17.1 C
New York
Wednesday, December 1, 2021
Home Travel വേനലവധി (യാത്രാവിവരണം)

വേനലവധി (യാത്രാവിവരണം)

ദീപ നായർ (deepz) ബാംഗ്ലൂർ✍

എനിക്ക് വളരെയധികം മനോഹരമായി തോന്നിയ ബാല്യകാല സ്മരണ വേനലവധിക്ക് അച്ഛന്റെ ജോലിസ്ഥലത്തേക്കുള്ള യാത്രയും രണ്ടു മാസത്തെ അവിടത്തെ താമസവുമാണ്. ഷഹബാദ് – അതാണ് സ്ഥലത്തിന്റെ പേര്. കർണ്ണാടകയിലെ ഗുൽബർഗ (ഇപ്പോഴത്തെ കാലബുർഗി) ജില്ലയിലെ ഷഹബാദ് എന്ന ചെറിയ ഗ്രാമം. എസിസി സിമൻറ്സ് അതിന്റെ എൻജിനീയറിങ് വിഭാഗമായ എബിൽ എന്നിങ്ങനെ രണ്ട് കമ്പനികൾ. അച്ഛൻ എബിഎല്ലിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.  എല്ലാ സൗകര്യങ്ങളും ഒത്തു ചേർന്ന വൃത്തിയും വെടിപ്പുമുള്ള ടൗൺഷിപ്പ്. അങ്ങോട്ടാണ് യാത്ര. ഞങ്ങൾ രണ്ടു പേരും അതീവ സന്തുഷ്ടരാണ്.

ഒരു മാസം മുമ്പേ ഒരുക്കങ്ങൾ തുടങ്ങും വീട്ടിൽ. ഷഹബാദിലേക്ക് പോകാൻ തീവണ്ടി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം. അതിനു മുമ്പ് എന്റെയും അനുജത്തിയുടേയും സ്കൂളുകളിൽ നിന്നും യാത്രാ ഇളവിനായുള്ള സാക്ഷ്യപത്രം വാങ്ങണം. കൊല്ലപ്പരീക്ഷ എന്നു കഴിയും എന്നതിനെയാശ്രയിച്ചിരിക്കും ടിക്കറ്റ് എടുക്കുന്ന തിയ്യതി. ചില വർഷങ്ങളിൽ മാർച്ച് 30 ആയിരിക്കും, ചിലപ്പോൾ 31. വല്ല്യമ്മാമയാണ് ടിക്കറ്റെടുക്കാനും സാധനങ്ങൾ വാങ്ങാനും മറ്റുമായി ഓടി നടക്കുന്നത്. കൊണ്ടു പോകാനുള്ള മുറുക്കും ചീടയും മനോഹരവും ചട്നി, ചമ്മന്തി പൊടികളും തയ്യാറാക്കുന്ന തിരക്കിലായിരിക്കും അമ്മയും അമ്മമ്മയും.
ദിവസം അടുക്കും തോറും വല്ലാത്തൊരു സന്തോഷത്തിരതള്ളൽ ഉണ്ടാവുമായിരുന്നു. എങ്ങനെയെങ്കിലും ട്രെയിനിൽ കയറിയാൽ മതിയെന്നാവും പോകേണ്ട ദിവസമാകുമ്പോഴേക്കും.

വൈകുന്നേരം അഞ്ചര മണിക്കാണ് ഒലവക്കോട്  നിന്നും തീവണ്ടി. ജയന്തി ജനത. കന്യാകുമാരിയിൽ നിന്നും ബോംബെയ്ക്കു പോകുന്ന തീവണ്ടി. ഊണു കഴിഞ്ഞ്  ഉടുപ്പു മാറ്റിയൊരുങ്ങി പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു. അപ്പോഴേക്കും അമ്മാമയും മുത്തുവും കൂടി പെട്ടിയും ബാഗുകളും മറ്റു സാധനങ്ങളും കാറിൽ കയറ്റിയിരിക്കും. അമ്മമ്മയോട് യാത്ര പറഞ്ഞ് തീവണ്ടിയാപ്പീസിലേക്കുള്ള യാത്ര.

തീവണ്ടിയാപ്പീസിൽ എത്തിക്കഴിഞ്ഞ് തീവണ്ടി വരുന്നതുവരെ ഹൃദയം പടപടാന്ന് മിടിച്ചുകൊണ്ടിരിക്കും. ചിന്നം വിളിച്ചു കൊണ്ട് കാടിറങ്ങി വരുന്ന കൊമ്പൻ കണക്കെ തീവണ്ടി വന്നു നിന്നു. വണ്ടിയിൽ കയറി സാധനങ്ങളൊക്കെ ഒതുക്കി വച്ച് അമ്മാമയും മുത്തുവും ഇറങ്ങി ജനലിനടുത്ത് വന്ന് ഞങ്ങളോട് സൂക്ഷിച്ചു പോകണമെന്നും എത്തിയ ഉടനെ കത്തയക്കണമെന്നും പറഞ്ഞു. അപ്പോഴേക്കും വണ്ടി നീങ്ങാൻ തുടങ്ങിയിരിന്നു. കൈവീശിക്കാണിക്കുന്ന അമ്മാമയും മുത്തുവും തീവണ്ടിയാപ്പീസുമെല്ലാം പതിയെപ്പതിയെ ദൂരേക്ക്‌ പോയ്മറഞ്ഞു. സന്ധ്യാസമയത്തെ മങ്ങിയ വെളിച്ചത്തിൽ പശ്ചിമഘട്ടവും വാളയാർ കാടും ചുരവും പിന്നിലേക്ക്‌ പോയി. കോയമ്പത്തൂർ കഴിഞ്ഞു തീവണ്ടി മുന്നോട്ടു നീങ്ങി. ദൂരെ സ്വർണ്ണ പൊട്ടുകൾ പോലെ വിളക്കുകൾ തെളിഞ്ഞു കാണുന്നുണ്ട്. ഞങ്ങൾക്ക് വിശന്നു തുടങ്ങി. വീട്ടിൽ നിന്നും അമ്മമ്മ തന്നയച്ച പൊതിച്ചോറ് കഴിച്ച് ഉറങ്ങാൻ കിടന്നു. അമ്മ താഴെയും, അനുജത്തി മദ്ധ്യത്തിലും, ഞാൻ മുകളിലുമായാണ് കിടക്കുന്നത്. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് തീവണ്ടി മുന്നേറിക്കൊണ്ടിരിക്കുന്നു.
പതിയെയുള്ള വണ്ടിയുടെ ചാഞ്ചാട്ടത്തിൽ ഉറക്കത്തിലാഴ്ന്നു. കാലത്ത് എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു വീണ്ടും ജനലിനരികിൽ സ്ഥാനം പിടിച്ചു. വരണ്ടുണങ്ങിയ പാടങ്ങൾക്ക് മദ്ധ്യത്തിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. പതിയെ സൂര്യൻ ഉച്ചസ്ഥായിയിലായി. റായ്ച്ചൂരെത്തി. വീണ്ടും പൊതിച്ചോറ് കഴിച്ചു. മൂന്നര മണിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തും.

അങ്ങനെ വാഡി തീവണ്ടിയാപ്പീസ് എത്തി. വണ്ടി നിൽക്കുന്നതിനു മുമ്പേ തന്നെ അച്ഛനെ കണ്ടു. ഞങ്ങൾ ഇറങ്ങി അച്ഛന്റെ അടുത്തായി സ്ഥാനമുറപ്പിച്ചു. കുറച്ചു മാസങ്ങൾക്കു ശേഷം അച്ഛനെ കണ്ട സന്തോഷത്തിൽ രണ്ടു പേരും അച്ഛന്റെ രണ്ട് കൈയും പിടിച്ചു നടന്നു തുടങ്ങി. കൂടെ അമ്മയും. തൊട്ടു മുന്നിലായി സാധനങ്ങൾ തലയിലും കൈയ്യിലുമായി എടുത്തു കൊണ്ട് ചുവന്ന ഷർട്ടും കാക്കി പാന്റുമിട്ട ചുമട്ടുകാരനും. കാറിൽക്കയറി പൂഴി പറക്കുന്ന പാതയിലൂടെ വീട്ടിലേക്കുള്ള യാത്ര. കാർ ടൗൺഷിപ്പിന്റെ കവാടത്തിൽ എത്തി. അച്ഛൻ കാവൽക്കാരനോട്  എന്തോ പറഞ്ഞു. അയാൾ കവാടം തുറന്നു, കാർ മുന്നോട്ടു നീങ്ങി. മാലതിപ്പൂക്കളുടെ സുഗന്ധം ഞങ്ങളെ വരവേറ്റു. ഗ്രീഷ്മത്തിൽ വസന്തം തീർക്കും കർണികാരപുഷ്പങ്ങൾ പോക്കുവെയിലിൽ തിളങ്ങിനിൽക്കുന്നു.

ക്വാർട്ടേഴ്സിനു മുമ്പിലായി കാർ നിന്നു. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. കുളികഴിഞ്ഞ് ബാൽക്കണി യിൽ നിന്നും പുറത്തേക്കു നോക്കി. ദൂരെ ഗ്രാമത്തിലെ   വീടുകളും മറ്റും കാണാം. അപ്പോഴേക്കും മുകളിലെ വീട്ടിലെ നസീർ എപ്പോൾ വന്നു എന്നു ചോദിച്ചു കള്ളച്ചിരിയോടെ “ഏയ് മേരേ ഹംസഫർ ഏക് സരാ ഇൻതസാർ” മൂളിക്കൊണ്ട് സൈക്കിളിൽ കയറിപ്പോയി.

പിറ്റേന്ന് മുതൽ അച്ഛൻ കാലത്ത് 7മണിക്ക് ജോലിക്ക് പോയിതുടങ്ങി. 12 മണിക്ക് ഊണു കഴിക്കാൻ വരും. ഒന്നേകാലിനു വീണ്ടും പോകും , അഞ്ചരക്കു വരും. അതാണ് ഒരു അച്ഛന്റെ ജോലിസമയം. അവിടെ കുറേ മലയാളി കൂട്ടുകാരുണ്ട്. അവരുടെ കൂടെ പകൽ പല്ലാങ്കുഴി കളിക്കലും നാട്ടിലെ വിശേഷങ്ങൾ പറച്ചിലുമൊക്കെയായി കഴിയും. വൈകീട്ട് എല്ലാവരും കൂടി പാർക്കിൽ പോയി ഊഞ്ഞാലാട്ടവും ഒളിഞ്ഞുകളിയും ഓടിക്കളിയും കഴിയുമ്പോഴേക്കും അച്ഛനും അമ്മയും ഞങ്ങളെ കൂട്ടാൻ എത്തും. തളർന്നുള്ള തിരിച്ചു പോക്ക് ഒരിക്കലും മറക്കില്ല. കാരണം വീട്ടിലെത്തി കുളിച്ച് ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ എന്റെ അസുഖങ്ങൾ എല്ലാം തുടങ്ങും, ക്ഷീണം, തളർച്ച,ഉറക്കം വരൽ, ആഹാരം വേണ്ടായ്ക തുടങ്ങിയവ. എന്റെ മൂളൽ അസഹനീയമാവുമ്പോൾ അച്ഛൻ ശബ്ദം കൂട്ടി വഴക്കു പറയും. പിന്നെ കരച്ചിലായി, പിഴിച്ചിലായി. എന്തെങ്കിലും കൊത്തിക്കൊറിച്ചെന്നു വരുത്തി എഴുന്നേൽക്കും. ഉച്ചനേരങ്ങളിൽ വണ്ടിയിൽ തണ്ണിമത്തനും ഒരു കറുത്ത പഴവും (പേരറിയില്ല) വിൽക്കാൻ വരും. ഇടയ്ക്കിടെ അതു വാങ്ങിച്ചു തരും അമ്മ. ചില  ദിവസങ്ങളിൽ ദൂരെയുള്ള ഗ്രാമത്തിലെ ഒറ്റക്കല്ലിൽ കൊത്തിയ ഗണപതി വിഗ്രഹത്തിനെ തൊഴാൻ പോകും. ഇടയ്ക്ക്  ഗ്രാമത്തിൽ തന്നെയുള്ള സർപ്പക്കാവിൽ നൂറും പാലുമായും മാരിയമ്മൻകോവിലിൽ ശർക്കര പായസമായും തൊഴാൻ പോകാറുണ്ട്. ഡക്കാൻ പീഠഭൂമിയിൽപ്പെട്ട കറുത്ത മണ്ണുള്ള വരണ്ട പ്രദേശമാണെങ്കിലും വല്ലാത്തൊരു ഭംഗി തോന്നിയിരുന്നു അവിടുത്തെ പ്രകൃതിക്ക്.

അവിടത്തെ നഴ്സറി വളരെ മനോഹരമായിരുന്നു. ആയിരക്കണക്കിന് പേരറിയാപ്പൂക്കളും പലനിറങ്ങളിലുള്ള പനിനീർ  പുഷ്പങ്ങളും നിരവധിയിനം മാവുകളും സപ്പോട്ടയും പേരക്കയും അലങ്കാരച്ചെടികളുമൊക്കെ നിറയെ പൂത്തും കായ്ച്ചും നിൽക്കുന്ന സുന്ദരമായ നഴ്സറിയിൽ മടങ്ങുന്നതിനു മുമ്പ് ഒരിക്കൽ പോവുക എന്നത് പതിവായിരുന്നു.

അങ്ങനെ കളിയും ചിരിയും  പഠിത്തവുമൊക്കെയായി രണ്ടു മാസം പറന്നകന്നു. പുതിയ ബാഗും ഉടുപ്പുകളുമൊക്കെ പെട്ടിക്കുള്ളിലാക്കി. എല്ലാ വർഷവും മടക്കയാത്ര ബാംഗ്ലൂർ വഴിയായിരിക്കും. അച്ഛന്റെ ചെറിയമ്മയും കുടുംബവും ബാംഗ്ലൂരിലാണ് സ്ഥിരതാമസം. അവരെക്കണ്ട് ഉദ്യാനനഗരിയിൽ ഒരു കറക്കം  കറങ്ങി നാട്ടിലേക്ക് യാത്ര. വീണ്ടും അടുത്ത വർഷത്തെ മനോഹരമായ വേനലവധിക്കായുള്ള കാത്തിരിപ്പ്.

അവിടത്തെ കമ്പനി വക സ്റ്റോറിൽ കിട്ടുന്ന ആവക്കായ അച്ചാർ, ഗുൽബർഗയിലെ കമ്മത്ത് ഹോട്ടലിലെ ഥാലി  എന്നിവയുടെ രുചി ഇന്നും നാവിലുണ്ട്. ഞങ്ങളുടെ വീടിനെതിർവശത്തു താമസിക്കുന്ന വസുമതി ആന്റിയും അങ്കിളും മക്കളും തൊട്ടുമുകളിൽ താമസിക്കുന്ന നസീർ എന്ന പയ്യനും കുടുംബവും മൂന്നാം നിലയിൽ താമസിക്കുന്ന ബീനയും കുടുംബവും വീട്ടുജോലിക്കു വരുന്ന നാഗമ്മ അങ്ങനെയെല്ലാവരും ഇടയ്ക്കിടെ ഓർമ്മച്ചെപ്പ് തുറന്നെത്തി നോക്കാറുണ്ട്.

ദീപ നായർ (deepz) ബാംഗ്ലൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: