കാറ്റിനോടു കഥപറഞ്ഞ് അലസമായി ഒഴുകുന്ന കായൽ പുളിനങ്ങൾ. അവളുടെ മാറിൽ ആവേശത്തിന്റെ തിരയിളക്കം ഉണ്ടാക്കാൻ, കുഞ്ഞോളങ്ങളെ കീറി മുറിച്ചുകൊണ്ട് തുഴഞ്ഞ് കയറാൻ, കരുത്തരായ സ്വർണ്ണനാഗങ്ങളെ കാത്തിരിക്കുകയാണവൾ.
“ആരവങ്ങളില്ലാതെ രണ്ട് വർഷം..ആളൊഴിഞ്ഞ വീടുപോലെ മൂകമായ ദിവസങ്ങൾ വല്ലപ്പോഴും കൊതുമ്പു വള്ളത്തിൽ തുഴഞ്ഞുപോകുന്ന താറാവുകാരൻ മാത്രമായിരുന്നു അവളുടെ അതിഥി. കോവിഡ് തകർത്തെറിഞ്ഞ ജീവിതങ്ങൾ ഒരുപാടുണ്ട് ഈ കുട്ടനാട്ടിൽ.
മറ്റേതു സ്ഥലത്തേക്കാൾ കൂടുതൽ കോവിഡിന്റെ രൂക്ഷഫലങ്ങൾ അനുഭവിച്ചതും കുട്ടനാട്ടുകാർ ആയിരിക്കും. കൃഷി ഉപജീവനമാർഗ്ഗമാക്കിയ കുട്ടനാടൻ ജനത കോവിഡിനുമുൻപുള്ള രണ്ട് പ്രളയങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറുന്നതെയുണ്ടായിരുന്നുള്ളു.
വെള്ളപ്പൊക്കത്തിന്റെ ദൂക്ഷ്യവശങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ധാരാളം കുടുംബങ്ങൾ കുട്ടനാട്ടിലുണ്ട്..
മലിനമായ ജലാശയം, കുടിവെള്ള ക്ഷാമം, താമസസൗകര്യം കുറഞ്ഞവീടുകൾ. ഗതാഗതസൗകര്യം ഇല്ലാത്ത പ്രദേശങ്ങൾ ഇങ്ങിനെ പലവിധ പ്രശ്നങ്ങളിൽ പെട്ടുഴലുന്നവർ ഒരുപാടുണ്ട്..
കാണുമ്പോൾ കണ്ണിനിമ്പമാകുന്ന വഞ്ചിവീടുകൾ. ത്രീസ്റ്റാർ ഹോട്ടലുകൾ പോലും തോറ്റുപോകുന്ന മുറികൾ, ഭക്ഷണങ്ങൾ ഒക്കെയുള്ള വഞ്ചി വീടുകൾ നെടുമുടി കുമരകംപോലെയുള്ള സ്ഥലങ്ങളിൽ ഒരുപാടുണ്ട്. ഇവയിൽ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങൾ എല്ലാം ഈ കായലിലേക്കാണ് എത്തിച്ചേരുന്നത്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിലും രക്തത്തിലലിഞ്ഞു ചേർന്ന വള്ളകളിയെന്ന വികാരത്തെ അവർ മറന്നില്ല.
കാലം മുൻപോട്ടുപോകുന്നതോറും പിന്നോട്ട് വലിക്കുന്ന ജീവിതത്തെ ഒരു കരക്കെത്തിക്കാൻ പാടുപെടുമ്പോഴും,അന്നത്തെ അന്നത്തിനായി മാറ്റിവെക്കുന്നതിൽ നിന്നൊരു വീതം അവർ ഈ ചുണ്ടൻവള്ളങ്ങൾക്കായി എടുക്കുന്നു.
