17.1 C
New York
Sunday, June 13, 2021
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 21)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 21)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

അതിരാവിലെ തന്നെ എഴുന്നേറ്റു. ആറര കഴിഞ്ഞപ്പോൾ പ്രഭാതഭക്ഷണം കഴിക്കുവാൻ താഴേക്ക് പോയി. യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയാണ് താഴേയ്ക്ക് ഇറങ്ങിയത്. പ്രഭാത ഭക്ഷണം
കഴിഞ്ഞു ലോഞ്ചിൽ വന്നിരുന്നു അപ്പോഴാണ് ഷാരൂഖാൻ ചിരിച്ചുകൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്യുന്ന കട്ടൗട്ട് കണ്ണിൽപ്പെട്ടത്. അവിടെ പോയിരുന്നു കുറെ ഫോട്ടോ എടുത്തു.

സമയം 7:37 ആയപ്പോൾ എല്ലാവരും ബസ്സിൽ കയറുവാനുള്ള തിരക്കിലായി . ഇന്ന്‌ ആദ്യം പോകുന്നത് ടിട്ലിസ് കൊടുമുടി, (Mount Titlis)കാണാനാണ്.

7:45നു വണ്ടി നീങ്ങിത്തുടങ്ങി .ഇന്ന്‌ മേഘാവൃതമായ അന്തരീക്ഷമാണ്
ഒരു പട്ടണത്തിൽ കൂടിയാണ് യാത്ര. ഒരേ രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ നിറഞ്ഞ തെരുവോരങ്ങൾ കണ്ടപ്പോൾ ഇവിടത്തെ സർക്കാരിനോട് ബഹുമാനം തോന്നി. ഓരോ പ്രദേശത്തെയും പ്രകൃതിക്ക് അനുസരിച്ചാണ് കെട്ടിട നിർമ്മാണവും പരിസരസജ്ജീകരണങ്ങളും നടത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ പ്ലാനും, നിറവും, വലിപ്പവും, എന്തിനു പറയുന്നു അലങ്കാര പുഷ്പങ്ങളുടെളുടെ നിറം പോലും സർക്കാർ അംഗീകരിക്കണം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന സമ്പത്ത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു. താഴ്വരകളുടെ സൗന്ദര്യം ആസ്വദിക്കുവാൻ പാകത്തിൽ ഉയരത്തിൽ പണിതിരിക്കുന്ന റെയിൽപ്പാലങ്ങൾ, സൗന്ദര്യം ആസ്വദിക്കാൻ റോപ്പ് വേ, പുഴകളുടെയും തടാകങ്ങളുടെയും സൗന്ദര്യം ഹൃദയത്തിലേറ്റുവാൻ ബോട്ട് സവാരികൾ, എല്ലാമൊരുക്കി സർക്കാർ വിനോദ സഞ്ചാരികളെ മാടി വിളിക്കുകയാണ്..

ദൃശ്യ വിരുന്നൊരുക്കുന്ന പ്രകൃതി പിന്നിട്ടുകൊണ്ട് ഞങ്ങളുടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.
വണ്ടി ഒരു തുരങ്കത്തിലേക്കു കടന്നു. സാമാന്യം വലിപ്പമുള്ള തുരങ്കം അതു പിന്നിട്ടപ്പോൾ പർവത നിരകളുടെ മായക്കാഴ്ചകൾ. ഇനി തുരങ്കങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായി.വലിയ പർവ്വതങ്ങളെ തുരന്ന് ഉണ്ടാക്കിയ നീളൻ തുരങ്കങ്ങൾ പലതും പിന്നിട്ടു. തുരങ്കങ്ങൾ നിർമ്മിക്കുമ്പോഴും അവർ കഴിയുന്നതും വനങ്ങൾ നശിപ്പിക്കാതെ നോക്കിയിട്ടുണ്ട്.
ഒരു പട്ടണത്തിലൂടെ യാത്ര. ഒരു വിധം വലിപ്പമുള്ള കെട്ടിടങ്ങൾ കാണുന്നുണ്ട്. മലമുകളിലേക്ക് മൂടൽമഞ്ഞ് ഇറങ്ങിവരുന്ന മനോഹരമായ കാഴ്ച. നല്ല മഴക്കാർ ഉണ്ട്. ചെറിയ മഴ ചാറുന്നുണ്ട്. മലമുകളിലേക്ക് നോക്കുമ്പോൾ ഒരു റോപ് വേ യുടെ വിദൂര കാഴ്ച കണ്ടു .”നമുക്ക് പോകേണ്ടത് അതിൽ കൂടി ആണെന്ന് തോന്നുന്നു” അത് ചൂണ്ടിക്കാണിച്ചുകൊണ്ട് ശശിയേട്ടൻ മാധുരിയോട് പറഞ്ഞു.

മൌണ്ട് ടിട് ലിസിലേക്ക് എത്താനുള്ള പ്രധാന മാർഗ്ഗം എങ്ഗിൾ ബെർഗ് (Engleberg)ആണ്.താഴ്വരയിലെ സ്റ്റേഷൻ പരിസരത്തു ഞങ്ങൾ എത്തുമ്പോൾ 9 മണി കഴിഞ്ഞതേയുള്ളൂ എങ്കിലും അവിടെയാകെ സഞ്ചാരികളുടെ തിരക്കായിരുന്നു.
കോച്ചിൽ നിന്നുംഇറങ്ങുന്നതിനു മുമ്പ് എല്ലാവരും കമ്പിളി വസ്ത്രങ്ങൾ എടുത്തു ധരിച്ചു. കാർമേഘങ്ങൾക്കടിയിൽ മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകളുടെ മായക്കാഴ്ച. ആ കാഴ്ച കണ്ണിൽ നിന്ന് മറഞ്ഞാലും മനസ്സിൽനിന്ന് ഒരിക്കലും മായില്ല എന്ന് തോന്നി.ഇവിടെ നിന്നു ഇത്രയും മനോഹര കാഴ്ചയാണെങ്കിൽ മുകളിലെത്തിയാൽ എന്തായിരിക്കും ഭംഗി എന്ന് മനസ്സിലോർത്തു.
മലമുകളിലെ മനോഹരദൃശ്യങ്ങൾ പകർത്തിയ ഇൻഫർമേഷൻ ബോർഡിൽനിന്നും ടിട്ലിസ്കൊടുമുടിയുടെ വിവരങ്ങൾ എല്ലാം ലഭ്യമാണ്. ഇംഗ്ലീഷിലുള്ള വിശദീകരണം വളരെ കുറവായിരുന്നു. ഞങ്ങൾക്കെല്ലാംവിശദീകരിച്ചുതന്നു ഞങ്ങളുടെ ഗൈഡ്.

ടിട്ലിസ്കൊടുമുടി, സമുദ്രനിരപ്പിൽ നിന്നും 3238 മീറ്റർ ഉയരത്തിൽ യൂറിആൽപ്‌സ്( (Uri alps)പർവതനിരകളിൽ സ്ഥിതിചെയ്യുന്നു.(പലയിടത്തും ഉയരം എഴുതിയതിൽ ചില ചെറിയ വ്യത്യാസങ്ങൾ കണ്ടു) സെൻട്രൽ സ്വിറ്റ്സർലാൻഡിലെ കിരീടത്തിലെ രത്നം എന്നാണ് ടിട്ലിസ്കൊടുമുടിയെ വിശേഷിപ്പിക്കുന്നത്‌.ആൽപൈൻഭൂപ്രകൃതിയുടെ വിശാലമായ പരിദർശനം നമുക്ക് ഇവിടെ നിന്നും ലഭിക്കുന്നു. ഏതൊരു സഞ്ചാരിയും മോഹിക്കുന്ന ആകർഷണകേന്ദ്രമാണ് ഇവിടം. യുങ്ഫ്ര്ഒയിലേക്കുള്ള യാത്രയേക്കാൾ എളുപ്പം ഏത്താവുന്നതും ചിലവുകുറഞ്ഞതും ആണ് ഇവിടേക്കുള്ള യാത്ര. അതിനാൽ ഭൂരിഭാഗം സഞ്ചാരികളും ഇവിടം തെരഞ്ഞെടുക്കുന്നു.
ടിട്ട്ലിസ് ഒബ്‌വാൽഡൺ (Obwalden ) , ബേൺ (Bern ) പ്രവിശ്യകൾക്ക് ഇടയിലായി സ്ഥിതിചെയ്യുന്നു..
1904ലാണ് ജനുവരി 21നാണ് ആദ്യസ്കീയിങ് കയറ്റം ഉണ്ടാക്കിയത്. 1967 മാർച്ചിലാണ് ക്ലെയിൻ ടിട്ലിസ് ഉദ്ഘാടനം ചെയ്തത്.
ടിട്ലിസ്ക്ലിഫ് വോക് (Titlis cliff walk) എന്ന തൂക്കുപാലം തുറന്നത് 2012 ഡിസംബറിലാണ്.

ലോകത്തിലെ ആദ്യത്തെ റൊട്ടേറ്റിംഗ് ഗൊണ്ടോല കാർ (The Titlis Rotair) ഇവിടെയാണ്.ഇതിൽകയറിയാണ്നമ്മൾക്ക് മുകളിലേക്ക് എത്തേണ്ടത്.. സ്റ്റേഷനിൽ കയറി. രാമേട്ടൻ ഞങ്ങൾക്കെല്ലാം ഉള്ള ടിക്കറ്റ് എടുത്തു കൊണ്ടുവന്നു. Titlisഎന്നെഴുതിയ സ്റ്റിക്കർ ഞങ്ങളുടെ ജാക്കറ്റിൽ ഒട്ടിച്ചു വെച്ചു. ഞങ്ങളെല്ലാവരും എക്സ്പ്രസ്സ്‌ കേബിൾ കാറിൽ കയറി. 8 പേർക്കിരിക്കാവുന്ന കാർ ആണത്. പതിയെ നീങ്ങി വരുന്ന കാറിൽ ഞങ്ങൾ ആറുപേർ കയറുമ്പോഴേക്കും നീങ്ങി തുടങ്ങിയിരുന്നു സമയം ഇപ്പോൾ ഒമ്പതര. 360 ഡിഗ്രിയിൽ മനോഹര കാഴ്ചകൾ ഒരുക്കി പ്രകൃതി അങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. മൂടൽ മഞ്ഞും മഴക്കാറും കൂടി ഒരു പ്രത്യേക അന്തരീക്ഷം..

ആദ്യസ്റ്റേഷനിൽ ഇറങ്ങരുത് എന്ന് രാമേട്ടൻ ആദ്യമേ പറഞ്ഞിരുന്നു. രണ്ടാമത്തെ സ്റ്റോപ്പിൽ ഇറങ്ങി. സമയം 10കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കൂടെയുള്ളവരെല്ലാം എത്തുന്നതിനു വേണ്ടി കാത്തു നിന്നു. പുറത്തേക്ക് നോക്കുമ്പോൾ അവിടെ എന്തോ പണികൾ നടത്തുന്നതിനുള്ള സാധനസാമഗ്രികളും കുറെ ടയറുകളും എല്ലാം കിടക്കുന്നതു കണ്ടു. ചെറിയ കെട്ടിടം അവിടെ ഉണ്ടായിരുന്നു അവിടെ നിന്നു നോക്കുമ്പോൾ ചില ഭാഗത്ത് ഹിമാനികൾ വെയിലേറ്റ് ഉരുകി പർവ്വതത്തിന്റെ കറുത്ത നിറം കാണാൻ കഴിഞ്ഞു.. കറുപ്പും വെള്ളയും കൊണ്ട് പ്രകൃതി വരച്ചവരച്ച മനോഹരദൃശ്യം ഞങ്ങൾ ഫോട്ടോ എടുക്കുന്നതിനിടയിൽ എല്ലാവരും എത്തി.
മഴക്കാറും മാഞ്ഞു തുടങ്ങിയിരിക്കുന്നു, നല്ല സുഖകരവും സുന്ദരവുമായ അന്തരീക്ഷം.
എല്ലാവരും എത്തിയപ്പോൾ അവിടെനിന്നും ഒരു വലിയ ലിഫ്റ്റിൽ(rotating gondola car സമയം 10:09 )ഞങ്ങളെല്ലാം കയറി. 75 പേർക്ക് അതിൽ നിന്ന് പോകാം. സിലിണ്ടർ ആകൃതിയിലുള്ള കാർ ഞങ്ങളെയും കൊണ്ട് മുകളിലേക്ക് കറങ്ങി കറങ്ങി ഉയർന്നു കൊണ്ടിരുന്നു. പോകുന്ന വഴിയിലുള്ള കാഴ്ചകൾ കാണുന്നതിനുള്ള തിരക്കിലായിരുന്നു എല്ലാവരും. തിക്കിത്തിരക്കി ഗ്ലാസ്സിനടുത്തെത്തിയവർക്കേ മനോഹരദൃശ്യങ്ങൾ നല്ല പോലെ ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ.
ഞങ്ങൾ ഏറ്റവും മുകളിൽ എത്തുമ്പോൾ സമയം ഏകദേശം 11 നോട് അടുത്തിരുന്നു.
അവിടെ സന്ദർശകരെ ആകർഷിക്കുവാൻ ആയി ചെയ്തിരിക്കുന്ന കാര്യങ്ങൾ വളരെ മനോഹരം തന്നെ. ടൈറ്റിലിസ് കൊടുമുടിയുടെ മുകളിലത്തെ ഈ പ്ലാറ്റ്ഫോം 10000 അടി ചെരുവിൽ പണിതിട്ടുള്ള 5 നിലയിലുള്ള അത്ഭുതമാണ്. ചെന്നെത്തുന്ന നിലയിലാണ് ഐസ് ഗുഹയും (glaciercave ) ക്ലിഫ് വോക്, സോവനീർ ഷോപ്പുകളും ആണ്, രണ്ടാമത്തെയും മൂന്നാമത്തെയും തട്ടിൽ റസ്റ്റോറന്റ്കളും, ശുചിമുറികളും(toilets) നാലാമത്തെ തട്ടിൽ ഫോട്ടോ സ്റ്റുഡിയോയും പനോരമ ലൗഞ്ചും. അഞ്ചാമത്തെ തട്ടിലാണ് നമുക്ക് കാണാനുള്ള കാഴ്ചകൾ മുഴുവൻ കിടക്കുന്നത്. കാലാവസ്ഥ മോശമായാൽഐസ് ഫ്ലയറിൽ(ice flyer) പോകാൻ പറ്റില്ല അതുകൊണ്ട് ആദ്യം തന്നെ മുകളിലേക്ക് പോകുന്നതാണ് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നല്ലത് എന്നായി ഗൈഡ് പറഞ്ഞു. എങ്ങനെയെല്ലാം ചുറ്റിനടന്ന് കാണണം എന്നുള്ള കാര്യങ്ങൾ പറഞ്ഞ് തിരിച്ച് താഴെ എത്തേണ്ട സമയം പറഞ്ഞു ഞങ്ങളെ അയച്ചു. മുകളിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച എങ്ങനെ വർണിക്കാൻ ആണ് ഞാൻ! തലേദിവസം ജങ്‌ഫ്രോ യിൽ കണ്ടത് ഒന്നുമല്ല എന്ന് തോന്നി. സമുദ്രനിരപ്പിൽ നിന്നും 3020 മീറ്റർ ഉയരത്തിലാണ് ഞങ്ങൾ.

പരന്നു കിടക്കുന്ന ഒരു ധവള തടാകം.സുരക്ഷിത വലയം തീർക്കാന്‍ വളരെ ബലമുള്ള ഇരുമ്പ്കമ്പിവല കൊണ്ട് അതിര്‍ത്തി തീര്‍ത്തിട്ടുണ്ട്. ഇറങ്ങി നടക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഞങ്ങൾ പതുക്കെ പതുക്കെ നടന്നുകൊണ്ടിരുന്നു.ചില ഭാഗത്ത് തെന്നി വീഴാൻ പോയി. കൊച്ചുകുഞ്ഞിന്റെ മനസ്സ് തിരിച്ചു വന്ന പോലെ. മഞ്ഞു ഉരുട്ടി പന്ത്പോലെയാക്കി ഞാനുംമാധുരിയും പരസ്പരംഎറിഞ്ഞു. ഒരുവലിയ മഞ്ഞുരുള ഉണ്ടാക്കി മഹേന്ദ്രബാഹുബലി എന്ന് പറഞ്ഞു ഞാൻ പൊക്കി പിടിച്ചു. കമ്പിളി ഗ്ലൗസിനുള്ളിൽ കൈകൾ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.
അവിടെ കണ്ട ഒരു മഞ്ഞുകുന്നു കയറാൻ എന്റെ മനസ്സിലെ കുട്ടി ശാഠ്യo പിടിച്ചു.വേണ്ടെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താൻ ശശിയേട്ടൻ ശ്രമിച്ചു. അപ്പോഴാണ് രണ്ടു മലയാളികൾ സംസാരിക്കുന്നത് കണ്ടത്, “ചേച്ചി വരൂ ഞങ്ങൾ ഹെൽപ് ചെയ്യാം” എന്നു പറഞ്ഞു അവർ കൈനീട്ടി(അവർ കേരളത്തിൽ നിന്നും നേരിട്ട് വന്നവരായിരുന്നു. ഐസിഐസിഐ ബാങ്ക് കൊടുത്ത കമ്പനിപ്രോമോഷന്‍ ട്രിപ്പ്). അവരുടെ സഹായത്തോടെ ഞാൻ അവിടെ കയറി. നാട്ടില്‍ നിന്ന് വന്ന മൂന്നാല് വിദ്യാര്‍ത്ഥികളായ കായികതാരങ്ങളെയും പരിചയപ്പെട്ടു. ദൂരെയായി സ്കീയിങ് നടത്തുന്ന ആൾക്കാരെ കണ്ടു. അവിടെയും ഏതോ കെട്ടിടം കണ്ടു.
കാജൽ -ഷാരൂഖ് ഖാൻ ജോഡിയുടെ ദിൽ വാലെ ദുൽഹനിയ ലേ ജായേംഗെ പടത്തിലെ ഒരു കൂറ്റൻ കട്ടൗട്ട് അവിടെ വെച്ചിരുന്നു. എല്ലാവരും അതിനു മുന്നിൽ നിന്ന് പടമെടുത്തു.

പിന്നീട് ഞങ്ങൾ നടത്തിയ ഐസ് ഫ്ലൈയർ(Ice flyer )യാത്ര- അത് ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ടോപ് സ്റ്റേഷനിൽ നിന്നും സ്നോപാർക്കിലേക്കുള്ള(Titlis glacier park ) ആ സാഹസികയാത്രയിൽ ഞങ്ങളുടെ ഗ്രൂപ്പിലെ പലരും പങ്കെടുത്തില്ല. മനസ്സിൽ അല്പം പേടി തോന്നിയിരുന്നെങ്കിലും ഞങ്ങൾ നാലുപേരും അതിൽ കയറി ഇരുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ കരുതിയിരിക്കണമെന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചു. കാരണം മറ്റു കേബിൾ കാറുകൾ പോലെ മുഴുവൻ ഗ്ലാസ്കവർ ഉള്ളതല്ല ഇത്‌.ഞങ്ങൾ മൊബൈലും ഭദ്രമായിക്യാമറയു മെല്ലാം ബാഗിൽവച്ചു. അല്ലെങ്കിലും ഫോട്ടോ എടുക്കാൻ കഴിയുമായിരുന്നില്ല. നാലു പേർക്ക് ഇരിക്കാവുന്ന കേബിൾ ചെയറിൽ ഞങ്ങൾ ഇരുന്നയുടൻ ഒരു സെഫ്റ്റി ബാർ ഞങ്ങളുടെ വയറിനെ വലയം ചെയ്തു. ഞങ്ങളുടെ സുരക്ഷ പരിശോധിച്ചശേഷം ഉദ്യോഗസ്ഥർ ഞങ്ങളെ യാത്രയാക്കി. അത് നീങ്ങി തുടങ്ങിയപ്പോൾ ഞങ്ങൾ സന്തോഷംകൊണ്ട് കൂവിയാർത്തു. ഉള്ളിൽ അല്പം ഭയം തോന്നിയെങ്കിലും ഹൗ! ആ അനുഭൂതി ഇപ്പോഴും മറക്കാൻ കഴിയില്ല. ചെറിയ ഹിമകണങ്ങൾ ഞങ്ങളുടെ മുഖത്തേക്ക് പാറി വന്നു കൊണ്ടിരുന്നു. മുഖം ഭൂരിഭാഗവും മായ്ക്കുന്ന വിധത്തിലുള്ള മങ്കി ക്യാപ്പ് ധരിച്ചിട്ടുണ്ടെങ്കിലും തണുപ്പ് നല്ലപോലെ അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ നമ്മുടെ ഷൂസുകൾ ഹിമത്തിലൂടെ വലിച്ചിഴച്ചു കൊണ്ട് ഈ വാഹനം നീങ്ങിക്കൊണ്ടിരുന്നു. ചില ഭാഗങ്ങളിൽ ഹിമാനിയുടെ ചില പിളർപ്പുകൾക്ക് 20 മീറ്ററിലേറെ ആഴം ഉണ്ടെന്ന് പറഞ്ഞറിഞ്ഞത് നേരിൽ കണ്ടറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയി. മഞ്ഞുപാടങ്ങളും ഗർത്തങ്ങളും നിറഞ്ഞ ആ യാത്ര– അത് അനുഭവിച്ചു തന്നെ അറിയണം. ചൂടുകാലത്ത് മാത്രമേ ഇത് അനുഭവിക്കാൻ കഴിയൂ.
(തിരിച്ചെത്തുന്നതിനുമുമ്പ് ഒരു ഫോട്ടോ സ്റ്റോപ്പ് ഉണ്ട്. നമ്മളുടെ യാത്രയുടെ ഒരു ഓട്ടോമാറ്റിക് ക്ലിക്ക്. ഫോട്ടോയ്ക്ക് നല്ല ചാർജ് പറഞ്ഞതിനാൽ ഞങ്ങൾആരും അത് വാങ്ങിയില്ല) ഇവിടെ ഈ ടൈറ്റിലിസിൽ മാത്രമേ ചൂടുകാലത്ത് ഇതുപോലുള്ള ഒരു അനുഭവം സാധ്യമാകൂ

.കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഇത് അസാദ്ധ്യമാണ് (മഴയും കാറ്റും എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം.) ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായിരുന്നതുകൊണ്ട് ഇന്നത്തെ അന്തരീക്ഷം വളരെ നല്ലതായിരുന്നു. രാവിലെ ഉണ്ടായിരുന്ന കാർമേഘം എല്ലാം ഒഴിഞ്ഞു. സൂര്യവെളിച്ചത്തിനെ പ്രതിഫലിപ്പിച്ചു വെട്ടിത്തിളങ്ങി കിടക്കുന്ന ആൽപ്സ് പർവതനിരകളുടെ മറ്റൊരു മായികക്കാഴ്ച. അവിസ്മരണീയവും അവർണ്ണനീയവും ആണ് ഈ കാഴ്ചകൾ..
അഞ്ചാമത്തെ നിലയിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ മറ്റുള്ള നിലകളിലെ കാഴ്ചകളും ഞങ്ങൾ ഒന്ന് നടന്നു കണ്ടു. സുവനീർ കടകളിലും ഫോട്ടോസ്റുഡിയോയിലും നല്ല തിരക്കുണ്ടായിരുന്നു.ഞങ്ങൾ ഒന്നും വാങ്ങിയില്ല.
അവിടെനിന്ന് തിരിച്ചിറങ്ങുന്നതിനു മുമ്പ് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ തൂക്കുപാലം ആയ cliff walk -ൽകയറി. പലരും അതിൽ കയറിയില്ല. 98 മീറ്റർ നീളവും 91 സെന്റിമീറ്റർ വീതിയുമുള്ള തൂക്കുപാലം ആണിത്. അതിൽ കയറിയപ്പോൾ കണ്ട കാഴ്ച്ചകളും മനോഹരം. സഹിക്കാനാവാത്ത ശീതക്കാറ്റിൽ ഇളകിക്കൊണ്ടിരുന്ന പാലത്തിന്‍റെ അറ്റം വരെ പോകാൻ ഞങ്ങൾക്ക് അധികം താല്പര്യം തോന്നിയില്ല.കയറി കുറച്ചുദൂരം നടന്നിട്ട് ഞാനും മാധുരിയും തിരിച്ചുപോന്നു.
പിന്നെ ഞങ്ങൾഹിമാനി തുരങ്കത്തിൽ ( glacier tunnel ) സന്ദർശനം നടത്തി.glacier കൊത്തിയെടുത്തു ഉണ്ടാക്കിയതാണിത്. വർണ്ണവിളക്കുകൾ അലങ്കരിച്ചിരിക്കുന്ന ഇവിടെയും ഹിമത്തിൽ കൊത്തിയെടുത്ത ശില്പങ്ങൾ ഉണ്ട്. പല സിനിമകളും ഇവിടെവെച്ച് ഷൂട്ടിങ്ങ് നടന്നിട്ടുണ്ട്. പോകുന്ന വഴി റബർ മാറ്റ് വിരിച്ചതായിരുന്നു. തലേ ദിവസം ജുങ് ഫ്രുവിൽ കണ്ടതിനോട് താരതമ്യം ചെയ്യാൻ ഈ കാഴ്ചകൾ ഇല്ല
മടക്കയാത്ര മുകളിലേക്കുള്ള യാത്രയേക്കാള്‍ മനോഹരമായി തോന്നി.കാര്‍ മേഘവും മൂടല്‍മഞ്ഞുമൊഴിഞ്ഞപ്പോള്‍ കാഴ്ചകള്‍ വളരെ വ്യക്തമായി കാണാന്‍ തുടങ്ങി.

മഴക്കാറു മൂടിയ ആകാശത്തിനു കീഴിൽ മഞ്ഞിന്റെ വെള്ളപ്പട്ട് പുതച്ചുറങ്ങുന്ന ഗിരിശൃംഗങ്ങൾ..സൂചികാഗ്രവൃക്ഷങ്ങൾ… ( ദേവദാരു ആണെന്ന് തോന്നുന്നു എന്നുപറഞ്ഞ് ദേവദാരു പൂത്തു…… എന്ന പാട്ട് മാധുരി മൂളി. ടീച്ചറുടെ കവിഹൃദയം ഉണരുന്നുണ്ടല്ലോ എന്ന് ശശിയേട്ടൻ തമാശ പറഞ്ഞു). വൃക്ഷങ്ങള്‍ചിലയിടത്ത് മുറിച്ചിട്ടിരിക്കുന്നത് കണ്ടു. കാർ പോകുന്ന വഴിയിൽ തടസ്സം ഉണ്ടാക്കാതിരിക്കാനായിരിക്കാം അതെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. താഴേയ്ക്ക് വരുംതോറും ചില ഗ്രാമങ്ങള്‍ കണ്ടുതുടങ്ങി. പച്ചപിടിച്ച പുൽമേടുകളും മേഞ്ഞുനടക്കുന്ന പശുക്കളും ഇടയ്ക്കിടെ നീല തടാകങ്ങളും അതിനിടയിൽ ഉയർന്നു നിൽക്കുന്ന വീടുകളും. ഹൗ!അവർണ്ണനീയമായ ആ കാഴ്ചകൾ എഴുതി ഫലിപ്പിക്കാനാവില്ല.അതെല്ലാം അനുഭവിച്ചുതന്നെ അറിയണം

താഴെ നിന്നും മുകളിലേക്ക് വരുന്ന കേബിൾ കാറുകൾ. ഓരോന്നിനും ഓരോ രാജ്യത്തിന്റെ പേരുകളാണ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ പതാകയും പേരും ഉള്ള കേബിൾ കാർ കണ്ടപ്പോൾ ആണ് സത്യത്തിൽ ഞാൻ അത് ശ്രദ്ധിച്ചത്. എല്ലാവരും കണ്ടതെല്ലാം ക്യാമറയിലാക്കുന്ന തിരക്കിലായിരുന്നു.camerayekkal manoharamayi avayellam manssil pathinjirunnu,

താഴെയെത്തുമ്പോൾ സമയം ഒന്നേമുക്കാൽ കഴിഞ്ഞിരുന്നു.
പിന്നീട് ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാൻ spice bazar എന്ന ഇന്ത്യൻ ഭോജനശാലയിലേക്കു പോയി.

കാഴ്ചകൾ തുടരും …..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap