റെ പ്രധാന ആകർഷണം തിങ്ങിനിറഞ്ഞ കേരവൃക്ഷങ്ങളും വയലേലകളും ആണ്. കുട്ടനാടൻജനതയുടെ പ്രധാന ഉപജീവനമാർഗമാണ് കൃഷി.
തിരുവതാംകൂർ ദിവാനായിരുന്ന “രാജാകേശവദാസൻ” ആലപ്പുഴയിൽ തുറമുഖം നിർമിച്ചതോടെയാണ് കുട്ടനാടിന്റെ കാർഷികചരിത്രത്തിലെ സുവർണ്ണകാലഘട്ടം ആരംഭിച്ചത്. വേമ്പനാട്ടുകായലിൽ നിന്നും മനുഷ്യാധ്വാനം മുഖേന പടുത്തുയർത്തിയതാണ് കുട്ടനാടൻ പാടശേഖരങ്ങൾ.
കുട്ടനാടിനെ അപ്പർ കുട്ടനാടെന്നും ലോവർ കുട്ടനാടെന്നും രണ്ടായി തിരിച്ചിരിക്കുന്നു. വേമ്പനാട്ട്കായലിൽ പതിക്കുന്ന നദികൾ നിക്ഷേപിക്കുന്ന എക്കലും മണ്ണും അടിഞ്ഞു രൂപപ്പെട്ടതാണ് അപ്പർ കുട്ടനാട്.. പൂർണ്ണമായും ആഴം കൂടിയ കായൽ നിലങ്ങൾ നികത്തിയെടുത്തുണ്ടായവയാണ് ലോവർ കുട്ടനാടൻ പ്രദേശങ്ങൾ. നികത്തിയെടുക്കപ്പെട്ട നിലത്തിനു രാജകുടുംബങ്ങങ്ങളുടെയോ ദിവാന്റെയോ, ഈ യഞ്ജത്തിൽ പങ്കാളികളായ പങ്കുകാരുടെയോ എണ്ണമായൊക്കെയായിട്ടാണ് നിലങ്ങൾക്ക് പേരുനൽകിയിരുന്നത്.. ഉദാഹരണത്തിന് “ആറുപങ്കുകാർ “ചേർന്ന് കുത്തിയത് കൊണ്ടാണ് കൈനകരി വില്ലേജിലെ ആറുപങ്കുകായലിനു ആ പേര് നൽകിയത്.
കായലിൽ ജലനിരപ്പ് കുറഞ്ഞിരിക്കുന്ന വേനൽക്കാലങ്ങളിലാണ് കൃഷി നടത്തിയിരുന്നത്..ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ വെള്ളം വറ്റിക്കാൻ പെട്ടിയും പറയുമാണ് ഉപയോഗിച്ചിരുന്നത്…
കുട്ടനാടൻ കാർഷിക രീതികളെ കുറിച്ചെഴുതുമ്പോൾ, ചൂണ്ടിക്കാണിച്ചിട്ടില്ലാത്ത കുട്ടനാടൻ മണ്ണിന്റെ മക്കളുടെ വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും കഥകൾ ഉണ്ട്… വരേണ്യവർഗ്ഗങ്ങളുടെ കഥകളിൽ മുങ്ങിപ്പോയ,, ചരിത്രത്താളുകളിൽ ചൂണ്ടിക്കാണിക്കപ്പെടാതെ പോയ, അധസ്ഥിത വർഗ്ഗക്കാരുടെ ചോരയിൽ പടുത്തുയർത്തിയ കുട്ടനാടിന്റെ കഥകൾ.വാമൊഴിയായി പകർന്നുപോരുന്ന ,ചരിത്രകഥകളിലും സാഹിത്യകൃതികളിലും ചിലയിടങ്ങളിൽ സൂചിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള, അവഗണനയുടെ പട്ടികയിൽ പെട്ടുപോയ അടിയാളന്മാരുടെ ചരിത്രങ്ങൾ..
അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അന്വേഷിച്ചാൽ കിട്ടുന്ന അറിവുകൾ നമുക്ക് മുന്നിൽകിട്ടുന്ന ചരിത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തവുമാണ്,സമൂഹത്തിൽ ഉന്നതപദവിയോ, അക്ഷരാഭ്യാസമോ ഇല്ലാതിരുന്ന ഒരു ജനത ചരിത്രതാളുകൾക്ക് പുറത്തായതിൽ അത്ഭുതപ്പെടാനില്ല. സാധാരണ മനുഷ്യന്റെ ജീവിതം എപ്പോഴും ചരിത്രങ്ങൾക്ക് പുറത്തായിരിക്കും
കുട്ടനാടിനെ ഇന്ന്കാണുന്ന നിലയിൽ കൊണ്ടെത്തിക്കാൻ കഴിഞ്ഞത് കുട്ടനാടൻ മണ്ണിലെ അധ:സ്ഥിത വർഗ്ഗക്കാരെന്നു നമ്മൾ വിളിക്കുന്ന ഏറെ തമസ്കരിക്കപ്പെട്ടുപോയ “പുലയരെയാണ് ”
ഒരുകാലത്ത് കുട്ടനാട് പുലയരുടെ നാടാണെന്നാണ് വേണം പറയാൻ.ഇതിനൊക്കെ കൃത്യമായ തെളിവില്ലെങ്കിലും, അവരുടെ ജീവിതരീതിയും, സംസ്കാരവും കുട്ടനാടൻ ഭൂപ്രകൃതിയുമൊക്കെ ആ അറിവിന് ഉറപ്പുനൽകുന്ന ഒന്നാണ്..
സംഘകൃതികൾ നൽകുന്ന സൂചനകളിൽ, സംഘകാലത്തെ” ചേര ” “ചോള “രാജാക്കന്മാരെല്ലാം ദ്രാവിഡരാണെന്ന് വ്യക്തമാക്കുന്നുണ്ട്.(അകനനൂറ്, പുരനാനൂറ്,ചിലപ്പതികാരം, ഇവയൊക്കെയാണ് സംഘകൃതികൾ )ചേരരാജക്കന്മാരുടെ പേരുകൾ അവർക്കു കുട്ടനാടുമായുള്ള ബന്ധം സൂചിപ്പിക്കുന്നുണ്ട് (പൽയാനൈച്ചൽ,കെഴുകുട്ടുവൻ,വേൽകെഴുകൂട്ടുവൻ, ചേരൻ, ചെങ്കുട്ടുവൻ, മുതലായവയാണ് പേരുകൾ )ചേരരാജാക്കന്മാരുടെ വംശം എങ്ങിനെ അധികാരഭ്രഷ്ട്രരായി മാറിയെന്നത് വ്യക്തമല്ല.
എട്ടാംനൂറ്റാണ്ടടോടെ ആര്യമതത്തിന്റെ സ്വാധീനം പ്രബലമാകുകയും. ക്ഷത്രിയർ രാജഭരണത്തിൽ ഏറുകയും ചെയ്തു.
അധികാരത്തിൽ ആകൃഷടരാകാതെ മണ്ണിനെ സ്നേഹിച്ചിരുന്ന ഇവർ മണ്ണിൽ പണിയെടുത്തും പ്രകൃതിയെ സ്നേഹിച്ചും, മണ്ണിൽ നിന്നും കിട്ടുന്നവിളകൾ മണ്ണിൽതന്നെ കൃഷി ചെയ്തും ജീവിക്കുകയായിരുന്നു. ക്രമേണ അധികാരവർഗ്ഗങ്ങൾ ഭൂമി കയ്യടക്കി ഇവരുടെ അധ്വാനശീലത്തെ മുതലെടുത്തു ജീവിക്കുകയായിരുന്നു,
“പുലയൻ ” എന്നപദത്തിന്റെ അർത്ഥംതന്നെ “പുലം/ പാടം /വയൽ /വയലുമായി ബന്ധപ്പെട്ടു ജീവിക്കുന്നവൻ എന്നൊക്കെയാണ്.പുലത്തിന്റെയും നാടിന്റെയും ഒക്കെ അധിപനായിരുന്ന ഇവർ അധികാരങ്ങളൊക്കെ നഷ്ടപ്പെട്ടപ്പോഴും കൃഷിയിടങ്ങളെ കൈവെടിഞ്ഞില്ല.കൃഷിയിടങ്ങളിൽ ആവശ്യത്തിന് വിളവെടുത്തു ജീവിച്ചിരുന്നവർ ഭൂമിക്കു അതിരുകൾ കല്പിച്ചിരുന്നില്ല.ആധുനികകാലം മുതലേ കൃഷി ചെയ്തു ജീവിച്ചയവർക്ക് കൃഷിഭൂമി തങ്ങളുടേതാണെന്ന ബോധം ഉണ്ടായിരുന്നു.പുലയർക്ക് ജീവിതം കൃഷിയിടങ്ങളിൽ തന്നെയായിരുന്നു,പക്ഷേ ആ കൃഷിയിടത്തിന്റെ അധികാരികൾ ജന്മിമാരും..
കുട്ടനാടിനെ ഇന്ന്കാണുന്ന രീതിയിൽ ഉയർത്തിയെടുക്കാൻ, ചരിത്രത്താളുകളിൽ രേഖപ്പെടുത്താത്ത, കണ്ണീരുരക്തവും കലർന്ന, ഭയാനകവും, അതുപോലെതന്നെ നോവുണർത്തുന്നതുമായ ഒരുപാടു ജീവിതങ്ങളുടെ ബലിയർപ്പണങ്ങൾ ഉണ്ട്. പിൻതലമുറക്കാർ തന്നിട്ടുപോയ പാഠങ്ങൾ,ഉൾക്കൊണ്ടതുകൊണ്ടും, അത് നടപ്പാക്കിയതുകൊണ്ടുമാണ് കായൽനികത്തിയെടുത്ത കുട്ടനാടിനെ ചരിത്രത്താളുകളിൽ, സുവർണ്ണലിപിയിൽ രേഖപ്പെടുത്താൻ കാരണമായത്.
കുട്ടനാടൻ മണ്ണിനെ അടുത്തറിഞ്ഞ മണ്ണിന്റെ മണമുള്ള കർഷകരുടെ ജീവിതത്തിലേക്ക് നമുക്ക് ഇത്തിരിനേരംപോകാം. കുട്ടനാടിൻ കർഷകരുടെ ജീവതാളമായ കൃഷിയും, അതിനോടനുബന്ധിച്ചുള്ള കർഷകഭാഷയും കൃഷിരീതികളും ഒന്നുപരിചയപ്പെടാം.
അധികാരവും ധനവും മത്തുപിടിപ്പിച്ച ചില ഫ്യൂഡൽപ്രഭുക്കന്മാർ അടിയാളന്മാരെ അടിമകളെപ്പോലെ കരുതി,പെരുമാറുകയും ക്രമേണ ചാതുർവർണ്യത്തിലൂടെ അടിയാളന്മാരെ അയിത്തജാതിക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു.
കുട്ടനാട്ടിൽ വേമ്പനാട്ടുകായൽ നികത്തുന്നതിനു മുൻപ് കരിനിലങ്ങളിൽ കൃഷി ചെയ്തിരുന്നു.. പുതിയതലമുറയ്ക്ക് അജ്ഞതമായ കൃഷിരീതികൾ ഉണ്ട് അവയൊന്നു പരിചയപ്പെടാം.
കട്ടവെയ്പ്പ്
————————————–=
പണ്ട് ഒറ്റവിളവ് (പൂ എന്ന് വിളിക്കും )കൃഷി നടത്തുന്ന സമയത്ത് കർക്കിടകമാസത്തിലായിരുന്നു കൃഷി ആരംഭിക്കുന്നത് “പുറവരമ്പ് “കുത്തുന്നതാണ് ആദ്യത്തെ നടപടി
ഓണപ്പണിക്കാരൻ മൂപ്പൻ (തലപുലയൻ )ഉപാസനമൂർത്തിക്കു കള്ള്, മുറുക്കാൻ അവിലൊക്കെ വെച്ചു പൂജ കഴിച്ചതിനുശേക്ഷമാണ് കട്ടവെയ്പ്പ് ആരംഭിക്കുന്നത്
ഇതിന് ജന്മി, അടിയാളന്, കള്ളും കൂലിയും നൽകും പിറ്റേ ദിവസമാണ് “പുറവരമ്പ് “നിർമ്മിക്കുന്നത്,തെങ്ങ്, കവുങ് മുതലായവ മുറിച്ച് കുറ്റികളാക്കി പുറത്ത് നീളത്തിൽ കുറ്റിയടിച്ച് അകത്ത്, മുളം ചെറ്റയോ, ഓലചെറ്റയോ വെച്ച് മുറുക്കിയതിനു ശേഷം, പുറംകായലിൽ നിന്ന് ശേഖരിച്ചിട്ടുള്ള കട്ടചെളി, ഈരക്കാട് (ഒരു തരം പുല്ല്) മരച്ചില്ലകൾ എന്നിവയിട്ട് അതിനു മുകളിൽ കട്ടചെളി നിരത്തിയാണ് പുറംവരമ്പ് നിർമ്മിക്കുന്നത്.
അടുത്തതായി “കഴിച്ചുക്കെട്ട് എന്ന നടപടിയാണ്,ചിങ്ങം ഒന്നാംതീയതിയാണ് കഴിച്ചുകെട്ട് നടത്തിയിരുന്നത് ദുർബലമായ ബണ്ടുകളും, മടകളും വരമ്പുകളും കുത്തുന്നപണിയാണ് കഴിച്ചുകെട്ടെന്ന് പറയുന്നത്,മടക്ക് തെങ്ങും കുറ്റിയടിച്ച് മുളകൊണ്ട് വല്ലഴി വെച്ചുകെട്ടി കമ്പ് കാടുംഉപയോഗിച്ച് കെട്ടുവള്ളത്തിൽ കൊണ്ടുവരുന്ന കട്ടചെളിയും ചേർത്ത് ഒരു മുറിമുതൽ മറ്റേമുറിവരെ എത്തിച്ച് മടപൂർത്തിയാക്കുന്നതാണ് മട കുത്തൽ (ഇട മുറിഞ്ഞുപോയ പുറംവരമ്പ് ഇടക്ക്കുത്തി ബെലപ്പെടുത്തുന്നതിനാണ് മടകുത്തുകയെന്ന് പറയുന്നത്.)കട്ടവെയ്പ്പ് ചെയ്യുന്നത്പോലെതന്നെ ആചാരനുഷ്ഠനങ്ങളോടെയാണ് ഇതുംചെയ്യുന്നത്.ഇല്ലെങ്കിൽ മടയുറക്കില്ലെന്നു വിശ്വാസം.പണ്ടുകാലത്തു ബണ്ട്പണിക്കാർ എത്ര ശ്രമിച്ചിട്ടും ഉറയ്ക്കാതെ വന്നപ്പോൾ പറയനെ നരബലി നൽകി ബണ്ട് ഉറപ്പിച്ചു എന്നൊരു ഐതീഹ്യം കുട്ടനാട്ടിൽ ഇപ്പോഴും പറഞ്ഞുകേൾക്കുന്നുണ്ട്.
കുട്ടനാടൻഗ്രാമങ്ങളുടെ വിശുദ്ധിയും നന്മയുംമൊക്കെ ഒത്തുചേർന്ന പച്ചയായമനുഷ്യരുടെ ജീവിതരീതികളും, വൈവിധ്യങ്ങളായ കൃഷിരീതികളുമൊക്കെയായി ഞാൻ ഇനിയും വരാം നിങ്ങൾ വായിക്കാൻ തയ്യാറാണല്ലോ അല്ലേ
സ്നേഹപൂർവ്വം നിങ്ങളുടെ കുട്ടനാട്ടുകാരി 🌹
അശ്വതി മനോജ്, കുവൈറ്റ്