തയ്യാറാക്കിയത്: റിറ്റ, ഡൽഹി
രാജസ്ഥാനിലെ രണ്ടാമത്തെ മെട്രോ പൊളിറ്റിയൻ സിറ്റിയുമാണ് ജോധ്പൂർ. രാജസ്ഥാനിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതുമിവിടെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വിനോദസഞ്ചാരികളെ കാത്തുകൊണ്ട് കൊട്ടാരങ്ങളും കോട്ടകളും ക്ഷേത്രങ്ങളും ധാരാളം. രാജവാഴ്ച അവസാനിച്ച് കാലം ഒരു പാട് ആയെങ്കിലും പ്രൗഢി ഒട്ടും കുറയാതെയാണ് ഓരോന്നും . ചരിത്രത്തെ കുറിച്ച് അറിയേണ്ട എന്നാണെങ്കിൽ അങ്ങോട്ട് വരണ്ട എന്ന മട്ടിലാണ്, രാജസ്ഥാന്‍.
മർവാർ എന്നറിയപ്പെട്ടതിനെ ‘ജോധ്പൂർ ‘ നാമകരണം ചെയ്തത് മഹാരാജാവ് ‘റാവുജോധയാണ്. ബ്ലൂ സിറ്റി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രാജഭരണക്കാലത്ത് ബ്രാഹ്മണർ താമസിച്ചിരുന്ന സ്ഥലമാണിത്.
ജൈസൽമീറിന്, ചുട്ടുപൊള്ളുന്ന മണൽപ്പരപ്പും വിജനമായ റോഡും പരിസരവുമെല്ലാം’ഓണം കേറാ മൂല’ യുടെ ഇമേജ് ആയിട്ടാണ് എനിക്ക് തോന്നിയത്. അവിടത്തെ കാഴ്ചകൾ കണ്ട് കൊണ്ട് ,ജോധ്പൂർ -ലേക്കായി വണ്ടി ഓടിച്ചു വരുമ്പോൾ, ഒരു പോലീസുകാരൻ കൈ കാണിക്കുന്നു. കാര്യം അന്വേഷിച്ചപ്പോൾ ‘over speeding’ ആണ്. ഫൈൻ കൊടുത്ത് തിരിച്ച് വരുമ്പോൾ ഞങ്ങളുടെ പുറകിൽ വരുന്ന വാഹനങ്ങളേയും അവർ നിറുത്തുന്നുണ്ട്.എല്ലാ വണ്ടികളും കാണാൻ വേണ്ടി വന്നിട്ടുള്ളതാണ്. “ഓണം കേറാ മൂലയായിട്ട് അവർക്കും തോന്നിയിരിക്കാം.എന്തായാലും ഫൈൻ കൊടുക്കാനുള്ള ഫോമിൽ ‘ജാതി’ യുടെ കോളം പൂരിപ്പിക്കാത്തതിൽ ക്ഷുഭിതനായ പോലീസ് കാരനോട് ഫൈൻ തന്നാൽ പോരെ ജാതി അറിയേണ്ടതുണ്ടോ എന്ന് ചോദിച്ച്- ആവശ്യമില്ലാതെ പൈസ പോയതിന്റെ ദേഷ്യം അങ്ങനെ തീർത്തു. യാത്രയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ അങ്ങനെ ഓർമ്മപ്പെടുത്തി.
വിനോദസഞ്ചാരികളെ മോഹിപ്പിക്കുന്ന മെഹ്‌റാൻ ഗർഹ്(Mehran Fort),നഗരത്തിനേക്കാൾ 410 അടി ഉയരത്തിലാണ്. പതിവു പ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികളും പശുവും കുതിരയും റിക്ഷയും വണ്ടികളും ഗൈഡുകാരും ചില വഴിക്കച്ചവടക്കാരും ….. ഇതെല്ലാം എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളിലേയും സ്ഥിരക്കാഴ്ചകളാണ്. ഫോർട്ടിനകത്താണെങ്കിൽ, സതിയനുഷ്ഠിച്ച രാജകുമാരിമാരുടെ സിന്ദൂരത്തിൽ തൊട്ട് കൈപ്പത്തികൾ പതിപ്പിച്ചിരിക്കുന്നത്. പണ്ട് കാലത്ത് ആനകളെ കൊണ്ടാണ് കവാടങ്ങൾ തുറന്നിരുന്നത്. ലോഹപാലിൽ ആനയുടെ മസ്തിഷ്‌കം തുളയ്ക്കാനായിട്ട് ഇരുമ്പ് കുന്തങ്ങൾ തറച്ചിട്ടുണ്ട്.
മഹാരാജാക്കന്മാരായ ‘റാവു ഗംഗ & അജിത് സിംഗ് -നേയും അവരുടെ മക്കൾ തന്നെയാണ്കൊലപ്പെടുത്തിയത്. …….കാണാനും കേൾക്കാനുമായി ഞെട്ടിക്കുന്ന കഥകൾ ഏറെ. ഇതൊക്കെ കേൾക്കുമ്പോൾ പണ്ട് വീട്ടിലെ വി.സി.ർ യിൽ ‘cowboy ഇംഗ്ലീഷ് സിനിമ കണ്ടതാണ് ഓർമ്മ വന്നത്.ആര്, എന്തിന് വേണ്ടി എന്ന ചോദ്യങ്ങൾ ഒന്നുമില്ല. ‘ഠോ …ഠോ ‘ ഓരോ വെടിക്ക് ഓരോ ആൾക്കാർ താഴെ കിടക്കുന്നത് കാണാം.കണ്ണുകൾ ഇറുക്കി അടച്ചും ഇടയ്ക്ക് തുറന്ന് നോക്കിയൊക്കെയാണ് ആ സിനിമ കണ്ടു തീർത്തത്. ഇതിൽ നിന്നെല്ലാം ഒരു ആശ്വാസം എന്നത് ഇതിനൊന്നും പ്രാധാന്യം കൊടുക്കാതെ ‘സെൽഫിയിലും ഫോട്ടോക്ക് പോസ്സ് ചെയ്യുന്ന ചില ചെറുപ്പക്കാരാണ്.
കോട്ടക്കുള്ളിലെ ചുവന്ന കെട്ടിടങ്ങൾ പെണ്ണുങ്ങൾക്കും വെളുത്ത കെട്ടിടങ്ങൾ ആണുങ്ങൾക്കുമാണ്.പെണ്ണുങ്ങൾ പൊതുവെ തലയും മുഖവും മറച്ചിരിക്കും. ഭർത്താവിനും മകനും മുൻപിൽ മാത്രമേ അവർ മുഖം മറക്കാതിരിക്കുകയുള്ളൂ. ആ പതിവ് രാജസ്ഥാനിലെ സ്ത്രീകൾ ഇപ്പോഴും പിന്തുടരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പോകുമ്പോൾ ഇങ്ങനെയുള്ള ചെറുപ്പക്കാരികളെ കാണാം.
മുഗൾരജപുത്ര സംസ്കാരങ്ങളും പേർഷ്യൻ ചൈനീസ് കലകളുടെ സ്വാധീനവും അവിടത്തെ മുക്കിലും മൂലയിലും കാണാം.കൊട്ടാരത്തളത്തിൽ ചിത്രങ്ങളില്ലാത്ത ഭിത്തികളില്ല.1460 ഈ കോട്ട പണികഴിപ്പിച്ചിട്ടുള്ളത്.. ഏകദേശം രണ്ടു – മൂന്ന് മണിക്കൂറോളം ചുറ്റി നടന്ന് കാണാനുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ ഒട്ടും ഇഷ്ടമില്ലാത്ത വിഷയമായിരുന്നു ചരിത്രം. ആ ഞാനാണോ മണിക്കൂറോളം ചരിത്രസ്മാരകങ്ങളിൽ സമയം ചെലവഴിക്കുന്നത്, എനിക്ക് തന്നെ വിശ്വസിക്കാൻ പ്രയാസം. അവിടത്തെ ഓരോ ചെറിയ കാര്യങ്ങളും താൽപര്യമുണർത്തുന്നവയാണ്.
രാവിലത്തെ പ്രാതല്‍ മുതല്‍ പലതരം ചപ്പാത്തികളും പച്ചക്കറികള്‍ സ്റ്റഫ്ചെയ്ത പറാട്ടയുമാണ് പ്രധാന ഭക്ഷ്ണം.ഗോതമ്പ് മാവും കടലമാവും കൂടി ചേർത്ത് ഉണ്ടാക്കിയ ‘മിസ്സി റോട്ടി, അജ്വെയിൻ ചേർത്ത് തന്തൂരി പറാട്ട , കേരള പറാട്ട പോലെ തോന്നുമെങ്കിലും അത്രയും രുചിയില്ലാത്ത ‘ലാച്ച പറാട്ട ….. ഇതൊക്കെയാണ് പരീക്ഷിച്ച ചില വിഭവങ്ങൾ. അതുപോലെ ‘Kersangiri beans’, മരുഭൂമിയിൽ ഉണ്ടാകുന്ന ഒട്ടും ആരോഗ്യമില്ലാത്ത പോലെയിരിക്കുന്ന ബീൻസും അതിനകത്തെ മട്ടർ പോലെയിരിക്കുന്നതുകൊണ്ടുള്ള കറികളും പിക്കിളും വളരെ പോഷകഗുണമുള്ളതാണെന്നാണ് അവിടെയുള്ളവരുടെ അഭിപ്രായം. വീടിൻ്റെ അടുത്തുള്ള പച്ചക്കറി കടയിൽ കണ്ടിട്ടുണ്ടെങ്കിലും
ഒരിക്കലും ഞാൻ മേടിച്ചിട്ടില്ല. ഏതൊരു ഭക്ഷണത്തിന്റേയും കൂടെ ഒഴിച്ചു കൂടാൻ പറ്റാത്തതാണ് ‘കട്ട തൈര് .’ അല്ലെങ്കിലും ചിരപരിചിതമായ രുചികളില്‍ നിന്നുമുള്ള മോചനമാണല്ലോ, യാത്രകള്‍!
Well written.very nice presentation .
വേറിട്ട ഹൃദ്യമായ വിവരണം.