ഇന്ന് ഹോട്ടലിൽ നിന്ന് എട്ടേ മുക്കാൽ ആയപ്പോൾ തന്നെ പുറപ്പെട്ടു.റോമിലെ ഒരു ചെറു പട്ടണത്തിൽ കൂടിയാണ് യാത്ര. റോഡിൽ നല്ല തിരക്ക് ഉള്ളത് കൊണ്ട് വളരെ പതുക്കെയാണ് വണ്ടി നീങ്ങുന്നത്.
വെള്ളഅരളിപ്പൂക്കൾ നിറയെ പൂത്തു നിൽക്കുന്നു.റോഡിന്റെ ഇരുവശവും വേലി കെട്ടിയ പോലെയുണ്ട് . പിങ്ക് പർപ്പിൾ നിറങ്ങളിലുള്ള പൂക്കളും ഇപ്പോൾ കാണുന്നുണ്ട് പച്ചപിടിച്ചു നിൽക്കുന്ന വേറെ മരങ്ങളും കാണുന്നുണ്ട്. വത്തിക്കാൻ കൊളോസിയം, എന്നിവ കാണുന്നതിനാണ് പോകുന്നത്.

റോം നഗരത്തിലെ മധ്യഭാഗത്ത് കൂടിയാണ് യാത്രയെന്നുതോന്നുന്നു. ധാരാളം കടകളും ഓഫീസ് കെട്ടിടങ്ങളും കാണുന്നുണ്ട് ബോർഡ് ഒന്നും വായിക്കാൻ കഴിയുന്നില്ല ഇറ്റാലിയൻ ഭാഷ വശമില്ലാത്തതിനാൽ. റോഡിൽ
നല്ല തിരക്കാണ്. രാമേട്ടൻ പറഞ്ഞത് റോമിലും ഫ്രാൻസിലുമാണ് ഏറ്റവും കൂടുതൽ തിരക്ക് എന്നാണ്.
ചില വീടുകളുടെ ടെറസിന് മുകളിൽ പന വളർത്തിയിരിക്കുന്നത് കണ്ടു വീടുകളുടെ മുകളിൽ വളർത്തിയ മരങ്ങൾ കാണുന്നുണ്ട്.
സമയം ഒമ്പതേകാൽ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ നല്ലൊരു തെരുവിലൂടെ നടക്കുകയാണ്. അവിടെ കണ്ട ഒരു പ്രത്യേകത റോഡിന്റെ ഓരങ്ങളിൽ വലിയ മരങ്ങൾ ഉണ്ടെങ്കിലും അവയുടെ താഴെയുള്ള ശിഖരങ്ങൾ എല്ലാം മുറിച്ചുകളഞ്ഞു മുകൾഭാഗത്ത് തൊപ്പി പോലെ വൃത്താകൃതിയിൽ വെട്ടിയൊതുക്കി ഭംഗിയാക്കിയിരിക്കുന്നു അതിനാൽ വലിയ വാഹനങ്ങൾ പോകുമ്പോൾ റോഡ് ഗതാഗതം തടസ്സപ്പെടുന്നില്ല മാത്രമല്ല കാണികൾക്ക് നയനാനന്ദകരമായ കാഴ്ചയും പ്രദാനം ചെയ്യുന്നു. ചിലയിടത്ത് മരത്തൂണുകൾ ആണോ എന്ന് തോന്നും മുകളിലേക്ക് നോക്കുമ്പോഴാണ് ആകെ ശാഖകളായി നിൽക്കുന്നത് കാണുക. ഇരുവശങ്ങളിലും ആറും ഏഴും നിലയുള്ള കെട്ടിടങ്ങൾ ആണെങ്കിലും ഓരോ നിലകൾക്കും അധികം ഉയരമില്ലാത്തതിനാൽ കെട്ടിടങ്ങൾക്ക് യു എ യിലെ പോലെ അത്ര വലുപ്പം തോന്നുന്നില്ല.
വീണ്ടും ബസിൽ കയറി.
ഞങ്ങളുടെ വാഹനം ഒരു വലിയ പാർക്കിംഗ് സ്ഥലത്ത് ചെന്നുനിന്നു.
വിശാലമായ സ്ഥലം ധാരാളം വാഹനങ്ങൾ അവിടെ എത്തിയിട്ടുണ്ട് ഞങ്ങളുടെ വാഹനം ഇവിടെ പാർക്കു ചെയ്ത് ഞങ്ങളിറങ്ങി.

ഇതിനിടയിൽ ഞാൻ കൂടെ യാത്ര ചെയ്യുന്ന വേറൊരു കുടുംബത്തെ പരിചയപ്പെടുത്തട്ടെ. രാജു ഭായിയും സുനിതദീദിയും. ഗുജറാത്തി കുടുംബമാണ്
പടികൾ കയറാനും നടക്കാനും ബുദ്ധിമുട്ടുള്ള സ്ത്രീയാണ് സുനിത ദീദി. ബസിൽ നിന്ന് ഇറങ്ങാൻ അവർക്കു വേണ്ടി പിൻഭാഗത്തെ വാതിലിൽ സ്റ്റെപ്പുകൾ താഴ്ത്തി വെച്ചു കൊടുക്കും. കാഴ്ച്ചശക്തിക്കും പ്രശ്നമുണ്ട്. കണ്ണുകൾ എപ്പോഴും അടച്ചു തുറന്നുവിറച്ചു കൊണ്ടിരിക്കും. പല കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കണം. എന്നാൽ അവരെയും കൊണ്ട് യാത്ര ചെയ്യുന്നതിൽ രാജുഭായിക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല. യാത്രകൾ ചെയ്യാൻ ആഗ്രഹമുള്ള അവരെ ഒപ്പം കൂടെ കൂട്ടുന്നതിൽ അദ്ദേഹം കാണിച്ച ത്യാഗവും സ്നേഹവും നിറഞ്ഞ മനസ്ഥിതി എന്നിൽ ബഹുമാനം ഉണർത്തി.
യാത്രയിൽ വളരെ നടക്കേണ്ടതുണ്ടായിരുന്ന ഒരുദിവസം അവരെ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തന്നെ ഇരുത്തി എല്ലാവരും പുറത്തു പോയി. അവർ മുറിയിൽ ഉണ്ടെന്നും ഭക്ഷണം കൊടുക്കണം എന്നും ഹോട്ടലിൽ ഉള്ളവരോട് പറയാൻ എല്ലാവരും മറന്നു പോയി. ആരെയും വിളിച്ചു ഭക്ഷണം അവരും ആവശ്യപ്പെട്ടില്ല രാത്രിയിൽ ഞങ്ങൾ തിരിച്ചെത്തുന്നതുവരെ അവർ വിശന്നു കിടന്നു. അതിനുശേഷം അവരെമുറിയിൽ ഇരുത്തി കാഴ്ചകൾ കാണാൻ പോകുന്ന പതിവ് രാജുഭായി നിർത്തി. കൂടുതൽ നടക്കാൻ ഉണ്ടെങ്കിൽ അവരെ വണ്ടിയിൽ ഇരുത്തും. കുറച്ചു നടക്കാനുള്ളപ്പോൾ അവരും ഇറങ്ങി കൂടെ നടക്കും.

(ആദ്യമൊന്നും ഞങ്ങളോട് അവർ ചിരിക്കുക പോലും ചെയ്തിരുന്നില്ല. സ്ഥിതിഗതികൾ അറിഞ്ഞപ്പോൾ മാധുരിയും ഞാനും ചെന്ന് അവരോട് കൂട്ടായി. ഇടയ്ക്കെല്ലാം അവരുടെ കൂടെ കൈ പിടിച്ചു നടക്കാൻ ഞങ്ങൾ തയ്യാറായി.)
ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഭർത്താവിനോടൊപ്പം യാത്രകൾ ചെയ്യാനുള്ള ആഗ്രഹം ഉള്ളിൽ ഒതുക്കാതെ അതിനുവേണ്ടി ബുദ്ധിമുട്ടുകൾ സഹിക്കുന്ന അവരെ കണ്ടപ്പോൾ ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്ന ഒരു വലിയ പാഠം കൂടി പഠിക്കുകയായിരുന്നു.( വയ്യെങ്കിൽ വീട്ടിലിരുന്നാൽ പോരേ എന്നാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുള്ളത് )
വത്തിക്കാനിൽ മുഴുവൻ നടന്നു കാണേണ്ടതാണ് അതിനാൽ അവരെയും കൊണ്ട് അവിടേക്ക് പോകാൻ കഴിയില്ല. സാരമില്ല നിങ്ങൾ പോയി വരൂ അതുവരെ ഞാൻ ഇവിടെ ഇരിക്കാം എന്ന് പറഞ്ഞു ബസ്സിൽ നിന്നിറങ്ങി അവിടെ ഒരു ഭാഗത്ത് ഇരുന്ന അവരുടെ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്.
( ബസ്സിനുള്ളിൽ ഇരിക്കാൻ കഴിയില്ല, ചൂട് സഹിക്കാൻ കഴിയില്ല, മാത്രമല്ല അവിടുത്തെ നിയമവും അത് അനുവദിക്കില്ല. ഒരുദിവസം ഒരു വാഹനം ഇത്ര നേരമേ ഓടാവൂ എന്നും അവിടെ നിയമമുണ്ട്.).

ഉയരമുള്ള ഒരു മതിൽകെട്ടിനുള്ളിലാണ് റോമിനുള്ളിൽ തന്നെയുള്ള വത്തിക്കാൻ എന്ന ചെറിയ രാജ്യം സ്ഥിതി ചെയ്യുന്നത്. വിസ്തീർണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രം ആണ് വത്തിക്കാൻ. 121 ഏക്കർ വിസ്തീർണ്ണമുള്ള ഇവിടത്തെ ഇപ്പോഴത്തെ ജന സംഖ്യ 810ൽ താഴെയാണ്. അതിൽ പകുതിയിലേറെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയിട്ടുള്ള പുരോഹിതന്മാരും മാർപാപ്പയുടെ സുരക്ഷാഭടന്മാർ ആയ സ്വിസ്സ്ഗാർഡുകളും ആണ്. കോടാനുകോടി വിശ്വാസികൾ ആദരവോടെ അതിലേറെ പ്രാർത്ഥനയോടെ കാണുന്ന രാജ്യം. വലിപ്പത്തിൽ ചെറുതാണെങ്കിലും ലോകത്തിലെ ഏറ്റവും നിർണായകമായ പല തീരുമാനങ്ങളും എടുക്കാൻ പ്രാപ്തമായ രാജ്യം.
സ്വന്തമായി തപാൽ ആപ്പീസും സ്റ്റാമ്പും എല്ലാമുള്ള ഈ രാജ്യത്ത് ആശുപത്രികൾ ഇല്ല. ആശുപത്രികൾ ഇല്ലാത്ത ലോകത്തെ ഒരേ ഒരു രാജ്യം. അതുമാത്രമല്ല ഇവിടത്തെ ജനസംഖ്യയിൽഒരാൾപോലും ഇവിടെ ജനിച്ചവർ അല്ല.( ഈ രാജ്യത്ത് പ്രസവം നടന്നിട്ടില്ല ). ഇവിടെ ജോലിചെയ്യുന്നവരുടെ അടിസ്ഥാനത്തിലാണ് ജനസംഖ്യ നിർണയിക്കുന്നത്.ഈ രാജ്യത്തിന്റെ പാസ്പോർട്ട് ലൈസൻസ് എന്നിവയുണ്ട്. എന്നാൽ ഇവിടെയെത്തുന്ന ഒരു സഞ്ചാരിയുടെ പാസ്പോർട്ടിലും ആഗമന നിർഗമന സ്റ്റാമ്പ്(entry, exit stamp) പതിച്ചതായി കാണുകയില്ല ഒരു രാജ്യത്തെയും എംബസിയും ഇവിടെയില്ല. അകത്തേക്ക് കടക്കുന്നതിനു മുൻപ് ചെറുവിവരണം നൽകിക്കൊണ്ട് അവസാനിപ്പിക്കുമ്പോൾ രാമേട്ടൻ ഒരു കാര്യം കൂടി പറഞ്ഞു. പോക്കറ്റടിക്കാരുടെ ശല്യം വളരെയധികം ഉള്ള സ്ഥലമാണ് അതുകൊണ്ട് വിലപിടിച്ച വസ്തുക്കൾ അധികം ശ്രദ്ധിക്കണം.
ചിലതെല്ലാം വായിച്ചും കണ്ടും അറിഞ്ഞിട്ടുണ്ടെങ്കിലും രാമേട്ടന്റെ വർണ്ണനകൾ കേട്ടപ്പോൾ ഇനി കാണാനുള്ള വിസ്മയങ്ങൾ എന്താകുമെന്ന ചിന്തയോടെയാണ് അകത്തേക്ക് കടന്നത്.
സമയം 9:37 കഴിഞ്ഞതേയുള്ളു നല്ല ചൂടുണ്ട്.
വിശാലമായ സെൻ പീറ്റേഴ്സ് ചത്വരത്തിൽ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ സഞ്ചാരികളുടെ തിരക്കായിരുന്നു. അവിടത്തെ ഗൈഡ് എത്തുന്നതുവരെ ഞങ്ങളോട് അവിടെ കാത്തു നിൽക്കാൻ രാമേട്ടൻ ആവശ്യപ്പെട്ടു. അവർ എത്തുന്നതിനിടയിൽ ഞങ്ങൾ അവിടെയെല്ലാം ഒരു വിഹഗവീക്ഷണം നടത്തി.
ചത്വരത്തിന്റെ മദ്ധ്യഭാഗത്തായി ഈജിപ്ഷ്യൻ വാസ്തുകലയുടെ മനോഹാരിത വിളിച്ചോതുന്ന 84 അടി ഉയരമുള്ള സ്മാരക സ്തംഭം ഇതിനു ചുറ്റും വൃത്താകൃതിയിലാണ് കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാർപാപ്പയുടെ കൊട്ടാരം കാണിച്ചു കൊണ്ട് പാപ്പയെ തെരഞ്ഞെടുക്കുന്ന രീതി രാമേട്ടൻ വിവരിക്കുന്നുണ്ടായിരുന്നു. ( സിസ്റ്റീൻ ചാപ്പലിന്റെ പുകക്കുഴലിൽ കൂടി കറുത്ത പുക വരുന്നതും വെളുത്ത പുക വരുന്നതും എല്ലാം പത്രങ്ങളിൽ വായിച്ചതും ടീവിയിൽകണ്ടതും എനിക്കു ഓർമ്മ വന്നു)
സ്മാരകസ്തംഭത്തിന് ചുറ്റുമായി വൃത്താകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കെട്ടിടങ്ങൾക്ക് മകുടം ചാർത്താൻ എന്നപോലെ മനോഹരമായ 284 തൂണുകളും മുകളിലായി 140 വിശുദ്ധന്മാരുടെ പ്രതിമകളുമായി സെൻറ് പീറ്റേഴ്സ് ബസിലിക്ക തലയുയർത്തിനിൽക്കുന്നു.

അതെല്ലാം കണ്ടു ചലനചിത്രങ്ങളും നിശ്ചല ചിത്രങ്ങളും പകർത്തുന്നതിനിടയിൽ ഞങ്ങൾക്കുള്ള ഗൈഡ് എത്തിച്ചേർന്നു. മധ്യവയസ്സ് കഴിഞ്ഞെങ്കിലും വളരെ ചുറുചുറുക്കുള്ള, പഞ്ഞി പോലെ വെളുത്ത മുടിയുള്ള ഒരു സ്ത്രീയായിരുന്നു അവർ. ഞങ്ങളെയും കൊണ്ട് സെൻ പീറ്റേഴ്സ് ബസിലിക്കയിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവർ ചുറ്റുമുള്ള കെട്ടിടങ്ങളുടെയും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെയും ചരിത്രങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിക്കൊണ്ട്, അതിലേറെ മനസ്സിൽ പകർത്തിക്കൊണ്ട്,പല കെട്ടിടങ്ങളും (മ്യൂസിയങ്ങൾ… ഒരു ഓട്ടമായിരുന്നു എല്ലാ സ്ഥലത്തും ) കയറിയിറങ്ങി അവരുടെ പിന്നാലെ നീങ്ങിക്കൊണ്ടിരുന്നു. ബസിലിക്കയിൽ എത്തുമ്പോൾ സമയം ഏകദേശം പത്തരയോടടുത്തിരുന്നു.

അവിടെയെല്ലാം ധാരാളം യാചകരെ കണ്ടിരുന്നു. കറുത്ത വസ്ത്രം ധരിച്ച് കൂനിക്കൂടി വൃദ്ധയായ ഒരു സ്ത്രീ ഒരു വടിയും പിടിച്ചു പോകുന്നത് ഷേക്സ്പീരിയൻ കഥകളിലെ മന്ത്രവാദിniയെ പോലെ തോന്നി.
സെന്റ് പീറ്റേഴ്സ് ബസിലിക്ക ചരിത്രം തുടങ്ങുന്നത് നാലാം നൂറ്റാണ്ടുമുതലാണ്.
ഇപ്പോഴത്തെ ബസിലിക്ക നിർമ്മിക്കാൻ കാരണക്കാരനായത് പോപ് ജൂലിയസ് രണ്ടാമനാണ്.( 1503 – 1513 ). ഒരു മില്യൻ ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്തിട്ടാണ് ഇതിന്റെ അടിത്തറ പണിതിരിക്കുന്നത്. 1506 ഏപ്രിൽ 18 നു തുടങ്ങിയ നിർമ്മാണം 1626 നവംബർ 18 നാണ് അവസാനിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായ സെൻറ് പീറ്റേഴ്സ്ബസിലിക്കക്കു അഞ്ച് ഏക്കറിലധികം വിസ്താരമുണ്ട്. ഇവിടെ 60,000ആളുകൾക്ക് ഒരേസമയം പ്രവേശനം സാധ്യമാണ് 720 അടി നീളവും 490 അടി വീതിയും 448 അടി ഉയരവുമുള്ള ഈ പള്ളി തന്നെയാണ് ഇപ്പോഴും റോമാ നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം.. 45 അൾത്താര കളും 15 ചാപ്പലുകളും ഉള്ള ഇതിന്റെ ഉൾഭാഗങ്ങളിലെ കുറച്ചു സ്ഥലം ഞങ്ങൾ ഓടി നടന്നു കണ്ടു.
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം ഗൈഡ് കൊണ്ടുപോയി. അവിടെ അടക്കം ചെയ്തിട്ടുള്ള പ്രധാനപ്പെട്ട വിശുദ്ധന്മാരുടെ കല്ലറകൾ കാണിച്ചുതന്നു. വളരെയധികം വർഷങ്ങൾക്കു മുമ്പ് കാലംചെയ്ത ഒരു വിശുദ്ധ പുരോഹിതൻറെ മൃതശരീരം ഒരു സ്ഫടികപേടകത്തിൽ ഒരു കേടുപാടുകളും ഇല്ലാതെ സൂക്ഷിച്ചിരിക്കുന്നത് കണ്ടു ( അദ്ദേഹത്തിന്റെ പേരും വിവരങ്ങളും എല്ലാം ശശിയേട്ടൻ വീഡിയോ എടുത്തിരുന്നു. എന്നാൽ അത് നഷ്ടപ്പെട്ടു. അതുകൊണ്ട് വിശദ വിവരങ്ങൾ തരാൻ നിവൃത്തിയില്ല.)
വിശുദ്ധ പത്രോസിന്റെ ശവകുടീരം ദേവാലയത്തിൽ പ്രധാന അൾത്താരയുടെ അടിയിൽ ആണെന്ന് പറഞ്ഞു.
വിശ്വ പ്രശസ്തരായ ഡോണട്ടോ ബ്രാമന്റെ,മൈക്കലാഞ്ചലോ തുടങ്ങി അനേകം പേരുടെ കരവിരുതിൽ വിരിഞ്ഞ ചിത്രങ്ങളും ശില്പങ്ങളും കണ്ടു എന്തു പകർത്തണമെന്ന ചിന്തയിൽ ആയി ഞാൻ. ശശിയേട്ടൻ വീഡിയോയും ഫോട്ടോയും എടുക്കുന്ന ഭാഗങ്ങൾ ഞാൻ പകർത്തിയില്ല . അവിടെയെല്ലാം ഒരു ഓട്ടപ്രദക്ഷിണം നടത്തി. ഒരു സ്ഥലത്ത് നടന്നിരുന്ന പ്രാർത്ഥനയിൽ കുറച്ചുനേരം പങ്കുകൊണ്ടു പതിനൊന്നേകാൽ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ പുറത്തിറങ്ങി.

ഒരു മാസം നടന്നു കണ്ടാലും മതി വരാത്ത കാഴ്ചകൾ ഒരു മണിക്കൂർ കൊണ്ട് കണ്ടു തീർക്കേണ്ട വിഷമം മനസ്സിൽ ഉണ്ടായിരുന്നു. ക്രിസ്തീയ വിശ്വാസങ്ങൾ അറിയില്ലെങ്കിലും അവിടം സന്ദർശിക്കാൻ കഴിഞ്ഞതും അവിടുത്തെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി തന്നെ കരുതുന്നു.
ശിൽപ്പ ചാരുതനിറഞ്ഞുനില്ക്കുന്ന തൂണുകളും പ്രതിമകളും മറ്റു പ്രത്യേകതകളും ഇവിടെയെത്തുന്ന ഏതു സഞ്ചാരിയുടെയും മനസ്സിൽ ജീവിതാന്ത്യംവരെ പച്ചപിടിച്ചു നിൽക്കുക തന്നെ ചെയ്യും.
അവിടെ നിന്ന് ഞങ്ങൾ പുറത്തേക്കിറങ്ങിയത് വേറൊരു വാതിലിലൂടെയാണ്. പുറത്തിറങ്ങിയപ്പോൾ ഞാൻ നേരത്തെ പറഞ്ഞ അതേ വൃദ്ധയായ സ്ത്രീ കൂനിക്കൂടി നടന്നു പോകുന്നത് കണ്ടു. എന്തോ ഇപ്പോഴും ആ കാഴ്ച നൊമ്പരമായി എന്റെ മനസ്സിൽ ഉണ്ട്.
കുറച്ചു നടന്നു ഞങ്ങൾക്ക് ഉച്ചഭക്ഷണം കഴിക്കേണ്ട സ്ഥലത്തെത്തി. സമയം പതിനൊന്നര ആകുന്നതേയുള്ളൂ.
അവിടേക്ക് വാഹനത്തോടൊപ്പം സുനിത ദീദിയും എത്തിയിരുന്നു.
ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര. വാഹനം വളരെ പതുക്കെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ചുറ്റിലും കാണുന്ന കെട്ടിടങ്ങളുടെ ചിത്ര പ്രാധാന്യങ്ങൾ ഗൈഡ് പറഞ്ഞു കൊണ്ടിരിക്കുന്നു.
അതിനിടയിൽ ഇടതുവശത്ത് കണ്ട വളരെ പഴക്കം തോന്നിക്കുന്ന മതിൽക്കെട്ട് ചൂണ്ടി അതിന്റെ പ്രാധാന്യം വിവരിച്ചു.മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച Aurilium wall ആണ് അത്. 12 മൈൽ വൃത്തപരിധിയിൽ നഗരത്തിനു ചുറ്റും പരന്നുകിടക്കുന്ന സംരക്ഷിത കവചം എന്നുപറയുന്ന ഈ കെട്ടിടം റൂമിലെ ഏറ്റവും വലിയ പുരാതന കെട്ടിടമാണ്. 12 കോട്ടകൾ പോലെയുള്ള കവാടങ്ങളാണ് ഈ മതിൽക്കെട്ടിനു ഉള്ളത്. ഓരോ കവാടത്തിനും ഓരോ പേരുകൾ ഉണ്ട്. ഓരോ കവാടവും, ഇഷ്ടിക വിരിച്ച ഹൈവേയിലേക്ക് ആണ് വഴിയൊരുക്കുന്നത് എന്നും അവ നഗരത്തിലെ ഓരോ സ്ഥലത്തെത്തും എന്നും പറഞ്ഞു. അതിലെ പോർട്ടായോരേലിയ (Porta Aurilia) എന്ന് കവാടം എനിക്ക് വീഡിയോയിൽ പകർത്താൻ കഴിഞ്ഞു അതു കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ വാഹനം വലതുവശത്തേക്ക് തിരിഞ്ഞു. അതിനാൽ പിന്നീട് മതിലിന്റെ ബാക്കി ഭാഗങ്ങൾ കാണാൻ കഴിഞ്ഞില്ല.
കാണാൻ ധാരാളം കാഴ്ചകൾ ഇനിയും ഉണ്ട്.
അപ്പോൾ ഞങ്ങൾ കൊളോസിയം കാണാൻ പോകുന്നു.
ആ വിവരങ്ങളുമായി അടുത്ത ആഴ്ചയിൽ കാണാം.
തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍
