17.1 C
New York
Monday, May 29, 2023
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം # 6)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം # 6)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

ഭാഗം.6 – 2018 ജൂലൈ 13.വെള്ളി

പതിവു പോലെ രാവിലെ നേരത്തെ തന്നെ ഉണർന്നെങ്കിലും ജനലിൽകൂടി അരിച്ചിറങ്ങുന്ന തണുപ്പിന്റെ സുഖത്തിൽ കുറച്ചുനേരംകൂടി മൂടിപ്പുതച്ചു കിടന്നു. ഇന്നു 11 മണിയോടെയാണ് യാത്ര തുടങ്ങുന്നത്. ഇന്നലെ കൊണ്ടുവന്നിരുന്ന പത്രത്തിന്റെ പേജുകൾ വീണ്ടും മറിച്ചുനോക്കി. ( ഇവിടെ, തിരക്കുള്ള തെരുവീഥികളിൽ പത്രക്കെട്ടുകൾ കൊണ്ടുവയ്ക്കും. ധൃതിയിൽ നടന്നു പോകുന്ന പൊതുജനങ്ങൾ അതിൽ നിന്നും ഒരു കോപ്പി എടുത്തു നീങ്ങും. ചില ദിവസങ്ങളിൽ ഞാനും അതിൽ നിന്നും ഒരെണ്ണം എടുത്തു കൊണ്ടുപോരും. പക്ഷേ വായിക്കാനുള്ള സമയം കിട്ടാറില്ല.)

പത്ത് മണി കഴിഞ്ഞപ്പോൾ ലോഡ്ജിൽ നിന്നും പുറത്തിറങ്ങി. തെരുവോരങ്ങളിൽ കച്ചവടക്കാർ കച്ചവടം തുടങ്ങിയിരുന്നു. പത്തരയായെങ്കിലും വെയിലിന് ചൂട് ഉണ്ടായിരുന്നില്ല. ഞങ്ങൾ പതിയെ കാഴ്ചകൾ കണ്ടു സ്റ്റേഷനിലേക്ക് നടന്നു.

വളരെയധികം ചരിത്ര കഥകൾക്കു സാക്ഷ്യംവഹിച്ച ടവർ ഓഫ് ലണ്ടൻ സന്ദർശി ക്കുകയാണ് ഇന്നത്തെ പ്രധാന ലക്ഷ്യം. ട്രെയിനിൽകയറി.മുക്കാൽ.മണിക്കൂറിലധികം നീണ്ട യാത്രകഴിഞ്ഞ് ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളൂ ടവർ മ്യൂസിയത്തിലേക്ക്. ചെറുതായി തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു ആകാശം ഒരല്പം മേഘാവൃതമായിരുന്നു, മഴപെയ്യാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ മഴക്കോട്ടും കുടയും എല്ലാം കയ്യിലുണ്ടായിരുന്നു. ഉണ്ണിയും കൂടെയുള്ളതിനാൽ വഴി കണ്ടുപിടിക്കേണ്ട ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കൂറ്റൻ മതിൽ ക്കെട്ടിനുള്ളിൽ ആണ് കൊട്ടാരം. ടിക്കറ്റെടുത്ത് പടികളിറങ്ങി വിശാലമായ മുറ്റത്തെത്തി. ഞങ്ങൾ എത്തുമ്പോഴേക്കും സന്ദർശകരുടെ വളരെവളരെ നീണ്ട നിര കാണാമായിരുന്നു. കുറച്ചുനേരം ഞങ്ങളുടെ കൂടെ നിന്ന് നിർദ്ദേശങ്ങൾ തന്നു, ഉണ്ണി ജോലി സ്ഥലത്തേക്ക് പോയി. ഞങ്ങൾ വരിയിൽ അക്ഷമരായി കാത്തുനിന്നു. സൂര്യനു അഭിമുഖമായിട്ടാണ് നിൽപ്പ്. വളരെ പതുക്കെയാണ് ആളുകൾ നീങ്ങിക്കൊണ്ടി രിക്കുന്നത്.

വളരെയധികം ചരിത്രസംഭവങ്ങൾ ഉറങ്ങി ക്കിടക്കുന്ന, പുരാതനമായ ആ കൊട്ടാരത്തെ പറ്റിയുള്ള ലഘുലേഖനങ്ങൾ( ടിക്കറ്റ് കൗണ്ടറിൽ നിന്നും ശേഖരിച്ചത്) ഓടിച്ചു വായിച്ചുകൊണ്ടും , പരിസരങ്ങൾ വീക്ഷിച്ചു കൊണ്ടും ഞങ്ങൾ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു.

ഏകദേശം ഒരു സഹസ്രാബ്ദത്തോളം ചരിത്രമുള്ള, മൂന്നു നിലകളുള്ള പ്രൗഢഗംഭീരമായ കൊട്ടാരം. അങ്കണത്തിൽ അവിടവിടെയായി തണൽ വിരിച്ച് നിൽക്കുന്ന വലിയ മരക്കൂട്ടങ്ങൾ(ഓക്ക് മരങ്ങൾ ആണെന്ന് തോന്നുന്നു ). കൊട്ടാരത്തിന്റെ നിർമ്മാണം എന്നാണ് തുടങ്ങിയത്, ഇത്രകാലം നീണ്ടുനിന്നു എന്നതിനെക്കുറി ച്ചൊന്നും കൃത്യമായ വിവരങ്ങളില്ല. (1066നും 1078 നും ഇടയിൽ ആണെന്ന് മാത്രം).

വൈറ്റ് ടവർ ഈ കൊട്ടാരത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം. യുനെസ്ക്കോയുടെ ലോക പൈതൃക സൂചികയിൽസ്ഥാനം പിടിച്ച ഒരു കൊട്ടാരം ആണ് ടവർ ഓഫ് ലണ്ടൻ. ഇത് സ്ഥിതി ചെയ്യുന്നത് തേംസ് നദി യുടെ വടക്കേ കരയിലാണ്. 12 ഏക്കർ സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
ഭീമാകാരങ്ങളായ മതിലുകൾക്കും കിടങ്ങിനും ഇടയിൽ പണിതിട്ടുള്ള കെട്ടിടസമുച്ചയം ആണ്ലണ്ടൻ ടവർ . പല കാലഘട്ടങ്ങളിലായി പണിതതാണ് ഈ കെട്ടിട സമുച്ചയങ്ങൾ. മദ്ധ്യത്തിലായി വൈറ്റ്ടവർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളിലായാണ് ഈ കൊട്ടാരം പണിതിരിക്കുന്നത്.

ചരിത്രത്തിന്റെ പലഘട്ടങ്ങളിൽ ആയുധശാലയായും(armoury ) ട്രഷറിയായും, മൃഗശാലയായും,, റോയൽ മിന്റ്(നാണയങ്ങൾ )നിർമ്മിക്കുന്ന ആസ്ഥാനം ആയും സ്വപ്നങ്ങൾ സൂക്ഷിക്കുന്ന രാജകീയരത്നങ്ങൾ സൂക്ഷിക്കുന്ന സ്ഥലമായും അങ്ങനെ പലപല കാര്യങ്ങൾക്കായി ഇവിടം മാറിയിരുന്നു. ഈ കൊട്ടാരത്തെ പറ്റി ചരിത്ര കഥകൾ പോലെ പ്രേതകഥകളും നിലവിലുണ്ട്
ഇന്നും ഇവിടെവൈകുന്നേരം സന്ദർശകർ പോയിക്കഴിഞ്ഞാൽ, റസിഡന്റ് ഗവർണർ,
കാവൽഭടന്മാർ എന്നിവരുടെ താമസസ്ഥലം ആണ്. ഒരു ഡോക്ടറും, ചാപ്പൽ പുരോഹിതനും, മദ്യശാലയും ഇവിടെയുണ്ട്..സന്ദർശകനിര മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. കണ്ട കാഴ്ചകളിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം ഇവിടെ എഴുതാം.

ഫ്യൂസിലെയർ മ്യൂസിയത്തിൽ 1688 മുതൽ 1968 വരെ യുള്ള ബ്രിട്ടീഷ് ആർമി റെജിമെന്റിന്റെ കഥ പറയുന്ന കാര്യങ്ങൾ (പടച്ചട്ടകൾ, വിവിധതരം പടക്കോപ്പുകൾ, പ്രധാന പോരാളികളുടെ ചിത്രങ്ങൾ , പ്രതിമകൾ, ഡയറിക്കുറിപ്പുകൾ ) എന്നിവ സൂക്ഷിച്ചു വച്ചിരിക്കുന്നു. നമുക്കും പടച്ചട്ടയണിഞ്ഞ് ഫോട്ടോഎടുക്കാനുള്ള സൗകര്യം അവിടെയുണ്ട്. ഞാനും മാധുരിയും അങ്ങനെയുള്ള ഫോട്ടോകൾ എടുത്തു.

പിന്നെ കണ്ട ഒരു മനോഹര കാഴ്ചയാണ് രാജാവിന്റെ കിടപ്പുമുറി, മനോഹരമായ അലങ്കാരപ്പണികൾ ചെയ്ത എഡ്വേഡ് മൂന്നാമൻ എന്ന രാജാവ് 1270ൽ നിർമ്മിച്ചതാണത്രേ ഈ മുറി.. അതിൽ കാണുന്ന പള്ളിമെത്തയും മനോഹരം തന്നെ.( ഇവിടെയാണല്ലോ രാജാക്കന്മാർ പള്ളി കൂർക്കം വലിച്ച് പള്ളിയുറങ്ങിയത് എന്ന കലാഭവൻ മണിയുടെ ഡയലോഗ് പറഞ്ഞു ഞാനും മാധുരിയും ചിരിച്ചു). തീ കായാനുള്ള പ്രത്യേക സജ്ജീകരണങ്ങൾ എല്ലാം അതിനുള്ളിലുണ്ട്. മനോഹരമായ ചിത്രപ്പണികളാൽ അലങ്കരിച്ച അകത്തളങ്ങളും എല്ലാം കണ്ടു. പല സ്ഥലത്തും പല തരത്തിലുള്ള കോണിപ്പടികൾ (ചിലത് വളരെ ഇടുങ്ങിയതായിരുന്നു, മരം കൊണ്ടോ കോൺക്രീറ്റ് കൊണ്ടോ പണിത നീളൻകോണികളും പിരിയൻ കോണികളും) കയറി ഇറങ്ങേണ്ടി വന്നു.
രാജകുടുംബത്തിൽ ഉള്ളവരെല്ലാം എങ്ങനെയാണ് ഇവിടെ എല്ലാം കയറിയിറങ്ങിയത്, അവർ പരസ്പരം കണ്ടിരുന്നുവോ, എന്നെല്ലാം പറഞ്ഞു ഞങ്ങൾ ചിരിച്ചു.

പിന്നെ കണ്ട മറക്കാനാവാത്ത കാഴ്ചയാണ് ഒരുകാലത്ത് ലോകം മുഴുവൻ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് രാജവംശത്തിലെ രാജാക്കന്മാരുടെയും റാണിമാരുടെയും വിലപിടിച്ച രത്നങ്ങൾ പതിച്ച കിരീടങ്ങൾ, കിരീടധാരണസമയത്ത് ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള ആടയാഭരണങ്ങൾ, കൊത്തുപണികളോടുകൂടിയ സ്വർണ്ണപ്പാത്രങ്ങൾ എന്നിവ. വളരെയധികം സുരക്ഷാ സജ്ജീകരണങ്ങളോടെ സൂക്ഷിച്ചിരിക്കുന്ന ഈ കീരീടങ്ങളിൽ പലതും ഇപ്പോഴും ചില പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കാറുണ്ട്. അഞ്ച് കിലോഗ്രാമിനേക്കാൾ തൂക്കം അധികം വരുന്ന ചില കിരീടങ്ങൾ എങ്ങനെയാണ് ധരിച്ചിരുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. ചില കിരീടധാരണം നടക്കുന്നതിന്റെ ചലന ചിത്രങ്ങളും കണ്ടു. നമ്മുടെ നാട്ടിൽ നിന്നും കടത്തിക്കൊണ്ടു പോയ കോഹിനൂർ രത്നം പതിപ്പിച്ച കിരീടവും കണ്ടു.

ഡിപ്ലോമാറ്റിക് ഗിഫ്റ്റ് എന്ന വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാജാക്കന്മാർ സമ്മാനമായി കൊടുത്തതാണെന്ന് പറഞ്ഞുള്ള വിലപിടിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു, സമ്മാനമായി കൊടുത്തതാണോ അതോ ബലംപ്രയോഗിച്ചു കൊണ്ടുപോയതാണോ എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചു. ഇന്ത്യയിൽ നിന്നും കൊണ്ടുപോയ സാധനങ്ങളുടെ ഒരു പ്രത്യേക വിഭാഗം ഉണ്ട്..

ദി റോയൽ മിന്റ് എന്ന വിഭാഗത്തിൽ പണ്ടുകാലത്ത് നാണയങ്ങൾ ഉണ്ടാക്കിയിരുന്ന കാര്യങ്ങൾ വിവരിക്കുന്നു. തടവുകാരെ ഉപയോഗിച്ചാണ് വളരെ ദുഷ്കരമായ ആ പണികൾ ചെയ്യിപ്പിച്ചിരുന്നത്. ഞങ്ങളുടെ പ്രവേശന ടിക്കറ്റിൽ സ്വർണനിറത്തിലുള്ള ഒരു എംബ്ലം അവിടെ നിന്നും പതിപ്പിച്ചു.
പിന്നെ കണ്ട മറക്കാനാവാത്തകാഴ്ചയാണ് .
കൊട്ടാരത്തിനുള്ളിലെ ജയിൽ കാഴ്ച. ജയിൽ വിഭാഗം മൂന്നായി തരം തിരിച്ചിരിക്കുന്നു.ദണ്ഡനമുറി ( tower of torture ), വധശിക്ഷ നടത്തുന്ന സ്ഥലം
(tower of execution ), കൊട്ടാരത്തിനകത്ത് ഉള്ള ജയിലറ (tower of imprisonment ). വളരെയധികം കുപ്രസിദ്ധി നേടിയ bloody tower എന്ന ജയിലറയ്ക്കുമുണ്ട് പറയാൻ പല കഥകൾ.ആ സ്ഥലത്തു കൂടെ നടക്കുമ്പോൾ ആയിരക്കണക്കിന് ആത്മാക്കളുടെ കരച്ചിലുകൾ കേൾക്കുന്നുണ്ടോ എന്ന് തോന്നി. വിവരണം ശ്രദ്ധിക്കുവാൻ അധികംനിന്നില്ല..
പണ്ടുകാലത്തെ മൃഗശാലയുടെ അവശിഷ്ടങ്ങൾ കണ്ടു.
പല പ്രേതകഥകളുടെയും വിഹാരഭൂമിയാണ് ഈ കൊട്ടാരം. ഹെൻട്രി എട്ടാമൻ രാജാവിന്റെ ഭാര്യയായിരുന്ന ആൻ ബൊലേനെ (Anne Boleyn) അദ്ദേഹത്തെ ചതിച്ചു എന്ന കാരണത്താൽ ശിരച്ഛേദം ചെയ്തു.അവരുടെ പ്രേതം ഈ കൊട്ടാരത്തിൽ ഉള്ള സെൻ പീറ്റേഴ്സ് പള്ളിയിലും ചുറ്റുവട്ടത്തു അലഞ്ഞു നടക്കുന്നുണ്ട് എന്നാണ് അതിൽ ഒരു പ്രധാനപ്പെട്ട കഥ.
കാഴ്ചകൾ കണ്ടും കഥകൾ കേട്ടും നടന്നു ക്ഷീണിച്ച് ഞങ്ങൾ പുറത്തിറങ്ങി. പുറത്തിരുന്ന് കൊണ്ടുവന്നിരുന്ന ലഘുഭക്ഷണവും വെള്ളവും കുടിച്ചു ക്ഷീണം മാറ്റി. ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു, സുവനീറുകൾ വിൽക്കുന്ന കടയും കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലങ്ങളും കണ്ടു. ഞങ്ങൾ അവിടേക്ക് നടന്നു.

അപ്പോൾ ഞങ്ങൾ ഒരു കാഴ്ച കണ്ടു. ഒരുവലിയ കാക്ക. അതിനെ ഫോട്ടോയിൽ പകർത്തി. പിന്നെ കുറെ കുരങ്ങന്മാരെയും കണ്ടു. സോവനീർ വിൽക്കുന്ന കടയിൽ ചെന്നപ്പോൾ ഈ മലങ്കാക്കകളുടെ(Raven) രൂപങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. അപ്പോഴാണ് അതിന്റെ കഥ ഞങ്ങൾ അറിഞ്ഞത്. നൂറ്റാണ്ടുകളായി ഈ കൊട്ടാരത്തിലെ പ്രധാന താമസക്കാർ ആണത്രേ കാക്കകൾ. നമ്മുടെ കാക്കകളേക്കാൾ ഇരട്ടി വലിപ്പമുണ്ട്.

ചാൾസ് രണ്ടാമൻ രാജാവിന്റെ കല്പനപ്രകാരം കൊട്ടാരത്തിൽ കൊണ്ടുവന്നതാണ് ഇവരുടെ പൂർവികരെ.. ഏതുസമയത്തും കൊട്ടാരത്തിൽ ആറു കാക്കകൾ ഉണ്ടാവണം എന്നാണ് കൽപ്പന. ഈ പതിവ് തെറ്റിയാൽ കൊട്ടാരവും ബ്രിട്ടീഷ് രാജവാഴ്ചയും നിലംപതിക്കുമെന്ന വിശ്വാസം ഇന്നും നിലനിൽക്കുന്നുണ്ട്. അതിനാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഉത്തരവ് പാലിക്കാൻ എട്ടു കാക്കകളെ എപ്പോഴും ഇവിടെ നിലനിർത്തുന്നു. പ്രതികൂല സാഹചര്യങ്ങളിൽ പോലും 6കാക്കകൾ ഉണ്ടാകാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. സദാസമയവും റേഡിയോ കോളർ ഉപയോഗിച്ച് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്..

Y

കൊട്ടാരത്തിനോട് വിട പറഞ്ഞ് ഞങ്ങൾ നേരെ പാലത്തിലേക്ക് നടന്നു. മഴ നിന്നിരുന്നു. പലരും ലണ്ടൻ ബ്രിഡ്ജ് എന്ന് തെറ്റിദ്ധരിക്കാറുള്ള പാലം. ഈ മനോഹരമായ പാലമാണ് ടവർ ബ്രിഡ്ജ്.
ലണ്ടനിലെ തെയിംസ് നദിക്കു കുറുകെയായി സ്ഥിതിചെയ്യുന്ന ഈ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് 1886 ലാണ്. 1894 ൽ നിർമ്മാണം പൂർത്തിയാക്കി, പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു,
ലണ്ടൻ കോർപ്പറേഷനിലെ ആവശ്യാനുസരണം ഹോറേസ് ജോൺസ്‌ എന്ന ആർക്കിടെക്ട് ആണ് ഈ പാലത്തിന്റെ രൂപകൽപ്പന ചെയ്തത്.. അദ്ദേഹം കണ്ടെത്തിയ ബാസ്ക്യൂ ൾ എന്ന ആശയമാണ് പാലത്തിന്റെ നിർമ്മിതിക്ക് സഹായകമായത്.തെംസ് നദിയുടെ ഇരു കരകളിലുമായി 65 മീറ്റർ ഉയരമുള്ള രണ്ടു ടവറുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 70000 ടൺ കോൺക്രീറ്റ് ആണ് പാലത്തിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിട്ടുള്ളത്. പാലത്തിന്റെ നീളം244 മീറ്ററാ ണ്‌.. രണ്ടു ടവറുകളെയും ബന്ധിപ്പിക്കുന്ന രണ്ടു നടപ്പാതകൾ ആണുള്ളത്. ഗതാഗത മാർഗ്ഗത്തിൽ നിന്നും34 മീറ്റർ ഉയരത്തിലാണ് ഈ നടപ്പാതകൾ സ്ഥിതി ചെയ്യുന്നത്. നദിയുടെ ജലനിരപ്പിൽ നിന്നും ഏകദേശം 42 മീറ്റർ ഉയരം വരും. കപ്പലുകൾ കടന്നുപോകുമ്പോൾ ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബ്രിഡ്ജിന്റെ മധ്യഭാഗം രണ്ടായി പിളർന്നു ആയിരം ഭാഗങ്ങളിലെ മുകളിലേക്ക് ഉയർത്തുന്ന തരത്തിലുള്ളവയാണ്. 1200 ഭാരമുള്ള ഈ ബാസ്ക്യൂളുകൾ ഉയരുമ്പോൾ കപ്പലുകൾ അതിനടിയിലൂടെ കടന്നുപോകും.. കപ്പലുകൾ വരുന്നതിനു മുന്നോടിയായി മണി മുഴങ്ങുന്നു. അപ്പോൾ ഗതാഗതത്തിനു ഉള്ള വഴി മെല്ലെ അടയുകയും, അവസാന വാഹനം പുറത്തിറങ്ങുകയും ചെയ്യുന്നു വാഹനങ്ങൾ ഇല്ലെന്ന സിഗ്നൽ കിട്ടിയാൽബാസ്ക്യുളുകൾ ഉയരുന്നു. കപ്പലുകൾ പോയിക്കഴിഞ്ഞാൽ അവ താഴുകയും ചെയ്യുന്നു. ഈ മനോഹരക്കാഴ്ച കാണാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ല.

നദിയുടെ ഈ കരയിൽ ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഉണ്ട്. പല വർണത്തിലും രൂപത്തിലുമുള്ള പേരറിയാപൂവുകൾ. മനോഹരമായ പുൽത്തകിടികൾ. കൂടാതെ ധാരാളം ഭക്ഷണശാലകളും ഇവിടെയുണ്ട്. നല്ലപോലെ വിശപ്പ് അനുഭവപ്പെട്ടിരുന്നു. ഭക്ഷണശാലകളിൽ നല്ല തിരക്കായിരുന്നു. ഭക്ഷണം ഓർഡർചെയ്തു പുൽത്തകിടിയിൽ ഇട്ടിരിക്കുന്ന കസേരകളിൽ വന്നിരുന്നു, ഇരിക്കുവാനുള്ളസ്ഥലം കിട്ടുവാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. അത്രയ്ക്കും തിരക്കായിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം അവിടെ കുറച്ചു നേരം ചുറ്റിനടന്നു. അതിനുശേഷം ഞങ്ങൾ പാലത്തിലെ നടപ്പാതയിലൂടെ മറുകരയിലേക്ക് നടന്നു . ഉയരത്തിലുള്ള ഈ നടപ്പാ തയിൽ നിൽക്കുമ്പോൾ കാണുന്ന കാഴ്ചകൾ വർണനാതീതമാണ്. ആധുനിക രീതിയിലുള്ള അംബരചുംബികളായ കെട്ടിടങ്ങളുടെ മനോഹരമായ കാഴ്ച്ച. ദൂരെയായി പഴയ ലണ്ടൻ ബ്രിഡ്ജ് കാണാം. പാലത്തിനടിയിലൂടെ തേംസ് നദിയിൽ കൂടി പോകുന്ന ബോട്ട് യാത്രക്കാരായ വിനോദസഞ്ചാരികൾ. ഞങ്ങൾക്ക് നഷ്ടപ്പെട്ട ബോട്ട് യാത്രയെക്കുറിച്ച് വീണ്ടും ഞങ്ങൾ കുറച്ചുനേരത്തേക്ക് നിരാശരായി..നടന്നു നടന്നു ഞങ്ങൾ മറുകരയിൽ എത്തി. ഇവിടെ ഒരു ടവറിൽ ഉള്ള ലിഫ്റ്റ് വഴി മുകളിൽ കയറി. അതിനുള്ളിൽ ഒരു പ്രദർശനം നടക്കുന്നുണ്ട്. ഈ പാലത്തിന്റെ ചരിത്രവും പ്രവർത്തനരീതികളും വിസ്തരിക്കുന്ന പ്രദർശനം. അത് കാണാൻ ഞങ്ങൾ കയറിയില്ല. അവിടെ നിന്നും പടികളിറങ്ങി താഴെയെത്തി. ഏതെല്ലാമോ വലിയ വലിയ കെട്ടിടങ്ങൾ അവിടെ കണ്ടു. മനോഹരമായ കാഴ്ചകൾ.അവിടെയെല്ലാം ചുറ്റിനടന്നു കുറെ ഫോട്ടോകൾ പകർത്തി.. വീണ്ടും പടികൾ കയറി പാലത്തിൽ കയറി മറുകരയിലേക്ക് നടന്നു.

രണ്ടു ട്രെയിനുകൾ മാറി കയറി ബാർക്കിങ്ങിൽ എത്തി. മാധുരിയേയും രഘുവേട്ടനെയും കൊണ്ടുപോകാൻ ലത എത്താൻ വൈകി. അതുകൊണ്ട് ഞങ്ങൾ സ്റ്റേഷനു പുറത്തിറങ്ങി ആ പരിസരങ്ങൾ നടന്നു കണ്ടു. വലിയ തിരക്കുകൾ ഒന്നുമില്ലാത്ത ഒരു ചെറിയ പട്ടണമാണ് ബാർക്കിങ്.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ലത എത്തി.. അവരുടെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചെങ്കിലും പിറ്റേന്ന് നേരത്തെ യാത്ര പോകേണ്ടതിനാൽ സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു. എന്നും പിസയും ബർഗറും കഴിച്ചു മടുത്തു അതിനാൽ കുറച്ച് ഇന്ത്യൻ ഭക്ഷണം കഴിക്കാമെന്ന് കരുതി. തൊട്ടടുത്ത് തന്നെ ഒരു ഭക്ഷണശാല ഉണ്ടെന്ന് ലത പറഞ്ഞതനുസരിച്ച് ഞങ്ങൾ അവിടേക്ക് നടന്നു.
വഴിയോരത്ത് ഉള്ള പബ്ബുകളിൽ മദ്യം കുടിച്ചു രസിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാർ. കുറച്ചു നടന്നപ്പോൾ ഒരു ഭക്ഷണശാലകണ്ടു. പുറത്ത് എഴുതിവെച്ച മെനുവിൽ ഇന്ത്യൻ ഭക്ഷണസാധനങ്ങളുടെ പേര് കണ്ടു ഞങ്ങളവിടെ കയറി. ഒരു പാകിസ്ഥാനി റസ്റ്റോറന്റ് ആയിരുന്നു അത്, പാകിസ്ഥാനിയായ ചെറുപ്പക്കാരനായ റിസപ്ഷനിസ്റ്റ് സ്നേഹപൂർവ്വം ഞങ്ങളെ സ്വീകരിച്ചു. കുറച്ചുനാളുകൾക്കുശേഷം ഉർദുവിൽ സംസാരിക്കാൻ കിട്ടിയ സന്തോഷം ശശിയേട്ടന്റെ മുഖത്ത് തെളിഞ്ഞു കണ്ടു. ആലു പാലക് കറി, ദാൽ കറി, നാൻ എന്നിവ പാർസൽ ആയി വാങ്ങി. മണി എട്ടര കഴിഞ്ഞെങ്കിലും പുറത്തു നല്ല വെളിച്ചമായിരുന്നു. ലോഡ്ജിലെത്തി കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് മോൻ പറഞ്ഞ കാര്യംശരിക്കും മനസ്സിലായത്.രുചികരമായ ഇന്ത്യൻ (പച്ചക്കറി) വിഭവങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ ഇവിടെ വളരെ വിരളമാണെന്ന് മോൻ പറഞ്ഞിരുന്നു…. രുചി ഇല്ലാത്ത ഏതോ എണ്ണയിൽ കുഴഞ്ഞിരിക്കുന്ന കറികൾ. എരിവും കൂടുതൽ. തീരെ കഴിക്കാൻ കഴിഞ്ഞില്ല. ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ ഇട്ടു. ഭക്ഷണം കളയരുത് എന്ന ചിന്ത ഉണ്ടെങ്കിലും ആരോഗ്യം തകരാറിലാക്കരുതല്ലോ . പഴങ്ങൾ കഴിച്ച് വിശപ്പടക്കി വെള്ളവും കുടിച്ചു കിടന്നു.

ഓൺലൈൻ വഴി ബുക്ക് ചെയ്ത നാളത്തെ യാത്രയെ കുറിച്ച് ചിന്തിച്ചുകൊണ്ട് കിടന്നുറങ്ങി.
അതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അടുത്ത ലക്കത്തിൽ പറയാം

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

 1. നല്ല അവതരണം
  കാക്കകളുടെ കഥ പുതുമ
  തോന്നി
  കാത്തിരിക്കുന്നു
  ഇനിയും……
  Congratulations ❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...

വാഹനാപകടത്തില്‍ വൈദികൻ മരിച്ചു.

തലശ്ശേരി: വാഹനാപകടത്തില്‍ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം...

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകൾ ഏറെ.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ...
WP2Social Auto Publish Powered By : XYZScripts.com
error: