ചമ്പക്കുളമെന്ന പേര് കെട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.1992ൽ പുറത്തിറങ്ങിയ ചമ്പക്കുളം തച്ചനെന്ന സിനിമയെക്കുറിച്ച് കേൾക്കാത്ത ഒരു മലയാളിയും കാണില്ല.
“ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച
പൊന്നാഞ്ഞിലിതോണിയോ ”
എന്ന ഗാനം ഈ സിനിമയിലെയാണ്.
അമിച്ചകരി, ചമ്പക്കുളം എന്നിങ്ങനെ പേരുകളുള്ള രണ്ടു കരകൾ ഉൾപ്പെടുന്നതാണ് ചമ്പക്കുളമെന്ന ഗ്രാമം,പറഞ്ഞാൽ തീരാത്ത ചരിത്രങ്ങളുറങ്ങുന്ന പച്ചപ്പാർന്ന ഈ ഗ്രാമത്തിൽ പുരാതനകാലത്ത് നിർമിതമായ, കാത്തലിക്ക്, സിറിയൻ ദേവാലയങ്ങളുടെ മാതൃദേവാലയമെന്നറിയപ്പെടുന്ന ചമ്പക്കുളം മാർത്തമറിയം ദേവാലയം സ്ഥിതിചെയ്യുന്നു. കയ്യിൽ റോസപ്പൂവും പിടിച്ച് നിൽക്കുന്ന മാതാവിന്റെ അപൂർവസുന്ദരരൂപമാണിവിടെയുള്ളത്. ചമ്പക്കുളം കല്ലൂർക്കാടെന്ന് ഈ സ്ഥലത്തിന് പേരുകിട്ടിയത് എങ്ങിനെയാണെന്ന് ആർക്കും പിടികിട്ടാത്തകാര്യമാണ്.
കല്ല്, ഊര്, ക്കാട് എന്ന വാക്കുകളിൽ നിന്ന് കല്ലൂർക്കാട് വന്നുവെന്നും ചമ്പയെന്ന ഭാഗവതിയുടെ ക്ഷേത്രമുള്ളയിടം ചമ്പക്കുളം ആയെന്നു പറയപ്പെടുന്നു.
ചരിത്രത്തിൽ വ്യക്തമായി ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. വാമൊഴിയായി കിട്ടുന്ന അറിവുകൾ മാത്രമാണ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്.
ശ്രീലങ്കയിൽ നിന്നുവന്ന “മൈക്കിൾ രാജ,ധർമരാജയെന്ന രണ്ടുകലാകാരൻമാരുടെ രചനവൈഭവമാണ്, ഇവിടുത്തെ ചിത്രങ്ങൾ. യേശുവിന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളുടെ ഇലഛായ ചിത്രങ്ങൾ,പഴയ നിയമത്തിൽ ചില സംഭവങ്ങൾ ഒക്കെ വരച്ചിട്ടുണ്ട്. “ഗോഥിക്,ബാരോക്ക് രീതികൾ സാമാന്വയിപ്പിച്ചാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.
അമിച്ചകരി, നടുഭാഗമെന്നീ രണ്ടുകരകൾക്കിടയിലൂടെയാണ് പമ്പാനദി ഒഴുകുന്നത്, ഇവിടെയാണ്, കുട്ടനാട്ടുകാരുടെ ജലമാമാങ്കത്തിന് തുടക്കം കുറിക്കുന്ന, “ചമ്പക്കുളം മൂലം “വള്ളംകളി നടക്കുന്നത്.പ്രധാനട്രോഫി “രാജപ്രമുഖൻ ട്രോഫിയാണ് “വിഗ്രഹലബ്ധിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ ജലോത്സവത്തെക്കുറിച്ച് മുൻപുള്ള ലക്കങ്ങളിൽ പറഞ്ഞിട്ടുണ്ട്. ജലോത്സവപ്രേമികൾക്കിടയിൽ ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത, ഈ ജലകേസരിയെക്കുറിച്ച് നിങ്ങൾക്കറിയണ്ടേ..
ചെമ്പകശ്ശേരി രാജാവിന്റെ ഭരണകാലത്ത് നിർമ്മിയ്ക്കപ്പെട്ടതാണെന്നു കരുതപ്പെടുന്ന ഈ ചുണ്ടൻവള്ളം അൻപത്തിമൂന്നെകാൽ ക്കോൽ നീളവും 52 അംഗുലം വീതിയുംമുള്ളതാണ്.എൺപതിയെഴു തുഴക്കാർ, അഞ്ച് അമരക്കാർ,പത്ത് നിലക്കാർ ഉൾപ്പെടെ നൂറ്റിരണ്ട് പേരെ ഉൾക്കൊള്ളാൻ ഉള്ള ശേഷിയുണ്ട്.
ചെമ്പകശ്ശേരി രാജാവിന്റെ കുളമെന്ന അർഥംവരുന്ന ചെമ്പകക്കുളം ലോപ്പിച്ചാണ് ചമ്പക്കുളം ആയതെന്നും പറയപ്പെടുന്നു.ഇതിനെക്കുറിച്ചു പല ഐതീഹ്യങ്ങളുമുണ്ട്..
ചമ്പക്കുളം മൂലം വള്ളംകളിഎന്നറിയപ്പെടുന്ന ഈ ജലമാമാങ്കത്തിൽ അങ്കംകുറിക്കാൻ, ചമ്പക്കുളം ചുണ്ടനിൽ അമിച്ചകരിക്കാരും, നടുഭാഗം കാരും മാറിമാറിയാ പങ്കെടുത്തിരുന്നത്. 1925ൽ നടത്തിയ അശ്വമേധത്തിൽ ചമ്പക്കുളമെന്ന ഈ യാഗാശ്വത്തെ നയിക്കേണ്ടത് ക്രമമനുസരിച്ച് നടുഭാഗക്കാരായിരുന്നു.. പക്ഷേ അന്ന് ഇവനെ അമിച്ചകരിക്കാർ വിട്ടുകൊടുത്തില്ല. അതിന്റെ വാശിയിൽ, തിരുവതാംകൂർ ദിവാന്റെ സഹായത്തോടെ നടുഭാഗക്കാർ വെമ്പാലയെന്ന സ്ഥലത്തു നിന്നും ഒരുപള്ളിയോടം വാങ്ങി അനുയോജ്യമായ മാറ്റം വരുത്തി നടുഭാഗം എന്നപേരിൽ നീറ്റിലിറക്കി, അങ്ങിനെ ചമ്പക്കുളത്ത് രണ്ട് വള്ളങ്ങൾ നിലവിൽ വന്നു.
കായികധ്വാനത്തിനും ഉല്ലാസത്തിനുംവേണ്ടി നടത്തിയിരുന്ന ജലോത്സവങ്ങളിൽ മത്സരവീര്യം കനത്തതോടെ, ഈ യുദ്ധക്കളത്തിൽ പൊരുതിജെയിക്കുകയെന്നത് ഓരോ കരക്കാരുടെയും അഭിമാനപ്രശ്നമായി മാറി.
നെഹ്‌റുട്രോഫി തുടങ്ങി ഇരുപത് വർഷമായിട്ടും ആ ട്രോഫിയിൽ ഒന്ന് മുത്തമിടാൻ ചരിത്രമുറങ്ങുന്ന ചമ്പക്കുളം ചുണ്ടന് കഴിഞ്ഞില്ല. കാലപ്പഴക്കത്താൽ വള്ളം നശിച്ചു തുടങ്ങുകയും ചെയ്തു. ഇതോടുകൂടി പുതിയ വള്ളംവേണമെന്ന് എല്ലാവർക്കും ആഗ്രഹമായി. അങ്ങിനെ നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത 55000രൂപ മൂലധനത്തിൽ 1973ൽ കോഴിമുക്ക് നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്തി.
ചമ്പക്കുളം ദേശത്തിന്റെ അഭിമാനത്തിന്റെ തിലകക്കുറിയായ,നല്ല അമരപൊക്കവും തടിക്കോളുമുള്ള ഈ ജലകേസരിയുടെ, പടയോട്ടത്തേക്കുറിച്ചുള്ള വീരചരിതങ്ങളുമായി അടുത്ത ആഴ്ചയിൽ വരാം.
കുട്ടനാടൻ ജനതയുടെ കൈക്കരുത്തിലും, മെയ്‌വഴക്കത്തിലും, മുന്നേറുന്ന ഈ പൊന്നാഞ്ഞിലിതോണി നിങ്ങളുടെ മനസ്സിലേക്ക് മഴവിൽ വർണ്ണത്തിൽ നീർമുത്തുകൾ വാരി വിതറിക്കൊണ്ട് സ്ഥാനം പിടിച്ചുവെന്നു ഞാൻ കരുതിക്കോട്ടെ. നിങ്ങൾ വായിക്കാൻ തയ്യാറല്ലേ, എങ്കിൽ ഞാൻ എഴുതാനും തയ്യാറാണ്.നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി
അശ്വതി മനോജ്✍