കിഴക്കിന്റെ വെന്നീസെന്നറിയപ്പെടുന്ന ആലപ്പുഴയിലെ ഗ്രാമം,” കുട്ടനാട്”.
മണ്ണിനെ പ്രണയിച്ച് പ്രകൃതിയോടിണങ്ങി നിശ്ചയദാർഢ്യവും, ഇച്ഛാശക്തിയാലും ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരുകൂട്ടം ജനതയുടെ നാട്,. ജലദേവത കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന നാട്. അലസയായി ഒഴുകുന്ന വേമ്പനാട്ട് കായൽ.അവളെയൊന്നു തൊട്ടു തലോടാൻ കൊതിച്ച്നിൽക്കുന്ന കേരനിരകൾ കിന്നാരം പറയാൻ തലതാഴ്ത്തി നിൽക്കുന്ന കാഴ്ച്ച കുട്ടനാടിന്റെ ദൃശ്യഭംഗിയിലൊന്നാണ്.
പ്രകൃതിയുടെ അളകങ്ങളെ മാടിയൊതുക്കി തഴുകിയെത്തുന്ന വയൽക്കാറ്റിന് നെൽക്കതിരിന്റെ ഗന്ധമാണ് ..”സാധാരണക്കാരന്റെ വിയർപ്പിന്റെ ഗന്ധം, “,”അന്നമൂട്ടുന്ന കൈകളുടെ ഗന്ധം ,” ഇതാണ് എന്റെ കുട്ടനാടിന്റെ മണം.
തെങ്ങോലകളിൽ കാറ്റിന്റെ ലാളനത്തിൽ ആടിക്കൊണ്ടിരിക്കുന്ന തൂക്കണാംകുരുവിയുടെ കൂടുകൾ…
ഒരുപിടിസ്വപ്‌നങ്ങൾ ഇഴകോർത്ത് നെയ്ത കൂടുകൾ നിരനിരയായി തൂങ്ങികിടക്കുന്നതു കുട്ടനാടൻ കായലോരകാഴ്ചയുടെ വേറിട്ടൊരു ഭംഗിതന്നെയാണ്..
കാതടപ്പിക്കുന്ന മോട്ടോർ വാഹനങ്ങളുടെ ശബ്ദഘോഷങ്ങളില്ലാത്ത, മാലിന്യമില്ലാത്ത ശുദ്ധവായു ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.
സമുദ്രനിരപ്പിൽ നിന്നും താഴെയായതിനാലും, അഞ്ചു നദികളുടെ സംഗമസ്ഥലമായതിനാലും ഇവിടെ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പതിമൂന്നു പഞ്ചായത്തുകളിലായി നൂറോളം ചെറുതുരുത്തുകൾ ഉണ്ട്.ഐലന്റുപോലെകാണപ്പെടുന്ന സ്ഥലങ്ങൾ, ഇവിടെയൊക്കെ എത്തിപ്പെടാൻ വള്ളമല്ലാതെ വേറൊരു മാർഗ്ഗമില്ല.
കാശ്മീരിൽ കാണപ്പെടുന്ന ഷിക്കാരാ വള്ളങ്ങൾ ഇവിടെയുമുണ്ട്. “വെള്ളം സർവത്ര വെള്ളം കുടിക്കാൻ ഒരുതുള്ളി വെള്ളമില്ല”എന്നവസ്ഥയിൽ,ജീവിക്കുന്ന, വെള്ളത്തോട് പൊരുതി വള്ളത്തിനെ ജീവനേക്കാൾ സ്‌നേഹിച്ചു അതിജീവനം നടത്തുന്ന ഒരുപറ്റം മനുഷ്യർ നിസ്സഹായതയുടെ പടുകുഴിയിൽപെട്ട് വലയുന്നുണ്ട് ഇവിടെ.
“പങ്കുവെച്ചാൽ പാതി സങ്കടം മാറുമെന്ന്” പറയുന്നത് കേട്ടിട്ടില്ലേ. പങ്കുവെച്ചാലും പാതിയാകാത്ത വിഷമങ്ങൾ ഉള്ളിലൊതുക്കി കുറെയേറെ സ്വപ്നങ്ങളെ അവർ വെള്ളത്തിൽ ഒഴുക്കികളഞ്ഞിട്ടുണ്ട്.ഓളപ്പരപ്പിനരിക് പറ്റി ജീവിക്കുന്നവരെ കടലാഴങ്ങൾ ഭയപ്പെടുത്താറില്ല. ഏതു പ്രതിസന്ധിഘട്ടങ്ങളെയും അതിജീവിക്കാൻ കരുത്ത് നേടിയ ഈ ഗ്രാമീണജനത മറ്റു നാടുകളുടെ അന്നദാതാവാണ്, അതിന്റെ പുണ്യമാണ് അവരെ തളരാതെ പിടിച്ചുനിർത്തുന്നതും.
കായലുകൾ നികത്തി നെൽകൃഷി നടത്തിയ മാന്ത്രികവിദ്യ ലോകത്തിലെ ശാസ്ത്രജ്ഞന്മാരെപ്പോലും അത്‍ഭുതംപ്പെടുത്തുന്ന ഒന്നായിരുന്നു.
കുട്ടനാടിൻ മണ്ണിൻ മക്കളുടെ മാനസികോല്ലാസത്തിന് വേണ്ടി നടത്തിക്കൊണ്ടിരുന്ന കുട്ടനാടിന്റെ ദേശിയമാമാങ്കം, “ജലോത്സവം “.അതിൽ പങ്കെടുക്കുന്ന ആഞ്ഞിലിതടിയിൽ തീർത്ത വിസ്മയങ്ങൾ ഇപ്പോൾ ദേശങ്ങൾക്കപ്പുറം കീർത്തികേട്ടുകൊണ്ടിരിക്കുന്നു…..
മിഥുനമാസത്തിലെ മൂലം നാളിൽ ചമ്പക്കുളം വള്ളംകളിയോടെ തുടങ്ങുന്ന കായികോത്സവം. കുട്ടനാടിന്റെ ചരിത്രത്തോളം പഴക്കമുള്ള ജലോത്സവം.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം കായൽമാർഗ്ഗം കൊണ്ട്വരുമ്പോൾ രാത്രിയായിരുന്നു. അന്നൊക്കെ കൊള്ളക്കാരുടെ ശല്യം മുണ്ടായിരുന്നതിനാൽ. ചമ്പക്കുളത്തുള്ള മാപ്പിളശ്ശേരിൽ തറവാട്ടിൽ വിഗ്രഹം സൂക്ഷിക്കുകയും. പിറ്റേദിവസം ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ വാദ്യമേളങ്ങളുമൊക്കെയായി ഘോഷയാത്രയായി വിഗ്രഹം അമ്പലത്തിലേക്ക് കൊണ്ടുപോയി എന്നുമാണ് ഐതീഹ്യം. ഇതിന്റെ സ്മരണ നിലനിർത്താൻ വേണ്ടി ചാമ്പക്കുളത്താറ്റിൽ നടത്തുന്ന വള്ളം കളിയാണ് ചമ്പക്കുളം വള്ളം കളി. ചമ്പക്കുളം ദേശത്തിന്റെ ചരിത്രവും ഭംഗിയെക്കുറിച്ചുമൊക്കെ മുൻലക്കങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ചമ്പക്കുളത്തുള്ള ഒരു പ്രദേശം ആണ് നടുഭാഗം….
നടുഭാഗമെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു പേരുണ്ട്.
“പണ്ഡിറ്റ് ജവഹാർലാൽ നെഹ്‌റു…”
അദ്ദേഹത്തിന്റെ പാദസ്പർശമേൽക്കാൻ ഭാഗ്യം ലഭിച്ച ഒരു ചുണ്ടൻ വള്ളമാണ് നടുഭാഗം ചുണ്ടൻ…. പേര്കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും,അപ്പോൾ അവന്റെ ചരിത്രവുമോ?.
ചമ്പക്കുളം ചുണ്ടൻ വള്ളത്തിൽതുഴയുന്ന അമിച്ചകരിക്കാരും നടുഭാഗകാരും തമ്മിൽ ഉടലെടുത്ത പടലപിണക്കത്തിന്റെ ബാക്കിപത്രമാണ്. നടുഭാഗം ചുണ്ടൻ. സ്വന്തമായി ചുണ്ടൻ വേണമെന്ന ആഗ്രഹത്തിൽ നടുഭാഗംകാർ ദിവാന്റെ സഹായത്തോടെ വെമ്പാലയിൽ നിന്നും കൊണ്ടുവന്ന പള്ളിയോടമാണ് പുതുക്കിപണിത് നടുഭാഗം കരക്കാരുടെ അഭിമാനമായ നടുഭാഗം ചുണ്ടനാക്കിയത്..
നെഹ്‌റു ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ത്തവണ ഫൈനലിൽ പ്രവേശിച്ച വള്ളം
1952ൽ നെഹ്‌റു കേരളസന്ദർശനത്തിനായി വന്നപ്പോൾ ആലപ്പുഴയിൽ വരികയുണ്ടായി, അദ്ദേഹത്തിനെ എതിരേൽക്കാൻ നടത്തിയ പ്രദർശനമത്സരത്തിൽ. പങ്കെടുത്ത കരിവീരന്മാർ കായൽപുളിനങ്ങളെ കീറിമുറിച്ചുകൊണ്ട് അസ്ത്രം പോലെ പാഞ്ഞുവരുന്നത് കണ്ട നെഹ്‌റു ആവേശത്തിൽ ചാടിയെഴുന്നേൽക്കുകയും, ആ മത്സരത്തിൽ വിജയിയായ നടുഭാഗം ചുണ്ടനിലേക്ക് സുരക്ഷാവലയങ്ങളെ മറികടന്നുചാടികയറുകയും ചെയ്തു. കാണികൾ ഇളകിമറിഞ്ഞ ആ ജലമാമാങ്കം കുട്ടനാടിന്റെ ചരിത്രതാളുകളിലെ സുവർണ്ണലിപികളാൽ എഴുതിചേർക്കപെട്ടവയാണ്..
അങ്ങിനെ 67വർഷങ്ങൾക്കു മുൻപ് നടന്ന ആദ്യ നെഹ്‌റുട്രോഫി ജേതാവ് നടുഭാഗം ചുണ്ടനായി.
കേരള സന്ദർശനം കഴിഞ്ഞ് ഡൽഹിയിൽ തിരിച്ചെത്തിയ അദ്ദേഹം വെള്ളിയിൽ തീർത്ത ഒരു ട്രോഫി അദ്ദേഹത്തിന്റെ കയ്യൊപ്പോടെ വള്ളംകളി സമിതിക്കു അയച്ചുകൊടുത്തു…
വട്ടക്കായലിന്റെ ആഴവും കാറ്റുപിടിത്തവും വള്ളംങ്ങൾക്ക് അപകടം ഉണ്ടാക്കുന്നതിനാൽ വള്ളംകളി അവിടെ നിന്നും മാറ്റണമെന്നുള്ള അഭിപ്രായത്തിൽ പ്രൈം മിനിസ്ട്രെസ് ട്രോഫി. നെഹ്‌റുവിനോടുള്ള ആദരവായി “നെഹ്‌റുട്രോഫി”യെന്ന പേരിൽ പുന്നമടക്കായലിൽ അരങ്ങേറി.
ആദ്യത്തെ ജയത്തിന് ശേഷം പിന്നീട് ഒരു മത്സരങ്ങളിലും വിജയം കാണാതിരുന്ന അവൻ 2019 പതിനൊന്നോളം പ്രാദേശിക മത്സരങ്ങളിൽ വിജയമുറപ്പിച്ച ശേഷം, നമ്മുടെ ഇഷ്ടനടനായ കുട്ടനാടിന്റെ പ്രിയകലാകാരൻ “നെടുമുടി വേണുവിന്റെ” ജന്മനാടായ നെടുമുടിയിൽ പഞ്ചായത്തു ഓഫീസിനടുത്തായി വള്ളപ്പുരയിൽ വിശ്രമജീവിതം നയിക്കുന്നു.
ചിതലെടുത്തു തുടങ്ങിയ തന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും അടർന്നുപോകുമ്പോൾ അവന്റെ ഉള്ളം തേങ്ങുന്നുണ്ടാവും, ഇനിയൊരു തിരിച്ചു വരവില്ലാത്ത തന്റെ വരും ദിനങ്ങളെയോർത്ത്…..!!
ഈ സാംസ്‌കാരിക പൈതൃകത്തെ ശരിയായ രീതിയിൽ പരിരക്ഷിക്കാനുള്ള നടപടികൾ നടുഭാഗം ചുണ്ടന്റെ ഫാൻസും, ക്യാപ്റ്റനും ഒക്കെ എടുത്തിരുന്നു…….. മത്സരത്തിന് വേണ്ടിയല്ലാതെ, കേടുപാടുകൾ മാറ്റി അവനെ പുതിയൊരാളാക്കി സംരക്ഷിക്കാനുള്ള മാർഗങ്ങൾ അവലംബി ച്ചുരുന്നെവെങ്കിലും സാങ്കേതികമായ തടസങ്ങൾ അവന്റെ പുനരുജ്ജീവനം സാധ്യമാക്കിയില്ല…..
പകരം അവന്റെ മകന്റെ സ്ഥാനത്തേക്ക് നടുഭാഗം പുത്തൻ ചുണ്ടനെന്ന അതികായകൻ അവരോധിക്കപ്പെട്ടു…
നടുഭാഗത്തിന്റെ നെടുനായകനായ നടുഭാഗം പുത്തൻചുണ്ടന്റെയും. വന്യശക്തിയുള്ള പിബിസി ബോട്ട്ക്ലബ്ബിന്റെയും കൂട്ടായ്മയുടെയും കഥകളുമായി ഞാൻ അടുത്ത ആഴ്ച വീണ്ടും വരാം.
കുട്ടനാടിന്റെ ഈ ഹൃദയത്തുടിപ്പ് എന്റെ തൂലികയിലൂടെ നിങ്ങളുടെ മനസ്സിലേക്ക് ഒരു ചെറു മഴപെയ്ത് പോലെ ഒഴുകിയിറങ്ങുന്നെണ്ടെന്നു കരുതിക്കോട്ടെ…..
നിങ്ങൾ വായിക്കാൻ തയ്യാറല്ലേ എങ്കിൽ ഞാൻ എഴുതാൻ തയ്യാറാണ്.
നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി
അശ്വതി മനോജ്✍