17.1 C
New York
Saturday, August 13, 2022
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 17)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 17)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

കുക്കൂ  ക്ലോക്കിന്റെ രഹസ്യം തേടി….—–_

10മണി കഴിഞ്ഞു  എല്ലാവരും വീണ്ടും  വണ്ടിയിൽ കയറി.ലോകപ്രശസ്തമായ ബ്ലാക്ക് ഫോറസ്റ്റ് താഴ്വരയിലേക്ക് ആണ് ഇനിയുള്ള യാത്ര.  പ്രകൃതി ഭംഗി ആസ്വദിക്കുക എന്നതോടൊപ്പം   പ്രശസ്തമായ കുക്കു ക്ലോക്ക് നിർമ്മാണശാല കൂടി കാണുകയാണ് ലക്ഷ്യം. വാഹനം ഓടിക്കൊണ്ടേയിരുന്നു

ജർമ്മനിയുടെ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര ഏറെ ഹൃദ്യമായി തോന്നി . എത്ര സുന്ദരമാണ് ഇന്നാടിന്റെ ഭൂപ്രകൃതി!എങ്ങും ഹരിതാഭ നിറഞ്ഞ  ദൃശ്യവിസ്മയങ്ങൾ. ഇടയ്ക്കിടെ കാണുന്ന അരുവികളും പൊയ്കകളുമൊക്കെആ ഹരിതഭംഗിക്കു  കൂടുതൽ മാറ്റുകൂട്ടുന്നു  വെട്ടിയൊരുക്കിയ പുൽമേടുകൾ അതിമനോഹരമാണ്. ഗവൺമെന്റ്റും  പൊതുജനങ്ങളും  ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ്  ഇവിടം  ഇത്ര ഭംഗിയായി പരിപാലിക്കപ്പെടുന്നത്.  പുൽമേടുകളിൽ   കന്നുകാലികളും കുതിരകളും ചെമ്മരിയാടുകളും അലസമായി മേയുന്നുണ്ട്  ഗ്രാമങ്ങളിലുംമറ്റും ധാരാളം സോളാർപാനലുകൾ കാണാൻ കഴിയുന്നുണ്ട്. കറങ്ങുന്ന കാറ്റാടിയന്ത്രങ്ങളും കുറവല്ല.  ഇടയ്ക്കിടെ ക്രിസ്തീയആരാധനാലയങ്ങൾ കാണുന്നുണ്ട് . ഉയരത്തിലുള്ളൊരു സ്തൂപവും അതിനുമുകളിൽ കുരിശും കണ്ടാലറിയാം അതു പള്ളിയാണെന്ന്.

ബ്ലാക്ക് ഫോറസ്റ്റ് എന്ന വനത്തിലൂടെയാണ് യാത്രയെന്നു ഗൈഡ് പറഞ്ഞു    . പക്ഷേ അത്തരമൊരു വനപ്രദേശം ഈ യാത്രയിലെവിടെയും കാണാനായില്ല. പൈന്മരങ്ങളും ഫിർമരങ്ങളും ദേവദാരുക്കളും  വളർന്നുനിൽക്കുന്നൊരു പ്രദേശം അതിനുള്ളിലൂടെ അതിമനോഹരമായ ഹൈവേ. ഓട്ടോബാൻ എന്നറിയപ്പെടുന്ന ഈ ഹൈവേകളധികവും ഹിറ്റ്ലറുടെ കാലത്ത് യുദ്ധാവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ടവയാണ്. ഇന്നും അവ നന്നായി പരിപാലിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നതിനാൽ ലോകോത്തരനിലവാരം പുലർത്തുന്ന റോഡുകളാണവ. വേഗതയ്ക്കു നിയന്ത്രണമില്ലെന്നതാണ് ഈ ഹൈവേയുടെ മറ്റൊരു പ്രത്യേകത. ആറുവരിപ്പാതയ്ക്കുപുറമെ കേടുവന്ന വാഹനങ്ങൾ പാർക്കുചെയ്യാനായി സർവീസ് റോഡുകളുമുണ്ട്. 160 കിലോമീറ്ററിലധികം ദൂരം യാത്ര ബ്ലാക്ക് ഫോറെസ്റ്റിനുള്ളിലൂടെയാണ്.

ബ്ലാക്ക് ഫോറെസ്റ്റ് എന്ന പേര് കേട്ടപ്പോൾ മകൾ  നീലിമയ്ക്കു ഏറ്റവും ഇഷ്ടമുള്ള ബ്ലാക് ഫോറസ്റ്റ് കേക്ക് ആണ് ഓർമ്മ വന്നത്. . ജനവാസം നന്നേ കുറവുള്ള  അനേകം നാടോടിക്കഥകളുടെ കേന്ദ്രമായ ഇവിടെനിന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്കും വിഖ്യാതമായ കുക്കൂക്ലോക്കും പിറവിയെടുത്തത്.

 കടുത്തപച്ചനിറത്തിലെ ഇലച്ചാർത്തുകൾകൊണ്ടു സമൃദ്ധമായ സ്തൂപികാഗ്രിതവൃക്ഷങ്ങൾ നിബിഡമായി വളർന്നുനിന്നിരുന്ന ഈ വനപ്രദേശത്ത് നട്ടുച്ചയ്ക്ക് പോലുംസൂര്യപ്രകാശം ഭൂമിയിലേയ്ക്ക് പതിക്കുമായിരുന്നില്ലത്രേ!. അങ്ങനെ സൂര്യ പ്രകാശം താഴെ പതിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഈ  സ്ഥലം ബ്ലാക്ക് ഫോറെസ്റ്റ് എന്നു അറിയപ്പെടുന്നത് എന്ന്  രാമേട്ടൻ പറഞ്ഞു.പക്ഷേ  ഇന്നാ സ്ഥിതിയൊക്കെ മാറി. റോമക്കാരുടെ വരവോടെ വൃക്ഷങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. നെതെർലാൻഡിലെ കപ്പലുകൾ മുതൽ ജപ്പാനിലെ വീടുകൾവരെ ഉണ്ടാക്കാൻ ഈ വനത്തിലെ തടികൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ടത്രേ.  പതിനേഴാം നൂറ്റാണ്ടിൽ ഈ വനപ്രദേശം ഏതാണ്ട് പകുതിയായെന്നു പറയാം. നട്ടുവളർത്തിയ മരങ്ങൾ വളർന്നുനിൽക്കുന്നതാണ് ഇപ്പോൾകാണുന്ന വനം, അത് അത്ര നിബിഢവുമല്ല.   . വണ്ടി ഓടിക്കൊണ്ടിരുന്നു മനോഹരമായ ഭൂപ്രദേശങ്ങൾ.തുരങ്കങ്ങളിൽ കൂടിയും ഹെയർപിൻ വളവുകൾ പിന്നിട്ടും  കൊണ്ടായിരുന്നു യാത്ര. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കുറെ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, കാണാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് രാമേട്ടൻ വിവരിച്ചുകൊണ്ടിരുന്നു.തെക്കുപടിഞ്ഞാറൻ ജർമനിയിൽ ഫ്രാൻസുമായി അതിര്  പങ്കിടുന്ന സ്ഥലമാണ് നിത്യഹരിതവനങ്ങൾ ആയ ബ്ലാക്ക് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ഈ മലമ്പ്രദേശം.  മനോഹരങ്ങളായ ഗ്രാമങ്ങളും, കുക്കു ക്ലോക്ക് നിർമ്മാണ കമ്പനികളും, പ്രകൃതിദത്തമായ സ്പാ(spa)കളും ഇവിടം വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു 1700 ആണ്ടുമുതൽക്കു തന്നെ ഇവിടെ ക്ലോക്ക് നിർമ്മാണം തുടങ്ങിയിരുന്നു. ഈ പ്രദേശത്തെ ഏറ്റവും വലിയ പട്ടണമാണ് ഫ്രീബർഗ് (Frei burg ). ഇവിടം ഗോഥിക് ശൈലിയുള്ള കെട്ടിടങ്ങൾക്കും മുന്തിരിത്തോട്ടങ്ങൾക്കും പ്രശസ്തമാണ്. ഇരുഭാഗത്തും ഹരിത നീലകലർന്ന വനങ്ങൾ നിറഞ്ഞ പാതയിലൂടെ വാഹനം ഓടിക്കൊണ്ടിരുന്നു. വർഷത്തിൽവളരെ കുറച്ചുമാത്രം സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന ഇരുണ്ട പാതകൾ പിന്നിട്ട്ഒരു മണിയോടെ  ഞങ്ങൾ അവിടെ എത്തി  കരകൗശലം കൊണ്ട് കുക്കുക്ലോക്കുകൾ നിർമ്മിക്കുന്ന സ്ഥലത്ത്. കോച്ചിൽ നിന്നും  ഇറങ്ങി വീണ്ടും കുറച്ചുദൂരം മുകളിലേക്ക്  നടക്കാൻ ഉണ്ടായിരുന്നു . വിശ്വപ്രസിദ്ധമായ കുക്കു ക്ലോക്ക്  നിർമിക്കുന്ന സ്ഥലം എത്താൻ. 

ഞങ്ങൾ ചെല്ലുമ്പോൾ അവിടെ വേറെ സന്ദർശകർ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ആദ്യം ഭക്ഷണം കഴിക്കാൻ പോയി. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾക്ളോക്കിന്റ ഷോറൂമിൽ കയറി. ഒരാൾ  ഈ ക്ലോക്കുകളുടെ ചരിത്രവും  ശാസ്ത്രവും എല്ലാം വിവരിച്ചു തന്നു. അയാൾ ബൾഗേറിയൻ വംശജൻ ആയിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് കുക്കുക്ലോക്ക് ഉദയംചെയ്തത്.   ഈ പ്രദേശത്തെ വീടുകളുടെ ആകൃതിയിലാണ് ഭിത്തിയിൽ തൂക്കിയിടാവുന്ന  ഈ ഘടികാരങ്ങൾ  രൂപകൽപന ചെയ്തിരിക്കുന്നത്. സ്വാഭാവികമായ മരത്തിന്റെ നിറം തന്നെയാണ്  ഇവയ്ക്കുള്ളത് . ഓരോ മണിക്കൂറിലും കിളിവാതിൽ തുറന്നെത്തുന്ന കുയിൽ  കുക്കൂ കുക്കൂ എന്ന് അതിമധുരമായി  കൂവിയശേഷം തിരികെക്കയറിപ്പോകും. കിളിവാതിൽ മെല്ലേയടയും.  പിന്നെ നൃത്തം ചെയ്യുന്ന മിഥുനങ്ങളുടെ വരവായി. എത്രമണിയായെന്നതനുസരിച്ചാണ് ഇവയുടെയൊക്കെ  എണ്ണം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. തടിയിലാണ് ഇതിന്റെ നിർമ്മാണമത്രയും. ലോഹഭാഗങ്ങൾ വളരെക്കുറച്ചുമാത്രം.

പൈൻമരക്കായ്കളാണ്  പെന്റുലങ്ങൾ ആയി തൂങ്ങിയാടുന്നത്  . ധാരാളം ചിത്രപ്പണികൾചെയ്തു മോടിപിടിപ്പിച്ചിരിക്കുന്ന പുറംചട്ടയാണ് മറ്റൊരു സവിശേഷത .  ഇതിന്റെ നിർമ്മാണരീതി അവർക്കുമാത്രം അറിയുന്നൊരു രഹസ്യമാണ്. ഇന്ന് ആധുനികരീതിയിലും  ഇത്തരം ക്ലോക്കുകൾ നിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും പൈൻകായ പെൻഡുലങ്ങളോടു കൂടിയ  യഥാർത്ഥനിർമ്മാണരീതിയാണ് വിപണിയിൽ കൂടുതൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. രണ്ടുവിധത്തിലാണ് ഇതിന്റെ പ്രവർത്തനരീതി ക്രമീകരിച്ചിരിക്കുന്നത്. ഒരുദിവസത്തിന്റേതും എട്ടു ദിനങ്ങളുടേതും. ആദ്യത്തേതിൽ 24 മണിക്കൂറിൽ ചാവികൊടുക്കണം. രണ്ടാമത്തേതിൽ എട്ടുദിവസം കൂടുമ്പോൾ ചാവികൊടുത്താൽ മതിയാവും.ആ യുവാവ് എല്ലാം വിശദമായി പറഞ്ഞുകൊണ്ടിരുന്നു. ഞാൻ  അതെല്ലാം വീഡിയോയിൽ പകർത്തിക്കൊണ്ടിരുന്നു ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഈ ക്ലോക്കുകൾ വിശ്വപ്രസിദ്ധമായതിന്റെ രഹസ്യം ഞങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി

അതിന്ശേഷം വീണ്ടും ഷോറൂം ചുറ്റി നടന്നു കണ്ടു.  വളരെ ചെറിയ ക്ലോക്കുകൾ മുതൽ പത്തടിയിലേറെ   വലിപ്പം ഉള്ള  ക്ലോക്കുകൾവരെ അവിടെ കണ്ടുക്ളോക്ക് വാങ്ങുന്നവർക്ക്  അവർ 15% ഡിസ്‌കൗണ്ട് ഓഫർ  ചെയ്തിരുന്നു. ബാംഗ്ലൂരിൽ മെയിന്റനൻസ് സെന്റർ  ഉണ്ടെന്നും ഘടികാരങ്ങൾക്ക് ഗ്യാരണ്ടി ഉണ്ടെന്നും പറഞ്ഞു അവർ  ഞങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഡിസ്ക്കൗണ്ട് പറഞ്ഞിട്ടും വില വളരെ കൂടുതൽ ആയിരുന്നു. ആരും ഒന്നും വാങ്ങിയതായി കണ്ടില്ല. ഞങ്ങൾ രണ്ടുകൂട്ടരും ചെറിയ  മാഗ്നെറ്റ് പതിച്ച  അലങ്കാര വസ്തുക്കൾ വാങ്ങി. അവിടെ   ആഭരണങ്ങളും കൗതുക വസ്തുക്കളും തുടങ്ങി പലയിനം സാധനങ്ങൾ വില്പനക്കു  ഉണ്ടായിരുന്നുഭംഗിയായി അലങ്കരിച്ച വേറൊരു ഭോജനശാലയും സ്ഫടികവസ്തുക്കൾ വിൽക്കുന്ന വേറൊരു കടയും കണ്ടു. കുറച്ചു നേരം അവിടെഎല്ലാം കറങ്ങി.ഫോട്ടോയും വീഡിയോയും എടുത്തു.പുറത്തിറങ്ങുമ്പോൾ ഏകദേശം രണ്ടു മണി. ഷോറൂമിന്റെ  മുകൾഭാഗത്തുള്ള ചുമരിൽ ഒരു ഒരു കൂറ്റൻ ഘടികാരം നോക്കി നിൽക്കുകയാണ് എല്ലാവരും. രണ്ടു മണിയാകുമ്പോൾ കുക്കൂ കൂവി കഴിഞ്ഞാൽ രണ്ട് യുവമിഥുനങ്ങൾ വന്ന്  നൃത്തംചെയ്യുന്നത് കാണാം. അത് കാണാനുള്ള ആകാംക്ഷയിൽ ആയിരുന്നു എല്ലാവരും, കൃത്യം രണ്ട് അടിച്ചപ്പോൾ ആ രംഗം എല്ലാവരും  വീഡിയോയിൽ പകർത്തുവാൻ തുടങ്ങി. അതുകഴിഞ്ഞ് അവിടെയെല്ലാം ചുറ്റിനടന്നു ഫോട്ടോയും വീഡിയോയും എടുക്കാൻ തുടങ്ങി. ഏകദേശം  ഒരു പത്തടിയോളം വരുന്ന, നിവർന്നു നിൽക്കുന്ന ഒരു ഭീമൻ കരടിബൊമ്മയുടെ കൈകളിൽ ചാരിയിരുന്നു ഞാൻ ഫോട്ടോ എടുത്തു.. കെട്ടിടത്തിനോട്  ചേർന്ന് നമ്മുടെ നാട്ടിൽ പണ്ടുകാലത്ത് വെള്ളം നനയ്ക്കാൻ,  തേവാൻ ഉപയോഗിച്ചിരുന്ന തേക്കുചക്രം  പോലെയുള്ള ജലധാരായന്ത്രം കണ്ടു. പുറത്തും ഒരു കരടിക്കുട്ടന്റെ ബൊമ്മ ഉണ്ടായിരുന്നു.തിരിച്ചു കോച്ചിലേക്ക് നടക്കുമ്പോഴും വഴിനീളെ കണ്ട ചെറിയ ചെറിയമനോഹരമായ  പേരറിയാത്ത പൂക്കൾ  എല്ലാം ഫോട്ടോ എടുക്കാൻ നിന്ന് എല്ലാവരും മുന്നിലേക്ക് കയറി പോയത് ഞാൻ അറിഞ്ഞില്ല, സത്യം പറഞ്ഞാൽ ആ പ്രകൃതി സൗന്ദര്യംകണ്ടാൽ ആരും മതി മറന്നു പോകും.ഞാൻ എത്തുമ്പോഴേക്കും എല്ലാവരും വണ്ടിയിൽ കയറി കഴിഞ്ഞിരുന്നു. ശശിയേട്ടനും മാധുരിയും അക്ഷമരായി നിൽക്കുന്നുണ്ടായിരുന്നു,  ശശിയേട്ടന്റെ വക വഴക്കു കിട്ടി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! എല്ലാവരും വീണ്ടും ബസ്സിൽ തിരിച്ചു എത്തി. ഏകദേശം മൂന്ന് മണിയോടെ അവിടെ നിന്നും യാത്ര തിരിച്ചു. ബസ്സ് നീങ്ങുമ്പോൾ കുറച്ചകലെയായി രണ്ടു മലകളെ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലത്തിലൂടെ( viaduct )തീവണ്ടി കടന്നു പോകുന്നത് രാമേട്ടൻ ചൂണ്ടിക്കാണിച്ചു തന്നു.   അവിടെനിന്നും യാത്ര സ്വിറ്റ്സർലൻഡ് ലേക്ക് ആയിരുന്നു.3 ;15ആയപ്പോൾ ജർമൻ സ്വിസ് ചെക്‌പോസ്റ്റിൽ എത്തി.ഗൈഡ് ഇറങ്ങിപ്പോയി ഇമ്മിഗ്രേഷൻ കാര്യങ്ങൾ ശരിയാക്കി,ഒരു 5-10 നിമിഷങ്ങൾക്കുള്ളിൽ മടങ്ങിവന്നു.ഇനി പോകുന്നത് റൈൻ നദിയിലെ  വെള്ളച്ചാട്ടം കാണുന്നതിനാണ്.

(തുടരും’)

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: