കുട്ടനാടെന്ന ഗ്രാമസുന്ദരിയുടെ തിരുനെറ്റിയിലെ സിന്ദൂരതിലകം പോലെ, “കാവാല”മെന്ന പ്രദേശം…. പൊൻപുലരിയിൽ തുഷാരഹാരമണിഞ്ഞ നെൽക്കതിരുകളിൽ അതിരഥൻ മിഴിചായ്ച്ചപ്പോൾ നാണത്തിൽ കുതിർന്ന് തലകുനിച്ച് നിൽക്കുന്ന നയനാനന്ദകരമായ കാഴ്ച കുട്ടനാടിന്റെ സ്വന്തമാണ്.
വെള്ളിവിതാനിച്ച കായൽപുളിനങ്ങളിൽ ജലകണങ്ങൾ വെൺമേഘമായി കതിരോനെ പുൽകാൻ മോഹിച്ച് ബാഷ്പമായി ഉയരുന്ന കാഴ്ച പ്രഭാതത്തിൽ കുട്ടനാടൻ പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയങ്ങളിൽ ഒന്നാണ്…
ഉപ്പുരസം കലർന്ന, വീശിയടിക്കുന്ന പ്രക്ഷുബ്ധമായ പടിഞ്ഞാറൻ കടൽകാറ്റ് പോലും ഒരുനിമിഷം നിശ്ചലമാകും ഈ ഗ്രാമസുന്ദരിയുടെ സൗന്ദര്യത്തിനുമുൻപിൽ…
കാവാലമെന്ന ഗ്രാമത്തിലൂടെയാണ് പമ്പ വേമ്പനാട്ടുകായലിൽ പതിക്കുന്നത്.ഈ കായലിലൂടെ വഞ്ചിവീട്ടിൽക്കയറിയൊരു യാത്ര ചെയ്യണം കുട്ടനാടൻ കായൽക്കാഴ്ചയുടെ ഭംഗി ആസ്വദിക്കണമെങ്കിൽ…
നാട്ടുഭാഷയിൽ പറയുകയാണെങ്കിൽ. ഉടുത്തിരിക്കുന്ന കൈലി മടക്കിക്കുത്തി നീലക്കരയൻ തോർത്ത് വട്ടത്തിൽ തലയിൽക്കെട്ടി, വേമ്പനാട്ടുകായലിന്റെ വിരിമാറിലൂടെ കൊതുമ്പുവള്ളത്തിൽക്കയറി ഏകാന്തമായി ഒരു യാത്ര
അൽപം ചെത്തുകള്ളും താറാവ് വരട്ടിയതും കൂടെയുണ്ടെങ്കിൽ ഭേഷായി….
പാടാനാറിയാത്തവർ പോലും അറിയാതെ പാടിപ്പോകും.
“കറുത്തപെണ്ണേ കരിംകുഴലി
നിനക്കൊരുത്തൻ കിഴക്കുദിച്ചേ ”
കുട്ടനാടിന്റെ താളമായ വഞ്ചിപ്പാട്ടിന്റെ ഈരടികളും പാടി ഇടിതാളമോടെ ജലോത്സവപ്രേമികളുടെ ഹൃദയങ്ങളിലേക്ക് ഹൃദയമെറിഞ്ഞ് തുഴഞ്ഞ് വരുന്ന കരിവീരന്മാരെ കണ്ടാൽ ഞങ്ങൾ കുട്ടനാട്ടുകാരുടെ കാലിൽനിന്നൊരു തരിപ്പ് മേലൊട്ട്കയറും, രോമകൂപങ്ങൾ എഴുന്നേറ്റുനിൽക്കും, നെഞ്ചിടിപ്പിന്
തീവ്രവേഗം, പ്രകൃതിപോലും ഒരു നിമിഷം നിശ്ചലമായിപ്പോകുന്ന പോരാട്ടങ്ങൾ കാഴ്ചവെക്കുന്ന ഈ കരിനാഗങ്ങളിൽ ജയിക്കാനായി മാത്രം ജനിച്ചൊരാളുണ്ട്.
“കാവാലം ചുണ്ടൻ ”
“തോൽവിയെന്തെന്നറിയാത്ത,
തലചായ്‌ക്കാനറിയാത്ത കാവാലം
ചുണ്ടനിതാ ജയിച്ചു വന്നേ”.
“മലയാളികളുടെ ചുണ്ടിൽ ഒരു കാലത്ത് തത്തിക്കളിച്ച ഈ സിനിമ ഗാനം കാവാലം ചുണ്ടന്റെ ആരാധകരെ കുറച്ചൊന്നുമല്ല ആഹ്ലാദഭരിതരാക്കിയത്. ഇവന്റെ പേരിൽ ഒരു സിനിമപോലും പുറത്തിറങ്ങിയിട്ടുണ്ട്.
17/11/1967 പുറത്തിറങ്ങിയ “കാവാലം ചുണ്ടൻ “എന്ന പേരിൽ “ശശികുമാർ” സംവിധാനം ചെയ്ത,ഭഗവതി പിക്ചർസിന്റെ ബാനറിൽ “വി പി എം മാണിക്യം” നിർമ്മിച്ച ഈ സിനിമയിൽ സത്യൻമാഷ് ശാരദ എന്നിവരാണ് അഭിനയിച്ചത്.
ധാരാളം ആരാധകരുള്ള കാവാലം ചുണ്ടൻ സ്വകാര്യവ്യക്തിയുടെതായിരുന്നു . കുട്ടനാട്ടുകാരുടെ രക്തത്തിലലിഞ്ഞുചേർന്നിരിക്കുന്ന ലഹരിയാണ് ചുണ്ടൻ വള്ളങ്ങൾ… സ്വന്തമായി ചുണ്ടൻവള്ളം വേണമെന്നത് ഓരോ കരക്കാരുടെയും സ്വപ്നമാണ്….
കുട്ടനാട്ടിൽ കൂടുതലും കരിനിലങ്ങളാണ്. ഇതെക്കുറിച്ച് ആദ്യലക്കങ്ങളിൽ പറഞ്ഞിട്ടുണ്ട്.
വള്ളംകളിക്ക് പേരുകേട്ട “കൈനകരി”യെന്ന ഗ്രാമം ആണ് കാവാലംചുണ്ടന്റെ ജന്മദ്ദേശം.
“കൊടുപ്പുന്ന രാമനാചാരി’ 1927/1928 കളിൽ കൈനകരിക്കാർക്കായി നിർമ്മിച്ചതാണ് കൈനകരിചുണ്ടൻ.
കൈനകരി “അറയ്ക്കൽ” കുടുംബക്കാരുടേതായിരുന്നു ഈ ചുണ്ടൻ.1942ൽ “കൊച്ചുപുരയ്ക്കൽ കുടുംബക്കാർ ഇവനെ വിലക്ക് വാങ്ങി.
“കൊച്ചുപുരയ്ക്കൽ ഔസേപ്പ് തൊമ്മൻ” ആയിരുന്നു ഇവന്റെ ഉടമസ്ഥൻ.അദ്ദേഹം വാങ്ങിയ കൈനകരി ചുണ്ടൻവള്ളത്തിന് “കാവാല”മെന്ന പേരും നൽകി, കാവാലംകാർ തന്നെ തുഴഞ്ഞ്, സ്വന്തം കരയുടെ അഭിമാനത്തെ വാനോളമുയർത്തി നാടിന്റെ കണ്ണിലുണ്ണിയായി.
യുദ്ധഭൂമിയിലെ അവന്റെ കുളമ്പടിയൊച്ച കേട്ടാൽ ഭയക്കുന്നവരെ ഉണ്ടായിരുന്നുള്ളു…അന്നിവൻ നാൽപതിയെട്ടേമുക്കാൽ കോൽ നീളമുള്ള കൊച്ചു വള്ളമായിരുന്നു.
.
1943ൽ കോഴിമുക്ക് നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ പുതുക്കിപണിത ഈ ജലരാജാവിന് “അൻപത്തിരണ്ടേകാൽക്കോൽ നീളവും അമ്പതിനാലംഗുലം വീതിയുയുണ്ടായിരുന്നു.83 തുഴക്കാർ,അഞ്ച് അമരക്കാർ, ഏഴ് നിലക്കാർ ഉൾപ്പെടെ 95 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്.
അഷ്ടലക്ഷണങ്ങളൊത്ത ഒരു ഗജവീരന്റെ തലയെടുപ്പോടെ ഓളപ്പരപ്പിൽ വിസ്മയം തീർത്ത് തലയുയർത്തിനിൽക്കുന്ന ഈ ജലരാജാവിന് ,1952ൽ ” ജവഹാർലാൽ നെഹ്‌റു”വിന്റെ ആലപ്പുഴ സന്ദർശനത്തിൽ അദ്ദേഹത്തെ സ്വീകരിക്കാനൊരുക്കിയ വള്ളങ്ങളിലോന്നാവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് … അന്നു നെഹ്‌റുവിന് വേണ്ടി പ്രദർശനമത്സരം ആയി നടത്തിയ വള്ളകളിയാണ്, ഇന്ന് നെഹ്‌റുട്രോഫിയായി നടത്തുന്നത്..
1952വരെ ഇത് “പ്രൈംമിനിസ്‌ട്രെസ്” ട്രോഫി എന്നാണു അറിയപ്പെട്ടിരുന്നത്.പിന്നീട് നെഹ്‌റുവിനോടുള്ള ആദരവായി നെഹ്‌റുട്രോഫിയെന്നാക്കി. 1954ൽ മീനപ്പള്ളി വട്ടക്കായലിൽ വെച്ച് നടത്തിയ മത്സരത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പ്രാവശ്യത്തെ വെള്ളിക്കപ്പ് കൊച്ചുപുരയ്ക്കൽ തൊമ്മൻ മകൻ തൊമ്മൻ ജോസെഫിന്റെ ക്യാപ്റ്റൻസിയിൽ കാവാലം ചുണ്ടൻ കരസ്ഥമാക്കി…പിന്നീടാണ് ഈ വള്ളംകളി പുന്നമടയിലേക്ക് മാറ്റിയത്. പുന്നമടക്ക് പുറത്ത് വെച്ച് നടത്തിയ ആ അവസാനമത്സരത്തിൽ ട്രോഫി നേടിയവള്ളമെന്ന ഖ്യാതി കാവലത്തിന് സ്വന്തമായി
പിന്നീടങ്ങോട്ടൊരു കുതിപ്പായിരുന്നു 1954ലിലെ വിജയത്തിന് ശേഷം നാലുതവണയാണ് കാവാലംചുണ്ടൻ നെഹ്‌റുട്രോഫിയിൽ മുത്തമിട്ടത്.എതിരാളി നെപ്പോളിയൻ ചുണ്ടനും. 1958ൽ നെപ്പോളിയനുമായി ഏറ്റുമുട്ടി രണ്ടുപേരും ഒന്നാംസ്ഥാനത്തു എത്തി ട്രോഫി പങ്കിട്ടു. നറുക്കിട്ടതിന്റെ ഫലമായി നെപ്പോളിയന് ട്രോഫി വിട്ടുകൊടുത്തു.
അഞ്ചുതവണ കരുത്തന്മാരായ, കുട്ടനാടിന്റെ അഭിമാനമായ
(തൊമ്മൻ ജോസഫ്, 1954,1956), (ടി ജെ ജോബ് 1958,1962), മാത്തച്ചൻ (1960) എന്നീവരുടെ ക്യാപ്റ്റൻസിയിൽ നെഹ്‌റുട്രോഫി കരസ്ഥമാക്കി ആരിലും അസൂയപടർത്തുന്നവിധം കേഴ്‌വികേട്ട കാവാലം ചുണ്ടനിൽ പോരിനിറങ്ങിയത്, കാവാലത്തെ കരുത്തൻമാരായ ടീമംഗങ്ങൾ തന്നെയാണെന്നുള്ളത് അഭിമാനമുണർത്തുന്നു…
ഒരുകാലത്തു യുദ്ധഭൂമിയിൽ അവന്റെ കുളമ്പടിയൊച്ച എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. തുടർച്ചയായ പുതുക്കിപ്പണികളും കാലപ്പഴക്കവും കൊണ്ട് അവൻ വർദ്ധക്യാവസ്ഥയിലെത്തിക്കഴിഞ്ഞിട്ടും ജലവീഥികളിൽ തന്റെ സാനിധ്യം അറിയിക്കാൻ വേണ്ടി അവൻ 2010 വരെ പ്രദർശനത്തിനായി എത്തു
.മായിരുന്നു.
തിരികെമടങ്ങുമ്പോൾ അവന്റെ ഉള്ളൊന്നു തേങ്ങിയിരുന്നുവോ.? പ്രതാപങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. അസ്തമയത്തിന്റെ ഇരുൾ ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം അവശേഷിപ്പിക്കുന്ന തന്റെ മനസിലേക്കും പടർന്നുകഴിഞ്ഞിരിക്കുന്നു….
ഗതകാലസ്മരണകളുടെ ചൂരുറങ്ങുന്ന,കൊച്ചുപുരക്കലെന്ന തറവാട്, പഴയകാലപ്രതാപങ്ങളുടെ തിരുശേഷിപ്പായി ഏകാകിയായി , അവിടെ നിലകൊള്ളുമ്പോൾ ആ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ വള്ളപ്പുരയിൽ ആരെയോപ്രതീക്ഷിച്ച് ആരവങ്ങളൊഴിഞ്ഞ്, ഒരു നെടുവീർപ്പോടെ കാത്തുകിടക്കുന്നു…ഒരു ജനതയുടെ സ്വപ്നമായിരുന്ന ജനനായകനായിരുന്ന ” “കാവാലം ചുണ്ടൻ”.
ഒരു നാടിന്റെ പൈതൃകങ്ങളെ, രാജഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന ഈ ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കാൻ, ഇനി വരുന്ന തലമുറയ്ക്ക് കഴിയട്ടെ
പഴമയുടെ സൗന്ദര്യംപേറുന്ന നൂറുവർഷങ്ങളോളം പഴക്കമുള്ള പീടികകളും, ക്ഷേത്രവും ,മനോഹരമായ പ്രകൃതിഭംഗിയും കൂടിയിഴചേർന്ന കാവാലമെന്ന നാടും,, കുട്ടനാടിന്റെ ഹൃദയത്തുടിപ്പായ ജലയാനങ്ങളും നിങ്ങളുടെ മനസ്സിന്റെ തന്ത്രികളെ ഒരു വീണനാദംപോലെ തൊട്ടുണർത്തിയിട്ടുണ്ടെന്നു കരുതട്ടെ.. വാക്കുകളാൽ പറഞ്ഞറിയിക്കാനോ, എഴുതിഫലിപ്പിക്കാനോ കഴിയില്ല കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യം. എങ്കിലും എന്റെതൂലികവഴി കുട്ടനാടിനെക്കുറിച്ച് നിങ്ങളിൽ ചെറുചിത്രമെങ്കിലും പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു വിശ്വസിക്കട്ടെ.
പുതുതലമുറക്ക് കേട്ടുകേഴ്‌വി മാത്രമുള്ള ചുണ്ടൻവള്ളങ്ങളുടെ കഥയുമായി ഞാൻ അടുത്ത ആഴ്ച വീണ്ടും വരാം. വായിക്കാൻ തയ്യാറല്ലേ.
നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി. അശ്വതി മനോജ് ✍