24-07-2018 തുടരുന്നു.
റോമിലെ രാത്രിക്കാഴ്ചകൾ.
പുൽമേടുകളും ചെറിയ കുന്നുകളും നിറഞ്ഞ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങൾ. ഇടയ്ക്കിടെ ചില ചെറിയ പട്ടണ പ്രദേശങ്ങളും പിന്നിട്ടു കൊണ്ട് ചരിത്രാന്വേഷകരുടെ പറുദീസാ എന്നറിയപ്പെടുന്ന ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ എത്തുമ്പോൾ സമയം ഏകദേശം 8 മണിയോട് അടുത്തിരുന്നു. അത്താഴം കഴിഞ്ഞ് താമസ സ്ഥലമായ ഹോളിഡേ ഇൻ ഹോട്ടലിൽ എത്തി.

രാത്രിയിലെ നഗര കാഴ്ചകൾ കാണാൻ ആഗ്രഹമുള്ളവർ അരമണിക്കൂറിനുള്ളിൽ മുറിയിൽ പോയി പെട്ടി എല്ലാം വെച്ച് തിരിച്ചു താഴെഎത്താൻ ആവശ്യപ്പെട്ടു. റൂമിലെത്തി, സാധനങ്ങളെല്ലാം ഒരു ഭാഗത്ത് വെച്ച് വേഗം ഒരു കുളി പാസാക്കി, വസ്ത്രം മാറി ഞങ്ങൾ താഴെയെത്തി. നഗര കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങളുടെ വാഹനം പതിയെ നീങ്ങി. അന്ന് കണ്ട സ്ഥലങ്ങളുടെ എല്ലാം പേരുകൾ എനിക്കിപ്പോൾ ഓർമ്മയില്ല. അന്ന് കൂടുതൽ ഫോട്ടോകൾ എടുത്തത് ശശി ഏട്ടന്റെ ഫോണിൽ ആയിരുന്നു. (ആ ഫോട്ടോകൾ ഇപ്പോൾ കൈയിലില്ല. അതിന്റെ കഥ പിന്നെ പറയാം).

കൈയിലുള്ള ഫോട്ടോകളും വീഡിയോകളും രാമേട്ടൻറെ ശബ്ദരേഖയും ഞങ്ങളുടെ രണ്ടുപേരുടെയും ഓർമ്മയിൽ ഉള്ള കാര്യങ്ങളും ആണ് ഇവിടെ രേഖപ്പെടുത്തുന്നത്. ചരിത്രസ്മാരകങ്ങൾ ധാരാളമുള്ള ഇറ്റലിയിലെ രാത്രിക്കാഴ്ച ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കൊളോസിയം തന്നെ.( ലോകപ്രശസ്തമായ ഫെറാറി കാർ നിർമ്മിക്കുന്നത് ഇറ്റലിയിലെ ഫിയറ്റ് കാർ നിർമാണശാലയിൽ നിന്നാണ്. അബുദാബിയിൽ ഫെറാറി വേൾഡ് എന്ന അമ്യൂസ്മെന്റ് പാർക്കിൽ പോയപ്പോൾ ഇറ്റലിയിലെ കൊളോസിയം, പിസ, തുടങ്ങിയ കാര്യങ്ങൾ നേരിട്ട് കണ്ടതുപോലെ കണ്ടത് ഞാനോർത്തുപോയി ) സ്മൃതിപഥത്തിൽ മറഞ്ഞുകിടന്നിരുന്ന ഓർമ്മകൾ രാമേട്ടന്റെ വിവരണം കൂടിയായപ്പോൾ നല്ലപോലെ തെളിഞ്ഞു വന്നു.

വാഹനം വീതികുറഞ്ഞ റോഡിന്റെ ഒരുവശത്തു നിർത്തി ഞങ്ങൾ കൊളോസിയം കാണാൻ വേണ്ടി നടന്നു. റോമൻ രാജാക്കന്മാരുടെ ക്രൂര വിനോദങ്ങൾക്ക് മൂകസാക്ഷിയായി നിന്ന ഈതുറന്ന വിനോദകേന്ദ്രം (Amphitheater) പ്രകൃതി ദുരന്തങ്ങളെയും പല ആക്രമണങ്ങളെയും അതിജീവിച്ച് ഇന്നും നിഗൂഢത നിറച്ച് തലപൊക്കി നിൽക്കുന്ന കാഴ്ച കാണേണ്ടതു തന്നെ. സഞ്ചാരികളുടെ ഒരു വലിയ ജനസഞ്ചയം ആയിരുന്നു അവിടെ. രാത്രിയിൽ കൊളോസിയത്തിന്റെ ഭംഗി പകർത്താനായി കാത്തു നിൽക്കുന്നവർ. എന്തോ ചില അറ്റകുറ്റപ്പണികൾ അവിടെ നടക്കുകയാണെന്നും പറഞ്ഞു സഞ്ചാരികളെ അതിനടുത്തേക്ക് ഞങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്നും കടത്തിവിട്ടിരുന്നില്ല. എങ്കിലും എല്ലാവരും ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു.

എ ഡി 72ൽ വെസ്പസിയൻ ചക്രവർത്തിയാണ് റോമൻ ഫോറത്തിന്റെ കിഴക്കുഭാഗത്തായി കൊളോസിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പുത്രൻ ടൈറ്റസ് അത് പൂർത്തീകരിക്കുകയും വിനോദങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു.. പിന്നീട് ഡോമിറ്റിയൻ ചക്രവർത്തി അത് കുറച്ചുകൂടി പരിഷ്കരിച്ച് വിപുലീകരിച്ചു. ഇവർ മൂന്ന് പേരും ഫ്ലാവിയൻ രാജവംശത്തിൽപെട്ടവർ ആയതുകൊണ്ട് ഇതിനെ ഫ്ലാവിയൻ ആംഫിതിയറ്റർ എന്നും വിളിക്കാറുണ്ട്. എന്നാൽ ഈ രാജവംശത്തി നു മുൻപ് രാജ്യം ഭരിച്ചിരുന്നനീറോ ചക്രവർത്തി( അതെ ആ വിദ്വാൻ തന്നെ, സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ചയാൾ ) സ്ഥാപിച്ച തന്റെ തന്നെ വെങ്കലപ്രതിമ യായ കൊളോസസിന്റെ പേരിലാണ് ഇന്നും ഈ ലോകാത്ഭുതം പ്രസിദ്ധമായിരിക്കുന്നത്. കല്ലും മണലും മാത്രം ഉപയോഗിച്ച് നിർമ്മിച്ച 240 ഓളം കമാനങ്ങൾ ഉള്ള 80,000 പ്രേക്ഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന കൊളോസിയം ഒരു അത്ഭുതം തന്നെയാണ്. (ഫെറാറി അമ്യൂസ്മെന്റ് പാർക്കിലെ കാഴ്ചകൾ കണ്ട് അത്ഭുതംകൂറിയ കാര്യം ഞാൻ മാധുരിയോട് പറഞ്ഞു.)

വളരെ ക്രൂരമായ വിനോദങ്ങളും പ്രാകൃതരീതിയിലുള്ള ശിക്ഷകൾ നടപ്പാക്കലും ആയിരുന്നു കൊളോസിയത്തിൽ നടന്നിരുന്നത്. അവിടുത്തെ യോദ്ധാക്കൾ ഗ്ലാഡിയേറ്റർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശക്തി തെളിയിക്കുക അല്ലെങ്കിൽ മരണത്തെ പുല്കുക – അതിനുള്ള ഒരു വേദിയായിരുന്നു അവിടം. രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും വന്ന് യോദ്ധാക്കൾ ഒന്നുകിൽ പരസ്പരവും അല്ലെങ്കിൽ വന്യമൃഗങ്ങളും ആയും മൽപ്പിടുത്തം പതിവായിരുന്നു. അവർ ഒരു ഉത്സവമായി ആഘോഷിച്ചിരുന്ന ട്രയാൻ എന്ന പരിപാടിയിൽ 123 ദിവസങ്ങളിലായി പതിനായിരത്തോളം ഗ്ലാഡിയേറ്റർമാരും ഇതിൽ കൂടുതൽ മൃഗങ്ങളും പങ്കെടുത്തിരുന്നുവത്രേ! ഇവർ തമ്മിലുള്ള മത്സരങ്ങൾ നടക്കുന്നതിനിടയിൽ ജാലവിദ്യകളും, മറ്റു വിനോദങ്ങളും കൂട്ടത്തിൽ ശിക്ഷ നടപ്പാക്കലും നടന്നിരുന്നു. ശിക്ഷകളിൽ ഏറ്റവും നീചവും പ്രാകൃതവും ആയത് വന്യമൃഗങ്ങൾക്ക് ഇര ആകാൻ അവർക്കിടയിലേക്ക്, നഗ്നരാക്കി നിരായുധരായ കുറ്റവാളികളെ വലിച്ചെറിയുകയായിരുന്നു. ഇതെല്ലാം കണ്ട് ആസ്വദിക്കാൻ രാജകുടുംബാംഗങ്ങളും പ്രഭു കുടുംബാംഗങ്ങളും അവിടെ സന്നിഹിതരാവുമായിരുന്നു. രാമേട്ടൻറെ കഥ പറച്ചിൽ കേട്ടപ്പോൾ സങ്കടമോ, ദേഷ്യമോ, ഭയമോ, എന്തൊക്കെയോ ചേതോ വികാരങ്ങൾ എന്നെ അലട്ടി. പതിനായിരക്കണക്കിന് മനുഷ്യരുടെയും ജന്തുക്കളുടെയും ദയനീയ ക്രന്ദനങ്ങൾ ഇപ്പോഴും അവിടെയെല്ലാം തളംകെട്ടി കിടക്കുന്നുണ്ടാകില്ലേ!
അവിടെനിന്നും ഞങ്ങൾ പിന്നീട് പട്ടണമാകെ ചുറ്റിനടന്നു. പല രാജാക്കന്മാരുടെയും നേതാക്കളുടെയും പ്രതിമകളും അവയ്ക്കു ചുറ്റും ജലധാരകളും കോട്ടകളും എല്ലാമായി , ചരിത്രസ്മാരകങ്ങൾ ഉറങ്ങിക്കിടക്കുന്ന നഗരത്തിന്റെ രാത്രി ക്കാഴ്ചകൾ അവർണ്ണനീയം ആയിരുന്നു ഏകദേശം 11 മണിയായപ്പോൾ ഞങ്ങൾ തിരിച്ചു പോന്നു. അതിനുശേഷം ചൂതാട്ടവും, നിശാനൃത്തവും നടക്കുന്ന നിശാക്ലബ് കാണാനായി കുറച്ചു പേർ പോയി.അത് ടൂർ പാക്കേജിൽ ഇല്ലാത്തതാണ്. താല്പര്യമുള്ളവർ കാശു മു ടക്കാൻ തയ്യാറാണെങ്കിൽ അതും കാണിച്ചു കൊടുക്കാം എന്ന് രാമേട്ടൻ ഉച്ചയ്ക്ക് വാഹനത്തിൽ വച്ച് പറഞ്ഞിരുന്നു. അവർ എപ്പോഴാണ് തിരിച്ചുവന്നത് എന്നറിയില്ല.

ഉറങ്ങാൻ കിടക്കുമ്പോഴാണ് അന്ന് മുഴുവൻ നടന്ന ക്ഷീണം അറിഞ്ഞത്. ചരിത്രത്തിൽ വായിച്ചറിഞ്ഞ വിസ്മയങ്ങൾ പലതും നേരിട്ടു കണ്ട കാര്യം ഓർത്തു കിടന്നപ്പോൾ ഉറക്കം എപ്പോഴാണ് തഴുകിയതെന്ന് അറിഞ്ഞില്ല.
ഓരോ യാത്രകളും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നു. ഇനി നാളത്തെ യാത്ര.
(തുടരും….)
തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