Leh – Ladak യാത്രാവിവരണം – 1
ആഗ്രഹിച്ചൊരു കളിപ്പാട്ടം പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടുമ്പോഴുള്ള ഒരു കുട്ടിയുടെ സന്തോഷം പോലെയായിരുന്നു എനിക്ക് ആ ക്ഷണം.കുറച്ചു സാഹസമൊക്കെ ഇഷ്ടപ്പെടുന്ന ബൈക്ക് യാത്രക്കാരുടെ സ്വപ്നമാണ് ലേഹ് ( Leh ) യിലേക്കുള്ള യാത്ര. ഇതിനോടൊക്കെ താൽപര്യമുള്ള ഭർത്താവിന്റെ ലിസ്റ്റിലുള്ള യാത്രയാണിത്. .അപ്പോഴാണ് രണ്ടു- മൂന്നു പ്രാവശ്യം അവിടെയൊക്കെ ബൈക്കിൽ പോയിട്ടുള്ള കൂട്ടുകാരൻ ഫാമിലിയെ കാണിക്കാനായിട്ട് കാറിൽ പോകുന്നത്. കൂട്ടത്തിൽ വരുന്നോ എന്ന ക്ഷണവും. കേട്ടപാടെ ഞാൻ റെഡിയായി. ഇരുചക്രവാഹനത്തിന്റെ യാത്രയുടെ പിരിമുറക്കവും വേണ്ട.ഇതിൽപ്പരം ആനന്ദലബ്ധിക്കിനിയെന്ത് വേണം?
ഹിമാലയത്തിലെ ഉയർന്ന മരുഭൂമി നഗരമായ ലേ, ജമ്മു -കാശ്മീർ സംസ്ഥാനത്തെ ലഡാക്ക് പ്രദേശത്തിലെ ഒരു ജില്ലയാണ്. 434കി.മീ. നീളമുള്ള ശ്രീനഗർ – ലേ ദേശീയപാതയും 473 കി.മീ. നീളമുള്ള മണാലി- ലേ ദേശീയ പാതയുമാണ് അങ്ങോട്ട് എത്താനുള്ള പ്രധാന പാതകൾ.
സമുദ്രനിരപ്പിൽ നിന്നും 3500 മീറ്റർ ഉയരത്തിലാണ് യാത്ര. അതുകൊണ്ടെന്താ AMS( acute mountain sickness) ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വ്യത്യസ്ത ആളുകളിൽ വ്യത്യസ്ത രീതിയിലായിരിക്കും അതിന്റെ പ്രതികരണം.ഉയരത്തിൽ എത്തുന്നതോടെ ഓക്സിജന്റെ തന്മാത്രകൾ കുറയുന്നു. തലവേദന, തലകറക്കം, ഛർദ്ദി, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം.വേണമെങ്കിൽ യാത്രക്ക് മുൻപ് മെഡിസിൻ എടുക്കാം അല്ലെങ്കിൽ ഓക്സിജൻ ടാങ്ക് സൂക്ഷിക്കാം.ആസ്തമ പോലെയുള്ളവർ ഇങ്ങനത്തെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഇതൊക്കെ മനുഷ്യർക്കാണെങ്കിൽ ഡീസൽ വണ്ടികൾക്കു തണുപ്പത്ത് ഡീസൽ കട്ടിപ്പിടിക്കാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെയുണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട് . കൂട്ടുകാരന്റെ ഇത്തരത്തിലുള്ള വിശദീകരണങ്ങൾ കേട്ടപ്പോൾ കിട്ടിയ കളിപ്പാട്ടം ‘മാൻഡ്രേക്ക് ജൂനിയർ’ – മലയാള സിനിമയിലെ statue പോലെയായോ എന്ന് സംശയം. എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം എന്ന മട്ടിലായി ഞാനും ഭർത്താവും. റോഡുകള്‍ക്ക് വേണ്ട പാസ്സുകള്‍ സംഘടിപ്പിക്കുന്ന പ്രയാസം വേറെയും. എല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ ചെയ്യാം എന്ന മനസ്സമാധാനം. ഡൽഹി യിൽ നിന്നും ലേഹ് യിലേക്ക് ഏകദേശം 1000 കി.മീ ആണുള്ളത്.
വെള്ളിയാഴ്ച വൈകുന്നേരമായിട്ടുപോലും നഗരത്തിന്റേതായ തിരക്കുകളില്ലാതെ കറുത്ത നദിപോലെ നീണ്ടു കിടക്കുന്ന ഹൈവേ.വശങ്ങളിൽ കാണുന്ന പാടങ്ങളും അവിടെയവിടെയായി കാണുന്ന ഇഷ്ടിക ഫാക്ടറിയുടെ പുകക്കുഴലും നല്ലൊരു കാഴ്ച സമ്മാനിച്ചു.ദേശീയപാതകളും ബൈപാസുകളും യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കി.
ഹരിയാനയിലെ പാനിപ്പട്ടില്‍ exit ചെയ്തപ്പോൾ, മറന്നുപോയ ചരിത്രത്തെ ഓർമ്മിപ്പിക്കലും കൂടിയായി. ചരിത്ര പുസ്തകത്തില്‍ പഠിച്ച പാനിപ്പട്ട് യുദ്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പൂര്‍ണ്ണമായും വിജയിച്ചോ എന്ന് സംശയമാണ്. എന്നാലും .ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് കാരണമായ, വെടിമരുന്ന്, പീരങ്കി എന്നിവയൊക്കെ ഉപയോഗിച്ചുള്ള ആദ്യത്തെ യുദ്ധങ്ങളിൽ ഒന്നായിരുന്നു ഒന്നാം പാനിപ്പത്ത് യുദ്ധം. ഞങ്ങളവിടെ എത്തിയപ്പോൾ രാത്രിയായിരുന്നു. എല്ലാവരും വീടെത്താനുള്ള വെപ്രാളയത്തിലായിരിക്കാം വാഹനത്തിലെ ഹോണിലായിരുന്നു എല്ലാവരുടേയും ശ്രദ്ധ. നഗരദൃശ്യങ്ങളുടെ ചിരപരിചിതത്വമുണ്ടാക്കുന്ന കാഴ്ചകളാണിന്നിവിടെ .
ഹരിയാനയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതും പഞ്ചാബിലെ ചണ്ഡീഗഡിനടുത്തും ചേർന്ന പട്ടണമാണ് മൊഹാലി. അന്ന് അവിടെയായിരുന്നു ഞങ്ങളുടെ താമസം.ഡൽഹിയിൽ നിന്ന് ഏതൊരു സ്ഥലത്തേയും പുലർകാല യാത്രകൾ ഞാൻ ആസ്വദിക്കാറുണ്ട്. അതുപോലെയായിരുന്നു മൊഹാലിയിൽ നിന്നുമുള്ള യാത്രയും. പല നിറത്തിലും പല തരത്തിലുള്ള തലക്കെട്ടുകളുമായിട്ടുള്ള സർദാർജികളാണ് എവിടെയും. ഇരുചക്രവാഹനത്തിൽ തലയും മൂക്കും വായുമെല്ലാം മൂടിക്കെട്ടിയ വനിതകളെ കൂടി കണ്ടപ്പോൾ ഇവിടെ ‘മാനുഷ്യരെല്ലാം ഒന്നു പോലെ’ അല്ലെ എന്ന് തോന്നിപ്പോയി.
കൂട്ടുകാരന്റെ ഭാര്യയിൽ നിന്നും വന്ന ‘ വാട്ട്സ് ആപ്പ് മെസ്സേജ് ‘ എന്നെയൊന്ന് വിഷമത്തിലാക്കി. അവരുടെ ‘ലൈവ് ലൊക്കേഷൻ’ അയച്ചു തന്നിട്ട് ഞങ്ങളുടെ ലൊക്കേഷൻ അയച്ചു തരാനാണ് പറയുന്നത്. ഫോണിന്റെ സ്‌ക്രീനിന്റെ അവിടെ – ഇവിടെ തൊട്ടിട്ടും ലൊക്കേഷനുകൾ ഒന്നും ശരിയായി വരുന്നുമില്ല. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിന് അപമാനകരമാണ് നീ – എന്ന കൂടെയുള്ളയാളുടെ അഭിപ്രായം കൂടിയായപ്പോൾ, മിന്നലിന്റെ വേഗതത്തിനേക്കാളും കുതിച്ചുരയുന്ന ടെക്നോളജി യെയോ അതോ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം കൊടുക്കാതെയുള്ള വിദ്യാഭ്യാസരീതിയെയോ ആരെ കുറ്റം പറയണമെന്നറിയാതെ കണ്ണിൽ ഉരുണ്ടു കൂടിയ മുത്തുകൾ താഴെ വീഴാതിരിക്കാൻ പാടുപെടുകയായിരുന്നു.ഇങ്ങനത്തെ കൂട്ടുകൂടിയുള്ള യാത്രകൾ നമ്മളെ സ്വയം ആത്മപരിശോധനക്ക് വിധേയമാകാൻ സാധിക്കും.പിന്നീട് അവരെ ഫോണിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. രണ്ടു കാറിലായിട്ടാണ് ഞങ്ങളുടെ യാത്ര.

റിറ്റ ഡൽഹി✍
Super Rita
Waiting for part 2
Super….. excited to see part2