(വാർത്ത: സന്തോഷ് ശ്രീധർ, സൗദി)
അതിശയിക്കേണ്ട സൗദിയിലുമുണ്ട് ഊട്ടിയും ചിറാപുഞ്ചിയും. ചൂടേറ്റ് വാടിത്തളർന്ന സൗദിക്ക് കുളിരേകാൻ പ്രകൃതി ഒരുക്കിയ മനോഹരമായ സസ്യ നിറച്ചാർത്ത്.
ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും കോട മഞ്ഞും മഴയും നിറഞ്ഞ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സൗദിയിലെ ഈ പ്രകൃതി രമണീയത. സൗദിയുടെ തെ ക്ക്പടിഞ്ഞാറു ഭാഗത്ത് ചെങ്കടലിന് സമീപമായാണ് ഈ മനോഹരഗ്രാമ്യം.
വിനോദ സഞ്ചാര കേന്ദ്രമായഅബ ഹയിൽ ആരംഭിക്കുന്നു ഈ ദൃശ്യ വിസ്മയം.
സൗദിയിലെ ഏറ്റവും വലിയ പർവ്വത നിരയായ സാറാവത് പർവ്വത നിരയിലെ ജബൽ സൗദ ആണ് വിനോദ സഞ്ചാരികളെ മാടി വിളിക്കുന്ന ഊട്ടി. അബഹയിൽ നിന്നും 25കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പർവ്വത വിസ്മയം കാണാൻ നിരവധി സഞ്ചാരികളാണ് ദൈനം ദിനം എത്തുന്നത്. സൗദിയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന അസീർ ഉൾപ്പെടുന്ന പ്രദേശം ഇവിടെ ആണ്. സൗദിയിലെ ചിറാപുഞ്ചി.

സമുദ്ര നിരപ്പിൽ നിന്നും 2800മീറ്റർ ഉയരത്തിൽ ആണ് ജബൽ സൗദ നിലകൊള്ളുന്നത്. സസ്യലതാദികളാൽ വന്യമായ സൗദിയിലെ ഏക പ്രദേശം. അതിലുപരി വർഷം മുഴുവൻ തണുപ്പ് പുതച്ചു നിൽക്കുന്ന കാനന കന്യകയാണ് ജബൽ സൗദ. വിവിധ ഇനം പക്ഷികളാൽ നിറഞ്ഞ ജൂണിപ്പേർ ഫോറെസ്റ്റ് ഇവിടെ ആണ്.
ജബൽ സൗദയുടെ ആകാശ ഭംഗി നുകരാൻ കേബിൾ കാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിൽ കയറി ഈ അപ്സരസ്സിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം. ഈ യാത്രയിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനായി ഒരുക്കിയ നിരവധി ടൂറിസ്ററ് പോയിന്റുകളും ഉണ്ട്. ബെനിവാസൻ, അല്ഹബാല, അൽഫരാ, നാമാസ് താനുമ എന്നിവയാണ് പ്രധാന പോയിന്റുകൾ.
