യൂറോപ് യാത്ര
ഭാഗം.7
2018 ജൂലൈ 14ശനി
വളരെ നേരത്തെ തന്നെ എഴുന്നേറ്റു. മോളുടെ ജന്മദിനമാണ്. അവളെ വിളിച്ച് ആശംസകൾ നേർന്നു. ഇന്ന് നേരത്ത പുറപ്പെടണം. ഇന്നത്തെ യാത്ര ഓൺലൈൻ വഴി ബുക്ക് ചെയ്തതാണ്. ഗോൾഡൻ ടൂർസ് ഓപ്പറേറ്റേഴ്സ് സംഘടിപ്പിക്കുന്ന യാത്രയാണ്.
ഇന്നത്തെ യാത്രയിൽ ലതയും ഉണ്ണിയും കൂടെയുണ്ട്.Barking station ൽ നിന്നും district line കയറി 6:10ആകുമ്പോഴേക്കും ഞങ്ങൾക്ക് ഇറങ്ങേണ്ട വിക്ടോറിയ സ്റ്റേഷനിൽ എത്തി. .അവിടെ നിന്നും കുറച്ചു ദൂരമുണ്ട് വിക്ടോറിയ ബസ് സ്റ്റേഷനിലേക്ക്. അതിരാവിലെ ചെറിയ തണുപ്പേറ്റു കൊണ്ടുള്ള നടത്തം രസകരമായിരുന്നു. റോഡിൽ തിരക്ക് തുടങ്ങിയിരുന്നില്ല. അവിടെ എത്തിയപ്പോൾ ഉണ്ണിയുടെയും ലതയുടെയും കൂട്ടുകാരായ സന്ധ്യയേയുംഅജിത്തിനെയും പരിചയപ്പെട്ടു.
കുറച്ചു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഞങ്ങൾക്ക് പോകേണ്ട ഗോൾഡൻ ടൂർസിൻറെ വാഹനം വിക്ടോറിയ കോച്ച് സ്റ്റേഷനിലാണ് ഉള്ളതെന്ന്. അവിടെ പോകുന്നതിനുമുമ്പ് വാഷ്‌റൂമിൽ പോയിവരാൻ എല്ലാവരും തീരുമാനിച്ചു. ഇവിടെയുള്ള മിക്ക ശൗചാലയങ്ങളിലും നിശ്ചിത തുകയുടെ നാണയമിട്ടാലേ വാതിൽ തുറക്കൂ. ഞങ്ങൾ സ്ത്രീകൾ എല്ലാവരും കൂടി ശൗചാലയത്തിന്റെ ഭാഗത്തേക്ക് നടന്നു. അവിടെയെത്തുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകി വരുന്ന കാഴ്ച കണ്ടു. .ഇവിടെയും നല്ല തിരക്കുണ്ടായിരുന്നു. പൈസ കൊടുത്തു കയറുന്നത് ആണെങ്കിലും ഒരു വൃത്തിയും അവിടെ കണ്ടില്ല. ചില മുറികൾക്കു ലോക്കു പോലുമുണ്ടായിരുന്നില്ല.നമ്മുടെ നാട്ടിലെ മുൻസിപ്പൽ സ്റ്റാൻഡിലെ സ്ഥിതിയേക്കാൾ കഷ്ടമായി തോന്നി.

ഞങ്ങൾ വീണ്ടും, ട്രാവൽസിലെ ബസ്സുകൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് നടന്നു. സമയം ഏഴു മണിയോട് അടുത്തിരുന്നു എല്ലാവരും ബസ്സിൽ കയറി സ്വദേശികളും വിദേശികളുമായ ജനങ്ങൾ. വളരെ രസികനായ ഒരാളായിരുന്നു ബ്രിട്ടീഷുകാരനായ ഞങ്ങളുടെ ഗൈഡ്.(പേര് മറന്നുപോയി ) അദ്ദേഹത്തിന്റെ കയ്യിൽ വെള്ളികെട്ടിയ, നായയുടെ രൂപത്തിൽ കൈപ്പിടിയുള്ള ഒരു വാക്കിംഗ് സ്റ്റിക്ക് ഉണ്ടായിരുന്നു കോച്ച് പുറപ്പെടുന്നതിനു മുൻപ് ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ തന്നു എന്നിട്ടു പറഞ്ഞു” നിങ്ങൾ എപ്പോഴും എന്റെ വാച്ച് ഡോഗിനെ അനുഗമിക്കണം.” കാണാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് അദ്ദേഹം ഒരു വിവരണം നൽകി.
Berkshire ലെ windsor എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന windsor castleആണ് ഇന്നു കാണാൻ പോകുന്നത്.
ലോകത്തിലെ ഏറ്റവും പുരാതനവും വലുതുമായ, ഇന്നും മനുഷ്യവാസമുള്ള
കൊട്ടാരമാണ് windsor castle. ബ്രിട്ടീഷ് രാജ്ഞിയുടെ പ്രിയപ്പെട്ട അവധിക്കാല വസതി ആണത്. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കൊട്ടാരം കുത്തനെയുള്ള ഒരു കുന്നിൻ മുകളിലാണ്. കൊട്ടാരം സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും രാജകുടുംബാംഗങ്ങളും അവിടത്തെ ചില ഉദ്യോഗസ്ഥരും ഒരു ഭാഗത്തായി താമസിക്കുന്നുണ്ട്.
തിരക്കുള്ള പട്ടണപ്രദേശം വിട്ട് വണ്ടി ഓടിക്കൊണ്ടിരുന്നു. റോഡിനിരുവശത്തും പച്ചപിടിച്ച മരങ്ങൾ. ചുരങ്ങളും സമതലങ്ങളുമായി നയനാനന്ദകരമായ ഭൂപ്രകൃതി. ഇടയ്ക്കിടെ പനിനീർ തെളിക്കുന്നത് പോലെ ചാറ്റൽമഴ. പ്രകൃതി സൗന്ദര്യം ആസ്വദിച്ചും വീഡിയോയിൽ പകർത്തിയും പുറത്തേക്ക് നോക്കി കൊണ്ടിരിക്കുമ്പോൾ അതാ തെളിയുന്നു മനോഹരമായ ഒരു മാരിവില്ല്. അന്തരീക്ഷം തീരെ മലിനം അല്ലാത്തതിനാലാകാം ഇവിടുത്തെ ആകാശത്തിനും മേഘ ക്കൂട്ടങ്ങൾക്കുമെല്ലാം ഇത്ര മനോഹാരിത തോന്നുന്നത്. വണ്ടി ഓടിക്കൊണ്ടിരുന്നു

മരക്കൂട്ടങ്ങൾക്കിടയിലൂടെ ഇടയ്ക്കിടെ സുന്ദരമായ ചെറു വീടുകൾ കാണുന്നുണ്ടായിരുന്നു, എല്ലാ വീടുകൾക്കും ഒരേ മുഖച്ഛായ. ( ഒരു തെരുവിലെ എല്ലാ കെട്ടിടങ്ങളുടെയും മുൻഭാഗം ഒരേ ശൈലിയിൽ വേണം എന്നുള്ളത് ഇവിടത്തെ നിയമം ആണ് എന്ന് ഉണ്ണി പറഞ്ഞിരുന്നതോർത്തു). മനോഹരമായ രീതിയിൽ വെട്ടിനിർത്തിയ ചെടികളോ,മരപ്പാളികൾ കൊണ്ടുള്ള വേലികളോ ആണ് അതിരുകൾ തിരിക്കുന്നത്. നമ്മുടെ നാട്ടിലേതു പോലെ വീടിനേക്കാൾ വലിയ മതിലുകൾ ഇവിടെ കണ്ടില്ല.
വർണിക്കാൻ കഴിയാത്തത്ര മനോഹരമായ പ്രകൃതിദൃശ്യങ്ങൾ. വെള്ളരി പ്രാവുകളെ പോലെ താഴ്ന്നിറങ്ങുന്ന മേഘക്കൂട്ടങ്ങൾ ചില സ്ഥലത്തെത്തുമ്പോൾ കറുത്ത പ്രാവുകളായി മാറുന്നത് കണ്ടു. പുകച്ചുരുളുകൾ പോലെ പൊങ്ങി വരുന്ന മഞ്ഞിൻപാടകൾ. ചെറിയ ചെറിയ ഹെയർപിൻ വളവുകൾ കയറുകയാണ് ഞങ്ങൾ. ഞാനപ്പോൾ ഊട്ടി യാത്രയെക്കുറിച്ച് ആലോചിച്ചു അതിനെക്കുറിച്ച് ശശിയേട്ടനോട് പറയുകയും ചെയ്തു.
കുന്നുകയറി കൊട്ടാരത്തിലെ മുന്നിലെ വലിയ ഗേറ്റിനു മുന്നിൽ എത്തുമ്പോൾ സമയം 8: 43 ആയിരുന്നു. ഞങ്ങൾക്ക് മുൻപേ അവിടെ എത്തിയിരുന്നു രണ്ടുമൂന്ന് വണ്ടികളായി സന്ദർശകർ. ഒറ്റയ്ക്കും കുടുംബമായും വന്ന സന്ദർശകരെയും കണ്ടു. എല്ലാവരും ഗേറ്റിനു ഇരുവശത്തുമായി വരിവരിയായി നിന്നു കൊണ്ടിരുന്നു. മാർച്ച് മുതൽ ഒക്ടോബർ വരെ എല്ലാദിവസവും രാവിലെ10 മണി മുതൽ വൈകീട്ട് 5 :15 വരെയാണ് സന്ദർശക സമയം. (നവംബർ മുതൽ ഫെബ്രുവരി വരെ 10മുതൽ 4 :15 വരെയും. പുറത്തുനിന്ന് സെൽഫി എടുക്കുന്ന) തിരക്കിലായിരുന്നു എല്ലാവരും. ഇടയ്ക്കിടെ guide വന്നു ഓരോ തമാശകൾ പറഞ്ഞു കൊണ്ടിരുന്നു..
ടിക്കറ്റ് കൊടുത്ത് ഞങ്ങൾ അകത്തു കടന്നു. വിമാനത്താവളത്തിൽ ഉള്ളതുപോലെ കർശനമായ സുരക്ഷാ പരിശോധനകൾ കഴിഞ്ഞു. ഒരു വിധത്തിലുള്ള ഭക്ഷണസാധനങ്ങളും അകത്തേക്ക് കടത്തി വിടില്ല.എതിർവശത്തുള്ള കിയോസ്കിൽ(kiyosk ) പോയി ഓഡിയോ ഫോണെടുക്കാൻ guide നിർദ്ദേശം തന്നിരുന്നു. ( ഇത് പ്രവേശന ടിക്കറ്റിനൊപ്പം തന്നെയുള്ള ഓഫർ ആണ്) ഇതിൽ ഇംഗ്ലീഷ് ഫ്രഞ്ച് ജർമൻ സ്പാനിഷ് ഇറ്റാലിയൻ ജപ്പാനീസ് റഷ്യൻ മണ്ഡാരിൻ എന്നീ ഭാഷകളിൽ സന്ദേശങ്ങൾ കിട്ടും. നമ്മൾ നിൽക്കുന്ന സ്ഥലത്തെ നമ്പർ അടിച്ചാൽ അതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കും.
15 മീറ്റർ ഉയരമുള്ള കൊടിമരം ചൂണ്ടിക്കാട്ടി ഇപ്പോൾ ഇവിടെ രാജ്‌ഞി ഇല്ല എന്ന് ഗൈഡ് പറഞ്ഞു.(royal standard flag – രാജകീയപതാകയാണെങ്കിൽ രാജ്ഞി കൊട്ടാരത്തിൽ ഉണ്ടെന്നും യൂണിയൻ ഫ്ലാഗ് ആണെങ്കിൽ രാജ്ഞിയില്ലാ എന്നുമാണ് അർത്ഥം. )ഞങ്ങൾ ചെല്ലുന്നതിന് ഒരാഴ്ച മുൻപ് റാണി അവിടെ ഉണ്ടായിരുന്നു എന്നായി ഗൈഡ് പറഞ്ഞു.
കൊട്ടാരം നിൽക്കുന്ന സ്ഥലം 13 ഏക്കർ വിസ്തീർണ്ണമുള്ളതാണ്., മൂന്നു തട്ടുകളിലായി പരന്നുകിടക്കുന്ന ഈ കൊട്ടാരത്തിൽ താഴത്തെ നിലയിൽ മധ്യകാലഘട്ടത്തിലെ സെന്റ് ജോർജ് ചാപ്പൽ സ്ഥിതിചെയ്യുന്നു (ഇവിടെയാണ് ഹാരി രാജകുമാരനും മേഘൻ മാർക്ളെയും തമ്മിലും, യൂജിൻ രാജകുമാരിയും ജാക്ക് ബ്രുക് തമ്മിലും ഉള്ള രാജകീയ വിവാഹങ്ങൾ നടന്നത് ) പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ പള്ളി.

ഇംഗ്ലീഷ് ഗോഥിക് ശൈലിയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സന്ദർശകരെ പള്ളിക്കകത്ത് അനുവദിക്കാറുണ്ട്. പ്രാർത്ഥനകളിൽ പങ്കെടുക്കണമെന്ന് ഉള്ളവർക്ക് അതും ചെയ്യാം. ഉള്ളിൽ കണ്ട ചിത്രപ്പണികൾ ആരെയും ഹഠാദാകർഷിക്കുന്നതായിരുന്നു. ഹെൻട്രി എട്ടാമൻ രാജാവ്, അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ, ചാൾസ് ഒന്നാമൻ രാജാവ് തുടങ്ങി കുറേ പേരുടെ ശവക്കല്ലറകൾ അവിടെ കണ്ടു.
ഈ കൊട്ടാരത്തിന്റെ ഹൃദയം എന്ന് പറയുന്ന മിഡിൽവാർഡ് പതിനഞ്ചുമീറ്റർ ഉയരമുള്ള താണ് സമീപപ്രദേശത്തു നിന്നും കുഴിച്ചെടുത്ത ചുണ്ണാമ്പുകല്ല് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിനു മുകളിലായി പണിതിരിക്കുന്ന 9 മീറ്റർ ഉയരമുള്ള റൌണ്ട് ടവറിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ഗേറ്റ് ഹൗസ്(പടിപ്പുര) വളരെ സുരക്ഷിതമായും മനോഹരങ്ങളായ ശില്പങ്ങളാലും രാജകീയ മുദ്രകളാലും അലംകൃതമാക്കിയിട്ടുള്ളതാണ്. അത് അപ്പർവാർഡിലേക്കുള്ള പ്രവേശനത്തിന് ചാരുതയേകി നിൽക്കുന്നു. ചതുരാകൃതിയിൽ മതിൽക്കെട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അപ്പർവാർഡിൽ ധാരാളം വലിയ കെട്ടിടങ്ങൾ ഉണ്ട്. ഇവിടെയാണ് രാജകൊട്ടാരങ്ങളും മറ്റു ഓഫീസുകളും സ്ഥിതിചെയ്യുന്നത്. തെക്കുഭാഗത്തായി ജോർജ് നാലാമൻ രാജാവിന്റെ പേരുള്ള ഗേറ്റും തെക്ക് പടിഞ്ഞാറുഭാഗത്തായി എഡ്വേഡ് മൂന്നാമൻ രാജാവിന്റെ പേരുള്ള ഗേറ്റും സ്ഥിതിചെയ്യുന്നു റൗണ്ട് ടവറിന് അടിയിലായി ചാൾസ് രണ്ടാമൻ രാജാവ് ഒരു കുതിരപ്പുറത്ത് ഇരിക്കുന്ന വെങ്കലപ്രതിമ കണ്ടു. അപ്പർ വാർഡിന്റെ വടക്കേ ടെറസിൽ നിന്നു നോക്കിയാൽ തെംസ് നദിയുടെ മനോഹരദൃശ്യവും, പടിഞ്ഞാറെ ടെറസിൽ നിന്നു നോക്കിയാൽ സുന്ദരമായ പൂന്തോട്ടവും കാണാം,.
വടക്കു ഭാഗത്തു നീണ്ടുകിടക്കുന്ന സ്റ്റേറ്റ് അപ്പാർട്ട്മെന്റ് അപ്പർ വാർഡിന്റെ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നു. രാജകുടുംബാംഗങ്ങൾ താമസിക്കുന്ന സ്ഥലം ഒഴികെ എല്ലാ ഭാഗത്തും ഞങ്ങൾ കയറി ഇറങ്ങി. രാജകുടുംബത്തിലെ പ്രായമായ ഒരാൾ അവിടെ നിൽക്കുന്നത് കണ്ടു. ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളും കൂടി കളിക്കുന്നത് കണ്ടു. മനോഹരമായ വാസ്തു ശൈലിയിൽ മധ്യകാലഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടങ്ങളിൽ ആ കാലത്തിന് അനുയോജ്യമായ രീതിയിലുള്ള കലാരൂപങ്ങളും, അലങ്കാരങ്ങളും ഇരിപ്പിടങ്ങളും കൊണ്ട് സജ്ജമാക്കിയിരിക്കുന്നു. 1992 ഉണ്ടായ ഒരു അഗ്നിബാധയിൽ തുടർന്ന് പലഭാഗങ്ങളും പുനർ നിർമ്മിക്കേണ്ടതായി വന്നിട്ടുണ്ട്. എങ്കിലും പഴയ കാലഘട്ടത്തിലെ തനിമ നിലനിർത്താൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോ ഹാളും ഓരോ വിസ്മയങ്ങളായി തോന്നി. പ്രധാന സ്വീകരണമുറിയിൽ നൂറടി നീളവും 40 അടി വീതിയുമുള്ള അലങ്കാരപ്പണികൾ വർണനാതീതം ആണ്. ഇവിടെ കണ്ട തൂക്കുവിളക്കുകൾ, malachite Urn ( ലോഹവും മാർഗ്ഗം ഉപയോഗിച്ച് നിർമ്മിച്ച ഇത് സാർ നിക്കോളാസ് ഒന്നാമൻ 1839 വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചതാണ്), സ്വർണ്ണം പൂശിയ വാതിലുകളും മേൽത്തട്ടുകളും എടുത്തുപറയേണ്ടവയാണ്.
സ്വീകരണമുറി ആയാലും ഊണുമുറി ആയാലും എല്ലായിടത്തും ചുമരുകളും മുകൾഭാഗങ്ങളും എല്ലാം മനോഹരമായ ചിത്രപ്പണികളാൽ അലംകൃതമാണ്. മുകളിലേക്ക് നോക്കണോ ചുമലിലേക്ക് നോക്കണോ എന്ന് എന്നാൽ ശങ്കയിലായിരുന്നു ഞാൻ. അറിയാതെ നമ്മിൽ നിന്നും( അത് തീരെ കലാഹൃദയം ഇല്ലാത്തവൻ ആയാൽ പോലും) ആശ്ചര്യശബ്ദം പുറപ്പെടും. അത്രയും മനോഹരമായ കാഴ്ചകൾ. മേശകൾ, കസേരകൾ, സ്വർണ്ണപാത്രങ്ങൾ എല്ലാറ്റിനുമുണ്ട് ഓരോ കഥ പറയാൻ….
കലാഭംഗി ഉള്ള സ്വർണത്തിലും വെള്ളിയിലും തീർത്ത പാത്ര ങ്ങൾ ഊണുമേശയെ അലങ്കരിക്കുന്നു. ഇവിടെയും വിലയേറിയ വിവിധ രത്നങ്ങൾ കൊണ്ട് അലങ്കരിച്ച കിരീടങ്ങളും സിംഹാസനങ്ങളും മറ്റു കൗതുകവസ്തുക്കളും കണ്ടു. ഇതിനുള്ളിലാണ് പേരുകേട്ട ക്വീൻ മേരീസ് ഡോൾസ് ഹൗസ്. രാജകീയ പ്രൗഢിയുള്ള പാത്രങ്ങൾ, വീടുകൾ, കിരീടങ്ങൾ, തുടങ്ങിയവയുടെ കൊച്ചുകൊച്ചു രൂപങ്ങൾ. അതും കണ്ടിറങ്ങിയപ്പോൾ cabinet of costume display. പുറത്തേക്കിറങ്ങുമ്പോൾ കണ്ട ഹാളിൽ എന്നോ ഇരുപത്തിയഞ്ചാം:വാർഷികം ( വർഷം ഓർമ്മയില്ല)ആഘോഷിച്ചപ്പോൾ പണിത ഒരു ഇരിപ്പിടം കണ്ടു. എല്ലാവരും അതിൽ ഇരിക്കുന്ന ഫോട്ടോ എടുക്കുന്നത് കണ്ടു. ഞങ്ങളും അതിലിരുന്നു ഫോട്ടോയെടുത്തു. അതാണ് അവിടെ കൊട്ടാരത്തിനുള്ളിൽ എടുക്കാൻ കഴിഞ്ഞ ഒരേ ഒരു ഫോട്ടോ.
പിന്നീട് ഞങ്ങൾ നടന്നത് വടക്കുഭാഗത്തുള്ള കൂറ്റൻ മതിൽക്കെട്ടിന് വെളിയിലേക്ക് ആയിരുന്നു. എവിടെയോ ഒരു ബാൽക്കണി പോലെ വളരെ പണിതിരിക്കുന്ന വീതിയേറിയ നടപ്പാതയിലേക്കാണ് ഞങ്ങൾ പോയത്. നല്ല തണുത്ത കാറ്റ് ഉണ്ടായിരുന്നെങ്കിലും അവിടെ നിന്നും നോക്കുമ്പോൾ കണ്ട ദൃശ്യങ്ങൾ ഞങ്ങളെ ആഹ്ലാദ ഭരിതനാക്കി. പച്ചപ്പട്ടു സാരിയുടുത്ത വിൻഡ്സർ നഗരത്തിന്റെ വെള്ളിയരഞ്ഞാണം പോലെ തിളങ്ങുന്നു കുണുങ്ങി ഒഴുകുന്ന തേംസ് നദി. വീഡിയോ പിടിച്ചും ഫോട്ടോകൾ പകർത്തിയും എല്ലാവരും അവിടെ നടന്നു. സന്ദർശകർക്കായുള്ള ശൗചാലയങ്ങൾ അവിടെ കണ്ടു. അവ ഒരുവിധം വൃത്തി ഉള്ളതായിരുന്നു
ഞങ്ങളോട് എല്ലാവരോടും കൊട്ടാരാങ്കണത്തിലേ ക്ക് എത്താൻ ഗൈഡ് ആവശ്യപ്പെട്ടു. അവിടെയപ്പോൾ changing of the guard ceremony തുടങ്ങുകയായിരുന്നു. 24 മണിക്കൂറും 48 മണിക്കൂർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ്സ് മാറി പുതിയ ഡ്യൂട്ടി ഏല്പിക്കുന്ന ചടങ്ങാണിത് നല്ല രസകരമായ കാഴ്ചയാണിത്. രാജ്ഞി ഇല്ലാത്ത ദിവസമായതിനാൽ ഈ പരിപാടി നടക്കുന്നത് ഡോവ് അങ്കണത്തിൽ ആയിരുന്നു ഗാർഡ്സ് വരികയും പോവുകയും ചെയ്തത് ഹെന്ട്രി viii ഗേറ്റിൽ കൂടിയായിരുന്നു( രാജ്ഞി ഇവിടെ ഉണ്ടെങ്കിൽ അപ്പർ വാർഡിൽ ഉള്ള റോയൽ അപ്പാർട്ട്മെന്റനു മുന്നിലുള്ള അങ്കണത്തിൽ ആയിരിക്കും ഈ ചടങ്ങ് നടക്കുക. അപ്പോൾ അവർ പ്രവേശിക്കുന്നത് സെന്റ് ജോർജ് ഗേറ്റ് വഴിയാണ്. ഇവിടുത്തെ പരേഡിന് ശേഷം ഡ്യൂട്ടി കഴിഞ്ഞു പോകുന്നവ പട്ടണത്തിൽ റോന്തു അവരുടെ ബാരക്കിലേക്ക് പോകും ആ സമയത്ത് ഗതാഗതം എല്ലാം നിലക്കുകയും സന്ദർശകരും അവിടെ താമസക്കാരുമായഎല്ലാവരും റോഡിനു ഇരുവശവും നിന്ന് ഈ കാഴ്ച ആസ്വദിക്കുകയും ചെയ്യുമെന്ന് ഗൈഡ് പറഞ്ഞു തന്നു) എല്ലാവരും ആ പരിപാടി ആസ്വദിക്കാനും ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനുമുള്ള തിരക്കിലായിരുന്നു. ഞങ്ങളും വീഡിയോയും ഫോട്ടോസും എല്ലാം എടുത്തു. ഓഡിയോ ഫോൺ തിരിച്ചു കൊടുത്ത് ഞങ്ങൾ പുറത്തിറങ്ങി( ഓഡിയോ കേബിൾ അവർ തിരിച്ചു വാങ്ങിയില്ല).
ഇവിടെയും വിദ്യാർഥികൾക്കായുള്ള പല പരിപാടികളും നടത്താറുണ്ട് എന്നായി ഗൈഡ് പറഞ്ഞറിഞ്ഞു. സമയം പതിനൊന്നര കഴിഞ്ഞിരുന്നു. കോച്ചിൽ കയറുന്നതിനു മുമ്പേ ഇങ്ങോട്ട് ഞങ്ങൾക്കുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തു. വെജിറ്റബിൾ ബർഗർ , ചെറിയ ഒരു കേക്ക്പീസ് , ഒരുചെറിയ ബിസ്ക്കറ്റ് പാക്ക് , കുറച്ചു നട്സ് , ഒരു ചെറിയ ആപ്പിൾ , ഒരു കുപ്പി വെള്ളം, ഇതായിരുന്നു ഭക്ഷണ പൊതിയിൽ ഉണ്ടായിരുന്നത്. ബസ്സിൽ കയറി ഞങ്ങൾ യാത്ര തുടർന്നു കൊണ്ടിരുന്നു.
ഇന്നത്തെ യാത്ര ഇവിടെ അവസാനിക്കുന്നില്ല.
ശേഷം വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ പറയാം.

നന്നായിട്ടുണ്ട് യാത്രാവിവരണം. ആശംസകൾ
സന്തോഷം സ്നേഹം