17.1 C
New York
Sunday, May 28, 2023
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 11)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 11)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

2018  ജൂലൈ 16, തിങ്കൾ.

ആറുദിവസത്തെ യുകെയിലെ സന്ദർശനത്തിനു ശേഷം ഇന്ന് ഞങ്ങൾ  മറ്റ് യൂറോപ്യൻ രാജ്യങ്ങൾ കാണാൻ യാത്രയാവുകയാണ്. അതിരാവിലെ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും  പുറത്തിറങ്ങി. ഞങ്ങളെ East ham ബസ്റ്റാൻഡിൽ എത്തിക്കുന്നതിനായി, ഉണ്ണി, കാറും കൊണ്ട് താഴെ എത്തിയിരുന്നു. മാധുരിയേയും രഘുഏട്ടനെയും കൊണ്ടുപോയി വിട്ടിട്ടാണ് ഉണ്ണി എത്തിയിരിക്കുന്നത്.

 ബസ്റ്റോപ്പിൽ ഞങ്ങളുടെ കൂടെ യാത്ര ചെയ്യാനെത്തിയ നാലഞ്ചു കുടുംബങ്ങൾ കൂടി ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പോകാനുള്ളStar Tours എന്ന ടൂർ ഓപ്പറേറ്റേഴ്സന്റെ  കോച്ച് എത്തി.. ഈ വാഹനത്തിലാണ് ഇനിയുള്ള നാളുകളിൽ  ഞങ്ങളുടെ യൂറോപ്യൻ പര്യടനം.. സ്റ്റാർ ടൂർസ് നടത്തുന്ന Shenkan യാത്രയിലാണ് ഞങ്ങളും പങ്കാളികൾ ആയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ  ഇന്ത്യക്കാരെ കൂടാതെ ഒരു പാകിസ്ഥാനി കുടുംബവും ഞങ്ങളുടെ സഹയാത്രികരായി ഉണ്ടായിരുന്നു.

എല്ലാവരുടെയും പെട്ടികൾ ഭാരം തൂക്കി നോക്കി വെച്ചു. ഉണ്ണിയോടും ലതയോടും യാത്ര പറഞ്ഞ് ഞങ്ങൾ വാഹനത്തിൽ കയറി.ഏകദേശം മധ്യഭാഗത്തുള്ള ഇരിപ്പിടങ്ങൾ ആണ് ഞങ്ങൾക്ക് കിട്ടിയത്.യാത്രയിൽ മുഴുവൻ ഇതാണ് സീറ്റ് എന്ന് പറഞ്ഞത് എനിക്ക് അത്ര രസിച്ചില്ല.

 6മണിക്കു മുൻപേ യാത്ര  തുടങ്ങി.. ബോംബെക്കാരനായ  സന്തോഷാണ് ഈ യാത്രയിൽ ഞങ്ങളുടെ ഗൈഡ്.ഒരു ആജാനബാഹുവായ  ഗൗരവ പ്രകൃതിയുള്ള ഒരാൾ. അയാൾ എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകി. ഡ്രൈവർ ഒരു സ്പാനിഷ് കാരനായിരുന്നു.അയാൾക്ക് സ്പാനിഷ് ഭാഷയൊഴികെ ഒരു ഭാഷയും അറിയില്ല. ഞങ്ങൾ പോകുന്നത് ഡോവർ പോർട്ടിലേക്ക് ആണ്. വഴിനീളെ മനോഹരമായ കാഴ്ചകൾ. ചില സമയങ്ങളിൽ മഴ ചാറുന്നുണ്ടായിരുന്നു. മൂന്നു മണിക്കൂറിലധികം എടുത്ത യാത്രയായിരുന്നു അത്. യാത്രയിൽ പലസ്ഥലത്തും മഞ്ഞുമൂടിയ മലനിരകൾ കണ്ടിരുന്നു.

ആദ്യമായുള്ള കപ്പൽ സഞ്ചാരം നടത്തുവാൻ പോവുകയാണ്.അതിന്റേതായ ഒരു ആഹ്ലാദവും ജിജ്ഞാസയും ഉണ്ടായിരുന്നു.

യുകെയിലെ ഡോവർ പോർട്ടിൽ നിന്നും ഫ്രാൻസിലെ കലെയ്‌സ് (Calais) പോർട്ടിലേക്കു  ഇംഗ്ലീഷ് ചാനലിൽ കൂടിയുള്ള യാത്ര.(  ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും കൊച്ചിയിൽ കൊണ്ടുപോയപ്പോൾ അവിടെ അന്ന് നങ്കൂരമിട്ടു കിടന്നിരുന്ന ഒരു വലിയ കപ്പലിൽ കയറി ഉൾഭാഗം എല്ലാം കണ്ടിട്ടുണ്ടായിരുന്നു. അന്ന് കുറെ സായിപ്പന്മാർ  അസ്തമയ സൂര്യന്റെ വെയിൽ കായാനായി    കപ്പലിന്റെ ഡക്കിൽ അൽപ വസ്ത്രധാരികളായി കിടന്നിരുന്നത് ഞങ്ങൾ കുട്ടികൾക്ക് വളരെ അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. അതെല്ലാം ഞാൻ ഓർത്തുപോയി. )

അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ഒരു ഭാഗമാണ് ഇംഗ്ലീഷ് ചാനൽ. North sea യെ അറ്റ്ലാന്റിക് മഹാസമുദ്രവും ആയി യോജിപ്പിക്കുന്ന ഈ ചാനൽ ആണ്  വടക്കൻ ഫ്രാൻസിനെ യുകെയുമായി വേർതിരിക്കുന്നത്. 350 മൈൽ നീളമുള്ള ഈ  ചാനൽ ഇന്ന് വളരെ തിരക്കുള്ള കപ്പൽ ഗതാഗത മാർഗ്ഗമാണ്. ഇതിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണ് ഇവിടെ . 27 നോട്ടിക്കൽ മൈൽ ദൂരം ആണ് 2 തുറമുഖങ്ങളുംതമ്മിലുള്ള അകലം. 

P&O  ferries (ലോകത്തിലെ വളരെ മുൻനിരയിലുള്ള ഫെറി ഓപ്പറേറ്റേഴ്സ് ആണിവർ) ദിനംപ്രതി 23 സർവീസ് നടത്തുന്നുണ്ട്..

വളരെ തിരക്കേറിയ ഒരു തുറമുഖം ആണിത്. ഏതു വഴി കയറണമെന്നും ഇറങ്ങണമെന്നും എല്ലാമുള്ള നിർദ്ദേശങ്ങൾ ഗൈഡ് എല്ലാവർക്കും തന്നു.. കപ്പലിനുള്ളിൽ ഓരോനിലയിലും ഞങ്ങൾ നടന്നു. കോഫി ഷോപ്പ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ബാർ  എല്ലാം അതിനുള്ളിലുണ്ട്. ഞങ്ങൾ  മുകളിൽ ഡെക്കിൽ വന്നുനിന്നു. ഡോവർ വൈറ്റ് cliff ന്റെ മനോഹരമായ കാഴ്ച. എല്ലാവരും വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നു. അതിനിടയിൽ കുറച്ചു കടൽ പക്ഷികൾ(sea gull )  ഞങ്ങളുടെ അടുത്തേക്ക് പറന്നു വന്നിരുന്നു. യാത്രക്കാരിൽ ചില കുട്ടികൾ  ആഹാര സാധനങ്ങൾ എറിഞ്ഞു കൊടുക്കുന്നത് കണ്ടു കൂടുതൽ പക്ഷികൾ പറന്നു വന്നു. അതൊരു രസകരമായ  കാഴ്ചയായിരുന്നു. ഫ്രാൻസിലെ തീരക്കാഴ്ചകൾ കാണുന്നതും വളരെ ഭംഗിയായിരുന്നു. 

ഒന്നരമണിക്കൂർ യാത്രയ്ക്കുശേഷം ഞങ്ങൾ. calais  തുറമുഖത്ത് ഇറങ്ങി.. 

വീണ്ടും കോച്ചിൽ കയറി യാത്ര. നേരെ പോയത് ഭക്ഷണം കഴിക്കാനാണ്. ഗുജറാത്തി സ്റ്റൈൽ ഉള്ള ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര. വണ്ടി ഫ്രാൻസിൽ നിന്നും ബെൽജിയത്തിയിലേക്ക്  കടന്നിരിക്കുന്നു. മൊബൈലിൽ വെൽക്കം മെസ്സേജ് വന്നു. വാഹനം ഓടിക്കൊണ്ടിരിക്കുന്നു. 

ഇപ്പോൾ ഒരു പട്ടണത്തിലൂടെയാണ് യാത്ര. റോഡിനിരുവശത്തുംകാണാൻ നല്ല ഭംഗിയുള്ള  വലിയ കെട്ടിടങ്ങൾ. ബെൽജിയത്തിന്റെ  തലസ്ഥാനമായ ബ്രസ്സൽസിൽ കൂടിയാണ് ഇപ്പോൾ യാത്ര. Manekan pis statue കാണാനാണ് പോകുന്നത് എന്നു പറഞ്ഞു, മിസ്റ്റർ സന്തോഷ് അതിന്റെ ഒരു വിവരണം തന്നു. 

1619ൽ ഉണ്ടാക്കിയ ഈ വെങ്കലപ്രതിമക്ക് ബ്രസൽസ് ഓൾഡസ്റ്റ് സിറ്റിസൺ(Brussels oldest citizen ) എന്ന ചെല്ലപ്പേരുണ്ട്.  61 സെന്റീമീറ്റർ ഉയരം ഉള്ള ഈ പ്രതിമ ബ്രസ്സൽസിന്റെ   മദ്ധ്യഭാഗത്തുള്ള St.Jans Molenbeek മുൻസിപ്പാലിറ്റിയിൽ ആണ് സ്ഥാപിച്ചിരിക്കുന്നത്. 1619ൽ നിർമ്മിച്ച യഥാർത്ഥ പ്രതിമ ഇപ്പോൾ മ്യൂസിയം ഓഫ് ദി സിറ്റി ഓഫ്  ബ്രസ്സൽസിൽ  ആണ് ഉള്ളത്. ഇവിടെ തെരുവിലുള്ളത്  ഒരു മാതൃക  മാത്രമാണ്.

വാഹനം ഒരു ഭാഗത്ത് പാർക്ക് ചെയ്തു. ഞങ്ങൾ എല്ലാവരും നടക്കാൻ തുടങ്ങി.

ഈ പ്രതിമ നിർമ്മിച്ചതിന് പിന്നിലായി വളരെയധികം ഐതിഹ്യങ്ങൾ ഉള്ളതായി ഗൈഡ് പറഞ്ഞു പതിനഞ്ചാം നൂറ്റാണ്ടു വരെ ആ പട്ടണത്തിലെ  കുടിവെള്ള വിതരണത്തിനുള്ള  ഉപാധിയായിരുന്നു ഈ പ്രതിമ.ചില കഥകൾ ഗൈഡ് പറഞ്ഞത് ഞങ്ങൾക്കു കൗതുകമേകി.

ഒരു കഥ ഇങ്ങനെ… പണ്ടൊരിക്കൽ ഈ നാടിനെ ശത്രുരാജ്യക്കാർ വളഞ്ഞു. യുദ്ധം നടക്കുമ്പോൾ, തങ്ങൾക്കു ധൈര്യവും യുദ്ധാവേശവും  നഷ്ടപ്പെടാതിരിക്കാനായി, രണ്ടുവയസ്സുള്ള രാജകുമാരനെ പടയാളികൾ  കൊട്ടയിലാക്കി ഒരു മരത്തിൽ  തൂക്കിയിട്ടു. ആ കുട്ടി അവിടെ കിടന്നു എതിരാളികളുടെ സ്ഫോടകവസ്തുക്കളിലേക്ക്  മൂത്രമൊഴിച്ചു എന്നും അങ്ങനെ അവർ രക്ഷപ്പെട്ടുവെന്നുമാണ്.

വേറൊരു കഥ ധനികനായ ഒരു വ്യാപാരി കുടുംബസമേതം അവിടെ യാത്രചെയ്യുമ്പോൾ തന്റെ ഓമന പുത്രനെ നഷ്ടപ്പെട്ടു.. പുത്രനെ കാണാതെ നഗരം മുഴുവൻ അലഞ്ഞുനടന്ന അദ്ദേഹം ഒരു തോട്ടത്തിൽ മൂത്രമൊഴിച്ചു കൊണ്ട് നിൽക്കുന്ന തന്റെ മകനെ കണ്ടു.സന്തുഷ്ടനായ വ്യാപാരി തന്നെ സഹായിച്ച ആ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ജലധാരയാണ് ആ പ്രതിമ എന്നാണ് വേറൊരു ഐതിഹ്യം.

 ഇങ്ങനെ പല കഥകളുണ്ട് എന്നായി ഗൈഡ് പറഞ്ഞു

 എന്തായാലും ആ നാട്ടിലുള്ളവർ ഫലിത പ്രിയരും സരസൻമാരും ആണെന്ന് ഈ കഥകൾ വിളിച്ചോതുന്നു 

 ഓരോ നാട്ടിലും അവിശ്വസനീയവും സരസവുമായ എന്തെല്ലാം പഴങ്കഥകളാണ് ഉള്ളത് അല്ലേ? 

 ഒരു ചത്വരത്തിലേക്ക് ആണു ഞങ്ങൾ ചെന്നെത്തിയത്. ഒരേ രീതിയിൽ പണിത ഭീമാകാരങ്ങളായ കെട്ടിടങ്ങൾ. പഴയകാലത്തെ ഏതോ കൊട്ടാരങ്ങൾ  ആണെന്ന് തോന്നുന്നു. നടന്നു പോകുന്നതിനിടയിൽ Madame Tussads  wax museum, Incredible India എന്ന പേരിൽ ഒരു ബൊട്ടീക്, എന്നിവ കണ്ടു. കൗതുക വസ്തുക്കൾ വില്പനയ്ക്ക് വെച്ചിരിക്കുന്ന പല കടകളും കണ്ടു. എല്ലാ കടകളിലും Manekan pis statueവിന്റെ പല വലിപ്പത്തിലുള്ള പ്രതിമകൾ കണ്ടു, റോഡരികിലും, കെട്ടിടങ്ങളുടെ  ഭാഗങ്ങളിലും ചെറിയ ചെറിയ ചട്ടികളിൽ മനോഹരമായ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് വളരെ ഹൃദ്യമായ ഒരു കാഴ്ചയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന നിരഞ്ജൻഭായിയെയും ഉർവ്വശ്ശിഭാഭിയേയും പരിചയപ്പെട്ടു. (70 വയസ്സിന് മുകളിൽ പ്രായം ഉള്ള അവർ ചെറുപ്പക്കാരെക്കാൾ ഉത്സാഹത്തോടെയാണ് യാത്രയിലുടനീളം ഓടി നടന്നിരുന്നത്.) ഗുജറാത്തികൾ ആണെങ്കിലും വർഷങ്ങളായി യു. എസ് നിവാസികളാണ്.അവിടെ ബിസിനസ് നടത്തുകയാണ്. ഇപ്പോള്‍മക്കള്‍ക്ക്അതെല്ലാം ഏല്പിച്ചുകൊടുത്തു രാജ്യങ്ങള്‍ കാണാന്‍ ഇറങ്ങിയിരിക്കയാണ് 

ഫോട്ടോയെടുത്തും വീഡിയോയെടുത്തും ഞങ്ങൾ    Manekan pis പ്രതിമയ്ക്കരികിലെത്തി. നഗ്നനായ ഒരു കുട്ടി താഴെ വച്ചിരിക്കുന്ന ഒരു ബേസിനിലേക്ക് മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ജലധാരപ്രതിമ. ഇത് 1965ൽ  ഉണ്ടാക്കിയതാണ്.പിന്നെയും ധാരാളം മനോഹര ശില്പങ്ങൾ തെരുവോരങ്ങളിൽ കണ്ടു. ഓരോ ശില്പത്തിന് അരികിലും ശില്പിയെ കുറിച്ചുള്ള ഒരു ചെറു വിവരണം ഉണ്ടായിരുന്നു.. പലതിന്റെയും ഫോട്ടോയെടുത്തു.മധ്യകാലഘട്ടത്തിൽ ശില്പനിർമ്മാണത്തിൽ അവിടെയുള്ളവർ  അഗ്രഗണ്യരായിരുന്നു എന്ന് ഓരോ ശില്പങ്ങളും വിളിച്ചോതുന്നുണ്ടായിരുന്നു.

ഭംഗിയുള്ള തെരുവീഥികളിലൂടെ, സുഖമുള്ള അന്തരീക്ഷത്തിൽ നടന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല. സമയം നാലേമുക്കാൽ കഴിഞ്ഞിരിക്കുന്നു. വാഹനം പുറപ്പെടാനുള്ള സമയമായിരിക്കുന്നു എല്ലാവരും വാഹനത്തിൽ കയറിയപ്പോൾ  വീണ്ടും യാത്ര തുടങ്ങി.

അടുത്ത ലക്ഷ്യം വളരെയധികം സഞ്ചാരികൾ സന്ദർശിക്കുന്ന ഒരു പ്രധാന സ്ഥലമായ The Atomium ആണെന്ന് ഗൈഡ് പറഞ്ഞു.

1958 ൽ ബ്രസൽസ്സിൽ വേൾഡ് എക്സ്പോ  നടത്തുന്നതിനുവേണ്ടി ഉണ്ടാക്കിയതാണ് അറ്റോമിയം.Heysel  പീഠഭൂമിയിൽ ആണ് ഇത് പണിതിരിക്കുന്നത്. അവിടെയാണ് അന്ന് എക്സിബിഷൻ നടന്നത്. ഇതിന്റെ നിർമാണം നടക്കുമ്പോൾ ഇത് നിലനിർത്തണമെന്നുംഇതിനു  ഇത്രയും പ്രശസ്തി കൈവരുമെന്നും അവർ കരുതിയിരുന്നില്ല. ഇന്ന് ഇതൊരു മ്യൂസിയമാണ് Andre Waterkeyn, Andre Polak, Jean Polak എന്നിവരാണ് ഇതിന്റെ ശിൽപ്പികൾ. 18 മീറ്റർ വ്യാസമുള്ള, സ്റ്റെയിൻലെസ്സ്റ്റീൽ കൊണ്ട് പൊതിഞ്ഞ 9 ഗോളങ്ങൾ, ദൃഢമായ ട്യൂബുകൾ വഴി പരസ്പരം ബന്ധിപ്പിച്ച് നിലയിലാണ് ഇതിന്റെ നിർമ്മിതി. ഇതിനു  102 മീറ്റർ ഉയരമുണ്ട്. ഇരുമ്പു ക്രിസ്റ്റലിന്റെ   9 ആറ്റത്തെ പ്രതിനിധീകരിക്കുന്ന നിലയിലാണ് ഇതിന്റെ നിർമ്മിതി. 

6ഗോളങ്ങളിലേക്ക് മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. പണിയുന്ന കാലത്ത് ലോകത്തിലെ ഏറ്റവും വലിയ വേഗതയുള്ള എലിവേറ്റർ ഇതിന്റെ സെൻട്രൽ ട്യൂബിൽ ഉള്ളതായിരുന്നു. എക്സിബിഷൻ കഴിഞ്ഞാൽ പൊളിക്കണം എന്ന് കരുതിയ ഈ നിർമിതി ഇന്ന് നല്ലൊരു മ്യൂസിയമാണ്. ഞങ്ങൾ അവിടെയെത്തുമ്പോൾ സമയം6മണി  ആയിരുന്നു. മ്യൂസിയം കാണുന്നതിന് നല്ല പ്രവേശനഫീസ് ഉണ്ടായിരുന്നു

അതിൽ പ്രവേശിക്കാനുള്ള പാക്കേജ് ഞങ്ങളുടെ ടൂർ പാക്കേജിൽ ഉണ്ടായിരുന്നില്ല. അതിനാൽ  പുറമേനിന്ന് കണ്ടു വീഡിയോയും ഫോട്ടോയും എടുത്തു തൃപ്തിയടയേണ്ടിവന്നു. അതിനിടയിൽ പ്രതീക്ഷിച്ചിരിക്കാതെ പെട്ടെന്നാണ് പൊടിക്കാറ്റ് ആഞ്ഞുവീശാൻ തുടങ്ങിയത്. അകമ്പടിയായി  മഴയും ചാറാൻ തുടങ്ങി. സമയം 6:20 കഴിഞ്ഞിരിക്കുന്നു അപ്പോൾ. എല്ലാവരും വേഗം വാഹനത്തിലേക്ക് നടന്നു. വാഹനം വീണ്ടും നീങ്ങി തുടങ്ങി. വൃത്തിയുള്ള നിരത്തുകൾ ഭംഗിയുള്ള പ്രകൃതിദൃശ്യങ്ങൾ. ഇപ്പോൾ മഴയൊന്നും ഇല്ല. നീലാകാശത്തിൽ  പറന്നു നീങ്ങുന്ന മേഘക്കൂട്ടങ്ങളെ കാണുവാൻ നല്ല ഭംഗി. ആകാശനീലിമയുടെ ഭംഗി ആസ്വദിച്ചറിയാനുള്ള അവസരം ഒട്ടും പാഴാക്കിയില്ല ഞാൻ. ഇപ്പോൾ വാഹനം ഓടുന്നത്  നെതർലാൻഡിൽകൂടിയാണ്. വടക്ക് പടിഞ്ഞാറൻ യൂറോപ്പിലെ ഒരു രാജ്യമാണ് നെതർലാൻഡ്.  ഹരിതാഭ നിറഞ്ഞ സമതലപ്രദേശങ്ങൾ. ഇടയ്ക്കിടെ കാറ്റാടിയന്ത്രങ്ങൾ കാണാം. 

ഏകദേശം 8:45 ആയപ്പോൾ  ഞങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടലിനു മുൻപിൽ വാഹനം എത്തി. എല്ലാവരും ഇറങ്ങി അവരവരുടെ പെട്ടികൾ വണ്ടിയിൽ നിന്ന് ഇറക്കുന്നതും കാത്തുനിന്നു. പെട്ടിയെടുത്ത് ഹോട്ടൽ റിസപ്ഷനിലേക്ക് നടന്നു. അവിടെ എല്ലാവവരുടെയും പേരുവിളിച്ച് മുറികളുടെ താക്കോൽ കൊടുക്കുന്ന തിരക്കിലായിരുന്നു മിസ്റ്റർ സന്തോഷ്.ഞങ്ങൾക്ക് അടുത്തടുത്തുള്ള മുറികൾ  തരണമെന്ന്  ആവശ്യപ്പെട്ടതനുസരിച്ച് അങ്ങനെ തന്നെ ലഭിച്ചു. പെട്ടികൾ കൊണ്ട് വെച്ച് വേഗം തന്നെ ഭക്ഷണം കഴിക്കാൻ താഴെയുള്ള ഡൈനിങ്ങ്  ഹാളിൽ എത്തണം എന്ന് ഗൈഡ് ആവശ്യപ്പെട്ടു. വൈഫൈ പാസ്സ്‌വേർഡ് തന്നു. മുറിയിലെത്തി. നല്ല സൗകര്യമുള്ള മുറി.ഒന്ന് ഫ്രഷ് ആയി ഞങ്ങൾ നാലുപേരും വേഗം താഴെ ഹാളിലേക്ക് നടന്നു. വലിയ ഹാളിന്റ്റെ  അറ്റത്തായി പുറം കാഴ്ചകൾ കാണാൻ സാധിക്കുന്ന സ്ഥലത്തുള്ള ഇരിപ്പിടങ്ങളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. സമയം ഒൻപതര കഴിഞ്ഞെങ്കിലും സൂര്യനസ്തമിച്ചിരുന്നില്ല.

അങ്ങനെ പകൽ വെളിച്ചത്തിൽ ഞങ്ങൾ അത്താഴം കഴിച്ചു. അതുകഴിഞ്ഞ് കുറച്ചുനേരം ഞങ്ങൾ നാലുപേരും  നടന്നു. പുറത്തു കണ്ട കൂട്ടത്തിൽ വന്നിരുന്ന പലരുമായും പരിചയപ്പെട്ടു.

മുറിയിലെത്തി മക്കൾക്ക് സന്ദേശമയച്ചു. വിവരങ്ങളെല്ലാം അറിയിച്ചു. അവിടെ വാട്സപ്പ് കോൾ നിയമവിധേയംആണെങ്കിലും യുഎഇയിൽ അത് കിട്ടുകയില്ല. അതിനാൽ സന്ദേശങ്ങൾ മാത്രം അയച്ചു.

വളരെ നീണ്ട യാത്ര ആയിരുന്നെങ്കിലും ഒട്ടും ക്ഷീണം തോന്നിയിരുന്നില്ല. പിറ്റേന്ന് രാവിലെ ഏഴരയോടെ പ്രഭാതഭക്ഷണത്തിന് അവിടെ എത്തണം എന്ന് നിർദ്ദേശമുണ്ട്.

പുതിയ അനുഭവങ്ങൾ നൽകിയ ഒരു ദിവസം കൂടി കടന്നുപോകുന്നു.

അഞ്ചരയ്ക്കുള്ള അലാറം സെറ്റ് ചെയ്ത് ഞങ്ങൾ ഉറങ്ങാൻ കിടന്നു., 

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. ഏറെ ഇഷ്ടമായി
    വായനയിലൂടെ എല്ലാം കണ്ടു
    കുട്ടിയുടെ പ്രതിമയുടെ പിന്നിലുള്ള കഥയും
    Congratulations dear❤️💕

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: