അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് ഇവിടെയുള്ള വിലമതിക്കാനാവാത്ത നിധി ശേഖരമാണ്. 2011 ലാണ് ഇവിടുത്തെ നിധിയെക്കുറിച്ച് പുറംലോകം അറിയുന്നത്. ലോകത്തിൽ അന്നുണ്ടായിരുന്ന സർവ്വ നിധിശേഖരങ്ങളെയും നാണിപ്പിക്കുന്ന വിധത്തിൽ അളക്കാൻ കഴിയാത്തത്രയും മൂല്യമുള്ള നിധിയാണ് ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. മുഗൾ രാജവംശത്തിന്റെ 90 ബില്യൺ ഡോളർ നിധിയായിരുന്നു അതിനു മുൻപ് ഒരു രാജവംശത്തിന് ഉണ്ടായിരുന്ന നിധികളിൽ അല്ലെങ്കിൽ സമ്പത്തിൽ ഏറ്റവും കൂടുതൽ. എന്നാൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തിയതോടെ മുഗൾ നിധിയൊക്കെ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്. ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.
മഹാവിഷ്ണുവിന്റെ അവതാരമായ ശിലകൾകൊണ്ടു നിർമ്മിച്ച പ്രതിഷ്ഠക്ഷേത്രത്തിലെ പത്മനാഭ സ്വാമിയുടെ വിഗ്രഹം ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന സാളഗ്രാമം കൊണ്ടു നിർമ്മിച്ചവയാണ്. ഏകദേശം പന്ത്രണ്ടായിരത്തോളം സാളഗ്രാമങ്ങളാണ് ഇതിനായി വേണ്ടി വന്നത്.
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന കല്ലുകളാണ് സാളഗ്രാമം. സാധാരണയായി വിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുവാൻ ഈ കല്ലുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ശാസ്ത്രമനുസരിച്ച് ജുറാസിക് യുഗത്തിൽ കാണപ്പെട്ടിരുന്ന ഫോസിലുകളാണ് ഇവ. അമോണൈറ്റ് കല്ലുകൾ എന്നും ഇതിനെ പറയുന്നുണ്ട്.
സാധാരണയായി നേപ്പാളിലെ ഗണ്ഡകി നദിയുടെ തീരത്താണ് ഇത്തരത്തിലുള്ള കല്ലുകൾ കാണപ്പെടുന്നത്.
ആറാമത്തെ അറ
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്നത് ഇവിടുത്തെ അറകളിലാണ്. എന്നാൽ ഈ അറകൾ ഇനിയും മുഴുവനായും തുറക്കുവാൻ സാധിച്ചിട്ടില്ല. ആറാമത്തെ അറയെ രഹസ്യ അറയായാണ് കണക്കാക്കുന്നത്. മനുഷ്യർക്ക് ഇത് തുറക്കുവാൻ കഴിയില്ല എന്നും ഒരു വിശ്വാസമുണ്ട്. കാരണം ശ്രീ പത്മനാഭന്റെ സ്വന്തം അറയാണിതെന്നും ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ അറയുടെ ഉള്ളിൽ അറകളായിട്ടാണ് ആറാമത്തെ അറ നിർമ്മിച്ചിരിക്കുന്നത്. 1931 ൽ ആറാമത്തെ അറയ്ക്കുള്ളിലെ ആദ്യ അറ തുറന്നിട്ടുണ്ട്. 1908 ൽ ആറാമത്തെ പ്രധാന അറ തുറക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നും വിഷം ചീറ്റുന്ന നാഗങ്ങൾ പുറത്തു ചാടി എന്നും പറയപ്പെടുന്നു. ഈ അറ തുറന്നാൽ ദൈവകോപം ഉണ്ടാകുമെന്ന വിശ്വസിക്കുന്നതിനാൽ ഇതിനുള്ള ശ്രമങ്ങൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. കൂടാതെ ദേവന്മാർ, ഋഷിമാർ, കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവർ അദൃശ്യരായി സ്വാമിയെ സേവിച്ചു ഈ അറയ്ക്കുള്ളിൽ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം.
ഒരേ ശ്രീകോവിലിലെ ത്രിമൂർത്തികൾ
നിർമ്മാണത്തിൽ മാത്രമല്ല, പ്രതിഷ്ഠകളിലും വ്യത്യാസങ്ങൾ ഇവിടെ കാണാം. പതിനെട്ടടി നീളം വരുന്ന അനന്തപത്മനാഭനാണല്ലോ ഇവിടുത്തെ പ്രതിഷ്ഠ. കടുശർക്കരയോഗക്കൂട്ടുകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ഇതിൽ അഭിഷേകം ചെയ്താൽ ഇത് അലിഞ്ഞു പോകുമെന്നതിനാൽ ഇവിടെതന്നെയുള്ള മറ്റൊരു വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്. വിഷ്ണുവിന്റെ വലതു കൈ അനന്തതൽപ്പത്തിനു താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠ കാണാം. വിഷ്ണുവിന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ബ്രഹ്മാവിനെ കാണാം. ചതുർമുഖനായാണ് ബ്രഹ്മാവുള്ളത്. ഇത്തരത്തിൽ ഒറ്റ ശ്രീ കോവിലിനുള്ളിൽ ത്രീമൂർത്തികളെ കാണാൻ സാധിക്കുകയെന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
മുറജപവും ലക്ഷദീപവും
പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ് മുറജപം.
ഇതിന്റെ ആരംഭം കുറിച്ച ത് ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവാണ്. രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്. ഇതിന്റെ കാർമ്മികത്വത്തിലേക്കായി കേരളത്തിലെ പ്രശസ്തരായ ഓത്തന്മാർ (വേദ പാണ്‌ഡ്യത്യമുള്ള ബ്രഹ്മണന്മാർ) ഒത്തു ചേരുന്നു. അൻപത്തിയാറ് ദിവസം നീണ്ടു നിൽക്കുന്ന മുറജപം സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട് മുഖരിതമായിരിക്കും. വടക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും ധാരാളം ഓത്തന്മാർ ജപം വീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനും വേണ്ടി എത്താറുണ്ട്, കൂട്ടത്തിൽ ആഴ്‌വാഞ്ചേരിത്തമ്പ്രാക്കൾ പോലുമുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. മുറജപ പര്യവാസനഘട്ടത്തിൽ തിരുവിതാംകൂർ മഹാരാജാവ് എഴുന്നള്ളി ശ്രീ പത്മനാഭ സ്വാമിക്ക് ഒരു ആനയെ നടക്കിരുത്തുന്നു.
ലക്ഷദീപം
ക്ഷേത്രത്തിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിച്ചു വയ്ക്കുന്ന ചടങ്ങാണ് ‘ലക്ഷദീപ സമർപ്പണം’. ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്തുന്നു. ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസ്സിനും ഒരുപോലെ ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും.ഗ്രാമത്തിന്‍റെ സർവ്വശ്വൈര്യമാണ് ലക്ഷദീപ സമർപ്പണം കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതലമുറയെ ക്ഷേത്രാചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഓരോ ഭക്‌തകുടുംബത്തിൽ നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്.
കൂടുതൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ……
മേരി ജോസി മലയിൽ, തിരുവനന്തപുരം
good post