17.1 C
New York
Saturday, June 3, 2023
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 10)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 10)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ


2018 ജൂലൈ 15, ഞായർ

രാവിലെ പതിവുപോലെ നേരത്തെ തന്നെ ഉണർന്നു. ഇന്ന് ഈസ്ററ്ഹാം എന്ന സ്ഥലത്ത് പോകണം എന്നാണ് പരിപാടി.ബാർക്കിങ്ങിനടുത്തുള്ള സാമാന്യം വലിപ്പമുള്ള ഒരു പട്ടണമാണ് ഈസ്റ്റ് ഹാം . അവിടെ പോയി കുറച്ച് സാധനങ്ങൾ വാങ്ങണം. നാളെ മുതൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉള്ള യാത്ര ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്. കൂടാതെ അവിടെ ഇന്ത്യൻ റസ്റ്റോറന്റ് ഉണ്ടെന്ന് കേട്ടു. കുറച്ച് ഇന്ത്യൻ ഭക്ഷണം കഴിക്കണമെന്ന ആഗ്രഹവും ഉണ്ട്‌ ..

മുറി പൂട്ടി പുറത്തിറങ്ങി.
റോഡ്സൈഡിൽ എന്നും ഉയരാറുള്ള കടകൾ ഉണ്ടെങ്കിൽ അവിടെ നിന്നും എന്തെങ്കിലും വാങ്ങാമെന്നും കരുതി ഞങ്ങൾ ആ വഴിയെ നടന്നു. എന്നാൽ ഇന്ന് ഞായറാഴ്ചയായതിനാൽ അവർക്ക് അവധിയായിരുന്നു..
അതിനാൽ ഞങ്ങൾ ബാർക്കിങ്ങ് സ്റ്റേഷനിലേക്ക് നടന്നു. ഞങ്ങൾ രണ്ടുപേരും മാത്രമായി ഇവിടെ നടത്തുന്ന ആദ്യയാത്ര. ട്രെയിൻ കയറി ഈസ്റ്റ് ഹാം സ്റ്റേഷനിൽ ചെന്നിറങ്ങി. പുറത്തു കടന്നു തെരുവു കാണാനിറങ്ങി.

ലണ്ടനിലെ ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഒരു നഗരമാണ് ഈസ്റ്റ് ഹാം. ഒരു മഹാലക്ഷ്‌മി ക്ഷേത്രവും ഒരു മുരുക ക്ഷേത്രവും ഈ തെരുവിലുണ്ട്.മുസ്ലിം പള്ളികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യക്കാർക്ക് ആവശ്യമായ ഒരുവിധം എല്ലാ ഭക്ഷണസാധനങ്ങളും പൂജാദ്രവ്യങ്ങളും മറ്റു സാധനങ്ങളും ലഭിക്കുന്ന കടകളും ഇവിടെയുണ്ട്. റോഡിൽ തന്നെ ഇന്ത്യയുടെ വിവിധ ഭാഗത്തുള്ള പലരെയും അവരുടെ തനതായ വേഷവിധാനത്തിൽ കണ്ടു.
(വഴിയിൽ കണ്ട ഒരാളോട് തമിഴ്നാട്ടുകാരനായിരുന്നു അയാൾ)ഞങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്കുള്ള വഴി ഒന്നു കൂടി ചോദിച്ചു ഉറപ്പു വരുത്തി.

യാത്രതിരിക്കുമ്പോൾ തന്നെ മോൻ പറഞ്ഞിരുന്നു, Primark കടയെപ്പറ്റി. യു. കെയിൽ നമുക്ക് സാധാരണ ആവശ്യമായ സാധനങ്ങൾ ന്യായമായ വിലയിൽ ലഭിക്കുന്ന കടകളുടെ ശൃംഖലയാണ് ഇത്.വിശാലമായ ഒരു കടയായിരുന്നു അത്. കുറെ നേരം അവിടെ എല്ലാം ചുറ്റിനടന്നു കണ്ടു. തണുപ്പിനെ പ്രതിരോധിക്കാനുള്ള ഒരു കമ്പിളി കുപ്പായവും, രോമത്തൊപ്പിയും, കൈയുറകളുമെല്ലാം അവിടെ നിന്നും വാങ്ങി, പുറത്തിറങ്ങി. വെയിലിനു നല്ല ചൂടുണ്ടായിരുന്നു. തെരുവിലൂടെ നടക്കുമ്പോൾ അവിടത്തെ ക്ഷേത്രം കണ്ടു. വലിയ ഗോപുരത്തോടുകൂടി നിൽക്കുന്ന ക്ഷേത്രം. ക്ഷേത്രത്തിനകത്തേക്ക് കടന്നില്ല സമയം പതിനൊന്നര കഴിഞ്ഞിരുന്നു.

റോഡ് മുറിച്ചു കടന്നപ്പോൾ ഏതെടുത്താലും ഒന്നോ രണ്ടോ പൗണ്ട് മാത്രം എന്നെഴുതിയ ഒരു കട കണ്ടു. ആ കടയിൽ നല്ല തിരക്കായിരുന്നു. ഞങ്ങളും അവിടെ കയറി നോക്കി. പച്ചക്കറികൾ , പഴവർഗങ്ങൾ , ബിസ്ക്കറ്റ്, മിഠായി, കളിപ്പാട്ടങ്ങൾ തുടങ്ങി പലതും വിൽക്കുന്ന കടയാണത്. One or two pounds only എന്നെഴുതി വെച്ചിട്ടുണ്ടെങ്കിലും ചില സാധനങ്ങൾക്ക് അതിനേക്കാൾ വിലയുണ്ടായിരുന്നു ഇവിടെ. എങ്കിലും ബാർക്കിംഗിൽ കണ്ട സൂപ്പർ മാർക്കറ്റിനെ അപേക്ഷിച്ച് വില കുറവായിരുന്നു ഇവിടെ. ബിസ്കറ്റും ബ്രഡും പഴങ്ങളും വാങ്ങി .
അവിടെ നിന്നിറങ്ങി നടക്കുമ്പോൾ SASI എന്നു പേരുള്ള ഒരു കട കണ്ടത് ഞങ്ങളിൽ ചിരിയുണർത്തി. അടുത്തുതന്നെയുള്ള ശരവണഭവൻ റസ്റ്റോറന്റിലേക്കാണ് പോയത്. ചെന്നു കയറുന്ന ചെറിയ മുറി നിറയെ ഊഴം കാത്ത് ആളുകൾ തിങ്ങി നിൽക്കുന്നു.
അതിനിടയിൽ ഒരു ചെറിയ കുടുംബത്തെ കണ്ടു. അച്ഛനും അമ്മയും ഒരു മകളും. ഒരു ചെറു പുഞ്ചിരി കൈ മാറി, ശശിയേട്ടൻ സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ അവിടെ നിന്നു. ഞങ്ങളുടെ ഊഴം വന്നപ്പോൾഒരേ മേശയിൽ ഞങ്ങളുടെ എതിർവശത്തുള്ള സീറ്റിൽ ആണ് അവരും ഇരുന്നത്. അവരെ കൂടുതൽ പരിചയപ്പെട്ടു. കാലടി സ്വദേശിയായ ധനേഷും, മൂവാറ്റുപുഴസ്വദേശിയായ ഭാര്യ ഇന്ദുവും മകൾ നാലുവയസ്സുകാരി ദേവികയും. അവർ Royal Tunbridge Wells എന്ന സ്ഥലത്താണ് താമസം. രണ്ടുപേരും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നു. ഞായറാഴ്ചയായതിനാൽ ക്ഷേത്രത്തിൽ തൊഴാൻ വന്നതാണവർ. ക്ഷേത്രത്തിലെ പ്രസാദമൂട്ട് കഴിച്ചെങ്കിലും ഗർഭിണിയായ ഭാര്യയ്ക്ക് മസാലദോശ കഴിക്കാൻ വേണ്ടി ഹോട്ടലിൽ കയറിയതാണ് അവർ. വളരെ സ്നേഹമുള്ള രണ്ടു മക്കൾ. ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനെയും അമ്മയെയും കണ്ട പോലെ തോന്നുന്നു അവരോട് സംസാരിക്കുന്ന പോലെ തോന്നുന്നു എന്നെല്ലാം പറഞ്ഞു, ഞങ്ങളുടെ ഭക്ഷണത്തിന്റെ ബില്‍ കൊടുക്കുവാൻ അവർ സമ്മതിച്ചില്ല. ഞങ്ങൾ മസാലദോശ പാർസൽ കിട്ടുമോ എന്നന്വേഷിച്ചു. ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാൽ അവിടെ പാർസൽ സർവീസ് ഇല്ലെന്ന് അറിഞ്ഞു. ( അത്രയധികം തിരക്കാണ് ഹോട്ടലിൽ). പുറത്തിറങ്ങിയപ്പോൾ ഞങ്ങളെ ബാർക്കിംഗിൽ കൊണ്ടു വിടാം എന്നായി ധനേഷ് പറഞ്ഞു. കാറിൽ ഞങ്ങളെയിരുത്തി ഇപ്പോൾ വരാം കുറച്ചു സാധനങ്ങൾ കൂടി വാങ്ങാനുണ്ട് എന്ന് പറഞ്ഞു ധനേഷ് പോയി. ചെറുതായി പെയ്യുന്ന മഴയും നോക്കി ഞങ്ങൾ കാറിൽ ഇരുന്നു. മഴചാറുന്നുണ്ടായിരുന്നെങ്കിലും നല്ല ഉഷ്ണം ഉണ്ടായിരുന്നു. കാർ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു. ഇവിടെ വരുമ്പോഴെല്ലാം അയൽപക്കക്കാർക്കു കൂടി ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകും എന്നായി ഇന്ദു പറഞ്ഞു. അവരുടെ വീടിരിക്കുന്ന സ്ഥലത്തു ഇന്ത്യൻ സാധനങ്ങൾ കിട്ടുന്ന കടകൾ ഇല്ലത്രേ. കുറച്ചുകഴിഞ്ഞപ്പോൾ എന്തെല്ലാമോ പൊതിയുമായി മഴ നനഞ്ഞ് ധനേഷ് വന്നു. ധനേഷിൻറെ പാട്ടും ശശിയേട്ടന്റെ ചൂളം വിളിയും എല്ലാമായി ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തിയത് അറിഞ്ഞതേയില്ല.

മറ്റു രാജ്യങ്ങൾ സന്ദർശിച്ചു വീണ്ടും ഇംഗ്ളണ്ടിൽ എത്തുമ്പോൾ ഒരുദിവസമെങ്കിലും അവരോടൊപ്പം താമസിക്കണം എന്ന് പറഞ്ഞു ഫോൺ നമ്പർ തന്നു. ഞങ്ങൾ കാറിൽ നിന്നിറങ്ങിയപ്പോൾ ഒരു പാർസൽ ഞങ്ങളുടെ കയ്യിൽ തന്നു. ഞങ്ങൾ ആവശ്യപ്പെട്ട മസാലദോശ വാങ്ങാൻ വേണ്ടി അടുത്ത അന്നപൂർണ റസ്റ്റോറന്റിൽ പോയതായിരുന്നു ധനേഷ്
എന്ന് ഞങ്ങൾക്ക് മനസ്സിലായി. നമ്മൾ തമ്മിൽ എന്തോ മുജ്ജന്മ ബന്ധം ഉണ്ടെന്ന് തോന്നുന്നു ധനേഷ് പറഞ്ഞപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോയി.ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സൗഹൃദം കൂടി ഈ യാത്രയിൽ ഞങ്ങൾക്ക് ലഭിച്ചു.

നേരം വൈകിയതിനാൽ അവർ മുകളിലേക്ക് ഞങ്ങളുടെ മുറിയിലേക്ക് വന്നില്ല. അവരോട് യാത്ര പറഞ്ഞു മുറിയിലെത്തി വിശ്രമിച്ചതിനു ശേഷം
പിറ്റേദിവസത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. നാളെ അതിരാവിലെ എഴുന്നേൽക്കേണ്ടതുണ്ട്.
നാളെ മുതലാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ കാണുവാനുള്ള യാത്ര തുടങ്ങുന്നത്.

ആ വിശേഷങ്ങളുമായി അടുത്ത ലക്കത്തിൽ കാണാം.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...

ഒഡീഷ ട്രെയിൻ അപകടം; മരണം 280 ലെത്തി, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു...

ജൂൺ ആറ് വരെ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;നാളെമുതൽ ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...
WP2Social Auto Publish Powered By : XYZScripts.com
error: