17.1 C
New York
Saturday, June 3, 2023
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 12)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 12)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

2018 ജൂലൈ 17, ചൊവ്വ.

രാവിലെ നേരത്തെ എഴുന്നേറ്റു പുതിയ രാജ്യത്തെ പുതിയൊരു പുലരി. ഹോളണ്ടിലെ N. H. Leeueenhorst ഹോട്ടലിൽ രണ്ടാം നിലയിലാണ്. നെതർലാൻഡിലെ പശ്ചിമ തീരത്ത് കിടക്കുന്ന സ്ഥലമാണ് ഹോളണ്ട്. നെതർലാൻഡ് എന്ന രാജ്യത്തിനെ ചിലർ ഹോളണ്ട് എന്നു വിവക്ഷിക്കാറുണ്ട്. പുറത്തേക്കു നോക്കിയപ്പോൾ ശാന്തമായ അന്തരീക്ഷം. 7 മണി കഴിയുമ്പോഴേക്കും പ്രഭാതഭക്ഷണം കഴിക്കാൻ താഴെയെത്തണം. അതിനാൽ കുളിച്ചൊരുങ്ങി.

(പര്യടനവേളയിൽ താമസത്തിൽ നേരിട്ട പ്രധാന പ്രശ്നം വാഷ്റൂമിലെ വെള്ളത്തിന്റെ ആയിരുന്നു. വലിയൊരു മഗ്‌ കയ്യിൽ കരുതണമെന്ന് ടൂർ ഓപ്പറേറ്റേഴ്സ് ആദ്യമേ നിർദേശിച്ചിരുന്നു. ബാത്റൂം ഷവറിൽനിന്നോ, വാഷ്ബേസിനിൽ നിന്നോ മഗ്ഗിൽ വെള്ളം നിറച്ചു വേണമായിരുന്നു നമ്മുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ. ചില ഇടങ്ങളിൽ ബാത്ത്റൂമും ടോയ്‌ലറ്റും വേറെവേറെയായിരുന്നു. കുടിക്കാനുള്ള വെള്ളവും വാഷ് ബേസിനിൽ നിന്നും ശേഖരിക്കേണ്ടി വന്നിരുന്നു ഇവിടെയുള്ള വെള്ളം വളരെ ശുദ്ധമാണെന്നും ഏതു പൈപ്പിലെ വെള്ളവും കുടിക്കാൻ ഉപയോഗിക്കാം എന്നു ഗൈഡ് പറഞ്ഞിരുന്നു. യാത്ര പുറപ്പെടുമ്പോൾ എല്ലാവരും സ്വന്തം ബാഗിൽ ഓരോ കുപ്പി വെള്ളം കരുതും പിന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്ഥലത്തുനിന്നും വീണ്ടും വെള്ളം നിറയ്ക്കും ഇതാണ് യാത്രയിലുടനീളം എല്ലാവരും അവലംബിച്ച രീതി)
മക്കൾക്കെല്ലാം മെസ്സേജ് അയച്ചു. നാട്ടിലെ പലരെയും വാട്സാപ്പിൽ വിളിച്ചു സംസാരിച്ചു ഇവിടത്തെക്കാൾ മൂന്നരമണിക്കൂർ കൂടുതലാണ് ഇന്ത്യൻ സമയം.അതിനാൽ രാത്രി ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും നാട്ടിൽ എല്ലാവരും നല്ല ഉറക്കത്തിലായിരിക്കും.


ഞങ്ങൾ നാലു പേരും പ്രഭാത ഭക്ഷണം കഴിക്കാൻ താഴേക്ക് ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ തന്നെ തിരക്ക് തുടങ്ങിയിരുന്നെങ്കിലും ഞങ്ങൾക്ക് തലേദിവസത്തെ പോലെ, പുറത്തേക്കുള്ള കാഴ്ചകൾ കാണാനുള്ള സ്ഥലം തന്നെ കിട്ടി.

വിഭവസമൃദ്ധമായിരുന്നു പ്രഭാതഭക്ഷണം. പലതരം ജ്യൂസുകൾ ചായ, കാപ്പി, ബ്രഡുകൾ,
മുട്ട, പലതരം സസ്യ സസ്യേതരവിഭവങ്ങൾ എന്നിങ്ങനെ സമീകൃതരീതിയിൽ ഉള്ള ആഹാരങ്ങൾ നിരത്തിവെച്ചിരിക്കുന്നു. ആവശ്യാനുസരണം എടുത്തു കഴിക്കാം. പുറത്തേക്കു നോക്കി പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ഇരുന്നു ഭക്ഷണം കഴിച്ചു. പുറത്തേക്ക് നോക്കുമ്പോൾ നല്ല മനോഹരമായ പുൽത്തകിടിയും അവിടെവിടെയായി മരക്കൂട്ടങ്ങളും കണ്ടു. കുറച്ചു ദൂരെ പശുക്കളും കുതിരകളും മേയുന്നത് കണ്ടു.
എട്ടര മണിയോടെ എല്ലാവരും തയ്യാറായി വാഹനത്തിൽ കയറി.

തലസ്ഥാനനഗരമായ ആംസ്റ്റർഡാം സിറ്റി കാണുന്നതിനാണ് ആദ്യം പോയത്. പതിനേഴാം നൂറ്റാണ്ടിലാണ് ഇവിടം വലിയൊരു നഗരമായി രൂപാന്തരപ്പെട്ടത്. തെരുവിന്റെ ഒരു ഭാഗത്തു വാഹനം നിർത്തി. ഇനി നടന്നു കൊണ്ടുള്ള നഗരപ്രദക്ഷിണമാണ്. ഒരേ രീതിയിലുള്ള വലിയ വലിയ കെട്ടിടങ്ങൾനഗരത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. ലോകപ്രശസ്തമായ പല മ്യൂസിയങ്ങളും ഉള്ള ഒരു നഗരമാണ് ആംസ്റ്റർഡാം. വാൻ ഗോഗ് മ്യൂസിയം, ഡയമണ്ട് മ്യൂസിയം തുടങ്ങി പല പ്രശസ്ത മ്യൂസിയങ്ങളും ഇവിടെയുണ്ട്, എന്നാൽ അതെല്ലാം കാണുവാൻ ഞങ്ങൾക്ക് സമയമുണ്ടായിരുന്നില്ല. എല്ലാ സ്ഥലവും കണ്ടു തീർക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും, ഞങ്ങൾക്കു ആണെങ്കിൽ സമയപരിമിതിയും. അതിനാൽ ഗൈഡ് പറഞ്ഞുതന്ന കാര്യങ്ങൾ കേട്ട് സംതൃപ്തി അടഞ്ഞു.

രാവിലെ ആയതിനാൽ നഗരത്തിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല.
പലയിടങ്ങളിലും കോഫി ഷോപ്പുകൾ കണ്ടു. ഇവിടത്തെ ടൂറിസത്തിന്റെ പ്രധാനാകർഷണമായി നിൽക്കുന്ന കോഫി ഷോപ്പുകളിൽ കിട്ടുന്നത് കാപ്പി അല്ല വീര്യം കുറഞ്ഞ ( soft) ഡ്രഗ്സ് ആണെന്നു ഗൈഡ് പറഞ്ഞു. സ്കൂൾ പരിസരത്ത് ഈ കടകൾ ഇല്ലെന്നും 18 വയസ്സിൽ താഴെയുള്ളവർക്ക് നൽകുകയുമില്ല എന്നും അദ്ദേഹം പറഞ്ഞു
പിന്നെ കണ്ട പ്രധാന പ്രത്യേകത സൈക്കിൾ യാത്രക്കാരുടെ തിരക്കാണ്. സൈക്കിൾ യാത്രികർക്കു പ്രത്യേകമായി ചുവപ്പ് നിറത്തിലുള്ള പാതകൾ ഒരുക്കിയിട്ടുണ്ട്.
ചില കെട്ടിടങ്ങളെ കുറിച്ച് ഗൈഡ് വാചാലനായി. ഒരു തെരുവോരം ചൂണ്ടിക്കാണിച്ച് അതാണ് ഇവിടത്തെ ചുവന്ന തെരുവ് എന്നും പതിനേഴാം നൂറ്റാണ്ടിൽ കച്ചവടത്തിനായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വ്യാപാരികളെ ആകർഷിക്കാൻ ആയിട്ടാണ് ഇവിടെ ചുവന്ന തെരുവുകൾ ഉത്ഭവിച്ചത് എന്നാണ് ചരിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുകഴിഞ്ഞ് എല്ലാവരും ചില കടകളിൽ കയറി. മിക്ക കടകളുടെ മുൻവശത്തും വളരെ വലിയ ഷൂസുകളുടെ മാതൃകകൾ മരം കൊണ്ട് ഉണ്ടാക്കി വെച്ചിരുന്നു. അതിൽ കയറിനിന്ന് ഫോട്ടോ എടുക്കുന്നത് ഞങ്ങൾക്കെല്ലാം കൗതുകമായി തോന്നി. ഒരു കടയിൽ നിന്നും ആംസ്റ്റർഡാം പട്ടണത്തിന്റെ ചിത്രമുള്ള കുറച്ചു മാഗ്നെറ്റ് സ്റ്റിക്കർ വാങ്ങിച്ചു.

നിറയെ തോടുകളും,കനാലുകളും ട്യൂലിപ് പൂക്കളുമെല്ലാമുള്ള ഒരു സമതല പ്രദേശം ആണ് നെതെർലാൻഡ്. ഞങ്ങൾ എത്തിയത് വസന്തകാലം കഴിഞ്ഞ സമയമായിരുന്നതിനാൽ പൂക്കൾ കുറവായിരുന്നു. എങ്കിലും മറ്റു പല പൂക്കളും തെരുവോരങ്ങളിൽ നിറയെ ഉണ്ടായിരുന്നു.

ശാന്തമായി ഒഴുകുന്ന ഒരു കനാലിന് ചുറ്റുമാണ് നഗരം കെട്ടിപ്പൊക്കിയിരിക്കു ന്നത് . വലുതും ചെറുതുമായ ധാരാളം കനാലുകൾ ഉള്ളതിനാൽ ഉത്തര വെനീസ്( venice of north) എന്ന വിശേഷണവും ഉണ്ട് ഈ പട്ടണത്തിന്. നടന്നു നടന്നു ഞങ്ങൾ ചെന്നെത്തിയത് ലൗവേർസ് കനാൽ ക്രൂയിസ് സംഘടിപ്പിക്കുന്ന യാത്ര നടത്തുന്ന സ്ഥലത്തായിരുന്നു. ഞങ്ങൾക്കുള്ള ടിക്കറ്റ് എടുത്തു ഗൈഡ് വരുന്നതുവരെഅവിടെനിന്ന് പരിസരമാകെ ഒരു വിഹഗവീക്ഷണം നടത്തി.

സൈക്കിൾ യാത്രക്കാർക്ക് വളരെയധികം പരിഗണന നൽകുന്ന ഒരു നഗരമാണ് ആംസ്റ്റർഡാം. ഞങ്ങൾ നിൽക്കുന്ന ബോട്ടുജെട്ടിയോട് ചേർന്നു രണ്ടായിരത്തിലധികം സൈക്കിളുകൾ പാർക്ക് ചെയ്യുവാനുള്ള സ്ഥലം നവീന രീതിയിൽ പണിതിട്ടുണ്ട്.
ടിക്കറ്റെടുത്ത് ഞങ്ങൾ ബോട്ടിൽ കയറി. കെട്ടിടങ്ങൾക്കിടയിലൂടെയും, വീടുകൾക്കിടയിലൂടെയും ഉള്ള ബോട്ട് സവാരി ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഓഡിയോഗൈഡ് വഴി ഓരോ കെട്ടിടങ്ങളുടേയും ചരിത്രവും പ്രത്യേകതകളും കേട്ടുകൊണ്ടിരുന്നു. ഈ യാത്രകൊണ്ട് നഗരകാഴ്ച്ചകൾ ഒരുവിധം കണ്ടു തീർത്തു.

ബോട്ട് യാത്ര കഴിഞ്ഞ് വീണ്ടും ഞങ്ങളുടെ വാഹനത്തിൽ കയറി. മനോഹരമായ സമതലങ്ങളിലൂടെ ഞങ്ങളുടെ വാഹനം നീങ്ങിക്കൊണ്ടിരുന്നു
ഞങ്ങൾ ചെന്നെത്തിയത് ഹോളണ്ടിലെ പ്രശസ്തമായ ഒരു clog and cheese ഫാക്ടറിയിലാണ്. സമയം പന്ത്രണ്ടേ മുക്കാൽ ആകാറായിരിക്കുന്നു. ആദ്യം ഞങ്ങൾ പോയത് ചീസ് ഉണ്ടാക്കുന്ന സ്ഥലത്തേക്കാണ്. നല്ല തടിയുള്ള ഒരു ജർമൻ മദാമ്മ ഞങ്ങൾക്ക് എല്ലാം വിസ്തരിച്ചു പറഞ്ഞു തരാൻ വേണ്ടി അവിടെ വന്നു. ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ അവർ ഹിന്ദിയിൽ അഭിസംബോധന ചെയ്തു.പിന്നീട് ഹിന്ദി സംസാരിക്കണോ ഇംഗ്ലീഷ് സംസാരിക്കണോ എന്ന് ചോദിച്ചു. നമ്മളിൽ പലർക്കും ഹിന്ദി അറിയാത്തതിനാൽ ഇംഗ്ലീഷ് മതി എന്ന് പറഞ്ഞു.

പനീരി(ചീസ് )ന്റെ ഉത്ഭവവും, ഗുണങ്ങളും, വിവിധതരം പനീർക്കട്ടികൾ എങ്ങനെ ഉണ്ടാക്കുന്നു എന്നും വിശദമായി വിവരിച്ചുതന്നു. പല രൂപത്തിലും ഭാവത്തിലും ഉള്ള പനീർ കട്ടികൾ അവിടെ കണ്ടു.

പിന്നീട് ഞങ്ങൾ പോയത് അതിനോട് തൊട്ടു തന്നെയുള്ള clog( മരത്തിന്റെ പാദുകങ്ങൾ) ഫാക്ടറിയിലേക്ക് ആണ്. പ്രത്യേക മരത്തടിയിൽ ഉണ്ടാക്കുന്ന കലാചാതുരിയുള്ള ഷൂസുകൾ. പണ്ടുകാലത്ത് രാജാക്കന്മാരും പടയാളികളും സാധാരണക്കാരും ഉപയോഗിച്ചിരുന്നത് ഇത്തരം ഷൂസുകൾ ആണത്രേ. ഇന്നത് ഉപയോഗിക്കുന്നത് അലങ്കാര വസ്തുക്കൾ ആയാണ്. വളരെ ചെറുതു മുതൽ വളരെ വലിപ്പമുള്ളതു വരെ. ഒരു പ്രായം കൂടിയ ആൾ അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണിച്ചു തന്നു. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന യുഎസിൽ നിന്നും വന്നിരുന്ന ഒരു പയ്യനെ വിളിച്ചു ആ വാൾ ഉപയോഗിച്ച് മരം അതുപോലെ കൊത്തിഎടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. (വാഹനത്തിൽ ഞങ്ങളുടെ തൊട്ടുമുന്നിലുള്ള ഇരിപ്പിടങ്ങളിൽ ആയിരുന്നു അവനും((ഹൃഥ്വിക്)അനിയത്തിയുംഅച്ഛനും അമ്മയും ഇരുന്നിരുന്നത്. ആദ്യ ദിവസങ്ങളിൽ ആ കുടുംബം ആരുമായും അധികം അടുപ്പം കാണിച്ചിരുന്നില്ല, എന്നു മാത്രമല്ല അവരുടെ സൗകര്യത്തിനനുസരിച്ച് ഇരിപ്പിടങ്ങൾ പിന്നിലേക്ക് നീട്ടുകയും ചെയ്തിരുന്നു. ദിവസങ്ങൾ കഴിയുമ്പോൾ ഞങ്ങളുമായി അടുപ്പത്തിലായി. പ്രത്യേകിച്ച് കുട്ടികൾ. ഏട്ടനും അനിയത്തിയും തമ്മിലുള്ള കളിയും പിണക്കവും എല്ലാം കാണുമ്പോൾ ഞാൻ നീലുവിനെയും പ്രശാന്തിനെയും ഓർത്തു കൊണ്ടിരുന്നു. ഏട്ടൻ യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനുമുമ്പ് കുറച്ചുദിവസം അനിയത്തിയേയും കൊണ്ടുള്ള ഒരു യാത്ര.നടന്നുകൊണ്ടുള്ള യാത്രാവേളകളിൽ അവൾ ഇടയ്ക്കു എന്റെ മുന്നിൽ വന്നു വഴിമുടക്കും, അല്ലെങ്കിൽ പിന്നിൽ വന്നു മുടി വലിക്കും എന്നിട്ട് ഒന്നു ചിരിച്ചു ഓടിപ്പോകും).അവൻ അത് കുറച്ചുനേരം ശ്രമിച്ചു, ഒടുവിൽ രണ്ടുമൂന്നു ചീളുകൾ ചീകിയെടുത്തു.

പാദരക്ഷകളുടെ ചരിത്രം അദ്ദേഹം വിവരിച്ചു തന്നു ഒരു പ്രത്യേക തരത്തിലുള്ള ഷൂസ് കാണിച്ചുകൊണ്ട് അതിന്റെ പ്രത്യേകത എന്താണെന്ന് ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ ശ്രദ്ധിച്ചു നോക്കിയപ്പോൾ ഷൂസിന് മുൻഭാഗം ആയി കാണുന്നത് ഉപ്പൂറ്റിയുടെ ഭാഗമാണ്. ഷൂസ് ധരിച്ച് നടന്നാൽ, കാലടയാളങ്ങൾ ചൂണ്ടിക്കാണിക്കുന്നത് എതിർദിശ ആയിരിക്കും.അതിന്റെ ചരിത്രം അദ്ദേഹം പറഞ്ഞു തന്നു. പണ്ടുകാലത്ത് ചാരന്മാരും കള്ളന്മാരും ഉപയോഗിച്ചിരുന്നത് ഇത്തരം പാദരക്ഷകൾ ആണത്രേ.
അവിടെ ഉണ്ടാക്കിയിരുന്ന പാദരക്ഷകൾ ഭൂരിഭാഗവും മഞ്ഞനിറത്തിലുള്ളവ ആയിരുന്നു.

ഈ പണിശാലയിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ കാണുന്ന വലിയൊരു ഹാളിൽ പരമ്പരാഗതരീതിയിൽ നിർമ്മിക്കുന്ന നല്ല ഗുണമേന്മയുള്ള വൈനും കൗതുകവസ്തുക്കളും പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി വെച്ചിരിക്കുന്നതു കണ്ടു. കൗതുകവസ്തുക്കളിൽ ഭൂരിഭാഗവും ട്യൂലിപ് പൂക്കളും, കാറ്റാടി യന്ത്രങ്ങളും, പരമ്പരാഗത രീതിയിൽ വസ്ത്രധാരണം ചെയ്ത പാവകളും ആയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന പലരും വൈൻ വാങ്ങി. അതിനോട് തൊട്ട് തന്നെയുണ്ടായിരുന്ന ഭോജനശാലയിൽ ആയിരുന്നു ഉച്ചഭക്ഷണം.

സമയം രണ്ടര കഴിഞ്ഞിരിക്കുന്നു.
ഇനിയുള്ള ഞങ്ങളുടെ യാത്ര വോളൻഡം (volandam ) പട്ടണത്തിലേക്ക് ആണ്. അതിനെക്കുറിച്ച് അടുത്ത ലക്കത്തിൽ എഴുതാം 

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: