17.1 C
New York
Sunday, June 13, 2021
Home Travel (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 24)

(യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 24)

യൂറോപ് പര്യടനം 22-07-2018 രണ്ടാം ഭാഗം തുടരുന്നു.
രാക്ഷസന്റെ മാന്ത്രികക്കൊട്ടാരത്തിൽ

ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും അന്തരീക്ഷമാകെ മാറി മഴ പെയ്തു തുടങ്ങിയിരുന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നും ഞങ്ങൾ പ്രവേശന കവാടത്തിലേക്ക് വേഗം നടന്നു. ഒരു ചെറിയ കുന്നിൻ മുകളിൽ ഒരു രാക്ഷസ രൂപത്തിൽ നിന്നും ഒഴുകി വരുന്ന ജലധാര യന്ത്രം. അതിനടിയിലാണ് അത്ഭുതങ്ങളുടെ കലവറ ഒളിഞ്ഞിരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിൽ അന്നു അറിഞ്ഞിട്ടുള്ള എല്ലാ പ്രപഞ്ചരഹസ്യങ്ങളും അറിവുകളും Ambras കൊട്ടാരത്തിൽ ഒരു നിലവറയിൽ സമാഹരിച്ച് വെക്കുവാനായി ഒരു ശ്രമം നടന്നതായി ഒരു ചരിത്രമുണ്ട്. അതിനെ ആധാരമാക്കിയാണ് ഈ മ്യൂസിയം നിർമ്മിച്ചതെന്ന് രാമേട്ടൻ പറഞ്ഞു.
പ്രശസ്ത മൾട്ടിമീഡിയ കലാകാരനായ ആന്ദ്രേ ഹെല്ലർ (Andre Heller )ആണ് ഈ അൽഭുത ലോകത്തിന്റെ പ്രധാന ശില്പി.

ലോകത്തിലെ നിധികളും അത്ഭുതങ്ങളും കാണാൻ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു രാക്ഷസൻറെ കഥ അദ്ദേഹം മെനഞ്ഞെടുത്തു. ആ രാക്ഷസൻ അന്നുമുതൽ ഇവിടെയിരുന്ന് ഈ അത്ഭുതങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്.പല നിലവറകളിലായി അത്ഭുതങ്ങളുടെ നിധി കുംഭങ്ങൾ ഒളിപ്പിച്ചുവെച്ചു സന്ദർശകരെ കാത്തിരിക്കുകയാണ്‌ ഈ രാക്ഷസൻ .
ജലധാരയുടെ സമീപത്തു കൂടെയുള്ള പ്രവേശന കവാടത്തിലൂടെ ഞങ്ങൾ അകത്തു കടന്നു. ഇവിടെ കണ്ട കാഴ്ചകൾ മുഴുവൻ എഴുതി ഫലിപ്പിക്കാൻ കഴിയുമോ? എനി ക്കറിയില്ല!

കണ്ട കാഴ്ചകളുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം നിരത്തിവെച്ച് ഞാൻ അതെല്ലാം എഴുതാൻ ശ്രമിക്കട്ടെ!

രാജ്യത്തിനകത്തും പുറത്തും വിഖ്യാതരായ കലാകാരന്മാരും ഡിസൈനർമാരും ശില്പികളും എല്ലാം ചേർന്ന് വിവിധ പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന നിരവധി ഷോറൂമുകളിൽ(chambers of wonders )ഇവിടെ ഒരുക്കിയിരിക്കുന്നു. അതിന്റെ ഒരു ചെറു വിവരണം നൽകാനേ എനിക്കിപ്പോൾ കഴിയൂ.

രാക്ഷസകൊട്ടാരത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് പ്രത്യേകനീലനിറത്തിലുള്ള ഒരു ഗുഹയിൽ കൂടിയാണ്. ഈ നിറത്തിന് ഇന്റർനാഷണൽ ക്ളൈൻ ബ്ലൂ( Kleinblue ), എന്നാണ് നിറം ഉണ്ടാക്കിയെടുത്ത Yues klein പേരിട്ടിരിക്കുന്നത്. ക്രിസ്റ്റലിൽ ഉണ്ടാക്കിയെടുത്ത വിവിധ കലാരൂപങ്ങൾ ഇവിടെ അത്ഭുത ലോകത്തിന്റെ ആദ്യപടിയായി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

പിന്നീട് കണ്ട ക്രിസ്റ്റൽഡോം എന്ന ഹാളിൽ ഒരു അത്ഭുത കാഴ്ചയാണ് നമ്മളെ കാത്തിരിക്കുന്നത് . 595 സ്ഫടികങ്ങൾ അതീവ പ്രത്യേകതയുള്ള ഒരു അനുഭവം സംവേദ്യമാക്കുന്നു. അതിലുപയോഗിക്കുന്ന എട്ടു കണ്ണാടികളെ ചാരക്കണ്ണാടികൾ( spy mirrors ) എന്നു വിളിക്കുന്നു. ഇവിടത്തെ പ്രത്യേക സംഗീതവും വെളിച്ചവും കൂടി നമ്മൾ ഒരു ക്രിസ്റ്റലിനുള്ളിൽ ആണെന്ന പ്രതീതി ജനിപ്പിക്കും.സമ്പന്നരുടെ പ്രശസ്തമായ ഒരു കല്യാണ മണ്ഡപം കൂടിയായി മാറിയിട്ടുണ്ട് ഇവിടം.

ഒരു ഹാളിൽ കണ്ട കാഴ്ച ഞങ്ങളെ വളരെയധികം വിസ്മയഭരിതരാക്കി. അവിടേക്കു കടക്കുമ്പോഴേക്കും ഷോ തുടങ്ങിയിരുന്നു. അവർ പറഞ്ഞിരുന്ന വിശദീകരണം കേൾക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല

മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗങ്ങൾ പതിയെ പതിയെ നമുക്ക് മുന്നിൽ ദൃശ്യഗോചരമാകുന്നു. അവസാനം എല്ലാം ചേർന്ന ഒരു പൂർണ മനുഷ്യനായി മാറുന്ന കാഴ്ച വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മുകൾഭാഗത്ത് കൂടി കുറേ പാന്റ്റുകളും ഷർട്ടുകളും വട്ടം കറങ്ങി പോകുന്നത് പോലെയുള്ള കാഴ്ച കണ്ട് അത്ഭുതപരതന്ത്രയായ എനിക്കു അവിടെ പറഞ്ഞിരുന്ന വിവരണം കേൾക്കാൻ കഴിഞ്ഞില്ല. പാന്റ്സും ഷൂസുമിട്ട് നൃത്തം ചെയ്യുന്നത് ശരിയായ മനുഷ്യരുടെ കാലുകൾ അല്ലെന്നു വിശ്വസിക്കാൻ ഞങ്ങൾ ബുദ്ധിമുട്ടി.

കണ്ണാടികളും ക്രിസ്റ്റലുകളും ഉപയോഗിച്ചുള്ള മറ്റൊരു മായിക ലോകത്തേക്കാണ് പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത്.ഇന്റോലാറ്റിസ് സൺ ( Intolattice sun ) എന്ന അവിടത്തെ മാറിമറിയുന്ന വെളിച്ചത്തിന്റെ ആ സ്ഫടിക പ്രതലങ്ങൾ നമ്മെ മറ്റൊരു അത്ഭുത ലോകത്ത് എത്തിക്കും.സ്ഥലജലവിഭ്രാന്തി ഉണ്ടായ കൗരവരെ പോലെ ഞങ്ങളും പരിഭ്രമിച്ചു
.
പിന്നീട് ഞങ്ങൾ കടന്നുചെന്നത് റെഡി ടു ലവ് എന്ന ഹാളിലേക്ക് ആയിരുന്നു ഈ ഹാളിന്റെ ശില്പി ഒരു ഭാരതീയൻ ആണെന്ന് അറിഞ്ഞതു വളരെ സന്തോഷമേകി. മനീഷ അറോറ എന്ന കലാകാരൻ രൂപകല്പനചെയ്ത ഇന്ത്യയുടെ തനതായ കരകൗശല വിദ്യകൾ ഉപയോഗിച്ച് അണിയിച്ചൊരുക്കിയ ഒരു ഹാൾ. വർണ്ണപ്രഭയാർന്ന തിളങ്ങുന്ന അക്ഷരങ്ങളിൽ love എന്ന് scroll ചെയ്തുപോകുന്ന കോണിപ്പടികൾ കയറി ആണ് നമ്മൾ അവിടെ എത്തിയത്

അവിടെ നിന്നിറങ്ങിയ ഞങ്ങൾ നീണ്ടുകിടക്കുന്ന ഒരു ഹാളിലേക്ക് കാലെടുത്തുവെച്ചു.ഐസ് പാലസ് എന്ന് പേരിട്ടിരിക്കുന്ന ആ ഹാളിൽ ഇരുണ്ട വെളിച്ചമായിരുന്നു. ഞങ്ങളവിടെ കടന്നപ്പോഴാണ് അത്ഭുതം മനസ്സിലായത്. നമ്മൾ കാലെടുത്തു വെക്കുമ്പോൾ നമുക്കു മുൻപിൽ പാതകൾ തെളിയുന്നു. ധാരാളം ആളുകൾ ഉണ്ടായിരുന്നതുകൊണ്ട് പാതകൾ നല്ലപോലെ തെളിഞ്ഞു കണ്ടു. നമ്മുക്കു ചുറ്റും മിന്നി തിളങ്ങുന്ന ഐസ് പ്രതലങ്ങൾ. ഓരോ അടി വെക്കുമ്പോഴും ഐസ് പൊടിഞ്ഞു തകരുന്നതായും ഗർത്തങ്ങൾ ഉണ്ടാകുന്നതായും അനുഭവപ്പെട്ടു. അതും ഒരു മായികലോകം തന്നെ.

പിന്നീട് ചെന്നത് Transparent Opacity എന്ന ഹാളിലേക്ക് ആണ്. ക്രിസ്റ്റലിന്റെ സുതാര്യതയും ഉറപ്പും വിളിച്ചറിയിക്കുന്ന ഒരു സംരംഭം. സ്റ്റീലും മാർബിളും ഗ്ലാസും3D പ്രിന്റും ഉപയോഗിച്ച് പല രൂപത്തിലും വലിപ്പത്തിലുമുള്ള ത്രീഡി വസ്തുക്കൾ കൊണ്ട് നിറഞ്ഞ അവിടം ഒന്ന് ഓടി നടന്നു കണ്ടതേയുള്ളൂ,. Jessy Norman എന്ന പാട്ടുകാരിയുടെ ഷോ ക്രിസ്റ്റലിൽ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.

തിരിഞ്ഞു പിന്നീട് നടന്നത് Eden എന്ന് ഹാളിലേക്ക് ആയിരുന്നു.’ ഇതാണ് മോളെ ഏദൻ തോട്ടം’എന്ന് മാധുരിയോട് പറഞ്ഞു കൊണ്ട് ഞങ്ങൾ അകത്തേക്ക് കടക്കുമ്പോൾ ഇരുട്ടിൽ ഒന്നും അത്ര തെളിഞ്ഞു കാണുന്നില്ല ആദ്യം.പിന്നെ ആൽപ്സ് മലനിരകളിൽ നിന്നും ഒഴുകിവരുന്ന വെള്ളച്ചാട്ടമാണ് നമ്മെ എതിരേൽക്കുന്നത്. അതിനുശേഷം നമ്മൾ കാട്ടിനുള്ളിലേക്ക് കടന്നുപോകുന്നു, വെള്ളം വീഴുന്ന ശബ്ദം പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം, എല്ലാം കേട്ട്
നമ്മൾ നീങ്ങുമ്പോൾ ഒളിച്ചുവച്ച രത്നങ്ങളായ് സ്വർവോസ്കി ക്രിസ്റ്റലുകൾ പല തരം പക്ഷികളും, ഇഴജന്തുക്കളും, പൂക്കളും ഫലങ്ങളുമായി നമുക്കു മുന്നിൽ തെളിയുന്നു. പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന യഥാർത്ഥ രത്നങ്ങൾ ജീവന്റെ ഉറവിടമായ കാട് ആണെന്ന് ഈ രംഗങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.കാടിന്റെ അനിവാര്യതയെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്ന ഒരു പ്രദർശനമായാണത് എനിക്ക് തോന്നിയത്.

പിന്നീട് ഞങ്ങൾ കടന്നുചെന്നത് Famos എന്ന മുറിയിലേക്കാണ്. അവിടെ നമ്മെ എതിരേൽക്കുന്നത് ക്രിസ്റ്റലിൽ പ്രദർശിപ്പിച്ചിട്ടുള്ള ലോകപ്രശസ്തങ്ങളായ പ്രധാന വാസ്തുശില്പങ്ങൾ ആണ്. അതിൽ നമ്മുടെ താജ്മഹൽ കണ്ടു. ഗിസയിലെ piramyd of Cheops, ന്യൂയോർക്ക് എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ്, മോസ്കോയിലെ ലെനിൻ മ്യൂസിയം എന്നിവയും കണ്ടു.

പിന്നീട് ഞങ്ങൾ ചെന്നത് 55മില്യൺ ക്രിസ്റ്റൽസ് എന്നെഴുതി വെച്ചിട്ടുള്ള ഹാളിലേക്കാണ്
സംഗീതത്തിന്റെയും വെളിച്ചത്തിന്റെയും മാസ്മരിക വലയത്തിൽ,കൈകൊണ്ട് നിർമ്മിച്ച ചിത്രങ്ങളും കമ്പ്യൂട്ടർ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു അത്ഭുത ലോകമാണിവിടം. ഏതു നിമിഷത്തിലും ഈ 55 മില്യൻ ക്രിസ്റ്റലുകൾ കൂടിച്ചേർന്ന് ഒരുവലിയ പ്രത്യേകക്രിസ്റ്റൽ ,യഥാർത്ഥത്തിൽഎന്ന പോലെ തോന്നിക്കും അടുത്ത നിമിഷത്തിൽ അത് മാറുകയും ചെയ്യും. അത് പിന്നീട് ഒരിക്കലും കാണുകയില്ല (കാലിഡോസ്കോപിൽ കുപ്പിവളപ്പൊട്ടുകളിട്ട് കാഴ്ച കാണുന്നതുപോലെ). പിന്നീട് കാണുമ്പോൾ ഓരോ മനുഷ്യ ജീവിതത്തിലും ഇതുപോലെ പ്രത്യേകതയുള്ളതും മറ്റൊരാൾക്കും അനുകരിക്കാൻ കഴിയാത്തതും നമുക്ക് തന്നെ വീണ്ടും അനുഭവിക്കാൻ കഴിയാത്തതുമായ എത്ര നിമിഷങ്ങൾ ആണ് കടന്നു പോകുന്നത് അല്ലേ?

പിന്നീട് ഞങ്ങൾ കടന്നു ചെന്നത് ഹീറോസ് ഓഫ് പീസ് (Heroes of Peace) എന്ന ഹാളിലേക്കാണ്. എനിക്ക് വളരെയേറെ പ്രിയമായ് തോന്നിയ ഒരു പ്രദർശനമുറി യായിരുന്നു അത്. സമാധാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച പ്രശസ്തരായ ലോകനേതാക്കൾക്ക് പ്രണാമം. അവർ ജീവനോടെ നമുക്ക് മുന്നിൽ വന്നു സംസാരിക്കുന്ന പ്രതീതി മുന്നിൽ കാണുന്ന വേദിയിൽ നമുക്ക് അനുഭവപ്പെടുന്നു. ആ മഹത് വ്യക്തിത്വങ്ങൾക്ക് ആദരസൂചകമായി അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന്റെ കലാകാരൻ Andre Heller എന്നാ മൾട്ടിമീഡിയ കലാകാരനാണ്‌

ശാസ്ത്രസാങ്കേതികവിദ്യയുടെ പിൻ ബലത്തോടെ നമുക്കു മുൻപിൽ നോബൽ സമ്മാനം ലഭിച്ചവരും അല്ലാത്തവരുമായ വിശ്വസ്തരുടെ ഹോളോഗ്രാം തെളിയുന്നു. അവരുടെ ആശയങ്ങൾനേരിട്ട് പങ്കുവെക്കുന്നതായി നമുക്ക് അനുഭവവേദ്യമാകുന്നു. പെട്ടെന്നവർ മറയുന്നു. ഗാന്ധിജി, മദർ തെരേസ, നെൽസൺമണ്ടേല, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവർ വരുന്നതും സംസാരിക്കുന്നതും അത്ഭുതപരതന്ത്രയായി ഞാൻ കണ്ടു നിന്നു.അതെല്ലാം വീഡിയോയിൽ പകർത്തുകയും ചെയ്തു മുഴുവൻ നിന്നു കാണാൻ സമയമില്ലല്ലോ എന്ന സങ്കടത്തോടെ അടുത്ത് ഹാളിലേക്ക് നീങ്ങി.

വലിയ ഒരു മുറിയുടെ മദ്ധ്യത്തിൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന സ്വർവോസ്കി ക്രിസ്റ്റൽ തൂക്കുവിളക്ക് (Chandelier) പുറപ്പെടുവിക്കുന്ന രശ്മികൾ ആ മുറിയിൽ പതിപ്പിച്ചിട്ടുള്ള കണ്ണാടികളിൽ തട്ടി അനന്തമായ പ്രപഞ്ചത്തിന് മായിക ലോകം തീർക്കുന്ന കാഴ്ചയാണ് ഇൻഫിനിറ്റി മിറർ റൂം (Infinity mirror room) അഥവാ Chandelier of grief എന്ന ഹാളിൽ കണ്ടത്. ലോകപ്രശസ്തയായ ജപ്പാനീസ് കലാകാരി യായോയ് കുസമ (Yayoi Kusama)യുടെ വളരെ പ്രശസ്തമായ ഒരു കലാ പ്രദർശനമാണിത്.

El Sol എന്ന സ്പാനിഷ് വാക്കിന് സൂര്യൻ എന്നാണ് അർത്ഥം 2880സ്വർവോസ്കി ക്രിസ്റ്റലുകൾ ഉപയോഗിച്ച് മനുഷ്യരാശിക്ക് സൂര്യനുമായുള്ള അഭേദ്യ ബന്ധം ആവിഷ്കരിക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. ഗോളാകൃതിയിലുള്ള ഒരു എൽഇഡി-യിൽ നിന്നും പ്രസരിക്കുന്ന വെളിച്ചം പ്രത്യേകരീതിയിൽ ചെത്തിയൊരുക്കിയ ക്രിസ്റ്റലുകളിൽ പതിച്ചു സൂര്യ ശോഭ നൽകുന്നു. യഥാർത്ഥ സൂര്യനേക്കാൾ ഒരു മില്യൻ തവണ ചെറുതാണ് ഇവിടെ കാണിച്ചിരിക്കുന്ന സൂര്യൻ.

പിന്നീട് ഞങ്ങൾ കടന്നുചെല്ലുന്നത് Timeless എന്ന ഹാളിലേക്കാണ്.സ്വർവോസ്കി ക്രിസ്റ്റലുകളുടെ ചരിത്രവും പ്രത്യേകതകളും പ്രദർശിപ്പിക്കുന്ന സ്ഥലമാണിവിടം. അവിടെ ഫോട്ടോയും വീഡിയോയും എടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. അവിടെ നിന്ന് നമ്മൾ കടന്നുചെല്ലുന്നത് വിശാലമായ വിൽപന കേന്ദ്രത്തിലേക്ക് ആണ് അവിടെയും ഫോട്ടോ /വീഡിയോഗ്രാഫി അനുവദിച്ചിരുന്നില്ല.

ആഭരണങ്ങൾ, പാത്രങ്ങൾ കൗതുകവസ്തുക്കൾ തുടങ്ങി കാഴ്ചകളുടെ മായാലോകം. കണ്ടും തൊട്ടും കൊതിതീർന്നില്ല. പലരും പലതും വാങ്ങി.. ഞാനും ഒരു ക്രിസ്റ്റൽ നെക്ലൈസ് വാങ്ങി.
രാധുവിനും നീലുവിനും ഓരോ പെന്ഡന്റ് വാങ്ങി.ഇതെല്ലാം വാങ്ങിയപ്പോൾ 3ചെറിയ പെൻഡന്റ്സ് സൗജന്യമായി കിട്ടി. അവിടെ കണ്ട കാഴ്ചകൾ മുഴുവൻ പകർത്താൻ എനിക്ക് കഴിഞ്ഞുവോ എന്നറിയില്ല! പുറത്തു കടന്നപ്പോൾ മഴ ഒരല്പം ശമിച്ചിരുന്നു.

പുറത്തെ ഉദ്യാനത്തിൽ രാക്ഷസന്റെ ജലധാരയുടെ മുന്നിൽനിന്ന് ഫോട്ടോകളും വീഡിയോയും പകർത്തുന്ന തിരക്കിലാണിപ്പോൾ ഞാനുൾപ്പെടെ എല്ലാവരും.

ആറുമണി കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു. മഴയിൽ കുളിച്ച് നനഞ്ഞു നിൽക്കുന്ന വഴികൾ. വെള്ള തൊപ്പിയണിഞ്ഞ നിൽക്കുന്ന ആൽപ്സ് മലനിരകളിലേക്ക് ഊർന്നിറങ്ങുന്ന മൂടൽമഞ്ഞും, മഴമേഘങ്ങൾ ക്കിടയിൽ കൂടി വരുന്ന അസ്തമയസൂര്യന്റെ തങ്ക രശ്മികളും ചേർന്ന് മനോഹര കാഴ്ചയൊരുക്കുന്നു. ഓസ്ട്രിയയുടെ നഗരവീഥികളിലൂടെ ഞങ്ങളുടെ വണ്ടി സാവധാനം നീങ്ങിക്കൊണ്ടിരുന്നു. ചെറുതും വലുതുമായ ധാരാളം തുരങ്കങ്ങൾക്കിടയിലൂടെ ഇടയ്ക്കിടെ പോയിക്കൊണ്ടിരുന്നു. ചിലയിടങ്ങളിൽ ഗ്ലാസ് തുരങ്കങ്ങൾ ആണ് . അതിനാൽ പലയിടത്തും കാഴ്ചകൾ മറഞ്ഞിരുന്നില്ല.

ചിലതിനെ തുരങ്കം എന്നു വിളിക്കാനും ആവില്ല. തുരംഗം ആണെങ്കിലും ഒരു ഭാഗത്ത് കൂടി പുറമേയുള്ള ദൃശ്യങ്ങൾ കാണാം. പച്ചപിടിച്ച മലയുടെ അടിവാരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ആവാസകേന്ദ്രങ്ങൾ. പ്രകൃതി ഭംഗി എത്ര വർണ്ണിച്ചാലും മതിവരില്ല.

ഇപ്പോൾ സാമാന്യം വളരെ നീളമുള്ള ഒരു തുരങ്കത്തിലൂടെയാണ് യാത്ര. ഈ യാത്രയും ഒരു അനുഭൂതി തന്നെ.വീണ്ടും പ്രകൃതിയുടെ പച്ചപ്പിലേക്ക്.
ഞങ്ങൾ ഇന്നത്തെ താവളമായ സ്റ്റേ ഇൻ ഹോട്ടലിൽ എത്തുമ്പോഴും സമയം 8 45 കഴിഞ്ഞിരുന്നു. എങ്കിലും സൂര്യനസ്തമിച്ചിരുന്നില്ല.

മറക്കാനാവാത്ത ഓർമ്മകൾ നൽകുന്ന ഒരു ദിനം കൂടി അവസാനിക്കുന്നു. മക്കൾക്ക് സന്ദേശങ്ങളയച്ചു ഞാൻ ഉറങ്ങാൻ കിടന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap