ജൂലൈ 14-
വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ച റോമൻ ബാത്ത്.
ഇവിടെ തീർത്ഥഅരുവി (sacred spring ), റോമൻ ക്ഷേത്രം (Roman temple ), സ്നാന ഘട്ടം(Roman bath house) എന്നിവ കൂടാതെ മ്യൂസിയവും കണ്ടു.
ചരിത്രവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സ്ഥലമാണിവിടം.
വെള്ളം ചൂടാക്കുന്ന വൈദ്യുതിയോ, സൗരോര്‍ജ്ജമോ ഇല്ലാതെ,ചൂടു വെള്ളത്തിന്റെ അരുവികള്‍ ഉണ്ടാവുന്നു. (അലൈനിലെ green മുബസറയിൽ അത്തരം അരുവികൾ കണ്ടിട്ടുണ്ട് അത് കൊണ്ട് ഇത് അത്ര വിസ്മയമായി തോന്നിയില്ല)

മെന്‍ഡിപ് മലയിടുക്കുകളില്‍ മഴ പെയ്യുമ്പോൾ, വെള്ളം ചുണ്ണാമ്പു പാറയടുക്കുകളിലൂടെ (limestone),നാലായിരം മീറ്ററോളം ഊര്‍ന്നിറങ്ങി താഴെയെത്തുമ്പോഴേക്കും ഭൂസമ്മര്‍ദ്ദവും, ഭൗമതാപോര്‍ജവും (Geothermal) കൊണ്ട് വെള്ളത്തിന്റെ താപനില 70 -90 ഡിഗ്രി സെല്‍ഷ്യസിലെത്തുന്നു. ഈ ജലം ഭൂമര്‍ദ്ദത്തിന്റെ ഫലമായി വിടവുകളിലൂടെ ഉപരിതലത്തിലേക്കു പൊങ്ങി ചൂട് നീരരുവികളായി (Hot Spring) ഉയര്‍ന്നു വരുന്നു. . A D 60 -70 നോടടുത്തു ഇത്തരം മൂന്ന് അരുവികള്‍ റോമന്‍ അധിനിവേശകാലത്ത് ഇവിടെ കണ്ടെത്തിയതാണ്. ഏകദേശം 300 വര്‍ഷങ്ങള്‍ക്കുള്ളില്‍ പണിതുയര്‍ത്തിയ സ്നാനഗോപുരവും, പമ്പുമുറിയും, മ്യൂസിയവും, ഒക്കെചേര്‍ന്നതാണ് ഈ ആകര്‍ഷണകേന്ദ്രം.
പണ്ട് കാലത്ത് റോമന്‍ വീടുകളില്‍ വെള്ളം ലഭിക്കുകയെന്നത് വളരെ ചിലവേറിയ പ്രക്രിയ ആയിരുന്നു . വിലകൂടിയ ഈയ (Lead) ലോഹ പൈപ്പുകളിലൂടെയായിരുന്നു ജലം എത്തിക്കേണ്ടിയിരുന്നത് . അതുകൊണ്ട് തന്നെ വീടുകളില്‍ ജലശേഖരണം കുറവായിരുന്നു. കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി പൊതു ജലാശയങ്ങളെയാണ് അവര്‍ ആശ്രയിച്ചിരുന്നത്. തണുത്ത വെള്ളം, ചൂടുവെള്ളം, നീന്തല്‍ കുളം, എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഇതിനോടൊപ്പം ഉണ്ട്. റോമക്കാര്‍ ഇംഗ്ലണ്ടിൽ കുടിയേറിയ കാലത്ത് കണ്ടെത്തിയ ചൂട് നീരരുവികള്‍ക്ക് ചുറ്റും , ക്ഷേത്രവും, സ്നാന ഗൃഹങ്ങളും ഒക്കെ പണി കഴിപ്പിച്ചു. ദിവസവും 1,170,000 ലിറ്റര്‍ ജലം നിറയുന്നു എന്നാണ് കണക്ക്.ചെളിയില്‍ ഓക്ക് (OAK) മരത്തടികള്‍ പാകിയാണ് അടിത്തറ പണിതത്. ലെഡ് കൊണ്ട് പൊതിഞ്ഞ,കല്ല് കൊണ്ട് പണി തീര്‍ത്ത ഒരു വലിയ അറയിലാണ്,
ചൂടുനീരരുവിയെ ശേഖരിച്ചു വെയ്ക്കുന്നത്.ചൂടുവെള്ളം ഒഴുകി വരുന്ന വലിയ ചാലുകള്‍ കാണാം.ഏറ്റവും താഴത്തെ നിലയില്‍ വലിയൊരു ജലസംഭരണിയാണ്.പമ്പു മുറിക്കടിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുന്നു.

.രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍മുന്‍പുള്ള ചരിത്രത്തിലൂടെ നമുക്ക് കടന്നു പോകാം. റോമന്‍ ദൈവമായ സുളിസ് മിനര്‍വയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണെന്ന് ഇവിടമെന്നു റോമാക്കാര്‍ വിശ്വസിച്ചിരുന്നു. ഇത് പരിശുദ്ധജലമാണെന്നും,അത് രോഗങ്ങളെ മാറ്റാന്‍ ശേഷിയുള്ള ജലമാണെന്നുമായിരുന്നു അവരുടെ വിശ്വാസം.ദൈവപ്രീതിക്കായി വിലയേറിയ വസ്തുക്കളും, നാണയങ്ങളും ജലത്തിലേക്കു എറിയുന്നത് പണ്ട് കാലത്തു സാധാരണമായിരുന്നു.
കാലങ്ങൾ പിന്നിട്ടപ്പോൾ, അതിനു പിന്നിലെ ശാസ്ത്ര വശങ്ങൾ ലോകം മനസ്സിലാക്കിയപ്പോൾ ആ പുണ്യസ്‌സ്ഥലം ഇന്നൊരു ചരിത്രപ്രാധാന്യമുള്ള വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു..
ചെന്നു കയറുന്ന സ്ഥലത്തുതന്നെ മനോഹരമായ പ്രതിമകൾ കണ്ടു.
1867 ൽ ഉണ്ടാക്കിയ സന്ദർശക കവാടത്തിലൂടെ ഒരു ഹാളിലേക്ക് കടന്നു. അവിടെറോമൻ ദേവൻമാരുടെ പ്രതിമകൾ നമ്മളെ സ്വാഗതം ചെയ്യാൻ നിൽക്കുന്നുണ്ടായിരുന്നു. പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് ഞങ്ങൾ നടന്നു. ക്ഷേത്രത്തിന്റെഒന്നാം നിലയിലാണ് ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത്. അവിടെ നിന്നും താഴേക്കു നോക്കുമ്പോൾ വലിയൊരു നാലുകെട്ടിന്റെ നടുമുറ്റം പോലെ പച്ചനിറത്തിലുള്ള ജലാശയം. പച്ചപ്പായൽ പിടിച്ചപോലെ കെട്ടിക്കിടക്കുന്ന വെള്ളം നിറഞ്ഞ ദീർഘചതുരാകൃതിയിലുള്ള ഒരു കുളം, മുകളിൽ നിന്നുള്ള വരാന്തയിൽ നിന്നും കണ്ടു. പടവുകൾ ഇറങ്ങി താഴെ വന്നു. കുളത്തിലേക്കിറങ്ങാനുള്ള മാർബിൾ പാകിയ പടവുകൾ കണ്ടു. വെള്ളത്തിലിറങ്ങാൻ സന്ദർശകർക്ക് അനുവാദമുണ്ടായിരുന്നില്ല. കുളത്തിനു മൂന്നുവശവും നടപ്പാതകൾ ഉണ്ട്. നാലാമത്തെ വശത്തെ ഇടനാഴിയിൽ ചരിത്ര കഥകൾ വിളിച്ചോതുന്ന ഒരു പുരാവസ്തുക്കളും ചിത്രപ്പണികളും കണ്ടു കുറച്ചു നേരം നിന്നു . കുറച്ചു നേരം അവിടെ ചുറ്റിനടന്നു. ദൃശ്യങ്ങൾ വീഡിയോയും ഫോട്ടോയും എടുക്കുന്നവരുടെ തിരക്കായിരുന്നു അവിടെ.

(അവിടെയുള്ള കാര്യങ്ങൾ കണ്ടപ്പോളും എഴുതിവെച്ച കാര്യങ്ങൾ വായിച്ചപ്പോളും ഹൈസ്കൂൾ പഠനകാലത്ത് പഠിച്ച ചില ചരിത്ര ഭാഗങ്ങൾ ഓർമ്മവന്നു).
കെട്ടിടത്തിന്റെ എല്ലാ സ്ഥലത്തും ഞങ്ങൾ കയറി ഇറങ്ങി നടന്നു. ചില സ്ഥലത്ത് നടക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു.ആവി പറക്കുന്ന വിധത്തിൽ വെള്ളം വന്നു വീഴുന്ന സ്ഥലങ്ങൾ കണ്ടു, വെള്ളം കൈ നീട്ടി തൊടരുതെന്ന് മുന്നറിയിപ്പ് അവിടെ എല്ലാ സ്ഥലത്തും വെച്ചിരുന്നു അതേസമയം തണുത്ത ജലധാര വരുന്നതും കണ്ടു,. വളരെ രസകരമായി തോന്നിയത് പല മുറികളിലും പഴയകാല ചരിത്രങ്ങൾ ഒരു പ്രത്യേക രീതിയിലുള്ള ചലന ദൃശ്യങ്ങൾ വഴി കാണിക്കുന്നതാണ്. നമുക്ക് മുൻപിൽ ശരിക്കും കാണുന്നത് പോലെ അവ അനുഭവവേദ്യമാകുന്നു. അതിന്റെ ചില ഭാഗങ്ങൾ വീഡിയോ എടുക്കാൻ ശ്രമിച്ചു..നടന്നുനടന്ന് ഞങ്ങൾ മ്യൂസിയത്തിൽ എത്തി. തീർത്ഥക്കുളത്തിൽ നിന്നും കുഴിച്ചെടുത്ത 12000ലധികം വരുന്ന നാണയങ്ങൾ അവിടെ കണ്ടു. പണ്ടുകാലത്ത് ജനങ്ങൾ ദൈവപ്രീതിക്കായി സുളിസ് മിനര്‍വദേവതയ്ക്ക് സമർപ്പിച്ച നാണയങ്ങൾ. (ബ്രിട്ടനിൽ കണ്ടെത്തിയ ഇത്തരത്തിലുള്ള ഏറ്റവും വലിയ ശേഖരമാണിത്). സുളിസ് ദേവതയുടെ ലോഹത്തിൽ നിർമ്മിച്ച ശിരോഭാഗപ്രതിമ കണ്ടു.

അവിടെനിന്നും ഇറങ്ങി ഞങ്ങൾ ബാത്ത് പള്ളിയിലേക്ക് പോയി. റോമൻ ചരിത്രത്തിലെ പല മഹാന്മാരുടെയും പരിശുദ്ധന്മാരുടെയും ജീവചരിത്രം ഗോഥിക് ചിത്രകലയിലൂടെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു ഇവിടെ.പുറത്തിറങ്ങിയപ്പോൾ താഴേക്ക് ഇറങ്ങി പോയാൽ നല്ല റൊട്ടിയും ചായയും കിട്ടും എന്ന് പറഞ്ഞു കേട്ടു. പഴയ ഇടുങ്ങിയ പിരിയൻ കോവണി വഴിയിലൂടെ താഴേക്കിറങ്ങി ചെന്നപ്പോൾ മുന്നൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് അവകാശ പ്പെടുന്ന ഒരു ബേക്കറി കണ്ടു.. പഴയകാല രീതിയിൽ റൊട്ടികൾ ചുട്ടെടുക്കുന്നത് കണ്ടു. അവിടെ നിന്നും ചായ കിട്ടിയില്ല. കൂട്ടത്തിൽ ചിലർ അവിടെ നിന്നും റൊട്ടി വാങ്ങി. അവിടെ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ കൗതുക വസ്തുക്കളും, സൂവനീറുകളും വിൽക്കുന്ന കടകളിൽ കയറിയിറങ്ങി. പിന്നീടു ഐസ്ക്രീം കടയിൽ കയറി സ്ത്രീരത്നങ്ങൾ ഇഷ്ടമുള്ള രുചികളിലുള്ള ഐസ്ക്രീം വാങ്ങിക്കഴിച്ചു. ചെറിയ മഴ ചാറുന്നുണ്ടായിരുന്നു,
കുറച്ചുനേരം. പുറത്തു നിന്ന് വീണ്ടും കുറച്ചു ചിത്രങ്ങൾ പകർത്തിയപ്പോഴേക്കും, ഗൈഡ് കോച്ചിൽ കയറുന്നതിനുള്ള നിർദ്ദേശം തന്നു, നമ്മൾ മടക്കയാത്ര തുടങ്ങി. ഇടയ്ക്കിടെ വഴിയിൽ ചിലർ ഇറങ്ങിക്കൊണ്ടിരുന്നു. അങ്ങനെ കോച്ച് padding സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി. അവിടെനിന്നും ട്രെയിൻ കയറിEdgware സ്റ്റേഷനിൽ ഇറങ്ങി. കുറച്ചുദൂരം തെരുവുകൾ കണ്ടുനടന്നു. ചില ഭാഗത്ത് അറേബ്യൻ ഭക്ഷണശാലകൾ കണ്ടു. അവിടെ നല്ലൊരു മലേഷ്യൻ റസ്റ്റോറന്റ് ഉണ്ടെന്നും രുചികരമായ മലേഷ്യൻ ഭക്ഷണം ടേസ്റ്റ് ചെയ്യാമെന്ന് അജിത്തും സന്ധ്യയും നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ അവിടേക്ക് നടന്നു. നല്ല തിരക്കുള്ള സമയമായിരുന്നു അവിടെ.
പൊറോട്ട നല്ല രുചിയുള്ളതായിരുന്നു.
മിക്ക ഭക്ഷണത്തിനും നമുക്ക് തീരെ പരിചിതമല്ലാത്തഒരു രുചി.
അത് ഒയ്സ്റ്റർ (oyster )പൊടിയോ ഓയിലോ ചേർക്കുന്നത് കൊണ്ടാണെന്ന് അജിത്തും സന്ധ്യയും പറഞ്ഞു.ശശിയേട്ടന് വെജിറ്റബിൾ കറി ഒന്നും കിട്ടിയില്ല
ശശിയേട്ടൻ ഓർഡർ ചെയ്ത പരിപ്പുകറിയിൽ തീരെ എരിവ് ഉണ്ടായിരുന്നില്ല. അത് പറഞ്ഞപ്പോൾ ഇത് നല്ലമുളകുപൊടിയാണ് ഇത് അതിൽ മിക്സ് ചെയ്തു കഴിച്ചോളൂ എന്നു പറഞ്ഞു സന്ധ്യ വളരെ സ്നേഹത്തോടെ മേശപ്പുറത്തുണ്ടായിരുന്ന എണ്ണയൊഴിച്ചു വെച്ചിരുന്ന മുളകുപൊടി(നമ്മുടെ ദോശപ്പൊടി പോലെ. )ശശിയേട്ടന്റെ പ്ലേറ്റിലേക്ക് ഒഴിച്ചു കൊടുത്തു. അത് ഓയ്സ്റ്റർ ഓയിൽ ആയിരുന്നു. അതിന്റെ മണമടിച്ചതും ഓക്കാനിച്ചുകൊണ്ട് ശശിയേട്ടൻ വാഷ്റൂമിലേക്ക് ഓടി.പിന്നെ ആ ഭാഗത്തേക്ക് വന്നതേയില്ല .ഒരു പഴം മാത്രം ഹാളിൽ നിന്നു കഴിച്ചു.
ഭക്ഷണം കഴിഞ്ഞ് ബാർക്കിംഗിലേക്കു തിരിച്ചുള്ള യാത്ര.പുതിയ കാഴ്ചകളും, അറിവുകളും സൗഹൃദങ്ങളും സമ്മാനിച്ച ഈ ദിനവും മനോഹരമായിരുന്നു.
യാത്ര ഇവിടെ അവസാനിക്കുന്നില്ല
(തുടരും )

മനോഹരമായ യാത്രാനുഭവങ്ങൾ
ചുടുനീരരുവിയും എല്ലാമെല്ലാം ഒരുപാട്
ആകർഷിക്കപ്പെട്ടു.
congratulations dear ❤️❤️❤️