17.1 C
New York
Friday, July 1, 2022
Home Travel തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ - (13) - പേരൂർപട്ടീശ്വരർ കോവിൽ

തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ – (13) – പേരൂർപട്ടീശ്വരർ കോവിൽ

പി.എൻ.വിജയൻ

പേരൂർ എന്ന സ്ഥലനാമം തമിഴ്നാട്ടിൽ പലയിടത്തും ഉണ്ട്. എന്നാൽ പേരൂർ പട്ടീശ്വരർകോവിൽ കോയമ്പത്തൂർ ജില്ലയിൽ കോയമ്പത്തൂർ നഗരത്തിൽ നിന്ന് ഏഴു കിലോമീറ്റർ മാത്രം അകലെയാണ്.

ഒരുകാലത്ത് കോയമ്പത്തൂർ എന്ന പേരുണ്ടാവുന്നതിന്നുമുമ്പെ, ഇവിടെ ഒരുനഗരം വളരുന്നതിന്നുമുമ്പെ ഈ ഭൂവിഭാഗം പേരൂർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നൊയ്യാൽ നദിക്കരയിലെ പുരാതനക്ഷേത്രമാണ് പട്ടീശ്വരർ കോവിൽ. പട്ടീശ്വരർ, സുന്ദരേശ്വർ എന്നെല്ലാം വിളിക്കുന്നത് സാക്ഷാൽ പരമശിവനെത്തന്നെയാണ്. പഴയചോഴരാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം പണിതത്. കൃത്യമായി പറഞ്ഞാൽ രണ്ടാംനൂറ്റാണ്ടിൽ കരികാലചോഴൻ നിർമ്മാണ പ്രവർത്തനം തുടങ്ങിവെച്ചതും പിറകെ വന്നവർ പൂർത്തിയാക്കിയതും ആണ്.

തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ, സുന്ദരർ തുടങ്ങിയവരുടെ തേവാരം പാടലുകളിൽ പേർപെറ്റ ഈ ശിവക്ഷേത്രത്തെ അരുണഗിരിനാഥരും കച്ചിയപ്പരും പാടിപ്പുകഴ്ത്തിയിട്ടുണ്ട്. ഇവിടെ ശിവപ്പെരുമാൾ പട്ടീശ്വരരായും ശ്രീപാർവ്വതി പച്ചൈനായകി അമ്മനായും ആരാധിക്കപ്പെടുന്നു.

ഈ കോവിലിലെ തൂണുകളും മണ്ഡപങ്ങളും ദ്രാവിഡശില്പകലയുടെ മകുടോദാഹരണങ്ങളാണ്. ഇതിനകത്തെ ശില്പമാതൃകകളുടെ വിസ്മയം ഇതുവരെ പുറംലോകത്ത് പകർത്തപ്പെട്ടിട്ടില്ല. അതിനുള്ള അനുമതിയില്ല എന്നാണ് അറിയുന്നത്.

പേരൂർ എന്ന സ്ഥലത്തിന്റെ പുരാതനനാമം പിപ്പലാരണ്യം എന്നാണ്‌. പിപ്പൽ എന്നാൽ ആൽമരം. ആരണ്യം കാട്. പിറകെ ഈപ്രദേശം കാമധേനുപുരി , പട്ടിപുരി, ആദിപുരി, ദക്ഷിണകൈലാസം, തവശിത്തിപുരം, ജ്ഞാനപുരം, സുകലമാപുരം, കല്യാണപുരം, മേലൈചിദംബരം തുടങ്ങി പലപേരുകളിൽ അറിയപ്പെട്ടിരുന്നു.

രാജരാജചോഴന്റെ കാലത്താണ് ഈ ക്ഷേത്രത്തിലെ മണ്ഡപങ്ങളും ശില്പത്തൂണുകളും നിർമ്മിച്ചത്. പതിനേഴാം നൂറ്റാണ്ടുവരെ കൊങ്കുനാട്ടു ചോഴന്മാരുടെയും ഭോശളരാജാക്കന്മാരുടെയും വിജയനഗരരാജാക്കന്മാരുടെയും അധീനതയിലായിരുന്നു ക്ഷേത്രഭരണം.

ഇവിടെയുള്ള കനകസഭാമണ്ഡപം 17 – ആം നൂറ്റാണ്ടിൽ അഴകാദ്രി നായക്കരാണ് കെട്ടിയത്.18- ആം നൂറ്റാണ്ടിലാണ് 63 നായന്മാരെ കൊത്തിയ മണ്ഡപം നിർമ്മിച്ചത്.

ബ്രഹ്മാവ് സൃഷ്ടികർമ്മത്തിൽ നിന്ന് പിന്മാറിയ ഒരവസരത്തിൽ പരമശിവന്റെ നിയോഗത്താൽ കാമധേനുവാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നുവിശ്വസിക്കപ്പെടുന്നു. അങ്ങനെയാണ് കാമധേനുപുരം എന്ന പേർ കിട്ടിയത്. കാമധേനുവിന്റെ കുട്ടിയായ പട്ടി ഈ കാട്ടുപ്രദേശത്ത് കളിക്കുന്നതിന്നിടയിൽ കാടുപിടിച്ചുകിടന്നസ്ഥലത്ത് പൊന്തിനിന്ന ഒരു പുറ്റ് കുളമ്പുകൊണ്ട് ചവിട്ടിപ്പൊളിച്ചപ്പോഴാണ് അതിനകത്തെ സ്വയംഭൂവായ ശിവലിംഗം കണ്ടത് എന്ന വിശ്വാസമാണ് പട്ടീശ്വരർ എന്നപേരിന് കാരണം.

പങ്കുണി മാസത്തിലെ ഉത്രത്തേർ തിരുവിഴയാണ് ഇവിടെ ആണ്ടുതോറും നടന്നുവരുന്ന ഏറ്റവും വിശേഷപ്പെട്ട ഉത്സവം. അലങ്കരിച്ച തേരിൽ പട്ടീശ്വരരോടൊപ്പം പച്ചൈനായകി അമ്മനേയും ഇരുത്തി ക്ഷേത്രത്തിനും ചുറ്റും ഘോഷയാത്രയായി പോകുന്ന പതിവുണ്ട്. തേർ വലിക്കാൻ സാധിക്കുന്നതും കാണുന്നതും പുണ്യമായി ഭക്തജനങ്ങൾ കരുതുന്നു.

ക്ഷേത്രത്തിൽ ആചരിച്ചുവരുന്ന മറ്റൊരു ചടങ്ങ് ക്ഷേത്രത്തൂണിൽ കണ്ട ഒരു കൽവെട്ടനുസരിച്ചുള്ള ഞാറുനടൽ ഉത്സവമാണ്.
സമീപപ്രദേശത്തുള്ള കർഷർ പങ്കെടുത്ത് നടത്തുന്നതാണ് ഈ ഉത്സവം. ഇത് തമിഴർതിരുവിഴാ എന്ന പേരിലും അറിയപ്പെടുന്നു. ആനിമാസത്തിലെ കാർത്തികനക്ഷത്രത്തിൽ തുടങ്ങി പൂരാടംനക്ഷത്രത്തിൽ ഞാറുനടലും ഉത്രംനക്ഷത്രത്തിൽ തിരുമഞ്ഞൾ കല്യാണവും വളരെ ഗംഭീരമായി നടന്നുവരുന്നു. ഇതുപോലെ കാഞ്ചിയിലും ഞാറുനടൽ ആഘോഷിച്ചുവരുന്നുണ്ട്.

ഒരു കഥയനുസരിച്ച്, ഒരിക്കൽ പരിസരത്തുള്ള വയലിൽ കർഷകർ പണിയെടുക്കുന്ന അവസരത്തിൽ അവരെസഹായിക്കാൻ പട്ടീശ്വരർ പുറത്തേക്കിറങ്ങി. താൻ പുറത്തുപോയവിവരം ആരേയും അറിയിക്കരുതെന്ന് നന്ദിയോടു പറഞ്ഞിരുന്നു. എന്നാൽ സാക്ഷാൽ ശ്രീനാരായണൻ പരമശിവനെ തേടിയെത്തിയപ്പോൾ നന്ദിക്ക് സത്യം പറയേണ്ടി വന്നു. കർഷകസ്ത്രീകളുടെ കൂടെ പട്ടീശ്വരരും പച്ചെെനായകിയും ഞാറുനടുന്നതുകണ്ട ശ്രീനാരായണൻ അത്ഭുതപ്പെട്ടു. പക്ഷെ വാക്കുപാലിക്കാത്ത നന്ദിയെ പരമശിവൻ ശിക്ഷിച്ചു. കയ്യിലിരുന്ന വടികൊണ്ട് നന്ദിയുടെ പുറത്തടിച്ചു. അതു കാരണം ഇവിടെയുള്ളെ നന്ദിയുടെ പുറത്തെ പൂഞ്ഞ അല്പം ചമ്മിയ രൂപത്തിലാണ് കൊത്തിയിരിക്കുന്നത്.

ഇവിടെയുണ്ടായിരുന്ന ആൽമരത്തിൻ ചുവട്ടിൽ പട്ടീശ്വരർ നൃത്തം ചെയ്തതായും പറയപ്പെടുന്നു. അതിന്റെ സ്മരണയ്ക്കായി ഇവിടത്തെ നൃത്തമണ്ഡപത്തിൽ നടരാജന്റെ വിവിധരൂപഭാവങ്ങളിലുള്ള താണ്ഡവനൃത്തങ്ങൾ കൊത്തിയ തുണുകൾ ഉണ്ട്. അതിൽ ഊർദ്ധതാണ്ഡവം വളരെ വിശേഷപ്പെട്ടതാണ്.

നവരാത്രിക്കാലത്ത് സംഗീതവും നൃത്തവും കൊണ്ട്‌ ക്ഷേത്രപരിസരത്തിലെ മണ്ഡപങ്ങൾ സമ്പന്നമാണ്. ക്ഷേത്രത്തിന്നകത്തും പുറത്തും പരിപാടികൾ സമൃദ്ധം. ഹരികഥ, പട്ടിമൻറം തുടങ്ങിയവയും ഉണ്ടാവും.

പേരൂർ എന്നുകേൾക്കുമ്പോൾ ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കാര്യമുണ്ട്. ഞാൻ കുടുംബത്തോടൊപ്പം മുപ്പതുകൊല്ലം താമസിച്ച പോത്തന്നൂരിൽനിന്ന് പതിനഞ്ചുകിലോമീറ്റർ ദൂരമേയുള്ളു പേരൂർ പട്ടീശ്വരർ കോവിലിലേക്ക് . ഞങ്ങൾ തമിഴ്നാട്ടിൽ ഏറ്റവും അധികം തവണ സന്ദർശിച്ചതും ഇതു തന്നെ. ഒരിക്കൽ പോയപ്പോൾ അഞ്ചുവയസ്സുകാരിയായ എന്റെ രണ്ടാമത്തെമകൾ വിനിതയുടെ മുടിയിൽ ഇവിടത്തെ ചുറ്റമ്പലത്തിലെ കുട്ടിയാന പിടികൂടി. മുടിയിലെ മാലകണ്ടിട്ടാവണം. ഏതായാലും മുടിയിൽ എണ്ണമിഴുക്കുണ്ടായിരുന്നകാരണം തുമ്പിക്കൈയ്യിൽ നിന്ന് അവൾ രക്ഷപ്പെട്ടു. എന്നാലും ആ ഭയത്തിൽനിന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അവൾ സ്വതന്ത്രയായത്.

പേരൂരിന്നടുത്ത് ഇപ്പോൾ ധാരാളം ക്ഷേത്രങ്ങളുണ്ട്. ബ്രിട്ടീഷുകാർ വരുന്നതുവരെ ഈ സ്ഥലം മുഴുവൻ പേരൂർ ആയിരുന്നു. പത്തുപന്ത്രണ്ടു ഊരുകൾ ചേർന്ന പെരിയ ഊർ. അവയിൽ ചിലത് കോവൈപ്പുതൂർ, പുത്തൂർ, പോത്തന്നൂർ, വള്ളല്ലൂർ, സൂലൂർ, സിങ്കനല്ലൂർ, കാട്ടൂർ എന്നിവ. ഇവയെല്ലാം ഉൾക്കൊള്ളുന്ന മഹാവിസ്തൃതിയാണ് ഇന്ന് കോയമുത്തൂർ മാനഗരം. മരുതമലെെ മുരുകക്ഷേത്രവും
ശിരുവാണിക്കടുത്തുള്ള സദ്ഗുരുവിന്റെ ആശ്രമവും ആദിയോഗിയുടെ കോൺക്രീറ്റ് നിർമ്മിതിയും മറ്റുംതീർത്ഥാടന കേന്ദ്രങ്ങളാണ്. കോയമ്പത്തൂർ വരുന്നവർ മറക്കാതെ കാണേണ്ടതാണ് ഇവയെല്ലാം.

പി.എൻ.വിജയൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: