Alwar – Moosi Maharani Ki Chhatri
ഗൂഗിൾ മാപ്പ് അനുസരിച്ച് അവിടെ എത്തിയപ്പോൾ , ‘ കൊട്ടാരം’, ജില്ലാ കോടതിയായും മറ്റു സർക്കാർ ഓഫീസുകളുമായി രൂപമാറ്റം വന്നിരിക്കുകയാണ്. ഞാറാഴ്ചയായതു കൊണ്ട് ആകെ 3-4 ആളുകളെ ഉള്ളൂ. അതിൽ ഒരാൾ വാഹനങ്ങൾക്കായി ടിക്കറ്റു തരുന്നയാളും മറ്റുള്ളവർ ഗൈഡുകളാണെന്ന് അവരുടെ വേഷം കൊണ്ട് മനസ്സിലാക്കാം. അതുകൊണ്ടു തന്നെ ഈ സ്ഥലം എവിടെയാണെന്ന് പറഞ്ഞു തരുമോ എന്ന ശങ്കയുണ്ടായിരുന്നു. ഗൈഡിനെ ഉപയോഗിക്കാം എന്നു വെച്ചാൽ അവരുടെ റേറ്റിന് കുറവൊന്നുമില്ല.
എന്തായാലും ആതിഥ്യമര്യാദയുടെ ഭാഗമായിട്ടായിരിക്കും അങ്ങോട്ടേക്കുള്ള വഴിയും പഴയ കാലത്തെ കുതിരാലയം ഇന്ന് വക്കീലുമാരുടെ ഓഫീസാക്കിയതും കാണിച്ചു തന്നു. സ്മാരകത്തിലേക്ക് തിരിയുന്ന ഗോവണി കേറി ചെല്ലുന്നതോടെ, ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയിലുള്ള രജപുത്ര ആഢംബരത്തിന്റെ മറ്റൊരു സ്മാരകം. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ആശ്ചര്യജനകം’ 1815 -യിലുള്ള ഇരട്ട നിലയുള്ള ശവകുടീരമാണിത്. താഴത്തെ നില ചുവന്ന മണൽക്കല്ലിലാണ് കൂടാതെ കൊത്തുപണികളൊക്കെയുള്ള ഇടനാഴികളും . മുകളിലത്തെ നില മാർബിളിലാണ്. വർണ്ണാഭമായ വൃത്താകൃതിയിലുള്ള സീലിംഗും അതി മനോഹരം. എല്ലാം കൂടെ ഏതോ സിനിമയിൽ കാണുന്ന പാട്ടുസീനിന്റെ ലോക്കേഷൻ പോലുണ്ട്. അത് എനിക്ക് മാത്രമല്ല അവിടെ വന്നവർക്കും തോന്നിയെന്നു തോന്നുന്നു. അവിടെ വന്നിരിക്കുന്നവരുടെ ഫോട്ടോക്കുള്ള പോസ്സുകൾ അങ്ങനെയുള്ളതായിരുന്നു. അൽവാറിലെ മഹാരാജാവ് തന്റെ പിതാവിന്റെ സ്മരണക്കായി പണിതതാണ്. അദ്ദേഹത്തിന്റെ mistress ന്റെ സതിക്ക് ശേഷം രാജാവിന്റെ ഭാര്യയായി അംഗീകരിച്ചു. അങ്ങനെയാണ് മൂസി മഹാറാണി കി ഛത്രി എന്നും അറിയപ്പെടുന്നത്. ഒരു രാജ്ഞിയാകാനുള്ള തന്ത്രപ്പാട് !

ഇതിനോട് ചേർന്ന് ജലസംഭരണിയുണ്ട്. പ്രധാനമായും മഴ വെള്ളവും ചുറ്റുമുള്ള ആരവല്ലി മലകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളവുമാണ് അവിടെ സംഭരിക്കുന്നത്. അതിനും മനോഹരമായ ഘടന യാണുള്ളത്. ഏകദേശം 60 അടി താഴ്ചയാണുള്ളതെന്ന് നാട്ടുകാർ. ഇതുവരെ വെള്ളം വറ്റിയിട്ടില്ല. ഇവിടെ നിന്നുള്ള സൂര്യാസ്തമയ കാഴ്ച മനോഹരമാണ്.

Museums
കൊട്ടാരത്തിന് ഏറ്റവും മുകളിലത്തെ നിലയിലായിട്ടാണ് മ്യൂസിയം. കൊട്ടാരമാണെങ്കിലും അല്ലെങ്കിലും നാട്ടുകാർക്ക് എല്ലാം ഒരേ പോലെ എന്ന മട്ടിലാണ് ആ കെട്ടിടം. ഗോവണി കേറുന്നതിന്റെ മൂലയിൽ ആളുകൾ പാൻ തിന്ന് തുപ്പിയ ചുമന്ന അടയാളങ്ങളാണ്.
അങ്ങോട്ടേക്കുള്ള വഴിയും കെട്ടിടവും വൃത്തിഹീനമാണ്. മ്യൂസിയം നന്നായി പരിപാലിച്ചിട്ടുണ്ട്.
രാജസ്ഥാനിന്റെയും പ്രത്യേകിച്ച് അൽവാറിന്റെയും ചരിത്രത്തെ കുറിച്ചു പറയുന്ന അതിശയകരമായ പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തെ മൂന്നു വിഭാഗങ്ങളായിട്ട് തരം തിരിച്ചിരിക്കുന്നു. വസ്ത്രങ്ങൾ, മിനിയേച്ചർ, സ്റ്റഫ്ഡ് മൃഗങ്ങൾ, സംഗീതോപകരണങ്ങൾ, പെയിന്റിംഗുകൾ, ആനക്കൊമ്പ് ശേഖരണം, പഴയ ആയുധ ശേഖരങ്ങളായ തോക്കുകൾ വാളുകൾ, കത്തി, പരിച—– അതൊക്കെ കാണുമ്പോൾ ഒരു ഉൾക്കിടിലം. രാജാവിന്റെ സിംഹാസനത്തിന് മുൻപിൽ നിന്ന് ഫോട്ടോയെടുക്കുമ്പോൾ ഒരു സമാധാനം. എന്തായാലും നമ്മൾ പഠിച്ചു മറന്ന ചരിത്രത്തെ ഒന്നു കൂടെ കുത്തിപൊക്കി ഓർത്തടുക്കാൻ പറ്റിയ സ്ഥലം. സ്ക്കൂൾ കുട്ടികൾക്കായിരിക്കും ഇവിടുത്തെ സന്ദർശനം കൂടുതൽ അനുയോജ്യമാവുക. ചരിത്രശേഖരം കൊണ്ട് സമ്പന്നമായ ഒരു മ്യൂസിയം. പുറത്ത് നിന്ന് കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിക്കാത്തതു കൊണ്ടായിരിക്കാം ആ മ്യൂസിയവും ഒരുപാടിഷ്ടമായി.
ഡൽഹിയോട് അടുത്തുള്ള രാജസ്ഥാനിലെ അൽവർ എന്ന നഗരവും നമ്മളെ നിരാശപ്പെടുത്തില്ല. അതു തന്നെയായിരിക്കാം രാജസ്ഥാനിന്റെ പ്രത്യേകത!
Thanks
റിറ്റ ഡൽഹി✍