ഒരു ഗ്രാമം മുഴുവനും ജാതി മതഭേദമന്യേ, പണമുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ മുന്നിട്ടിറങ്ങുന്ന ഒരേയൊരു കാര്യം ചുണ്ടൻ വള്ളങ്ങളാണ്. അങ്ങിനെ ഒരു ഗ്രാമത്തിന്റെ മുഴുവൻ കഠിന പ്രയത്നങ്ങളുടെ ഫലമായി ഉണ്ടായ ചുണ്ടൻവള്ളമാണ്. രൗദ്രഭവങ്ങൾ ആവാഹിച്ച പുണ്യപ്പിറവി. “കാരി യെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കാരിച്ചാൽ” ചുണ്ടൻ.തൂണ്പിളർന്നിറങ്ങി വരുന്ന നരസിംഹമൂർത്തിയുടെ രൗദ്രഭാവത്തോടെ. കായലിന്റെ മാറുപിളർന്ന് ശരവേഗത്തിൽ കുതിച്ചെത്തുന്ന ചുണ്ടൻ വള്ളം.
“കോഴിമുക്ക് നാരായണൻ ആചാരി” തന്റെ കഴിവുകൾ മുഴുവൻ ആവാഹിച്ചു ചെയ്തെടുത്ത ശില്പം. ഇടത്തോട്ട് ചരിവുള്ള അതികായകൻ.അവന് ഇടത്തോട്ടുള്ള ചരിവ് കിട്ടിയത്.
ചുണ്ടൻ വള്ള നിർമ്മാണസമയത്ത് അസാധാരണമായ വെള്ളപൊക്കമുണ്ടായി. അതുകാരണം കുറേനാൾ പണി നിർത്തിവെക്കേണ്ടതായി വന്നു അങ്ങിനെ ചുണ്ടൻവള്ളം നിർമ്മിക്കാൻ ഉള്ള അച്ചിന് കേടുപാടുകൾ ഉണ്ടായി. ആ അച്ച് വെച്ചുണ്ടാക്കിയത് കൊണ്ടാണ് അവന് ഒരു “ലാലേട്ടനിസം” ഉണ്ടായതെന്നു പറയപ്പെടുന്നു.
ആരുണ്ടെന്നേ വെല്ലാൻ എന്നാ ഭാവം ആണ് മത്സരത്തിനിറങ്ങുമ്പോൾ അവന്
53വർഷങ്ങൾ പിന്നിടുമ്പോഴും അവന്റെ റെക്കോഡുകളെ മറികടക്കാൻ വേറൊരു ജന്മം ഇവിടെ ഉണ്ടായിട്ടില്ല.
ഒരുപാട് പുതുക്കിപ്പണികൾ അവന്റെ ശരീരത്തെ അവശനാക്കിയെങ്കിലും ഓരോ കളിയിലും, അവന്റെ ഉയിർത്തെഴുന്നേൽപ്പ് കണ്ടാൽ ആരും അന്തിച്ചു നിന്നുപോകും.
ചാരത്തിൽ നിന്നും പറന്നുപൊങ്ങിയ ‘ഫിനിക്സ്’ പക്ഷിയെപ്പോലെ. പതിനഞ്ചുതവണ ബഹുമാന്യനായ “ചാച്ചാജിയുടെ “കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് കയ്യിലെടുത്തവൻ, അല്ലാതെ തന്നെ പ്രാദേശിക മത്സരങ്ങളിൽ ഒരുപാട് പ്രാവശ്യം വിജയം കൈവരിച്ചവൻ.
1970 ൽ നീറ്റിലിറക്കി നെഹ്‌റുട്രോഫിയിൽ തുഴയുമ്പോൾ ചമ്പക്കുളംകാർ, ചമ്പക്കുളം 2വെന്ന പേരിലാണ് തുഴഞ്ഞത്.. രണ്ട് പ്രാവശ്യവും ഫൈനലിൽ പ്രവേശിച്ചുവെങ്കിലും കപ്പെടുക്കാനായില്ല.
1974ൽ എഫ് ബിസി ചേന്നങ്കരി കാരിച്ചാൽ എന്നപേരിൽ തന്നെ മത്സരിക്കുകയും. നാടിനും തച്ചനും പേരും പെരുമയും നൽകിക്കൊണ്ട് അവൻ തന്റെ ജൈത്രയാത്രക്ക് തുടക്കമിട്ടു.
പിന്നീടങ്ങോട്ടൊരു പോരാട്ടം തന്നെയായിരുന്നു, ഹാട്രിക്കുകളുടെ പെരുമഴക്കാലം.
ആരിലും അസൂയപടർത്തുന്ന ഉയർച്ച, അവന്റെ പോരാട്ടങ്ങളിൽ ഒക്കെ ചതിപ്രയോഗങ്ങൾ ഒക്കെ നടന്നിട്ടുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നെണ്ടെങ്കിലും. ഓരോ വീഴ്ചയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നു കാരിച്ചാൽ എന്ന വീരജന്മം നമ്മെ ഓർമിപ്പിക്കുന്നു..
1988ന് ശേഷം കാരിച്ചാലിനു വിജയം വള്ളപ്പാടകലെ ആയിരുന്നു. ആ സമയങ്ങളിലൊന്നും അവനെ കൈവിടാതെ പൊന്നുപോലെ നോക്കിയ കാരിച്ചാൽക്കരക്കാരെ അഭിനന്ദിക്കാതെ തരമില്ല..2000ത്തിൽ വീണ്ടും ആലപ്പുഴ ബോട്ട്ക്ലബ്ബിലൂടെ അവൻ തന്റെ രണ്ടാം വരവിന് തുടക്കമിട്ടു.2001ൽ എഫ് ബി സി ചേന്നങ്കരിയുടെ കൈക്കരുത്തോടെ നെഹ്‌റുട്രോഫി കരസ്ഥമാക്കി.
കാലത്തിനൊപ്പം ഒരേ മനസ്സോടെ നിൽക്കാതെ ഓടിയ കാരിച്ചാൽ ചുണ്ടന് 2020ൽ ഒരു പുനർജ്ജനി ഉണ്ടാവുകയായിരുന്നു.
കാരിച്ചാൽ ചുണ്ടനോട് വൈകാരികമായ അടുപ്പം പുലർത്തിയിരുന്ന കരക്കാർക്ക് ചുണ്ടൻ പുതുക്കിപ്പണിയുമ്പോൾ.കമിഴ്ത്തി വെച്ച അച്ചിലെ ഇടിത്തടിക്കു പിന്നിൽ രണ്ട് “മാതാവ്” പലകകൾ മാത്രം നിലനിർത്തി ബാക്കിയെല്ലാം പുതിയ പലകകൾ ചേർത്തു. മാതാവ് പലകകൾ ചേർന്ന് കഴിഞ്ഞപ്പോൾ വള്ളം മലർത്തി ബാക്കി പണികൾ പൂർത്തിയാക്കി.
പഴയ കാരിച്ചാലിനെ പൂർണ്ണമായും ഒഴിവാക്കാൻ കരക്കാർക്ക് കഴിയില്ല എന്നത്കൊണ്ടാണ് പഴയ മാതാവുപലകകൾ ഒഴിവാക്കാതെ അവനെ പുനർനിർമ്മിച്ചത്.
പുതുതലമുറയിൽപെട്ടവർക്ക്പോലും അത്രയും അടുപ്പം അവനോടു ഉണ്ടായിട്ടാണ് പഴയകണ്ണി മുറിച്ച് മാറ്റാതെ അവനെ പുതുക്കി പണിതത്.
2016ൽ 1170മീറ്റർ ദൂരം 4മിനിറ്റ് 16സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്തതാണ് അവൻ നെഹ്‌റുട്രോഫിയിൽ ഫൈനലിൽ എടുത്ത ഏറ്റവും കുറഞ്ഞ സമയം.
ഇനിയുമുണ്ട് ഇവന്റെ വീരചരിതങ്ങൾ. വഞ്ഞിപ്പാട്ടിന്റെ നതോന്നതയുടെ താളവും കുട്ടനാടിന്റെ നെഞ്ചിടിപ്പിന്റെ താളവും നിങ്ങളുടെ നെഞ്ചിലെ മിടിപ്പുപോലെ അനുഭവപ്പെടുത്താൻ എന്റെ തൂലികക്ക് കഴിഞ്ഞെന്ന് ഞാൻ കരുതിക്കോട്ടെ.
എന്റെ കുട്ടനാടിനെ വായിക്കാൻ നിങ്ങൾ തയ്യാറല്ലേ? എങ്കിൽ ഞാൻ എഴുതാൻ തയ്യാറാണ്.
നിങ്ങളുടെ സ്വന്തം കുട്ടനാടൻ കൂട്ടുകാരി