Ranthambore National park
കേരളത്തിലെ ദീപാവലി ആഘോഷം പോലെയല്ല ഡൽഹിയിലേത്.വർണങ്ങളാലും ദീപവിതാനങ്ങളാലും വീടുകളും സ്ഥാപനങ്ങളും അലങ്കരിച്ചിട്ടുണ്ടാവും. സമ്മാനങ്ങളും മധുരപലഹാരങ്ങളും കൊടുത്തും വാങ്ങിയും വർണ്ണാശബളവും അതിമധുരവുമാണ്.ദീപാവലി കഴിഞ്ഞുള്ള ദിവസങ്ങളിലും ബന്ധുക്കളുമായിട്ടുള്ള കൂടിച്ചേരലിനാണ് പ്രാധാന്യം.
ബന്ധുക്കളൊന്നും അടുത്തില്ലാത്ത ഞങ്ങൾ അങ്ങനെയാണ് രാജസ്ഥാനിലെ ‘രത്തൻബോർ നാഷണൽ പാർക്കിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നത്.
ജയ്‌പൂരിലെ മഹാരാജാക്കന്മാരുടെ പ്രസിദ്ധമായ വേട്ട നടത്തിയിരുന്ന സ്ഥലമാണിത്.ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി വിനോദസഞ്ചാരകേന്ദ്രം.വംശനാശ ഭീഷണി നേരിടുന്ന കടുവ സംരക്ഷണകേന്ദ്രത്തിനെ 1980 ൽ ദേശീയ പാർക്കായി പ്രഖ്യാപിക്കപ്പെട്ടു.സവായ് മാൻസിംഗ് സാങ്ച്വറി, കൽദേവി വന്യജീവി സങ്കേതം എന്നിവയും ടൈഗർ റിസർവിന്റെ ഭാഗമായി.Tigers നെ അതിൻ്റെ സ്വാഭാവിക ജീവിതരീതിയിൽ മറ്റു കാട്ടുമൃഗങ്ങളോടൊപ്പം കാണാവുന്നതാണ്. അതുകൊണ്ടെന്താ അവിടെ എത്തുമ്പോൾ കടകളുടെയും താമസസ്ഥലങ്ങളുടെയും പേരിന്റെ കൂടെ ടൈഗർ എന്ന വാക്ക് നിർബന്ധം പോലെ. ഞങ്ങൾ താമസിച്ച സ്ഥലത്തിന്റെ പേര് ‘ടൈഗർ മൂൺ റിസോർട്ട്’. ആ പ്രദേശം മൊത്തം ടൈഗർ മയം.
കാടിനോട് ചേർന്ന പഴയ റിസോർട്ടിലാണ് ഞങ്ങളുടെ താമസം.അവിടെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വൈകുന്നേരങ്ങളിലോ & പുലർക്കാലെയോ നോക്കിയാൽ കാട്ടിലെ മൃഗങ്ങളൊയൊക്കെ കാണാൻ സാധിക്കുമെ ന്നാണ് ഹോട്ടലുകാർ അവകാശപ്പെടുന്നത്. വൈകുന്നേരമായതോടെ ഞങ്ങൾ അവിടെ സ്ഥലം പിടിച്ചു. തലേദിവസം ഹോട്ടലുകാര്‍ അവിടെയിരുന്നപ്പോൾ കണ്ട hyna & tiger -ന്റെ വിവരണങ്ങളായിരുന്നു മനസ്സിൽ.ബൈനാക്കുലേഴ്‌സ് ഇല്ലാത്തതിന്റെ വിഷമം തീർക്കാൻ കണ്ണുകളും ചെവികളും കൂടുതൽ ‘powerful’ ആക്കി. ചിലർ ഞങ്ങളെപ്പോലെ മൃഗങ്ങളെ കാണാനായി വന്നവരാണെങ്കിൽ മറ്റു ചിലർ വീട്ടുകാരിൽ നിന്നും അവരറിയാതെ സിഗരറ്റ് വലിക്കാനും മദ്യപിക്കാനുമായിട്ടാണ് വന്നത്. എന്നാൽ അവിടെ വന്ന മറ്റൊരാളുടെ സ്പീക്കർ ഫോണിലൂടെയുള്ള സംസാരം അരോചകമായപ്പോൾ, ഞങ്ങൾ അവിടെ നിന്ന് സ്ഥലം കാലിയാക്കി. മനുഷ്യൻ എത്ര വളർന്നാലും ചിലർക്ക് ചില ശീലങ്ങൾ മാറ്റാനാവുന്നില്ല.
ആ കെട്ടിടത്തിന്റെ താഴത്തെ മുറി അവരുടെ ‘recreation room’ ആണ്.അവിടത്തെ tv യിൽ, മങ്ങാത്ത ഓർമ്മയായിട്ടുള്ള ബംഗാളി ടൈഗർ – ‘ മച്ചിലി ടൈഗർ’ വേണമെങ്കിൽ ‘queen of Ranthampore ‘ നെ കുറിച്ചുള്ള ഷോർട് ഫിലിം ആയിരുന്നു. ചെവിയുടെ പുറകിലുള്ള മത്സ്യത്തിന്റെ ആകൃതിയിലുള്ള അടയാളം ഉള്ളതുകൊണ്ട് ‘മച്ചിലി ‘ എന്നാണ് വിളിച്ചിരുന്നത്. മനുഷ്യരുമായിട്ട് നല്ല ഇണക്കമുള്ളതായിരുന്നു. ഡോക്യുമെന്ററി ഷോർട് ഫിലിംകൾ ജേർണലുകൾ ഗവേഷണപേപ്പറുകളിലൊക്കെ താരമായിരുന്നു.1998 നും 2009 നും ഇടയിൽ ‘മച്ചിലി യെ പറ്റിയുള്ള അസാധാരണമായ പ്രചാരം ഇന്ത്യൻ സർക്കാരിന് 100 മില്യൺ ഡോളർ വരുമാനം ലഭിച്ചു എന്നാണ് കണക്ക്.സംരക്ഷണത്തിനും വിനോദസഞ്ചാര ആകർഷണത്തിനുമായി ‘ ലൈഫ് ടൈം അവാർഡ് ‘ ലഭിച്ചിട്ടുണ്ട്. ഭാരത സർക്കാർ ഒരു അനുസ്മരണ തപാൽ മുദ്രയും സ്റ്റാമ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 20 വയസ്സു വരെ ജീവിച്ചു. പക്ഷെ അവസാനക്കാലത്ത് ഒരു കണ്ണിന്റെ കാഴ്‌ച നഷ്ടപ്പെടുകയും പല്ലുകൾ എല്ലാം കൊഴിഞ്ഞുപോയി ഇര പിടിക്കാനാവാതെയൊക്കെയായിരുന്നു മരണം. സ്റ്റേറ്റിന്റെ ആദരവോട് കൂടിയായിരുന്നു ശവസംസ്‍കാരം. അന്നത്തെ വീഡിയോ കണ്ടു കഴിയുമ്പോൾ നമുക്കും ‘മച്ചിലി യോട് പ്രത്യേക സ്നേഹം.
ഡൽഹിയിലുള്ളവരുടെ ദീപാവലി ആഘോഷം പോലെയല്ലായിരുന്നു ഗുജറാത്തിലുള്ളവർക്ക്.ദീപാവലി കഴിഞ്ഞുള്ള ദിവസങ്ങൾ അവർക്ക് യാത്രകൾക്കും നേരമ്പോക്കിനുള്ളതാണ്. അഹമ്മബാദിൽ നിന്നുള്ള അതിഥികളായിരുന്നു റിസോർട്ടിൽ ഏറെയും. റിസോർട്ടുകാരും അവരെ സ്വീകരിക്കാൻ തയ്യാറായിട്ടാണ്. പല സ്റ്റാഫും ഗുജറാത്തിൽ നിന്നുള്ളവരാണ്. എവിടെയും ഗുജറാത്തിയിലുള്ള വിശേഷം പറച്ചിലും പലഹാരങ്ങളുടേയും മണമാണ്. കണ്ടിട്ട് നമ്മളെപ്പോലെ അവരും അവരുടെ പരിസരങ്ങളെയും കൂടെ കൊണ്ടു പോകുന്നവരാണ്.
6 പേർക്ക് ഇരിക്കാവുന്ന തുറന്ന ജിപ്സി ജീപ്പ് സഫാരി അല്ലെങ്കിൽ 20 പേർക്ക് ഇരിക്കാവുന്ന തുറന്ന കാന്റർ൯ (canter) ലാണ് പാർക്കിനകത്തെ യാത്ര. ഏകദേശം മൂന്നര മണിക്കൂറിന്റെ യാത്രയാണ്. ‘ഓൺലൈൻ ആയിട്ട് മുൻപേ ബുക്ക് ചെയ്യാവുന്നതാണ്. നമ്മളെപ്പോലെയുള്ളവർക്ക് എല്ലാ കാര്യങ്ങളും അവസാന നിമിഷ യാത്രാപ്ലാനുകൾ ആയതുകൊണ്ട് ഹോട്ടലിലെ ആരെങ്കിലും കൗണ്ടറിൽ പോയി ടിക്കറ്റ് മേടിച്ച് തരാറുണ്ട് അല്ലെങ്കിൽ നമ്മൾക്ക് നേരിട്ട് പോയി മേടിക്കാം .പക്ഷെ സീസൺ ആയതുകൊണ്ട് തിക്കും തിരക്കും ബഹളവും ആശയക്കുഴപ്പവുമാണ് എവിടെയും. ബഹളം കാരണം കൌണ്ടർ അടക്കും അപ്പോഴേക്കും ഇരട്ടി വിലയോ അതിന്റെ ഇരട്ടിയായോ ഏതെങ്കിലും agent നമ്മളെ സമീപിക്കും. പൊട്ടിയ ഇഴകൾ എങ്ങനെ തുന്നി ചേർക്കണമെന്ന് തുന്നൽക്കാരനെ പഠിപ്പിക്കേണ്ടതില്ല എന്ന് പറയുന്നത് പോലെയാണ് ടിക്കറ്റ് വിൽപ്പനക്കാരും ഏജന്റും. സീസണിൽ എങ്ങനെ കാശ് ഉണ്ടാക്കണമെന്ന് അവർക്കറിയാം.
ദീപാവലി ആണെങ്കിലും അല്ലെങ്കിലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്നതു പോലെയാണ് പ്രാദേശിക ജനത.പതിവുപ്പോലെ പലതരം ഗ്രാമീണക്കാഴ്ചകളാണ് എവിടെയും. ഓർമ്മയിൽ സൂക്ഷിക്കുന്ന ആ ഗതകാലസുഖ സ്മരണയോടെ പല കാഴ്ചകളിൽ മുങ്ങിപ്പൊങ്ങി ഞങ്ങളും.കൃഷി ഭൂമിയിൽ അധികവും പേരയ്ക്ക മരമാണ് കണ്ടത്.’കാശ്മീർ ആപ്പിൾ’ എന്ന് പറയുന്നതു പോലെ ‘രത്തൺബൂർ പേരയ്ക്ക’ യും പ്രസിദ്ധമാണ്. ഒരു പേരയ്ക്ക ഏകദേശം ഒരു കി.ലോ യുടെ അടുത്ത് വരുമെന്നാണ് പറയുന്നത്.
ജീപ്പ് സഫാരിക്ക് പോകാൻ സാധിച്ചില്ല എന്നാൽ അവിടുത്തെ മറ്റൊരു പേര് കേട്ട സ്ഥലമാണ് അവിടുത്തെ കോട്ട. പ്രധാന ഉദ്യാനത്തിന്റെ ഹൃദയഭാഗത്താണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ കോട്ട. കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന ഇത് 954 A.D പണി കഴിപ്പിച്ചതാണ്.ഇതിന്റെ ചുറ്റളവ് 7കി.മീ.യാണ് .മുഗൾ ഭരണാധികാരിയായിരുന്ന അക്ബർ ഈ കോട്ടയിൽ താമസിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കോട്ടയ്ക്കുള്ളിലെ ഗണേശ ക്ഷേത്രദർശനത്തിനായിട്ട് സഞ്ചാരികളുടെയും അവിടെയുള്ളവരുടെയും തിരക്ക് കാരണം കോട്ട വരെ എത്തിയെങ്കിലും പിന്നീട് ഞങ്ങൾ അവിടെ നിന്നും ജീവനും കൊണ്ടോടുകയായിരുന്നു. പൊതുഅവധി ദിനങ്ങളിൽ ഇതുപോലെയുള്ള യാത്രകൾക്ക് പുറപ്പെടാതിരിക്കുക എന്ന് ഗുണപാഠം.
വന്യജീവി പ്രേമികൾക്കും ഫോട്ടോഗ്രാഫർക്കും ആവേശഭരിതമായ സഞ്ചാരികളുടെ പ്രിയപ്പെട്ടതുമായ ഈ സ്ഥലം. ഇനി തിരക്കുകളൊന്നുമില്ലാത്ത ഒരു നാൾ അവിടെ പോയി അതെല്ലാം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.
അല്ലെങ്കിലും വ്യത്യസ്ഥമായ അനുഭവങ്ങളിലൂടെയുള്ള കടന്നു പോകലും യാത്രയുടെ ഭാഗമാണല്ലോ അല്ലെ ……
റിറ്റ
ഡൽഹി
Superb Rita
പതിനൊന്നാം മണിക്കൂറിലെ പരിപാടിയുടെ ഉദാഹരണം. അടുത്ത തവണ വിദഗ്ദ്ധയാകും. എഴുത്തു നല്ലതുതന്നെ
സഫാരി Park ഇല്‍ അധികം വൈകാതെ പോകാൻ സാധിക്കട്ടെ. അവിടുത്തെ വിശേഷങ്ങൾ ക്കായി കാത്തിരിക്കുന്നു.