പായിപ്പാടാറിന്റെ സൗന്ദര്യം കണ്ടിട്ടുണ്ടോ നിങ്ങൾ.. പൊന്നിൽക്കുളിച്ചു നിൽക്കുന്ന സുന്ദരി, സ്വച്ഛന്ദമായി ഒഴുകുകയാണ് അവൾ. ഇരുകരകളെയും വാരിപ്പുണർന്നുകൊണ്ട്.. “നിന്നിലുറങ്ങിയുണരുന്ന പുലരികൾ എത്ര മനോഹരം!!”
“നിന്നേത്തഴുകിവരുന്ന പടിഞ്ഞാറൻ കാറ്റിനുപോലും തരളിതഭാവം”
“എത്ര സന്ധ്യകൾ നിന്നിലലിഞ്ഞു ചേർന്നിട്ടുണ്ടാകും “!?
നീയിങ്ങനെ ഒഴുകുമ്പോൾ പ്രണയത്തിന്റെ മഴനൂലുകൾ കൊണ്ട് പ്രകൃതി നിന്നെകുളിരണിയിക്കുന്ന നിമിഷം നിർന്നിമേഷയായി ആരും നോക്കിനിന്നുപോകും …..
നീ നൽകുന്ന കുളിരിൽ നിന്റെകരസ്പർശമേറ്റ് നിന്റെതീരത്ത് ജനിക്കാൻ കഴിഞ്ഞത് തന്നെ എന്റെ ജന്മപുണ്യം..
എത്രയോ സ്വപ്നങ്ങൾക്ക് നിറച്ചാർത്തു നൽകി നീയിങ്ങിനെ ഒഴുകുമ്പോൾ… നിന്റെ കുഞ്ഞോളങ്ങൾ തേടുന്നത് ആരെയാണ്……!?
” ആരുടെ നെഞ്ചിലെ താളമാണ് നിന്റെ ഓളങ്ങൾക്ക് കരുത്തു പകരുന്നത്.”!?
നിന്റെ കരകളുടെ പുണ്യമായ, നിന്റെ നെഞ്ചിലേക്ക് തുഴഞ്ഞിറങ്ങിയ കരുത്തന്മാരായ ചുണ്ടൻവള്ളങ്ങളിൽ ഏതുവള്ളമാണ് നിന്റെ പ്രിയപ്പെട്ടവൻ..പറയുവാനാകുമോ?… നിനക്ക്.
“”പായിപ്പാട്, “”കുട്ടനാടിന്റെ തെക്കേ അതിര്…. പടശേഖരങ്ങളും ഇടറോഡുകളും ഒരുപാടുള്ള പ്രദേശം. ഇവിടെ മൂന്ന് നെല്ലറകൾ ഉണ്ട്.തെക്കുകിഴക്കായി ഏക്കറോളം കിടക്കുന്ന” പാമ്പന്നം -വെള്ളക്കുഴിയും, വടക്കു പടിഞ്ഞാറായി പ്രയാറ്റേരിൽ -മണിയങ്കേരിൽ പാടശേഖരവും സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിന്റെ പാടശേഖരവും..”
നിരവധി ദേശിയ -സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ “വീയപുരം ഗ്രാമ പഞ്ചായത്ത്” സ്ഥിതി ചെയ്യുന്നതും “പായിപ്പാട്” ആണ്
അച്ഛൻ കോവിലാറിന്റെ (അച്ഛൻകോവിലാർ പായിപ്പാട് കൂടി ഒഴുകുന്നതുകൊണ്ട് പായിപ്പാടാറെന്ന് വിളിക്കുന്നു )എല്ലാ കരക്കാർക്കും ചുണ്ടൻ വള്ളങ്ങളുണ്ട്…കരുത്തന്മാർ. ആരാണ് കേമൻ…. പറയുവാനാവില്ല.
പായിപ്പാട് കരക്കാർക്ക് “ഗോപാലകൃഷ്ണനെന്ന് “പേരുള്ള ഒരു വള്ളമുണ്ടായിരുന്നു. കാലപ്പഴക്കത്താൽ ജീർണ്ണിച്ചപ്പോൾ വള്ളം ആറന്മുളക്കാർക്ക് വിൽക്കുകയും ചെയ്തു.അതിന് ശേഷമാണ് രണ്ടാമതായി പായിപ്പാട് ചുണ്ടന്റെ പിറവി.1970ൽ “കറുകത്തറ കുട്ടൻപിള്ളയുടെ” പുരയിടത്തിൽ മാലിപ്പുരയുണ്ടാക്കി അവിടെ വെച്ചാണ് പായിപ്പാടൻ ചുണ്ടൻ നിർമ്മിച്ചത്.. കരക്കാരുടെ അശാന്ത പരിശ്രമത്തിലൂടെ ചുണ്ടൻ വള്ളം നിർമാണം പൂർത്തിയായി. പക്ഷേ!! നാട്ടുകാരുടെ പ്രതീക്ഷളെ തകിടം മറിച്ചുകൊണ്ട് പ്രദേശികമത്സരങ്ങളിലൊക്കെ ജയം നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും ഏതു കരക്കാരുടെയും സ്വപ്നമായ നെഹ്‌റു ട്രോഫിയിൽ ഒന്ന് തൊടുവാൻ അവന് കഴിഞ്ഞില്ല. ഭാഗ്യം തുണക്കാത്തവൻ എന്നപേര് മാത്രം ബാക്കിയായി.അങ്ങിനെ ആ ചുണ്ടൻ വള്ളം വിൽക്കുവാൻ തീരുമാനിച്ചു. സ്വകാര്യ വ്യക്തി അവനെ മേടിക്കുകയും ശ്രീഗണേശൻ എന്ന പുതിയ നാമത്തിൽ നീരണിഞ്ഞു ആദ്യമായി നെഹ്‌റു ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
പഴയ പായിപ്പാടനെ ഭാഗ്യം തുണയ്ക്കുന്നില്ലെന്നു മനസ്സിലായപ്പോൾ പുതിയ ചുണ്ടൻ വേണമെന്ന് തീരുമാനം ഉണ്ടായി.ആ തീരുമാനം പുന്നമടയിലെ ഇതിഹാസതാരത്തിന്റെ പിറവിയ്ക്കായുള്ള ആദ്യചുവടു വെപ്പാണെന്നു കരക്കാർ പോലും കരുതിക്കാണില്ല.
മനക്കരുത്തിലും വാശിയിലും മുൻപിൽ നിൽക്കുന്ന പായിപ്പാട് കരക്കാരുടെ പോരാളിയായി, ഇടിമിന്നലായി പുന്നമടയിൽ പറന്നിറങ്ങാൻ 2002 നവംബർ 11ന് ആ അവതാരപിറവി ജന്മമെടുത്തു.
” കോഴിമുക്ക് നാരായണൻ” ആചാരിയുടെ മൂത്തമകനായ “ഉമാമഹേശ്വരൻ ആചാരി” നിർമ്മിച്ച “പായിപ്പാടൻ ചുണ്ടൻ.”
“പായും പുലി എന്നറിയപ്പെടുന്ന പായിപ്പാട് ചുണ്ടൻ.” ശത്രുക്കളുടെ മടയിലേക്ക് നേരിട്ട് ചെന്നിറങ്ങി വെല്ലുവിളിക്കുന്ന പായിപ്പാടെന്ന കരയുടെ നെടുനായകൻ .
2005,2006,2007 വർഷങ്ങളിൽ തുടർച്ചയായി നെഹ്‌റുട്രോഫിയിൽ വിജയംകൊയ്‌ത് ഹാട്രിക് എടുത്ത പടനായകൻ.2018 ൽ വീണ്ടും നെഹ്‌റുട്രോഫിയിൽ മുത്തമിട്ട് വേഗത്തിന്റെ ഈ രാജകുമാരൻ തന്റെഅശ്വമേധം തുടർന്നുകൊണ്ടേയിരിക്കുന്നു.പായിപ്പാടിന്റെ സ്വകാര്യഅഹങ്കാരമായ ഈ “പായുംപുലി” പായിപ്പാടാറിന്റെ കരയിലെ വള്ളപ്പുരയിൽ ശാന്തനായി വിശ്രമിക്കുന്നു.
” പുലി പതുങ്ങുന്നത് ശത്രുവിനെകണ്ടു ഭയന്നല്ല. സർവ്വ ശക്തിയോടെ അവന്റെ മേലേക്ക് ചാടി വീഴുവാനാണ്. “ഈ പായും പുലിയും അങ്ങിനെയാണ്. “പായിപ്പാടാറിന്റെ മാറിൽ സുഖമാർന്ന നഖക്ഷതങ്ങൾ ഏൽപ്പിക്കുവാൻ…”
“” പുന്നമടയുടെ നെഞ്ചിൽ ഹുങ്കാരമോടെ കൊടുംകാറ്റായി വീശിയടിക്കുവാൻ,….”
” എതിരാളികളുടെ പേടിസ്വപ്നമാകുവാൻ…..”
“വരുംകാലങ്ങളിൽ ചരിത്രങ്ങളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തുവാൻ” അവൻ വരുന്നു “പായും പുലി പായിപ്പാടൻ “”
നനുത്തചെറുകാറ്റിന്റെ അകമ്പടിയോടെ ഒരു കുളിരലപോലെ എന്റെ പായിപ്പാടാറ് നിങ്ങളുടെ നെഞ്ചിലേക്ക് കുണുങ്ങിയൊഴുകുന്നെണ്ടെന്നു ഞാൻ കരുതിക്കോട്ടെ .
എന്റെ കുട്ടനാടിനെ വായിക്കാൻ നിങ്ങൾ തയ്യാറല്ലേ, എങ്കിൽ ഞാൻ എഴുതാൻ തയ്യാറാണ്.
👍നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി
അശ്വതി മനോജ്✍