തയ്യാറാക്കിയത്: പത്മിനി ശശിധരൻ
ഭാഗം 5
സയൻസ് മ്യൂസിയത്തിൽ നിന്നും ഇറങ്ങി, തൊട്ടടുത്തുതന്നെയുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് ഞങ്ങൾ നടന്നു…
80 മില്യണിലധികം ജീവശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ഇനങ്ങൾ സൂക്ഷിച്ചിട്ടുള്ള വളരെ വലിയ ഒരു മ്യൂസിയമാണിത്. ബോട്ടണി( സസ്യശാസ്ത്രം), എന്റമോളജി( പ്രാണി ശാസ്ത്രം), മിനറോളജി( ധാതുശാസ്ത്രം), പാലിയന്റോളജി( ഫോസിലുകളെ കുറിച്ചുള്ള പഠനം), സുവോളജി( ജന്തുശാസ്ത്രം) എന്നിങ്ങനെ അഞ്ചു വലിയ ശേഖരണങ്ങൾ ആയിട്ടാണ് ഇവിടെ ഇനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.
ടാക്സോണമിയിൽ ( ജീവജാലങ്ങളുടെ വർഗ്ഗീകരണ പഠനം) ഗവേഷണം നടത്തുന്നവർക്കുള്ള ഒരു നല്ല പഠനകേന്ദ്രമാണ് ഈ മ്യൂസിയം.. ഇവിടെ സൂക്ഷിച്ചിരിക്കുന്ന മാതൃകകൾക്ക് (specimen ) ശാസ്ത്രപരമായി മാത്രമല്ല ചരിത്രപരമായും വളരെ പ്രാധാന്യമുണ്ട്. പരിണാമ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡാർവിൻ ശേഖരിച്ചു വച്ചിട്ടുള്ള മാതൃകകൾ വരെ ഇവിടെയുണ്ട്.

എട്ടു കോടിയിലധികം മാതൃകകൾ സൂക്ഷിച്ചിട്ടുള്ള ഈ മ്യൂസിയം വിജ്ഞാന കുതുകികൾക്ക് ഒരു അക്ഷയസാഗരം തന്നെയാണ്. 1881ൽ തുടക്കം കുറിച്ച ഈ മ്യൂസിയം പല പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടാണ് ഇന്നത്തെ നിലയിൽ കാണുന്നത്. ടെറാകോട്ട ടൈൽസ് ഉപയോഗിച്ചുള്ള വിക്ടോറിയൻ വാസ്തുശൈലി പ്രകൃതിയുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും പ്രതിനിധീകരിക്കുന്നു. 2001 ഡിസംബർ മുതൽ ഇവിടെയും പ്രവേശനം തീർത്തും സൗജന്യമാണ്.
പ്രകൃതിസത്യങ്ങളുടെ വിശാലമായ ഒരു ലോകം ഞങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. എവിടേക്കാണ് നടക്കേണ്ടത് എന്താണ് കാണേണ്ടത് എന്ന് സംശയം തോന്നുന്ന വിധത്തിൽ ഒരു ലോകം. എല്ലാ ഭാഗങ്ങളും ചുറ്റിനടന്നു കാണാൻ സാവകാശം ഇല്ലാത്ത നമ്മളെപ്പോലുള്ള സന്ദർശകർക്ക് map നോക്കി താൽപര്യം തോന്നുന്ന സ്ഥലങ്ങൾ മാത്രം കാണേണ്ടിവരും. മ്യൂസിയത്തെ Red zone, Green zone,, Blue zone,Orange zone എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചിട്ടുണ്ട്. മേഖലാസൂചിക ഉപയോഗിച്ച് പ്രധാനപ്പെട്ടതായി തോന്നിയ കാര്യങ്ങൾ കാണുവാനായി ഞങ്ങൾ നടന്നു കണ്ട കാഴ്ചകളിൽ വളരെ കുറച്ചു മാത്രം ഇവിടെ വിവരിക്കാം എന്ന് കരുതുന്നു.

റെഡ് സോണിൽ വളരെക്കുറച്ചു നേരമാണ് ഞങ്ങൾ ചെലവഴിച്ചത്. ഭൂമിയുടെ ഉല്പത്തി മനുഷ്യചരിത്രം, അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയുടെ ചരിത്രം അനാവരണം ചെയ്യുന്നു ഈ മേഖല.
ഗ്രീൻ സോണിലാണ് പക്ഷികൾ ഇഴജന്തുക്കൾ,കടൽ ഫോസിലുകൾ, ശലഭങ്ങൾ തുടങ്ങിയവയുടെ മാതൃകകൾ ശേഖരിച്ചിരിക്കുന്നത്.(ഇവിടെയുള്ള ഹിൻസ്ഹാളിൽ വെച്ചിരിക്കുന്ന നീലത്തിമിംഗലത്തിന്റെ അസ്ഥികൂടം, giant sequoa fossil എന്നിവ ഇപ്പോഴും ഓർമ്മയിലുണ്ട്).ഓഫീസ് കാര്യങ്ങളും നടക്കുന്നത് ഈ സോണിൽ ആണ്.
ദിനോസറുകൾ, മത്സ്യങ്ങൾ, മറ്റു കടൽ ജീവികൾ, സസ്തനികൾ ( മാമൽ ഹാളിലാണ് ബ്ലൂവെയിൽ മോഡൽ)……താത്കാലികപ്രദർശനശാലകളും, കാഡോഗൻ ഗാലറിയും എല്ലാം ബ്ലൂ സോണിൽ ആണ്.
ഓറഞ്ച് സോണിൽ ഡാർവിൻ സെന്ററും വൈൽഡ് ലൈഫ് ഗാർഡനും ആണ്. വൈൽഡ് ലൈഫ് ഗാർഡൻ കാണാൻ ഞങ്ങൾ പോയില്ല.
ഇനി ഞങ്ങൾ കണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് ഒരു ചെറുവിവരണം നൽകാം.
ചാൾസ് ഡാർവിൻ റെ പേരിലുള്ള ഡാർവിൻ സെന്ററിൽ കോടിക്കണക്കിന് മാതൃകകളാണ് ഉള്ളത്. ഇവിടെയുള്ളശാസ്ത്രജ്ഞന്മാർക്കും പരീക്ഷണാർത്ഥികൾ ആയ സന്ദർശകർക്കുംപരീക്ഷണങ്ങൾ നടത്താനുള്ള സൗകര്യമുണ്ട്. രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലായി രണ്ടു പുതിയ കെട്ടിടങ്ങളിൽ നിർമ്മിച്ച ഡാർവിൻ സെന്റർ, ഈ മ്യൂസിയത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാന വഴിത്തിരിവാണ്. 2002 ലും 2008 ലും ആയിട്ടാണ് ഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ആൾക്കഹോളിൽ സൂക്ഷിച്ചിട്ടുള്ള ധാരാളം മാതൃകകൾ(spirited specimen). ഇവിടെയുണ്ട്. എങ്കിലും പ്രദർശനത്തിന് വയ്ക്കാത്ത കുറെയെണ്ണം സൂക്ഷിച്ചിരിക്കുന്ന ഹാളിലേക്ക് പ്രത്യേകം ഫീസ് അടച്ച് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഇവിടത്തെ പ്രധാനപ്പെട്ട, പേരെടുത്ത ഒരു ജീവി എന്ന് പറയുന്നത്, Archie എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന 8.62 മീറ്റർ നീളമുള്ള ഒരു squid ആണെന്നും basement ഇൽ ഉള്ള ഒരു വലിയ ജലസംഭരണിയിൽ ഉണ്ടെന്നും ഞങ്ങൾ അറിഞ്ഞു, പക്ഷെ പോയിക്കണ്ടില്ല.
പ്രധാന ഹാളിൽ വെച്ചിരിക്കുന്ന, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ കൂറ്റൻ പ്രതിമ, കോണി കയറി ചെല്ലുന്ന സ്ഥലത്ത് വച്ചിരിക്കുന്ന ടാക്സോണമിയുടെ പിതാവ് എന്നറിയപ്പെടുന്ന, Carolus Linnaeus ന്റെ പടുകൂറ്റൻ പ്രതിമ എന്നിവയെല്ലാം സസ്യശാസ്ത്ര ബിരുദധാരിയായ എനിക്ക് മറക്കാനാവാത്ത അനുഭവങ്ങളായി മാറി . അവിടെ കണ്ട പല കാര്യങ്ങളും കോളേജിൽ പഠിച്ച ഓർമ്മകളെ ഉണർത്തിക്കൊണ്ടിരുന്നു. പിന്നെ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടത്. ഏകദേശം 25 മീറ്ററോളം നീളവും 4.5 ടൺ ഭാരവുമുള്ള ഈ അസ്ഥികൂടം 1891ൽ അയർലൻഡിൽ നിന്ന് കിട്ടിയ ഒരു തിമിംഗലത്തിന്റെതാണ്. സ്റ്റഫ് ചെയ്തു വച്ചിരിക്കുന്ന ഭീമാകാരനായ തിമിംഗലത്തിനെയും അവിടെ കണ്ടു.
ഒരുകാര്യം ഇപ്പോഴാണോർമ്മ വരുന്നത്. മനുഷ്യജീവശാസ്ത്ര വിഭാഗത്തിൽ നമ്മൾ ചെയ്തു നോക്കേണ്ട രസകരങ്ങളായ പ ല പരീക്ഷണങ്ങളും ഉണ്ടായിരുന്നു. നമ്മളുടെ ശാരീരിക ക്ഷമത പരീക്ഷിക്കുന്നതും, പഞ്ചേന്ദ്രിയങ്ങളുടെ ക്ഷമത പരീക്ഷിക്കുന്നതുമായ രസകരങ്ങളായ കളികളിലൂടെ ഉള്ള പരീക്ഷണങ്ങൾ.( ഇതിനെ കുറിച്ചെഴുതിയാൽ ഇവിടെ തീരില്ല) ഇത്തരം കാര്യങ്ങൾ ചെയ്യാൻ പൊതുവേ താല്പര്യമുള്ള എനിക്ക് അവിടെനിന്നു പോരാൻ തോന്നിയതേയില്ല. അതിനു ശശിയേട്ടന്റെ ശകാരവും, മാധുരിയുടെയും രഘുഏട്ടന്റെയും കളിയാക്കലുകളും കേൾക്കേണ്ടി വന്നു,

പിന്നെ അവിടെ കണ്ട കാഴ്ചകളിൽ മറക്കാനാവാത്ത ഓർമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ ബ്ലൂ ടോപ്പാസ് ജെം സ്റ്റോൺ ആയ ഓസ്‌ട്രോരത്‌നക്കല്ല് (the ostro stone).100% കുറ്റമറ്റ തിളക്കമുള്ള 9381 ക്യാരറ്റ് പരിശുദ്ധിയുള്ള, രണ്ട് കിലോഗ്രാം ഭാരമുള്ള, 15 സെന്റി മീറ്റർ നീളവും, 10.5 സെന്റീമീറ്റർ വീതിയുമുള്ള, ഏകദേശം ഒരു ഒട്ടകപ്പക്ഷിയുടെ മുട്ടയോളം വലിപ്പമുള്ള, മനോഹരമായ ഒരു കല്ല്. 1980ൽ ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ നിന്ന് Max Ostro എന്നയാൾ കണ്ടെടുത്തത് ആണിത്. 2016ൽ അദ്ദേഹത്തിന്റെ മകൻ ആണ് ഇത് മ്യൂസിയത്തിലേക്ക് കൊടുത്തത്. 2016 ഒക്ടോബർ 19മുതൽ സന്ദർശകർക്കു മുമ്പിൽ പ്രദർശിക്കപ്പെടുന്നു.
മ്യൂസിയത്തിൽ വളരെ തിരക്കുണ്ടായിരുന്നു. കുടുംബങ്ങളായി വന്നവരായിരുന്നു അധികം പേരും. അവർ കുട്ടികൾക്ക് എല്ലാം വിസ്തരിച്ചു പറഞ്ഞു കൊടുക്കുന്നത് കണ്ടു. കുട്ടികളുടെ ഓരോ സംശയവും തീർത്തു കൊടുക്കുന്നതിൽ രക്ഷിതാക്കൾ വളരെ ഉത്സുകരായിരുന്നു. ഈ മ്യൂസിയത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ധാരാളം വൈജ്ഞാനികപരിപാടികൾ ഇടയ്ക്കിടെ നടത്താറുണ്ടെന്നായി അറിഞ്ഞു
.
കോണികൾ കയറിയിറങ്ങിയും, നടന്നും ക്ഷീണിച്ച ഞങ്ങൾ തൽക്കാലം അവിടം വിടാം എന്ന് തീരുമാനിച്ചു.. എന്നെ ആകർഷിച്ച ഒരു പ്രധാന കാര്യം പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ പ്രകൃതിയോട് ഇണങ്ങുന്ന രൂപത്തിലാണ് ഈ മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ്. മ്യൂസിയത്തിൽ കണ്ട, ഓർക്കുന്തോറും മനസ്സിൽ തെളിയുന്ന വിശേഷങ്ങൾ ഇനിയും ഏറെയുണ്ട്.
കുറച്ചുനേരം ഒരുഭാഗത്ത് ഇരുന്നു വിശ്രമിച്ചു. കൊണ്ടുവന്നിരുന്ന ലഘു ഭക്ഷണം കഴിച്ചു. സമയം 3 മണി കഴിഞ്ഞിരുന്നു
.
അവിടെ നിന്നും ഞങ്ങൾ നേരെ പോയത്, ലോകപ്രശസ്തമായ, വിലകൂടിയ ആഡംബര വസ്തുക്കളുടെ വ്യാപാരശൃംഖലയായ ഹാറോഡ്‌സ് (Harrods)ന്റെ ഷോറൂം കാണുന്നതിനു ആയിരുന്നു. ലണ്ടനിലെ Knights bridge ലെ Brampton road ൽ ആണ് ഈ സ്ഥാപനം. അവിടേക്ക് നടക്കുമ്പോൾ, ഏതോ സംഗീതോപകരണം ഉപയോഗിച്ച്, മനോഹരമായ സംഗീതം പൊഴിക്കുന്ന ഒരാളെ റോഡരികിൽ കണ്ടു.. കാണികളിൽ ചിലർ, അയാൾക്ക് പണം കൊടുക്കുന്നുണ്ടായിരുന്നു.

അഞ്ചേക്കറിൽ,പല നിലകളിലായി330 ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിൽ പരന്നു കിടക്കുന്ന ഹറോട്സ്(Harrods), കാഴ്ചകളുടെ ഒരു മായപ്രപഞ്ചം തന്നെയാണ് തീർക്കുന്നത്. ആഡംബര ജീവിതത്തിന് വേണ്ടിയുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന ഒരു മായാലോകം. സാധനങ്ങളുടെവില കണ്ട് ഞങ്ങൾ അന്തിച്ചു നിന്നുപോയി. ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് വിലക്കുള്ളതിനാൽ അതിനുള്ളിൽ നിന്നും ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. ആകെ ഫോട്ടോയെടുക്കാൻ കഴിഞ്ഞത് .അവിടുത്തെ ആര്‍ട്ട്‌ലൈന്‍ ഗാലറിയിൽ മാത്രമാണ്.
ലേഡി ഡയാനയുടെ കൂടെ അപകടത്തിൽ കൊല്ലപ്പെട്ട, അവരുടെ കാമുകൻ എന്നറിയപ്പെട്ടിരുന്ന, ഡോഡി ഫായേദിന്റെ പിതാവിന്റെതായിരുന്നു 2010 വരെ ഈ ഷോറൂം. പ്രിൻസസ് ഡയാനയുടെയും ഡോഡി ഫായേദിന്റെയും ഭംഗിയുള്ള പ്രതിമകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 2010 മെയിൽ ഈ സ്ഥാപനം ഖത്തർ ഹോൾഡിങ്സ് വാങ്ങി. കുറേ ഭാഗങ്ങളിൽ കയറി ഇറങ്ങി ക്ഷീണിച്ച ഞാൻ അവിടെ ഒരു ഭാഗത്ത് ഇരുന്നു. അവിടെ സന്ദർശകർക്ക് വൈഫൈ കണക്ഷൻ കിട്ടിയിരുന്നു. അവിടെയിരുന്നു മക്കൾക്കും നാട്ടിലേക്കും സന്ദേശങ്ങളയച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ലതയും( രഘു ഏട്ടന്റെ അനിയൻ ഉണ്ണിയുടെ ഭാര്യ) അവിടെ എത്തി. കുറച്ചുനേരം കൂടി ഞങ്ങൾ അവിടെയെല്ലാം കറങ്ങി. തെരുവിന്റെ ചിത്രങ്ങളെല്ലാം മൊബൈലിൽ പകർത്തി. വീണ്ടും തിരിച്ച് ബാർകിംഗിലെ റൂമിൽ എത്തുമ്പോൾ 8 മണി കഴിഞ്ഞിരുന്നു. പകൽവെളിച്ചം അപ്പോഴും മാഞ്ഞിരുന്നില്ല. പകൽ മുഴുവനുമുളള നടത്തം കാരണം വളരെയധികം ക്ഷീണിച്ചിരുന്നു. ചൂടുവെള്ളത്തിൽ ഒരു കുളി കഴിഞ്ഞപ്പോൾ ഉഷാറായി. അപ്പോഴേക്കും ഞങ്ങളെ കൊണ്ടു പോകാനായി ഉണ്ണിയെത്തി. അന്നത്തെ അത്താഴം അവരുടെ വീട്ടിലായിരുന്നു. അത്താഴവും സംസാരവുമെല്ലാം കഴിഞ്ഞ് വീണ്ടും റൂമിലെത്തുമ്പോൾ 12 മണിയോടടുത്തിരുന്നു. യുകെയിലെ മൂന്നാം ദിവസത്തിനു വിരാമമിട്ടുകൊണ്ട് ഉറക്കത്തിലേക്ക് വഴുതിവീണു..
(തുടരും)

Lucid writing. Visuals are really good
യാത്രാ വിവരണം വളരെ നന്നായിട്ടുണ്ട് Mini
വായിച്ചു. ഒരുപാടിഷ്ടം
വരികളിലൂടെ ദൃശ്യാവിഷ്ക്കാരം
Thank you dear
congratulations ❤️❤️