17.1 C
New York
Wednesday, December 1, 2021
Home Travel സിംഗപ്പൂർ ഓർമ്മകൾ..

സിംഗപ്പൂർ ഓർമ്മകൾ..

ലൗലി ബാബു തെക്കേത്തല✍

സ്ഥലം ദുബായ്…വർഷം 2012 ജൂൺ മാസത്തിലെ ഏതോ ഒരു ദിവസം… അന്ന് ജോൺ ഡ്യൂട്ടിക്ക് പോയ സമയത്ത്, കുട്ടികൾ ഉറങ്ങിയ ഉച്ചക്ക് ഫേസ്ബുക് ലു കൂട്ടുക്കാരുടെ ഫോട്ടോസ് നോക്കി ലൈക്കും കമന്റും കൊടുത്തു കൊണ്ടിരുന്ന സമയത്താണ് മെറിന്റെ തലയിൽ ഒരു ആശയം ഉദിച്ചത്.

ഈ കൊല്ലം നാട്ടിൽ ഓണത്തിന് അവധിക്ക് പോവാതെ വേറെ എവിടെയെങ്കിലും പോയാലോ?
നാട്ടിൽ പോയാൽ വീട്ടുനികുതി, വില്ലേജ് നികുതി, വീടിന്റെ അറ്റകുറ്റപ്പണികൾ ഇതൊക്കെ നോക്കണം. ബന്ധുവീടുകൾ സന്ദർശനം,പള്ളി യൂണിറ്റ്,അസോസിയേഷൻ പരിപാടികൾ പുലി കളി , കുമ്മാട്ടിക്കളി, എല്ലാവരുമൊന്നിച്ചു ചെറിയ യാത്രകൾ, ആരുടെയെങ്കിലും കല്യാണം, പെരുന്നാൾ ഇതൊക്കെ ആണ് ആകർഷണങ്ങൾ…. പക്ഷേ എല്ലാ കൊല്ലവും ഒരേ പോലെ.. വേണ്ട..ഇക്കൊല്ലം ഒരു മാറ്റം വേണം.. ഇതൊക്കെ എങ്ങനെ ജോണിനെ ബോധ്യപ്പെടുത്താൻ…. നാട് എന്ന് പറഞ്ഞാൽ ജീവനെ പോലെ സ്നേഹിക്കുന്ന മനുഷ്യൻ.. ജോൺ സമ്മതിക്കാൻ എന്താണൊരു വഴി…

അപ്പോഴാണ് തന്റെ സ്വപ്നങ്ങളിൽ ഒന്നായ സിങ്കപ്പൂർ സന്ദർശിക്കണം എന്ന് ആലോചന വന്നത് അവിടെ മെറിന്റെ അച്ഛന്റെ സഹോദരന്റെ മകൻ മേജൊ യും കുടുംബവും താമസിക്കുന്നു. മെറിനും അവനും സമപ്രായക്കാർ… ഒരേ ക്ലാസ്സിൽ പഠിച്ചവർ … അവന്റെ ഭാര്യ ജിസി വളരെ സഹവർത്തിത്വം ഉള്ള കുട്ടിയാണ്… അതെ അവരോട് ചോദിച്ചു മനസ്സിലാക്കണം സിങ്കപ്പൂർ യാത്രയെ പറ്റി.. കാഴ്ചകളെ കുറിച്ച്.. മെറിൻ വേഗം ഫേസ്ബുക് തുറന്നു മെസ്സന്ജറിൽ ഒരു ഹായ് ജിസി യോട് പറഞ്ഞു. ജിസിയോട് തന്റെ ആഗ്രഹം പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെ ജിസ്സി സ്വാഗതം എന്ന് മറുപടി കുറിച്ചു… കുറഞ്ഞത് 15 ദിവസം വേണം എന്നാലേ മുഴുവൻ സ്ഥലങ്ങളും കാണാൻ പറ്റൂ എന്ന് ജിസി അറിയിച്ചു. അവരുടെ വീട്ടിൽ താമസിക്കാം എന്ന് കൂടി പറഞ്ഞപ്പോൾ മെറിന് പറക്കാൻ ധൃതി കൂടി..

വൈകിട്ടു ജോൺ വന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ പതുക്കെ വിഷയം അവതരിപ്പിച്ചു.. ആദ്യം ഒന്ന് എതിർത്തു നോക്കിയെങ്കിലും മെറിൻ ഇനി കുറേ ദിവസം ഭദ്രകാളി ആവുമല്ലോ എന്നോർത്ത് ജോൺ പറഞ്ഞു ആ നമുക്ക് പോവാം…
അങ്ങനെ ഓഗസ്റ്റ് ഒന്നിന് പോയി 12 നു തിരിച്ചു വരാമെന്ന് പറഞ്ഞു ടിക്കറ്റ് ബുക്ക്‌ ചെയ്തു.

… പക്ഷേ കാര്യങ്ങൾ എല്ലാം വിചാരിച്ചത് പോലെ എപ്പോഴും നടന്നു എന്ന് വരില്ലല്ലോ… പോകാൻ തീരുമാനിച്ചതിനു ഒരാഴ്ച മുമ്പ് മെറിന് എണീക്കാൻ പറ്റാത്ത രീതിയിൽ ഒരു വേദന തുടങ്ങി ഇരുന്നാൽ എണീക്കാൻ പരസഹായം വേണം.. ഡോക്ടറെ കണ്ടപ്പോൾ സയറ്റിക് നേർവ് കൺജഷൻ ആണ്. ഡിസ്ക് നും കുഴപ്പമുണ്ട് .. കുറേ വേദന സംഹാരികൾ, ആന്റിബയോട്ടിക്‌സ്, ഫിസിയോതെറാപി ചെയ്തു കുറഞ്ഞില്ലെങ്കിൽ സർജറി വേണ്ടി വരും എന്ന് പറഞ്ഞപ്പോൾ മെറിൻ പറഞ്ഞു.. എനിക്ക് സിങ്കപ്പൂർ പോയി വന്നിട്ട് സർജറി മതി എന്ന് അങ്ങനെ രണ്ടാഴ്ച കൂടി ടിക്കറ്റ് നീട്ടി വെച്ച് മരുന്നും ഫിസിയോതെറാപ്പിയും ചെയ്തു കഴിഞ്ഞു നോക്കുമ്പോൾ വേദന നന്നായി കുറഞ്ഞിട്ടുണ്ട് ബാക്കി ഇൻവെസ്റ്റിഗേഷനും സർജ്ജറിയും വന്നിട്ട് നോക്കാം എന്ന് പറഞ്ഞ് കയ്യിൽ പ്രിസ്ക്രിപ്ഷനും ഒരുപിടി വേദന സംഹാരി ടാബ്‌ലറ്റുമായി മെറിനും ജോണും രണ്ട് കുട്ടികളും 2012ഓഗസ്റ്റ് 24 നു സിങ്കപ്പൂരിലേക്ക് പറന്നു…

ദുബായിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ സിങ്കപ്പൂർ എത്തിയ അവരെ കാത്തു ജിസിയും മേജൊയും അവരുടെ മകൾ രണ്ട് വയസുള്ള കുസൃതി കുടുക്ക പൊന്നുവുമായി നിൽപ്പുണ്ടായിരുന്നു. അവരുടെ കാറിൽ അവർ താമസിക്കുന്ന അപാർട്മെന്റിലെത്തി.

.. അപാർട്മെന്റിന്റെ മുറ്റത്തു പച്ചവിരിച്ച പുൽത്തകിടി ഉണ്ടായിരുന്നു ഓരോ ബിൽഡിങ് ന്റെയും നടപ്പാത പബ്ലിക് ട്രാൻസ്‌പോർട് കിട്ടുന്ന അടുത്തുള്ള ബസ്‌ സ്റ്റോപ്പ്‌ മായി ബന്ധിപ്പിച്ചിരുന്നു. ബിൽഡിംഗ്‌ മുതൽ ബസ് സ്റ്റോപ്പ്‌ വരെ നടപ്പാതയുടെ മേലെ ഷീറ്റ് മേഞ്ഞിരുന്നു. മഴ വന്നാൽ കുട ഇല്ലെങ്കിലും വീട്ടിൽ നിന്നും ബസിലേക്കോ തിരിച്ചോ മഴ നനയാതെ എത്താനുള്ള സംവിധാനം മെറിനു നന്നേ ഇഷ്ടപ്പെട്ടു.

മുകൾ നിലയിൽ ഉള്ള അപാർട്മെന്റ് നു മുന്നിൽ വീതിയുള്ള വരാന്തയിൽ ചെടിച്ചട്ടികളിൽ റോസും ഡെയ്സിയും ചിരിച്ചു കൊണ്ടു വരവേറ്റു. സൂര്യ പ്രകാശം നേരിട്ട് വരാന്തയിൽ കിട്ടുന്ന രീതിയിൽ ആണ് കെട്ടിടം പണിതിരിക്കുന്നത്. ദുബായിൽ ഉള്ള മാതൃകയിൽ അല്ല നാട്ടിലെ വീടുകളെ ഓർമിപ്പിക്കുന്ന രീതിയിൽ പ്രകൃതിയുമായി രഞ്ജിപ്പിച്ചാണ് കെട്ടിടനിർമിതി.. ദുബായിലെ ചൂടിൽ നിന്നും സിങ്കപൂരിലെ വസന്തത്തിലേക്ക് വന്നപ്പോൾ ഏറ്റവും മനോഹരമായ സ്ഥലം സിങ്കപ്പൂർ ആണെന്ന് അവൾക്ക് തോന്നി. അന്ന് വിശ്രമിച്ച ശേഷം അവർ പിറ്റേദിവസം നാട് കാണാൻ ഇറങ്ങി.

മേജൊ ഒരു ആഴ്ച അവധി എടുത്തിരിക്കയാണ് അവരുടെ വരവും തൊട്ടടുത്ത ദിവസം ഓണവും ആയതാണ് ഒരാഴ്ച അവധി എടുക്കാൻ കാരണം. ആദ്യം അവർ കാണാൻ പോയത് അടുത്തുള്ള സയൻസ് സെന്റർ ആണ്. അവിടെ സയൻസ് കുട്ടികൾക്ക് താല്പര്യമുളവാക്കാൻ വ്യത്യസ്ത മാർഗങ്ങൾ DNA ലാബ് പോലെ സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് സെന്ററിൽ ബട്ടർഫ്‌ളൈ ഗാർഡനും സ്‌നോ സിറ്റിയും അത്യന്തം ആകർഷകമാണ്.

സിംഗപൂരിലെ കാലാവസ്ഥ ഒട്ടും പ്രവചന സാധ്യമല്ല.വെയിൽ ഉള്ളപ്പോൾ തന്നെ ആകാശം ഇരുളുകയും പെട്ടെന്ന് വലിയ മഴയും സാധാരണമാണ്. സത്യത്തിൽ ഗൾഫിലെ ചൂടിൽ നിന്നും സിങ്കപ്പൂരിലെ കുളിർമയിലേക്കെത്തിയ മെറിന് നാട് കാണുന്നതിനേക്കാൾ സുഖമായി ഉറങ്ങാൻ കഴിയുന്നതിന്റ ആലസ്യത്തിലായിരുന്നു.. കയ്യിലുണ്ടായിരുന്ന വേദന സംഹാരികളും ഒരു കാരണമാവാം…

അസുഖം മൂലം യാത്ര നീട്ടി വെച്ചതിനാൽ ഓണക്കാലത്താണ് അവർ സിംഗപ്പൂർ എത്തുന്നത്… ഓണത്തിന് രാവിലെ എവിടെയും പോവുന്നില്ല എന്ന്. പറഞ്ഞതിനാൽ മെറിൻ നല്ല ഉറക്കത്തിൽ ആയിരുന്നു… രാവിലെ ഒൻപതു മണിക്ക് എഴുന്നേൽക്കുമ്പോൾ ഫ്ലാറ്റിൽ മനോഹരമായ പൂക്കളം തീർത്തിരുന്നു ജിസ്സി..കൂട്ടത്തിൽ സദ്യയ്ക്കുള്ള തയ്യാറെടുപ്പും… തൊട്ടപ്പുറത്തെ ഫ്ലാറ്റിലെ ചൈനക്കാരുടെ മകൻ പൊന്നുവുമായി കളിക്കാൻ വന്നു. കുട്ടികളുടെ മേൽനോട്ടം മെറിനെ ഏൽപ്പിച് ജിസ്സി പാചകത്തിരക്കുകളിൽ മുഴുകി. മേജൊയും ജോണും പച്ചക്കറി അരിയാൻ സഹായിച്ചു … ജിസ്സി ഒന്നാന്തരം പാചകക്കാരി ആയിരുന്നു ഉച്ചയായപ്പോഴേക്ക് വിഭവ സമൃദ്ധമായ രുചിയേറിയ ഓണ സദ്യ അവർക്ക് മുന്നിലെത്തി..

ഒരു ചെറു മയക്കത്തിനു ശേഷം വൈകിട്ടു ആറുമണിയോടെ ഇന്ത്യക്കാർ പ്രത്യേകിച്ച് തമിഴൻമാർ തിങ്ങി പാർക്കുന്ന” ലിറ്റിൽ ഇന്ത്യ ” എന്ന സ്ഥലം കാണാൻ പോയി… മസാല ദോശ തുടങ്ങിയവ ലഭിക്കുന്ന ചെറു ഹോട്ടലുകൾ അവിടെ ഉണ്ട്‌… കേരളത്തിൽ ബംഗാളി പോലെ സിങ്കപ്പൂരിൽ തമിഴ്ന്മാർ… അതുകൊണ്ട് തന്നെ ലിറ്റിൽ ഇന്ത്യ സിങ്കപ്പൂരിന്റെ ആഭിജാത്യമോ പ്രൌഡിയോ അവകാശപെടാനാവാത്ത പ്രദേശമത്രെ. സിങ്കപ്പൂരിയൻ ജനത തമിഴ് ഒരു ദേശീയ ഭാഷയായി അംഗീകരിച്ചുവെങ്കിൽ പോലും പെരുമാറ്റത്തിൽ തമിഴാളികളോട് വലിയ മതിപ്പ് ഉള്ളതായി തോന്നിയില്ല… ജന്മനാട് തരുന്ന അഭിമാനബോധം അതൊന്നു വേറെ തന്നെ… മറ്റേത് ദേശത്തു പാർത്താലും സ്വത്വം എന്ന ബോധം അദൃശ്യമായ ഒരു വേലിക്കെട്ട് ഉണ്ടാക്കുന്നു എന്നത് എന്റെ ഒരു തോന്നൽ മാത്രമായിരിക്കുമോ

കേരളം പോലെ ഹരിതാഭം ആണെങ്കിലും വൃത്തിയേറിയ വീതിയുള്ള റോഡുകൾ ഭംഗിയുള്ള കെട്ടിടങ്ങൾ എല്ലാം ആകർഷണീയമായിരുന്നു. മഴ പെയ്തിട്ടും റോഡിൽ വെള്ളം കെട്ടികിടക്കാത്ത വഴികൾ..എല്ലായിടത്തും പൂക്കൾ… സ്വപ്നങ്ങളിൽ കടന്നു വരുന്ന സുന്ദരമായ സ്ഥലം.
കേരളം ഒരിക്കൽ ഇത് പോലെ ആവും എന്നായിരുന്നു മെറിൻ കരുതിയത് ബാല്യത്തിൽ… എന്നാൽ രാഷ്ട്രീയ പാർട്ടികളും സ്വാർത്ഥത നിറഞ്ഞ മനുഷ്യരും ചേർന്ന് കേരളം മുഴുവനും വെള്ളക്കെട്ട് ആക്കുന്നു… ജീവിക്കാൻ തൊഴിൽ ഇല്ലാതെ നല്ല വാസയോഗ്യമായ ഇടങ്ങൾ ഇല്ലാതെ നാട്ടുകാർ മറുനാടുകളിൽ അല്ലെങ്കിൽ വിദേശങ്ങളിൽ അഭയം തേടി അലയുന്നു സ്വന്തം വ്യക്തിത്വം ഇല്ലാത്ത ജനമായി മലയാളി ലോകം മുഴുവൻ കുടിയേറ്റക്കാരനാവുന്നു….

പിറ്റേന്ന് രാവിലെ യൂണിവേഴ്സൽ സ്റ്റുഡിയോ കാണാൻ പോയി..

അവിടെ ചെന്നപ്പോൾ മർലിൻ മൺറോയുടെ മോഡലുമായി ചേർന്നു നിന്ന് ഫോട്ടോ എടുത്തു . മഴ പെയ്തു തുടങ്ങി
കുട എടുക്കാൻ മറന്ന അവർ പോളി‌തീൻ കവറിന്റെ റെയിൻ കോട്ട് അണിഞ്ഞു മുന്നോട്ടു നടന്നു…

പിറ്റേന്ന് മേജോയ്ക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കണമായിരുന്നു ജിസ്സി പറഞ്ഞു നിങ്ങൾ ഇന്ന് സൂ കാണാൻ പൊയ്ക്കോളൂ. കുറേ നടക്കാനുണ്ട് ഞാൻ രണ്ടു മൂന്ന് പ്രാവശ്യം പോയിട്ടുണ്ട് ഞാൻ പബ്ലിക് ട്രാൻസ്‌പോർട്ടിൽ നിങ്ങളെ അയക്കാം.. എന്ന് പറഞ്ഞു അവരെ സൂ വിലേക്കു നേരെ എത്താവുന്ന ബസിൽ യാത്രയാക്കി. ഏക്കർ കണക്കിന് നീണ്ടു കിടന്ന സൂ വിൽ അവർ ഉത്സവം കാണാൻ പോയപ്പോലെ മതി മറന്നു നിന്നു…കിളികളും തോടുകളും കള കളം പാടിയ ആ മനോഹര ഉദ്യാനത്തിൽ പ്രണയം പൂക്കുന്ന മനസ്സുമായി മെറിൻ ജോണിനോട് ചേർന്നു നടക്കുകയും ചിലപ്പോൾ സിംഹത്തെയും മാനിനെയും കാണുമ്പോൾ ഒരു കുട്ടിയെ പോലെ ഓടി നടക്കുകയും ചെയ്തു…നാലുമണി യോടെ തിരിച്ചു നടന്നു 6മണിക്ക് വീട്ടിൽ എത്തി.

പിറ്റേന്ന് രാവിലെ എവിടെയും പോയില്ല വൈകിട്ടു രണ്ടു കുടുംബവും ചേർന്നു നൈറ്റ്‌ സഫാരി ക്കു പോയി… ഉൾക്കാടുകളിൽ കടുവയും ആനയുമൊക്കെ വിഹരിക്കുന്നതിനിടയിലൂടെ… ട്രാമിലുള്ള യാത്ര മറക്കാനാവാത്ത ഒന്നായിരുന്നു.

പിന്നീട് അവർ രണ്ടു കുടുംബവും ചേർന്ന് കാണാൻ പോയത് സെന്റോസ എന്ന സ്ഥലമായിരുന്നു. വളരെ ശാന്തമായ, മനസിന് കുളിർമയേകുന്ന ഒരു പ്രത്യേകതരം അന്തരീക്ഷമാണ് സെന്റോസയിലുടനീളം ഉള്ളത്. സെന്റോസ മെർലയണിനു അരികിലായുള്ള ഒരു മനോഹരമായ കൃത്രിമ വെള്ളച്ചാട്ടവും അതിനോട് ചേർന്ന് കടന്നുപോകുന്ന മോണോഅടുത്ത ട്രെയിനിൽ കയറി ഐലന്റിന്റെ അങ്ങേയറ്റത്ത് എത്തി. മനോഹരങ്ങളായ കടൽത്തീരങ്ങൾ ആസ്വദിക്കേണ്ടവർക്ക് പറ്റിയ ഹൃദ്യമായ ബീച്ചുകളുണ്ടിവിടെ.

അതിന്റെയൊക്കെ കുറച്ചിങ്ങോട്ട് മാറിയാണ് ‘Wings of Time’എന്നറിയപ്പെടുന്ന ലേസർ ഷോ നടക്കുന്നത്. ഇരുട്ട് വീണതിനുശേഷം രണ്ട് ഷോകളാണ് ദിവസേന കടലിനഭിമുഖമായി ഇരുന്ന് കടലിൽ സ്ഥാപിച്ചിട്ടുള്ള സ്ക്രീനിൽ 3ഡി സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ച് നൂതനമായ രീതിയിൽ നയനമനോഹരമായ ലേസർ ഷോയും അതിന് അകമ്പടിയായി നമ്മുടെ തൊട്ടുമുന്നിൽ കരിമരുന്ന് പ്രയോഗങ്ങളും ഉണ്ട്‌.

അവരുടെ ദേശീയ ചിഹ്നമാണ് സിംഹത്തിന്റെ തലയും മത്സ്യത്തിന്റെ ഉടലും ചേർന്ന ‘മെർലയൺ’ എന്ന രൂപം. ‘മെർലയൺ പാർക്ക്’ എന്നയിടത്തുള്ള ഇതിന്റെ ഒറിജിനൽ സ്റ്റാച്യുവിന്റെ ഒരു വലിയ രൂപമാണ് ‘സെന്റോസ മെർലയൺ’ എന്ന ഈ ഘടാഘടിയൻ പ്രതിമ.

അടുത്ത ദിവസം അവർ. Birdspark കാണാൻ പോയി അന്ന് ഉച്ച മുതൽ വലിയ മഴയും ഭീകര ഇടിവെട്ടും പക്ഷേ എല്ലാവരും ഒട്ടും ഭീതി ഇല്ലാതെ സഞ്ചരിക്കുന്നു… ഗവണ്മെന്റ് ഒരുക്കിയിട്ടുള്ള ഇടിമിന്നലിനെതിരെയുള്ള സുരക്ഷ കവചങ്ങൾ ഉണ്ടെന്നുള്ള സുരക്ഷിത ബോധം അവർക്കുണ്ടായിരുന്നു..ഓരോ ചെറിയ കാര്യങ്ങളിലും ശ്രദ്ധയുള്ള ഗവണ്മെന്റ്, ഏറ്റവും മികച്ച ജീവിതം സിംഗപ്പൂരിൽ സാധ്യമാക്കുന്നു. കട്ട് മുടിക്കാൻ വേണ്ടി മാത്രം ഭരണത്തിലേറുന്ന നമ്മുടെ രാഷ്ട്രീയക്കാരെ ഓർത്തു അവളിൽ ഈർഷ്യ പുകഞ്ഞു.

പിറ്റേന്ന് അവർ എല്ലാവരും ഒരു റെസ്റ്റോറന്റിൽ കയറി ചൈനീസ് ഫുഡ്‌ കഴിച്ചു അവർക്ക് കുറേ കാര്യങ്ങൾ മേജൊ സിങ്കപ്പൂരിനെ കുറിച്ചു പറഞ്ഞു കൊടുത്തു..സിങ്കപ്പൂർ ഫൈൻ സിറ്റി എന്നാണ് അറിയപ്പെടുന്നത്.. നിയമങ്ങൾ വളരെ കർശനമായി പാലിച്ചില്ലെങ്കിൽ വലിയ പിഴ ചുമത്തും… കാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ കാറിന് നികുതി അടക്കണം അതുകൊണ്ട് കാറുകളുടെ എണ്ണവും അതു മൂലം ഗതാഗത കുരുക്കും നിയന്ത്രിക്കുന്നു. പൊതുഗതാഗതം ഏറ്റവും ഭംഗിയായി സിംഗപ്പൂർ ചെയ്യുന്നു… ഓരോ ബിൽഡിംഗ്‌ നു മുന്നിൽ നിന്നും ഗവണ്മെന്റ് ബസ് ലഭിക്കുന്നു ബസ് സ്റ്റാൻഡ് നു അടുത്ത് തന്നെ മെട്രോ സ്റ്റേഷൻ ഉണ്ട്‌ അതു കൊണ്ട് സാധാരണക്കാരന് കാർ ഇല്ലെങ്കിലും സുഗമമായി യാത്ര ചെയ്യാം.

പിറ്റേ ദിവസം ആർഭാടത്തിന്റെയും മനോഹാരിതയുടെയും അവസാന വാക്കായ ആ നാടിനോട് വിട പറഞ്ഞു മേജൊയ്‌ക്കും ജിസ്സിക്കും നന്ദി പറഞ്ഞു തിരിച്ചു ദുബായിലേക്കു…

സമ്പന്നർക്ക് വേണ്ടെതെല്ലാം സിങ്കപ്പൂരിലുണ്ട്. അതുകൊണ്ട് തന്നെയാണ് ആഡംബരത്തിന്റെ അവസാന വാക്കായ ഈ നഗരത്തെ സമ്പന്നർ തിരഞ്ഞെടുക്കുന്നത്. സമ്പന്നരെ ഇരു കൈയ്യും നീട്ടി സിംഗപ്പൂർ സ്വീകരിക്കുന്നു

ലൗലി ബാബു തെക്കേത്തല✍

COMMENTS

4 COMMENTS

  1. നന്നായിട്ടുണ്ട് യാത്രാവിവരണം. അഭിനന്ദനങ്ങൾ 👍🙋‍♀️🥰🥰

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: