23/07/2018 ഇന്ന് ഓസ്ട്രിയയോട് വിടപറയുകയാണ്.
ഇനി യാത്ര ഇറ്റലിയിലേക്ക് ആണ്.
ഏകദേശം 7:45നു ബസ് നീങ്ങാൻ തുടങ്ങി. ഇപ്പോൾ നല്ല വെയിലുണ്ട്.കാഴ്ചകൾ കണ്ടു കൊണ്ട് വണ്ടിയിൽ ഇരിക്കുമ്പോൾ നേരം പോകുന്നത് അറിയുന്നില്ല. കരിമേഘങ്ങൾ പുതച്ചു ഇരുണ്ടു നിൽക്കുന്ന മലമുകളിൽ കൂടി അരിച്ചിറങ്ങുന്ന മൂടൽമഞ്ഞ് അവാച്യസുന്ദരമായ കാഴ്ചയൊരുക്കുന്നു. മഴ പെയ്യുമോ എന്നറിയില്ല. ഇന്നത്തെ യാത്ര വെനീസിലേക്ക് ആണ്. അഞ്ചു മണിക്കൂറിലധികം യാത്രയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത് അവിടെ നല്ല ചൂടുള്ള കാലാവസ്ഥയാണ് എന്നാണ് മുന്നറിയിപ്പു കിട്ടിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നല്ല സുഖകരമായ കാലാവസ്ഥയും പ്രകൃതിരമണീയമായ അന്തരീക്ഷവും. ചില ഭാഗത്ത് പുൽമേടുകളും ചിലയിടങ്ങളിൽ ഇടതൂർന്ന കാടുകളുമായി പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രകൃതി. മൂടൽ മഞ്ഞു കാരണം വീഡിയോ എടുക്കാൻ കഴിയുന്നില്ല. ചില ഭാഗത്തെ മരക്കൂട്ടങ്ങൾ കാണുമ്പോൾ നാട് ഓർമ്മ വരുന്നു.കരിനീല നിറവും ഇളം നീല നിറവും ചേർന്നു ചിത്രം രചിക്കുന്ന ആകാശക്കാഴ്ച, മലമുകളിലേക്ക് ഊർന്നിറങ്ങുന്ന മേഘക്കൂട്ടങ്ങൾ. ഈ കാഴ്ചകൾ ഒന്നും പറഞ്ഞു തരാൻ കഴിയില്ല. ഇപ്പോൾ ഇറ്റലിയിലേക്ക് കട ക്കാനുള്ള അതിർത്തി എത്താനായിരിക്കുന്നു. ചെക്ക്പോസ്റ്റിൽ വണ്ടികൾ നിരനിരയായി കിടക്കുന്നത് കണ്ടു. ഇവിടെ ഞങ്ങൾക്ക് നിർത്തേണ്ടി വന്നില്ല.8:33 നു ഇറ്റലിയിലേക്ക് പ്രവേശിച്ചു.

ഇവിടെ ആകാശം വെളുത്തു കാണുന്നു. ഇപ്പോൾ ഇറ്റാലിയൻ പ്രാന്തപ്രദേശങ്ങളിൽ കൂടിയാണ് യാത്ര.. മൂടൽമഞ്ഞ് കൂടിക്കൂടി വരുന്നു. ആകെ ഇരുണ്ട അന്തരീക്ഷം. മലമുകളിലേക്കുള്ള ഒരു ചെറിയ ടൗൺഷിപ്പിലൂടെയാണ് ഇപ്പോൾ യാത്ര. ഇറ്റാലിയൻ ഭാഷയിലുള്ള ബോർഡുകൾ മാത്രം അതിനാൽ ഒന്നും മനസ്സിലാകുന്നില്ല.( അപ്പോൾ ഞാൻ നമ്മൾ മലയാളികളെ കുറിച്ച് ഓർത്തു നമ്മൾക്ക് ഒരല്പം ഇംഗ്ലീഷ് അറിഞ്ഞാൽ പിന്നെ തീരെ മലയാളമറിയാത്ത പോലെയുള്ള പെരുമാറ്റം. ഇവിടെ പല രാജ്യത്തു ചെന്നപ്പോഴും അവർ കൂടുതലും അവരുടെ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത് കണ്ടത്) ചെറിയ ചെറിയ കുന്നുകളിൽ ഭംഗിയിൽ കാണുന്ന പച്ച വിരിച്ചു നില്ക്കുന്ന കൃഷിയിടങ്ങളും വീടുകളും. പ്രകൃതി ഭംഗി മുഴുവൻ വീഡിയോയിൽ പകർത്തുക അസാദ്ധ്യ മാണെന്ന് കണ്ടു ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. സമയം ഏകദേശം പത്ത് മണിയോടടുക്കുന്നു. ഇപ്പോൾ ചോളം /ബാർലി വയലുകൾക്ക് നടുവിൽ കൂടിയാണ് യാത്ര. കൃഷിയിടങ്ങൾക്ക് അതിരു നിൽക്കുന്ന മലനിരകൾ. ചിലയിടങ്ങളിൽ തുരങ്കത്തിലൂടെ ആണ് യാത്ര നീളമുള്ള തുരങ്കങ്ങൾ ഈ നാടിന്റെ പ്രത്യേകതയാണ് മരങ്ങൾ നശിപ്പിക്കാതെ തുരങ്ക മാർഗ്ഗങ്ങൾ നിർമ്മിച്ചിരിക്കുന്നത് യൂറോപ്പിൽ പൊതുവേ കണ്ടുവരുന്നു. യാത്രകളിൽ തുരങ്കങ്ങൾ എണ്ണാൻ തുടങ്ങിയത് ഞാൻ നിർത്തി വെച്ചു ചില തുരങ്കങ്ങൾക്ക് 16 കിലോമീറ്റർ വരെ നീളമുണ്ട്. (മരങ്ങൾ നശിപ്പിക്കാതെ, പ്രകൃതിയെ ഹനിക്കാതെ ഇങ്ങനെ റോ ഡുകൾ നിർമ്മിക്കുന്നത് മഞ്ഞുവീഴ്ചക്കാലത്തു ഗതാഗതം സുഗമമാക്കാൻ കൂടിയാണെന്ന് രാമേട്ടൻ പറഞ്ഞു. മഞ്ഞുകാലത്ത് റോഡിൽ വീഴുന്ന മഞ്ഞു നീക്കാനും വളരെയധികം സാമ്പത്തിക ബാധ്യത ഉണ്ടാകും ) ദൂരെ ഒരു മലമുകളിൽ ഒരു സാറ്റലൈറ്റ് ടിവിയുടെ കേന്ദ്രം ആണെന്ന് തോന്നുന്നു കണ്ടു. മലമുകളിൽ നിന്നും മഞ്ഞു പൊന്തി വരുന്നത് കാണാൻ നല്ല രസമാണ്. തുരങ്കത്തിൽ കയറിയും ഇറങ്ങിയും പ്രകൃതി ഭംഗി ആസ്വദിച്ചും യാത്ര തുടരുകയാണ്. ചിലർ ബസിലെ ടിവിയിൽ കാണിക്കുന്ന ഹിന്ദി ഫിലിം കണ്ടുകൊണ്ടിരിക്കുന്നു. പലരും മയക്കത്തിലും.
മലയുടെ ചിലഭാഗങ്ങളിൽ താഴേക്ക് മലയിടിഞ്ഞു വീഴാതിരിക്കാൻ നല്ല ബലമുള്ള കമ്പിവലകൾ കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. മലമുകളിലേക്ക് നീണ്ടുപോകുന്ന ഒരുറോഡ് കണ്ടു. മിക്ക മലയുടെ മുകളിലും എന്തെങ്കിലും പണിതു വച്ചിട്ടുണ്ട്.ചില മലമുകളിൽ കോട്ട പോലെ എന്തോ കണ്ടു.സർക്കാരും ജനങ്ങളും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നതു പോലെ തോന്നി. ദൂരെയായി അതാ ഒരു ചോല ഒഴുകി വരുന്നു. വീഡിയോ പകർത്താൻ കഴിഞ്ഞില്ല.
ഇന്ന് ഇറ്റലിയിൽ 38 ഡിഗ്രിസെന്റിഗ്രേഡ് ചൂട് ഉണ്ട് എന്നാണ് പറയുന്നത്. ഇനി കാഴ്ചകൾ കാണണമെങ്കിൽ കൂളിംഗ് ഗ്ലാസ് ധരിക്കണം. വെയിൽ തീഷ്ണമായിരിക്കുന്നു.ചിലർ ബസിന്റെ കർട്ടൻ വലിച്ചിട്ടു.ഈ രാജ്യങ്ങളിൽ 18 -20ഡിഗ്രി സെന്റിഗ്രേഡ് ആകുമ്പോഴേക്കും നല്ല ചൂട് അനുഭവപ്പെടും.ഇന്ന് ഭക്ഷണം സ്വന്തം കാശ് കൊടുത്തു കഴിക്കണം കടയിൽ കയറിയാൽ പറയേണ്ട ഇറ്റാലിയൻ വാക്കുകൾ ഞങ്ങളെ പറഞ്ഞു പരിചയപ്പെടുത്തുകയാണ് ഇപ്പോൾ രാമേട്ടൻ.(കാരണം അവിടെ ഇംഗ്ലീഷ് അറിയുന്നവര്ഉണ്ടാകില്ല) ചൂടുള്ള ചായ, കാപ്പി, കപ്പൂച്ചിനോ, പിസ, വെള്ളം എന്നിവ എങ്ങനെ ഓർഡർ ചെയ്യണം തെരഞ്ഞെടുക്കണം എന്നെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നു.
കാൾഡോ( caldo ) എന്നു പറഞ്ഞാലേ ചൂടുള്ള കാപ്പി കിട്ടൂ. Minarale /naturale എന്നെഴുതിയ ബോട്ടിലിലാണ് ശുദ്ധജലം എന്നും frizzan എന്നെഴുതിയത് സോഡാ വാട്ടർ ആണെന്നും പറഞ്ഞു തന്നു. ആദ്യം ക്യാഷ് കൗണ്ടറിൽ പോയി കാശ് അടച്ചശേഷം വേണം ചായ/കാപ്പി/പിസാ(അതായത് അപ്പോൾ ഉണ്ടാക്കി തരുന്ന ഭക്ഷണങ്ങൾ )എന്നിവ വാങ്ങാൻ.മറ്റു സാധനങ്ങൾ എടുത്തതിനുശേഷം കാശു കൊടുത്താൽ മതി.ഇങ്ങനെഓരോ കാര്യവും വിശദമായി പറഞ്ഞുതന്നു.
ബസ്സിൽ ഗുജറാത്തി കുടുംബങ്ങളുടെ ആഹ്ളാദാരവങ്ങൾ ആണ്. പുറത്തെ മനോഹരക്കാഴ്ച്ചകള് കാണാതെ വെറുതെ ബഹളം വെച്ചു ചിരിക്കുന്നു അവര്. പച്ചപ്പട്ട് അണിഞ്ഞ ചെറിയ ചെറിയ മലനിരകൾ. ധാരാളം വീടുകളും ഉണ്ട്. ഭംഗിയായി വെട്ടിയൊതുക്കിയ ചെടികൾ. മഞ്ഞിൽ കൂടി പറന്നു വരുന്ന പഞ്ഞിക്കെട്ടുകൾ പോലെ ചെറിയ മേഘത്തുണ്ടുകൾ. ഇത് കാണുമ്പോൾ എനിക്ക് വീഡിയോ നിർത്താൻ തോന്നുന്നതേയില്ല.
വീണ്ടും ആസ്ത്രിയയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് കടന്നാണ് ഇപ്പോൾ യാത്ര. കുന്നുകളുടെ വലിപ്പം കൂടികൂടി വരുന്നു കൂട്ടത്തിൽ വൃക്ഷനിബിഡവും ആയിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ ആവാസകേന്ദ്രങ്ങൾ കാണുന്നുണ്ട് ഇവിടെ. അതിനിടയിൽ കൂടെ കാണുന്ന പച്ചവിരിച്ച മലനിരകളെ വെള്ളപ്പുതപ്പു കൊണ്ട് മൂടാൻ എന്നപോലെ പറന്നിറങ്ങുന്ന മേഘക്കൂട്ടങ്ങൾ. അനവദ്യ സുന്ദരമായ കാഴ്ചകളാണ് ചുറ്റിലും. ഇതാ ഞങ്ങൾ വീണ്ടും ഇറ്റലിയിലേക്ക് കടന്നു.ബസ്സിൽ നല്ല ബഹളമാണ്. ഗുജറാത്തി കുടുംബങ്ങൾ നല്ലആഹ്ളാ ദത്തിമിർപ്പിലാണ്.ബസ്സിൽ അന്താക്ഷരിയുടെ തിരക്കാണ്.ശശിയേട്ടനും അവരുടെ കൂട്ടത്തിൽ കൂടിയിരിക്കുകയാണ്. ഇനി നാലു മണിക്കൂറോളം യാത്രയുണ്ട് തുടക്കത്തിൽ പറഞ്ഞിരുന്നത് 5 മണിക്കൂർ യാത്ര ആണെന്നാണ്.
മഴക്കാറ് നീങ്ങിയിരിക്കുന്നു ഒരു കുന്നിൻ മുകളിൽ ഒരു സ്തൂപം കണ്ടു ഒരു പ്രതിമ പോലെ തോന്നി.എന്താണെന്ന് മനസ്സിലായില്ല. മിക്കവാറും എല്ലാ മലമുകളിലും പള്ളിയോ അല്ലെങ്കിൽ എന്തെങ്കിലും പ്രതിമകളോ ഉണ്ടാക്കി വെച്ചിട്ടുണ്ട്. സമയം ഏകദേശം പത്തേ കാൽ കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാനായി ഒരു വലിയ സൂപ്പർമാർക്കറ്റിലെ മുൻപിലെത്തി.
അവിടെയും നല്ല ഫോട്ടോഷൂട്ട് നടത്താൻ അനുകൂലമായ അന്തരീക്ഷമായിരുന്നു. കുറച്ചുനേരം അവിടെയുള്ള ചുറ്റിനടന്ന് എല്ലാവരും ചിത്രങ്ങൾ പകർത്തി അതിനുശേഷം ഭക്ഷണം കഴിഞ്ഞു പതിനൊന്നരയോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ധാരാളം ട്രക്കുകളും വലിയ വാഹനങ്ങളും കടന്നു പോകുന്ന തിരക്കേറിയ വീഥികൾ. ഗുജറാത്തികുടുംബങ്ങളുടെ കൂടെയിരുന്ന് ശശിയേട്ടൻ, സത്യം ശിവം സുന്ദരം എന്ന ലതാമങ്കേഷ്കറിന്റെ മനോഹരഗാനം ചൂളം വിളിച്ചു കൊണ്ടിരിക്കുന്നു.എനിക്ക് വല്ലാതെ ഉറക്കം വരുന്നു ഒരൽപ്പനേരം ഉറങ്ങാൻ തീരുമാനിച്ച് ഞാൻ കണ്ണടച്ചു. കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച..ഹാ ! മഴക്കാറും മൂടൽമഞ്ഞും കൂടി ഒരു പ്രത്യേക അനുഭൂതി നൽകുന്ന അന്തരീക്ഷം. പൊഴിഞ്ഞു വീഴുന്ന മഴമുത്തുകൾ, മാസ്മരികമായ ഒരു അനുഭൂതി പകർന്ന് പ്രകൃതി. ചെറിയ ചെറിയ മലനിരകളും നിറയെ കൃഷിസ്ഥലങ്ങളും ഇടയ്ക്കിടെ വീടുകളും, ചെറിയ വ്യവസായകേന്ദ്രങ്ങളും. എല്ലാം താണ്ടി വണ്ടിയിപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്

പ്രകൃതി സുന്ദരമായ സമതലത്തിൽകൂടി.ചില ഭാഗത്ത് റോഡിനിരുവശവും പാലം പോലെ കൈവരികൾ പിടിപ്പിച്ചിട്ടുണ്ട്. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പാതകൾ, പലയിടത്തേക്കും തിരിഞ്ഞു പോകുന്നത് കണ്ടു. പച്ചപിടിച്ചു നിൽക്കുന്ന കൃഷിയിടങ്ങളുടെ ഇടയിൽ വലിയ വീടുകൾ കാണുന്നുണ്ട് ഇപ്പോൾ.തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങൾ പിന്നിട്ടു കൊണ്ട് വണ്ടി നീങ്ങിക്കൊണ്ടിരുന്നു ഇപ്പോൾ ഒരൽപം വേഗം കൂടിയിരിക്കുന്നു. നിറയെ പരന്നു കിടക്കുന്ന മുന്തിരിത്തോട്ടങ്ങൾക്കിടയിലൂടെ ആണ് ഇപ്പോൾ യാത്ര. ഭൂപ്രകൃതി പെട്ടെന്നു മാറി. ധാരാളമായി വൃക്ഷങ്ങൾ നിൽക്കുന്ന കൃഷിയിടങ്ങൾ പിന്നിട്ടു കൊണ്ടാണ് വണ്ടി നീങ്ങിക്കൊണ്ടിരിക്കുന്നത്. മലകൾ ഒന്നും കാണാത്ത സമതലപ്രദേശങ്ങളിൽ വണ്ടി ഓടിക്കൊണ്ടേയിരുന്നു കൃഷിസ്ഥലങ്ങളും വ്യവസായ കേന്ദ്രങ്ങളും ചിലയിടങ്ങളിൽ മനുഷ്യാവാസസ്ഥലങ്ങളും കണ്ടുകൊണ്ട് യാത്ര തുടർന്നുകൊണ്ടേയിരുന്നു.

വെയിലിന്റെ കാഠിന്യം വളരെയേറെ കൂടിയിരിക്കുന്നു. പുറത്തേക്കു നോക്കുമ്പോൾ കണ്ണിൽ നല്ല വിഷമം അനുഭവപ്പെടുന്നു, വെനീസ് എത്താറായെന്ന് തോന്നുന്നു. ഇടക്കിടെ പാലങ്ങൾ കാണുന്നുണ്ട്. റോഡിന്റെ ഒരു വശത്ത് അല്പം ദൂരെയായി കാണുന്ന ഭംഗിയുള്ള കനാൽ Porila liberta Guntaka canal ആണെന്ന് രാമേട്ടൻ പറഞ്ഞു. അതിന്റെ വീഡിയോ എടുക്കുവാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച മറച്ചുകൊണ്ട് രണ്ടുമൂന്ന് മെട്രോ ട്രെയിനും വളരെ നീണ്ട ഒരു വലിയ ട്രെയിനും കടന്നുപോയത്. ആ കാഴ്ച അങ്ങനെ നഷ്ടപ്പെട്ടു.
പോർഷ്യയും ഷൈലോക്കും ബസ്സാനിയോയും ജീവിച്ച വെനീസിലേക്ക് ഞങ്ങളുടെ വാഹനം എത്തിക്കൊണ്ടിരിക്കുന്നു ഇടയ്ക്കിടെ ട്രെയിൻ, കായൽക്കാഴ്ചകൾ മറച്ചു കൊണ്ടിരുന്നു. ഇപ്പോൾ കാണുന്നത്-നിറയെ കെട്ടിടങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് പോലെയുള്ള കാഴ്ച-അത് വർണ്ണിക്കാൻ കഴിയില്ല ക്യാമറയും സൺഗ്ലാസും എടുത്തു ഇറങ്ങുവാൻ തയ്യാറാകാൻ രാമേട്ടൻ ആവശ്യപ്പെട്ടു.
വാഹനം ഒരുഭാഗത്ത് പാർക്ക് ചെയ്തു. സമയം രണ്ടര കഴിഞ്ഞിരിക്കുന്നു ഇനി ബോട്ട് യാത്രയാണ് വെനീസിലേക്കുള്ള യാത്ര -ഏകദേശം അരമണിക്കൂറോളം ഉള്ള യാത്രയാണത്.
(തുടരും)
പത്മിനി ശശിധരൻ✍
