യാത്രാ വിവരണം തയ്യാറാക്കിയത് :- റിറ്റ, ഡൽഹി
Aajmeer ( അജ്മീര്‍)
എല്ലാവശവും ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട അജ്മീർ , രാജസ്ഥാന്റെ മറ്റൊരു സുന്ദരമായ നഗരമാണ്.1956 നവംബർ -1 ,രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.അങ്ങോട്ടേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഈ യാത്രയിൽ ഞങ്ങളുടെ കൂടെ വിദേശത്ത് പഠിച്ച് വളർന്ന വിദേശിയായ ഇന്ത്യക്കാരനും കൂടെയുണ്ടെന്നുള്ളതാണ് പ്രത്യേകത.സമയത്തിന്റെ വ്യത്യാസം കൊണ്ടായിരിക്കാം യാത്രയിലെ മിക്കസമയവും ഉറക്കത്തിലായിരുന്നു. ഉറങ്ങി എണീറ്റപ്പോഴേക്കും വാഹനം നാഷണൽ ഹൈവേയിൽ നിന്ന് മാറി സിറ്റിയോട് അടുക്കാറായിരിക്കുന്നു.അങ്ങനെയുള്ള സ്ഥലങ്ങളിൽ പാതകൾ മിക്കവാറും ഗോക്കളുടെ നിയന്ത്രണത്തിലായിരിക്കും.അവരെ തട്ടാതെയും മുട്ടാതെയുമുള്ള യാത്രകളാണ്, പിന്നീടങ്ങോട്ട്.പലതവണ രാജസ്ഥാൻ യാത്ര ചെയ്തിട്ടുള്ള ഞങ്ങൾക്ക് അതിൽ പുതുമയൊന്നുമില്ലെങ്കിലും വിദേശിയുടെ അത്ഭുതഭാവവും അതിനെ തുടർന്നുള്ള തമാശകളും ഫോട്ടോയെടുക്കലും മറ്റും കാണുമ്പോൾ, നമ്മുടെ മനസ്സിലെവിടെയോ ‘ചമ്മൽ ‘ ഉണ്ടാവുന്നില്ലേ എന്ന് സംശയം.അദ്ദേഹത്തിൻ്റെ നിറുത്താതെയുള്ള ചിരിയും എന്തും ഏതും പോസിറ്റീവായി നോക്കികാണുന്നതിനു മുൻപിൽ നമ്മളും അതൊക്കെ ആസ്വാദ്യം അല്ലെങ്കിൽ ആസ്വാദ്യമാക്കുകയാണ്.
മതസൗഹാർദ്ദ ത്തിന്റെ ഉദാഹരണമാണ് അജ്മീർ.സുൽത്താൻ ഹിന്ദ് എന്ന അപരനാമത്തിൽ വിശ്രുതനായ സൂഫി പ്രമുഖൻ ഖാജാമുഈനുദ്ദീൻ ചിശി യുടെ അന്ത്യവിശ്രമസ്ഥാനമാണിവിടെ.ഇസ്‌ലാംമതപ്രചാരകന്മാരാണ് സൂഫി പണ്ഡിതന്മാർ.മതനിഷ്‌ഠ, വ്യക്തിപ്രഭാവം, കർമ്മനിഷ്‌ഠ, അനുഗ്രഹം ചൊരിയൽ എന്നിവയിലൂടെ ഇവർ വ്യത്യസ്തരാകുന്നു.എല്ലാ മതവിശ്വാസികളേയും ഒരേപോലെ ഈ ദർഗ്ഗ സ്വാഗതം ചെയ്യുന്നു. ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണിത്.
രാജസ്ഥാന്റെ മറ്റു സ്ഥലങ്ങൾ പോലെയല്ല, ഒരു ചെറിയ സിറ്റി എന്നു പറയാം. താമസിക്കാൻ 2 -3 ഹോട്ടലുകളെ ഉള്ളൂ.ദർഗ്ഗ ക്കുള്ള പ്രാധാന്യമുള്ളത് കൊണ്ടായിരിക്കാം താമസിക്കാൻ വരുന്നവരുടെ ഐഡികൾ അങ്ങേയറ്റം സൂക്ഷമപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൂടെയുള്ള വിദേശിയുടെ രേഖകൾക്ക് അത്യന്താ സൂക്ഷമ പരിശോധനക്ക് ശേഷമാണ് താമസിക്കാൻ അനുമതി ലഭിച്ചത്.
പതിവുപ്പോലെ നീണ്ടുപോകുന്ന ഇടുങ്ങിയ വഴികളിലൂടെയാണ് അങ്ങോട്ടേക്കുള്ള യാത്ര.കാറുകൾ ആ വഴിയിലൂടെ പോകാത്തതു കൊണ്ട്, ഹോട്ടലുകാർ ഏർപ്പെടുത്തി തന്ന ഓട്ടോയിലാണ് യാത്ര.ഡ്രൈവർ തന്നെ ഗൈഡും ആകാമെന്നാണ് കരാർ.പോകുന്ന ഇടുങ്ങിയ വഴികളിൽ രണ്ടു വശത്തുള്ള കെട്ടിടങ്ങളിലെ താഴത്തെ നിലയിൽ കടകളും അതിന്റേതായ തിരക്കുകളുമാണ്.മുകളിലെ നിലകളിൽ വീടുകളുമാണ്.അധികവും ഇരുചക്രവാഹനങ്ങളാണ്. എതിർഭാഗത്ത് നിന്ന് ഒരു ഓട്ടോ വന്നാൽ, ഏതെങ്കിലും ഒരു വാഹനം പുറകിലോട്ട് പോവുകയോ അല്ലെങ്കിൽ അടുത്തുള്ള ചെറിയ റോഡിലോട്ടോ മാറണം.എന്തായാലും നഗരങ്ങളിൽ കാണുന്ന പോലെ ‘ഞാനാദ്യം പോകട്ടെ ‘ എന്ന മട്ടിലുള്ള ‘ഹോൺ’ അടിച്ച് പേടിപ്പിക്കുന്നില്ല. പകരം സൗകര്യങ്ങൾക്കനുസരിച്ചുള്ള അവരുടെ പെരുമാറ്റം കാണുമ്പോൾ തന്നെ മനസ്സിനൊരു മനസ്സമാധാനം.
സുരക്ഷാപരിശോധനക്ക് ശേഷമാണ് ദർഗയിലേക്ക് ആളുകളെ കടത്തി വിടുക. ചെരുപ്പ് സൂക്ഷിക്കാൻ സ്ഥലമുണ്ട്.തല തൂവാല വെച്ച് മൂടണം. റോസാപ്പൂക്കളും മുല്ലപ്പൂക്കളും അരച്ച ചന്ദനവും ഇവിടെ വരുന്നവർ കൈയ്യിൽ കരുതുന്നു. അതെല്ലാം അതിനടുത്തുള്ള കടയിൽ നിന്ന് മേടിക്കാൻ കിട്ടും. ഓട്ടോ ഡ്രൈവർ ഞങ്ങളെ അതിനകത്തുള്ള ഒരാളെ ഏൽപ്പിച്ചു.അദ്ദേഹം ഞങ്ങളെ അവിടത്തെ പ്രധാന മതപുരോഹിതന്റെ അടുത്തോട്ട് കൊണ്ടുപോയി.ഞങ്ങൾ കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ അവരും ഇടയ്ക്ക് സന്ദർശിക്കാറുണ്ടത്രെ. അദ്ദേഹത്തിൻ്റെ മകനോടൊപ്പം അവിടെയെല്ലാം കാണാനായിട്ട് ഞങ്ങളെ പറഞ്ഞുവിട്ടു.
മുഗൾരാജവംശത്തിലെ പല ഭരണാധികൾ ചേർന്ന് പല ഘട്ടങ്ങളിലായാണ് ദർഗയുടെ പണി തീർത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ പവലിയനും വാതായനങ്ങളും പലതരം മോസ്‌ക്കുകളുമെല്ലാം കൂടി ചേർന്ന് ഒരു വലിയ കെട്ടിടസമുച്ചയമായിരിക്കുകയാണിപ്പോൾ.
മുഗൾ വാസ്തുവിദ്യയിൽ സാധാരണ കാണാറുള്ള താഴികക്കുടങ്ങളും മാർബിളിന്റെ ഉപയോഗവുമൊക്കെ ഇവിടെയും കാണാം.
ഭക്തർ പുഴപ്പോലെ ഒഴുകുകയാണ് എല്ലായിടത്തും. ഓരോ മുക്കിലും കോണിലും ഭക്തി തുളുമ്പി നിൽക്കുന്നു.ഖബറിടത്തിന് സമീപത്തായി പ്രാർത്ഥനയിൽ മുഴുകി വലിയൊരു ജനാവലി തന്നെയുണ്ട്.ഖബറിടം കാണാൻ നീണ്ടനിരയാണുള്ളത്. എന്തായാലും ആ മകനെ കണ്ടതോടെ ക്യൂ ഒരു നിമിഷം നിറുത്തി ഞങ്ങളെ മുന്നോട്ട് എത്തിച്ചു.അത് vip രീതിയിലുള്ള ദർശനം ആയിരുന്നു. അതിനായിട്ട് പ്രത്യേക പൈസയും പിന്നീട് മേടിച്ചു. റോസാപ്പൂക്കളുടെ മണമാണ് അവിടെയെല്ലാം. ദിവസവും ആളുകൾക്ക് ഫ്രീയായിട്ട് ഭക്ഷണം കൊടുക്കുന്നുണ്ട്.നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് തുക സംഭാവനയായിട്ടും കൊടുക്കാം
.ഭക്തിയും വിശ്വാസവും സംഗീതവും ശാന്തിയും സമ്മേളിക്കുന്ന അവിടെ ഒരു പ്രാവശ്യമെങ്കിലും പോകാൻ കഴിഞ്ഞത് ഒരു പുണ്യമായി കരുതുന്നു.
Thanks
റിററ ഡല്‍ഹി