പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സ്ഥലമാണ് ഡൽഹി. രാഷ്ട്രപതി ഭവൻ, പാർലമെന്റ് ഹൗസ്, സുപ്രീം കോടതി, AIIMS ആശുപത്രി … അങ്ങനെ കണ്ടും കേട്ടും പരിചയമുള്ളവ ഏറെ. അതിൽ രാജ്ഘട്ട്, രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണകളുറങ്ങുന്നതിവിടെയാണ്.
പ്രവേശന കവാടത്തിൽ ചെരുപ്പുകൾ ഊരി അവിടെ സൂക്ഷിക്കാൻ കൊടുത്തിട്ട് മനോഹരമായ പൂന്തോട്ടത്തിലെ പാതയിലൂടെ ഞങ്ങൾ നടന്നു. ‘ ഹേ റാം ‘ എന്ന് എഴുതിയ കറുത്ത മാർബിളിന്റെ മനോഹരമായ സ്മാരകത്തിലേക്ക്. ഹേ റാം – ഗാന്ധി സംസാരിച്ച അവസാനത്തെ വാക്കുകളാണിതെന്ന് വിശ്വസിക്കുന്നു.സ്മാരകത്തിന് പിന്നിൽ മഹാത്മാഗാന്ധിയുടെ നിത്യതയെ പ്രതിനിധീകരിക്കുന്ന ഒരു നിരന്തരമായ ജ്വാല കത്തുന്നുണ്ട്. ചതുരാകൃതിയിലുള്ള ആ കറുത്ത മാർബിളും അതിൽ എഴുതിയിരിക്കുന്ന ലിഖിതവുമൊക്കെ കാണുമ്പോൾ സമാധാനപ്രിയനായ ഈ മഹാനായ മനുഷ്യന്റെ ആത്മാവിനെ തികച്ചും പ്രതിനിധീകരിക്കുന്നു. അവിടെ വന്നിരിക്കുന്നവരിൽ പലരും അവിടെ നിന്ന് സല്യൂട്ട് ചെയ്യുന്നതും ദുഃഖഭാവത്തോടെ സ്തുതി പിടിച്ചു കൊണ്ടുള്ള ഫോട്ടോ എടുക്കുന്നതും കണ്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്. പക്ഷെ അവിടെ എത്തുമ്പോൾ നമ്മളിലും അറിയാതെ ദേശഭക്തി നിറയുന്നുവോ എന്ന് സംശയം. സമാധാനപരവും മനോഹരവുമായ ഒരു സ്ഥലം. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ സന്ദർശിക്കാം, പ്രവേശനം ഫ്രീയാണ്. വെള്ളിയാഴ്ചകളിൽ ഗാന്ധിജിയെ സ്മരിച്ചു കൊണ്ടുള്ള പ്രത്യേക പ്രാർത്ഥനകൾ മറ്റും നടക്കാറുണ്ട്. ഇത് കൂടാതെ ഗാന്ധി ജയന്തി ദിനത്തിനും രക്തസാക്ഷി ദിനത്തിലും പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടക്കാറുണ്ട്.
രാജ്ഘട്ടിനോട് ചേർന്ന് നമ്മുടെ മറ്റു പല നേതാക്കന്മാരുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു തന്നെ നമ്മൾ കണ്ടു വളർന്നിട്ടുള്ള ആ നേതാവിനെ തേടിയായി ഞങ്ങളുടെ അടുത്ത നടപ്പ്. ശാന്തിയും . സമാധാനവും നിറഞ്ഞു നിൽക്കുന്ന ഒരു മനോഹരമായ സ്ഥലം, Shakti Stal. താടിക്ക് കൈയ്യും കൊടുത്ത് ടീച്ചർ പറയുന്നതെല്ലാം മനസ്സിലായി എന്ന മട്ടിലിരിക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞത്. പിന്നീട് ടീച്ചറടക്കം എല്ലാം കുട്ടികളും കരയുകയായിരുന്നു. അതിനിടയിൽ ഒരു കുട്ടി ‘അപ്പോൾ അവധി, അല്ലെ?’ എന്നൊരു ചോദ്യം. അവളെ എല്ലാവരും തേച്ചൊട്ടിച്ചു എന്ന് പറയേണ്ടതില്ലല്ലോ? ഇന്ന് അതൊരു തമാശയായി തോന്നുമെങ്കിലും ഇപ്പോഴും കിടിലത്തോടെ ഓർക്കുന്നത് സ്കൂളിൽ നിന്നുള്ള തിരിച്ചു വരവായിരുന്നു.വീടിനടുത്തേക്കുള്ള ബസ്സ് ഇല്ലാതാത്തതുകൊണ്ട് ഏകദേശം വീടിന്റെ ഭാഗത്തേക്ക് വരുന്ന ഒരു ബസ്സിൽ കയറുകയായിരുന്നു. ബസ്സിറങ്ങി കൂട്ടുകാരികളുമായിട്ടുള്ള വീട്ടിലോട്ടുള്ള നടപ്പിൽ പലരും അവരവരുടെ വഴികളിലേക്കും വീടുകളിലേക്കും പോയതോടെ , പിന്നീടുള്ള ആ നടപ്പിൽ റോഡിൽ ഞാൻ മാത്രം. തിരുവനന്തപുരത്തെ ഞാൻ അങ്ങനെ കണ്ടിട്ടേയില്ല. ഇനിയും അരമുക്കാൽ മണിക്കൂർ നടക്കണം വീടെത്താൻ. ശരിക്കും പേടിച്ചു വിറച്ചുള്ള നടപ്പായിരുന്നു. പിന്നീടൊരിക്കലും അതുപോലുള്ളൊരു അനുഭവം ഉണ്ടായിട്ടില്ല.ഓർമ്മകൾ അയവിറക്കി കൊണ്ടുള്ള ആ നടപ്പ് , മുറ്റമടിക്കുന്ന ഏതാനും ജോലിക്കാരല്ലാതെ അവിടെ വേറെയാരുമില്ല. പുൽത്തകിടുകളെല്ലാം നന്നായി പരിപാലിച്ചിട്ടുണ്ട്. ശ്രീമതി. ഇന്ദിരാ ഗാന്ധിയുടെ ഒരു വലിയ ചിത്രവും അവരുടെ പ്രസിദ്ധമായ വാക്കുകളും എതിർ വശത്തുള്ള ഒരു വലിയ മതിലിൽ ഉണ്ട്. അവരുടെ വിശ്രമ സ്ഥലത്തിന് മുകളിലുള്ള ചാരനിറം, ചുവപ്പ്, മെറൂൺ എന്നിവയുടെ വലിയ പരുക്കൻ കട്ട് യോടു കൂടിയ മോണോലിത്തിക്ക് കല്ലാണ് സ്മാരകം. സ്മാരകത്തിനടുത്തേക്ക് പോകണമെങ്കിൽ ചെരുപ്പ് ഊരണം. ഫോട്ടോഗ്രാഫി അനുവദിക്കുന്നതുമാണ്. അവിടെ നിന്ന് ഏതാനും പടങ്ങളെടുത്ത് ഒന്നും കൂടെ ഓർമ്മകളെ കൂട്ടുപിടിച്ച് അവിടെ നിന്ന് പോരുമ്പോൾ മനസ്സിനാകെ കനം കൂടിയതുപോലെ.
ശ്രീ രാജീവ് ഗാന്ധിയുടെ മരണവാർത്ത കേട്ടപ്പോൾ, ഇങ്ങനെയായിരിക്കാം ഇവരുടെയൊക്കെ മരണം എന്ന വിശ്വാസത്തിലായിരിക്കുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ സ്മാരകമായ വീർ ഭൂമി എത്തിയപ്പോൾ ” അയ്യോ …. പാവം ” എന്ന് ഇങ്ങനെയുള്ള ചില വാക്കുകളിൽ ഒതുങ്ങി ഞങ്ങളുടെ ഖേദപ്രകടനം.
രാജീവ് ഗാന്ധിയുടെ അന്ത്യകർമ്മങ്ങൾ നടന്ന സ്ഥലത്ത് തന്നെ ലളിതമായി തയ്യാറാക്കിയ സ്മാരകമാണ് വീർ ഭൂമി.
കോണീയ ബന്ധത്തിലെ രണ്ടു സ്ക്വയറുകളാണ് സ്മാരകത്തിന്റെ രൂപകൽപ്പന. ഗ്രാനൈറ്റ് കല്ലിൽ കൊത്തിച്ച താമരപ്പൂക്കളുള്ള ഒരു ശിലാ വേദി മുകളിലുണ്ട്. നന്നായി വെട്ടിയ പുല്ലുകളും വലിയ മരങ്ങളുമായി നല്ലയൊരു അന്തരീക്ഷം നമുക്ക് സമ്മാനിക്കുന്നു.
ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി …. അങ്ങനെ നമ്മുടെ പല നേതാക്കളുടേയും സ്മാരകങ്ങൾ അടുത്തു തന്നെയുണ്ട്. സൂര്യൻ തലക്ക് മുകളിലെത്തിയിരിക്കുന്നു. ഞങ്ങളുടെ ദേശഭക്തിയുടെ വീര്യമെല്ലാം കുറഞ്ഞിരിക്കുന്നു. എന്നാലും ഒരു പാട് കാലത്തെ ആഗ്രഹമായിരു ന്നു ഈ മൂന്ന് സ്മാരകങ്ങൾ സന്ദർശിക്കുക എന്നത്. പാക്കേജ് ടൂറു കളിൽ രാജ്ഘട്ട് മാത്രമാണ് അവർ ഉൾപ്പെടുത്താറുള്ളത്. ആഗ്രഹം സഫലീകരിച്ച സന്തോഷത്തോടെ അടുത്ത സ്ഥലത്തേക്ക് …..
(തുടരും)
Thanks
റിറ്റ ഡൽഹി.