17.1 C
New York
Saturday, August 13, 2022
Home Travel യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 15)

യൂറോപ്പിലൂടെ ഒരു യാത്ര – (യാത്രാ വിവരണം: ഭാഗം 15)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ

2018 ജൂലൈ 18, ബുധൻ.

ഇന്ന് നെതർലാൻഡ്സിനോട് വിടപറയുകയാണ്. അടുത്തലക്ഷ്യം ജർമനിയാണ്. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. ഭക്ഷണം എല്ലാം കഴിഞ്ഞു
8:15കഴിഞ്ഞപ്പോൾ താമസിച്ച ഹോട്ടലിൽ നിന്നും വാഹനത്തിൽ കയറി.ഹരിതാഭ നിറഞ്ഞ ഭൂമി. എങ്ങോട്ട് നോക്കിയാലും നയനാനന്ദകരമായ കാഴ്ചകൾ. രാത്രിയിൽ വൈകി ഉറങ്ങിയതു കൊണ്ടും പുലർച്ചെ നേരത്തെ എഴുന്നേറ്റതു കൊണ്ടും കണ്ണുകൾ അറിയാതെ അടഞ്ഞുപോയി. (കോച്ചിലെ ഗുലുമാൽ സിനിമയിലെ ശബ്ദം ഒരു താരാട്ടു പോലെ തോന്നി).അതുകൊണ്ട് കുറച്ച് കാഴ്ചകൾ നഷ്ടപ്പെട്ടു.

10മണി കഴിഞ്ഞപ്പോൾ ഉറക്കം തെളിഞ്ഞു ഉഷാറായി. വാഹനത്തിൽ പലരും ഉറക്കത്തിലാണ്.
ചിലർ സിനിമ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു ഇനി പ്രകൃതി ഭംഗി ആസ്വദിക്കാൻ തുടങ്ങാം.. റോഡിന്റെ ഇരുഭാഗത്തും പലതരം വയലുകളും മരക്കൂട്ടങ്ങളും നിറഞ്ഞു നിൽക്കുന്നു. വിളവെടുപ്പ് കഴിഞ്ഞ വിസ്തൃതമായ വയലുകളിൽ സിലിണ്ടർ ആകൃതിയിൽ കെട്ടി വച്ചിരിക്കുന്ന വൈക്കോൽ കറ്റകൾ അവിടവിടെയായി പരന്നു കിടക്കുന്നുണ്ടായിരുന്നു. ദൂരെ ഫാക്ടറികളിൽ നിന്നും പൊങ്ങുന്ന നേരിയ പുകപടലങ്ങൾ കാണാം.. വയലിന്റെ ദൂരക്കാഴ്ചയിൽ കാണുന്ന ചക്രവാളത്തിൽ ചെറിയ മേഘക്കൂട്ടങ്ങൾ വെള്ളാട്ടിൻ കുട്ടികളെപ്പോലെ.നല്ല തെളിഞ്ഞ നീലാകാശം. വാഹനം ഓടുമ്പോൾ പിന്നിലേക്ക് ഓടി മറയുന്ന പ്രകൃതി ദൃശ്യങ്ങൾ കാണുമ്പോൾ കുട്ടിക്കാലത്ത് നടത്തിയിരുന്ന ബസ് യാത്രയെക്കുറിച്ച് ഞാൻ ആലോചിച്ചു കൊണ്ടിരുന്നു. വണ്ടിയിൽ ഓടിക്കൊണ്ടിരുന്ന പടം നിർത്തി, ഗൈഡ് കാണാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് ഉള്ള വിവരണം നൽകുന്നു.( യാത്രയിലുടനീളം ഗൈഡ് നൽകുന്നവിവരണം ഞാൻ ഓഡിയോ/വീഡിയോ ആയി പകർത്തിക്കൊണ്ടിരുന്നു).

നഗരത്തിരക്കിൽ എത്തിയപ്പോൾ വാഹനം പതുക്കെയാണ് നീങ്ങിന കൊണ്ടിരുന്നത്. നഗരക്കാഴ്ചകൾ കാണുന്നതിനുവേണ്ടി. ഒരേ രീതിയിൽ നിർമ്മിച്ചിട്ടുള്ള വലിയ ബഹുനിലകെട്ടിടങ്ങൾ. എല്ലാസൈൻബോർഡുകളും ജർമൻ ഭാഷയിൽ ആണ് എഴുതിയിരിക്കുന്നത്. പ്രധാനപ്പെട്ട ഓരോ സൈൻ ബോർഡുകളും ഏത് സ്ഥലങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു എന്ന് ഗൈഡ് വിവരണം നൽകികൊണ്ടിരുന്നു. ഈ വാക്കുകൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.ഞാൻ കുറേ കാഴ്ചകൾ വീഡിയോയിൽ പകർത്തിക്കൊണ്ടിരുന്നു.

ജർമ്മനിയിലെ ഏറ്റവും പ്രശസ്തമായ, ദിനംപ്രതി ശരാശരി ഇരുപതിനായിരം ആളുകൾ വന്നു ചേരുന്ന, വളരെ പുരാതനമായ കൊളോൺ
കത്തിഡ്രൽ കാണാനാണ് ആദ്യംപോകുന്നത്.
ഗോഥിക് ശൈലിയിൽ പണിതിരിക്കുന്ന ഈ പള്ളി, 1996ൽ യുനെസ് കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ജർമനിയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലമാണിത്.

ഏറ്റവും ഉയരമുള്ള രണ്ടു ഗോപുരങ്ങൾ ഉള്ള കത്തീഡ്രൽ ആണിത്.ഗോപുരത്തിന്റെ ഉയരത്തിന്റെ കാര്യത്തിൽ യൂറോപ്പിലെ രണ്ടാമത്തെയും ലോകത്തിലെ മൂന്നാമത്തെയും കത്തീഡ്രൽ ആണിത്. 57 മീറ്റർ ആണ് ഈ ഗോപുരങ്ങളുടെ ഉയരം.( ജർമനിയിലെ തന്നെ Ulm minster ആണ് ഒന്നാമത്തേത്).

1248ൽ ഈ റോമൻ കത്തോലിക്കാ പള്ളിയുടെ നിർമ്മാണം ആരംഭിച്ചുവെങ്കിലും പലപ്പോഴും നിർത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇരു ഗോപുരങ്ങൾക്കുമിടയിൽ ഉള്ള സ്ഥലം ലോകത്തിലെ ഏതു ക്രിസ്തീയ ദേവാലയത്തിലേ ക്കാളും വിസ്തൃതമായതിനാൽ ഈ പള്ളിക്ക് മുൻഭാഗം കൂടുതലാണ്. അതുപോലെ മധ്യകാലഘട്ടത്തിൽ പണിത ഏത് ദേവാലയത്തേക്കാളും ഏറ്റവും ഉയരമുള്ള ഭജന മണ്ഡപം(, choir ) ഈ പള്ളിയിലാണുള്ളത്.

പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടും , ഗൈഡിന്റെ വിവരണം കേട്ടു കൊണ്ടും ദേവാലയത്തിൽ എത്തിയത് അറിഞ്ഞില്ല. സമയം 11ആകുന്നു. വാഹനം പാർക്ക് ചെയ്ത് എല്ലാവരും പുറത്തിറങ്ങി.
കത്തീഡ്രൽ കാണാൻ നടന്നു.
ടൂർ ഓപ്പറേറ്റർ പ്രവേശനടിക്കറ്റ് ശേഖരിക്കുന്നതിനിടയിൽ എല്ലാവരും പള്ളിക്ക് ചുറ്റും നടന്നു ഫോട്ടോകളും വീഡിയോയും പകർത്തുന്ന തിരക്കിലായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് 14 തവണ ബോംബാക്രമണത്തിന് ഇരയായ ഈ പള്ളിക്ക് വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എങ്കിലും ഇതിന്റെ പ്രാചീനപ്രൗഢിക്കു തെല്ലും കുറവില്ല. ഉയർന്നു നിൽക്കുന്ന രണ്ടു ഗോപുരങ്ങൾ കണ്ടെത്താൻ എതിരാളികൾക്ക് വളരെ എളുപ്പമായിരുന്നു എന്നതാണ് ഇത്രയധികം ആക്രമണത്തിന് ഈ പള്ളി സാക്ഷ്യം വഹിക്കേണ്ടി വന്നതിനു കാരണം. എങ്കിലും പള്ളിയെ പൂർണ്ണമായും ഇല്ലാതാക്കാൻ അവർക്ക് കഴിഞ്ഞില്ല, 1986 യുദ്ധക്കെടുതികൾ മൂലമുള്ള നാശനഷ്ടങ്ങൾ പരിഹരിച്ചെങ്കിലും ഞങ്ങൾ ചെല്ലുന്ന സമയത്തും അവിടെ പലതരം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. 8000 സ്ക്വയർ മീറ്റർ തറ വിസ്തീർണ്ണമുള്ള ഈ പള്ളിയിൽ 20,000 പേരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുമെന്നാണ് ഞാൻ കേട്ടറിഞ്ഞ വിവരം.. പള്ളിയുടെ മുൻവശത്തു നിന്നുള്ള കാഴ്ച തന്നെ മനോഹരമായിരുന്നു ധാരാളം വൃക്ഷങ്ങൾ തണൽ വിരിച്ചു നിന്നിരുന്നു. സന്ദർശകരുടെ നല്ല തിരക്കുണ്ടായിരുന്നു.

11:10കഴിഞ്ഞപ്പോൾ ഞങ്ങൾ കൊളോൺ കത്തിഡ്രലിനുള്ളിൽ കടന്നു. പള്ളിക്കകത്തെ കാഴ്ചകളും വളരെ മനോഹരമായിരുന്നു. വിശാലമായ പ്രാർത്ഥനമുറിയിൽ നിരനിരയായി നീളൻ ഇരിപ്പിടങ്ങൾ. ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു മൗനനിരതരായി പ്രാർത്ഥിച്ചു. കുറെയധികം പുരോഹിതന്മാരെ അവിടെ കണ്ടു. വളരെയധികം ഉയരത്തിലുള്ള അൾത്താരയ്ക്ക് സമീപത്തായി ഉണ്ണിയേശുവിനെ ആദ്യം സന്ദർശിച്ച മൂന്നു രാജാക്കന്മാരുടെ മണ്ഡപം ( shrine of the three kings ) മധ്യകാലഘട്ടത്തിലെ സ്വർണ്ണശില്പചാതുരിയ്ക്കു മിഴിവേകുന്നു. ശില്പ ചാതുര്യം നിറഞ്ഞൊഴുകുന്ന പ്രാർത്ഥനാ മണ്ഡപങ്ങൾ പിന്നെയും കണ്ടു.

ഒരേ രീതിയിലുള്ള പതിനായിരത്തിയഞ്ഞൂറു ഗ്ലാസ് കഷണങ്ങൾ ഉപയോഗിച്ച് 113 സ്ക്വയർ മീറ്ററിൽ പണിത, 2007ഓഗസ്റ് 25നു നിർമ്മാണം പൂർത്തിയാക്കിയ stained glass വർണ്ണാഭമായ ഒരു കാർപെറ്റ് പോലെ ഭംഗിയുള്ളതാണ്. ചുമർ ചിത്രങ്ങളും പ്രതിമകളും കൊണ്ട് അലങ്കരിച്ചിരുന്ന പള്ളിയുടെ ഉൾഭാഗം വളരെ മനോഹരമായിരുന്നു. കത്തീഡ്രലിൽ 11 പള്ളിമണികൾ ഉണ്ട്. പല വലിപ്പത്തിലും തൂക്കത്തിലും ഉള്ള ഇവ പല കാലഘട്ടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളയാണ് നാലെണ്ണം മധ്യകാലഘട്ടത്തിലെ ആണ്. 976 മുതൽ 1612 വരെയുള്ള 12 ആർച്ചുബിഷപ്പ് മാരുടെ ശവകുടീരങ്ങളും ഈ പള്ളിയിൽ ഉണ്ട്. എല്ലാ ഭാഗങ്ങളും ചുറ്റിനടന്നു കാണുന്നതിനിടയിൽ അന്നത്തെ രാവിലെയുള്ള സന്ദർശന സമയം കഴിഞ്ഞു എന്നും പുറത്തിറങ്ങണം എന്നും സുരക്ഷാ പ്രവർത്തകർ ആവശ്യപ്പെട്ടു.
ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾക്ക് അതിനു ചുറ്റുമുള്ള സ്ഥലം നടന്ന കാണുവാൻ വേണ്ട നിർദ്ദേശങ്ങൾ ഗൈഡ് നൽകി. 533 പടികൾ കയറി പള്ളി ഗോപുരത്തിനു മുകളിൽ കയറിയാൽ കാണുന്നറൈൻ (Rhyne) നദിയുടെ മനോഹാരിതയും കൊളോൺ നഗരത്തിന്റെ ദൃശ്യങ്ങളും അവാച്യമായ ഒരു അനുഭൂതിയാണ് എന്ന് ഗൈഡ് പറഞ്ഞു. എങ്കിലും ഞങ്ങൾ ആ ഉദ്യമത്തിന് മുതിർന്നില്ല.. എല്ലാവരും ഓരോ ചെറുസംഘങ്ങളായി പലയിടത്തേക്കും നീങ്ങി.

പള്ളിയുടെ മുൻഭാഗത്തു മൈതാനം പോലെ ധാരാളം വലിയ മരങ്ങൾ ഉള്ള സ്ഥലം ഉണ്ട് .
സഞ്ചാരികളെ കൊണ്ടുപോകുന്നതിനായി ഉള്ള ഒരു പ്രത്യേകതരം വാഹനം കണ്ടു നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷയ്ക്ക് സമാനമായിരുന്നു അത്. സിറ്റിടൂർ നടത്തുന്ന ചെറിയ ട്രെയിനുകളും കണ്ടു.

ഞങ്ങൾ നാലുപേരും തെരുവിലൂടെ കുറേ ദൂരം നടന്നു. കൗതുക വസ്തുക്കളും തുണിത്തരങ്ങളും വിൽക്കുന്ന കടകളും ഭോജനശാലകളുമായി ചെറുതും വലുതുമായ ധാരാളം കടകൾ. ഡിസ്കൗണ്ട് സെയിൽ ഉണ്ട് എന്ന് എഴുതിവെച്ച കടകളും കണ്ടു. ഞങ്ങൾ ഒരു കടയിൽ കയറി. വളരെ കുറച്ചു മാത്രം ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന കടക്കാരി. അവിടെനിന്ന് മക്കൾക്ക് ഒന്നുരണ്ടു ഡ്രസ്സുകൾ വാങ്ങിച്ചു. വില കേൾക്കുമ്പോൾ യുഎഇയിൽ ആണ് ലാഭം. എങ്കിലും ഒരു കൗതുകം തോന്നി വാങ്ങിച്ചു.

നേരം വൈകണ്ട എന്ന് കരുതി വേഗം തിരിച്ചു നടന്നു. അവിടെ എത്തിയപ്പോൾ പള്ളിയുടെ മുൻഭാഗത്ത് ഒരു മനോഹരമായ കാഴ്ച കണ്ടു. ഒരാൾ, കണ്ടാൽ ഒരു കിറുക്കൻ ആണെന്ന് തോന്നും, കിടന്നും ഇരുന്നുമെല്ലാം ഒരു ചിത്രം വരച്ചു കൊണ്ടിരിക്കുന്നു, തറയിൽ വളരെ വലിയ ഒരു പ്രതലം തന്നെ അയാൾ അതിനായി ഒരുക്കിയിട്ടുണ്ട്. എന്ത് വേഗതയാണ് ആ കൈവിരലുകൾക്ക്! പലരും ആ കാഴ്ച ഇമവെട്ടാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. കുറച്ചുനേരം ഞങ്ങൾ നോക്കി നിന്നു ഫോട്ടോ/ വീഡിയോ പകർത്തി. അപ്പോഴേക്കും ഗൈഡ് അനുവദിച്ച സമയമായി. എല്ലാരും അവിടെ എത്തിച്ചേർന്നിരുന്നു.. എല്ലാവരെയും കൂട്ടി

പള്ളിക്ക് പുറകിലേക്ക് നടന്നു..സമയം ഏകദേശം ഒന്നര. അവിടെയുള്ള ഇന്ത്യൻ ഹോട്ടൽ ആയ ഹോട്ടൽ രംഗോളിയിലായിരുന്നു ഉച്ചഭക്ഷണം. ഗുജറാത്തി രീതിയിൽ ഉള്ള ഭക്ഷണം. ഭക്ഷണം കഴിഞ്ഞ് തെരുവിലൂടെ ഏകദേശം അര മണിക്കൂറിലധികം ഞങ്ങൾ നടന്നുകൊണ്ടിരുന്നു.കാരണം ഞങ്ങളുടെ വാഹനം പാർക്കു ചെയ്ത സ്ഥലത്തുനിന്നും ചുറ്റിവളഞ്ഞു വരാൻ അത്രയും സമയം വേണമായിരുന്നു.

ഇപ്പോൾ സമയം 2:45 വീണ്ടും ബസ് യാത്ര.
റൈൻനദിയിലൂടെയുള്ള ഒരു ബോട്ട് യാത്ര ആസ്വദിക്കാനാണ് ഇനിയുള്ള യാത്ര
ഇരു ഭാഗത്തും വയൽ അല്ലെങ്കിൽ നല്ലകാട് . വളരെ മനോഹരമായ കാഴ്ചകൾ. ബസ് ഓടിക്കൊണ്ടിരുന്നു. ഞാൻ കുറേ കാഴ്ചകൾ മൊബൈലിൽ പകർത്തി. ഞങ്ങളുടെ ഗൈഡ് മിസ്റ്റർ സന്തോഷ് നദീയാത്രയെക്കുറിച്ച് വിവരിച്ചു കൊണ്ടിരിക്കുകയാണ്.

യൂറോപ്പിലെ ഒരു പ്രധാന നദിയാണ് റൈൻ നദി. സ്വിറ്റ്സർലൻഡിലെ തെക്കുകിഴക്കൻ ആൽപ്സ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകി ജർമനി നെതർലാൻഡ് എന്നീ രാജ്യങ്ങളിൽ കൂടി ഒഴുകി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായNorth sea യിൽ ചെന്നുചേരുന്നു. ഇതിനിടയിൽ ഈ നദി Swiss-Liechtenstein, സ്വിസ് -ഓസ്ട്രിയൻ , സ്വിസ് – ജർമൻ, ഫ്രാൻകോ- ജർമ്മൻ എന്നീ അതിർത്തികളും നിർണ്ണയിക്കുന്നു,. മദ്ധ്യപശ്ചിമ യൂറോപ്പിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണ് 1230 കിലോമീറ്റർ നീളമുള്ള റൈൻ നദി. ഈ നദീതീരത്തെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ നഗരമാണ് ജർമനിയിലെ കൊളോൺ നഗരം. റോമൻ ഭരണകാലത്ത് തന്നെ ഈ നദീതീരങ്ങളിൽ പലയിടങ്ങളിലായി ധാരാളം കോട്ടകളും കൊട്ടാരങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്..

വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന യാത്രയാണ് റൈൻ നദിയിലെ ഈ ക്രൂയിസ് യാത്ര. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആ യാത്ര മനോഹരവും ഹൃദ്യവും ആക്കുവാൻ വേണ്ടി പലപല പാക്കേജുകൾ സംഘടിപ്പിച്ച് ധാരാളം ടൂർ കമ്പനികൾ ഉണ്ടിവിടെ. ദിവസം മുഴുവനുള്ള യാത്രയോ, മണിക്കൂറുകൾ നീളുന്ന യാത്രയോ നമ്മുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം..

KD Rhine river cruise ന്റെ സായാഹ്ന സവാരി ആണ് ഞങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. ബോട്ടിൽ എത്തുമ്പോൾ സമയം മൂന്നര കഴിഞ്ഞിരുന്നു. ടിക്കറ്റ് എല്ലാം എടുത്ത് എല്ലാവരും ക്രൂയ്‌സിൽ കയറി. എല്ലാ സൗകര്യങ്ങളുമുള്ള സാമാന്യം വലിയ ഒരു ക്രൂയ്‌സ് ആയിരുന്നു അത് നല്ലൊരു ഭോജനശാല മദ്യശാല തുടങ്ങിയ എല്ലാമുണ്ട്,. ഉൾഭാഗം എല്ലാം കണ്ട ശേഷം ഞങ്ങൾ മുകളിൽ കയറി.അവിടെ ഇരുന്നും നിന്നുമെല്ലാം പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഉള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു.

സാധാരണക്കാരെ പോലും കവിയാക്കി മാറ്റുന്ന പ്രകൃതി ഭംഗി.. നദിയുടെ ഇരുഭാഗങ്ങളിലും ഹരിതാഭ പുതച്ചുറങ്ങുന്ന നിബിഡവനങ്ങൾ. മുകളിൽ കുട നിവർത്തി നിൽക്കുന്ന നീലാകാശം കുറെ ദൂരം ഇതായിരുന്നു കാഴ്ച. ദൃശ്യങ്ങൾ നിശ്ചല ചിത്രങ്ങൾ ആയി മൊബൈലിൽ പകർത്തി അതിലേറെ ചിത്രങ്ങൾ മനസ്സെന്ന ക്യാൻവാസിൽ പതിഞ്ഞിരുന്നു.
ചിലഭാഗങ്ങളിൽ ചരിത്രത്തിന്റെ അവശിഷ്ടങ്ങൾ എന്നപോലെ പഴയകാല കൊട്ടാരങ്ങൾ തലയുയർത്തി നിൽക്കുന്നത് കണ്ടു. ചെറിയ പട്ടണങ്ങളും താമസസ്ഥലങ്ങളും കരകളിൽ ഉണ്ടായിരുന്നു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. അതിനാൽ കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ താഴെയിറങ്ങി. അവിടെ ചായയും /കാപ്പിയും ലഘു ഭക്ഷണവും കഴിക്കുന്ന തിരക്കിലായിരുന്നു ഞങ്ങളുടെ സഹയാത്രികരിൽ പലരും.ഞങ്ങളും ചായയും ഭക്ഷണവും എല്ലാമെടുത്ത് പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒരിടം നോക്കി സ്ഥലം പിടിച്ചു. ക്രൂയ്‌സിനുള്ളിലെ കാഴ്ചകൾ പകർത്തുന്ന തിരക്കിലായിരുന്നു പലരും. ഞാനും മാധുരിയും വീണ്ടും മുകളിലേക്ക് പോയി കുറച്ചു നേരം ചിത്രങ്ങൾ പകർത്തി.

യാത്ര ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടു കൃത്യം 5 22 ഞങ്ങൾ St.Goar എന്ന സ്ഥലത്തെത്തി. 556 St.Goar എന്ന ഈ സ്ഥലവും യുനെസ്കോ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. മനോഹരമായ ഒരു ചെറുപട്ടണമാണ് ഇവിടം.ക്രൂയ്‌സിൽ നിന്നിറങ്ങി എല്ലാവരും അവിടെയെല്ലാം നടന്നു. നിശ്ചല ചിത്രങ്ങളും ചലന ചിത്രങ്ങളും പകർത്തുവാൻ പറ്റിയ മനോഹരമായ കാഴ്ചകൾ ഉള്ള സ്ഥലം. ഓരോ കാലഘട്ടത്തിലെയും കഥകൾ പറയുന്ന പ്രതിമകൾ അവിടെവിടെയായി പണിതു വച്ചിട്ടുണ്ട്.

ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടയിൽ ഞങ്ങളുടെ വാഹനവും റോഡുമാർഗം അവിടെ എത്തിച്ചേർന്നു, സമയം 5:40 വീണ്ടും വയലുകൾക്കും കാടുകൾക്കും മദ്ധ്യേയുള്ള യാത്ര.
ചിലയിടങ്ങളിൽ താമസസ്ഥലങ്ങളും പച്ചപിടിച്ചു കിടക്കുന്ന കൃഷിസ്ഥലങ്ങളും. തങ്കപ്രഭ ചൊരിയുന്ന സായാഹ്നസൂര്യവെളിച്ചത്തിൽ ഈ കാഴ്ചകൾ എല്ലാം വളരെ മനോഹരമായിരുന്നു.

മറക്കാൻ കഴിയാത്ത ഒരു യാത്രയാണു ഇന്ന് നടത്തിയത്.
ഏഴുമണിയോടെ ജർമ്മനിയിലെ Limburgerhof എന്ന സ്ഥലത്തെ Hotel Residenz ൽ എത്തി. ഒൻപതു മണിയോടെ രാത്രി ഭക്ഷണം കഴിഞ്ഞു. ഞങ്ങൾ നാലുപേരും പുറത്ത് അല്പദൂരം നടന്നു. റോഡ്‌ വിജനമായിരുന്നു. ആളനക്കംകുറഞ്ഞ നാട്ടിൻപുറം പോലെ പ്രകൃതി സുന്ദരമായ അന്തരീക്ഷം. വശങ്ങളിൽ പുൽ മൈതാനങ്ങളും കുറ്റിക്കാടുകളും ഇടക്കിടെ വലിയ മരങ്ങളും എല്ലാമായി നീണ്ടുപോകുന്ന റോഡുകൾ കുറച്ചുനേരം അവിടെയെല്ലാം നടന്നു ഞങ്ങൾ തിരിച്ചു പോന്നു. അപ്പോഴും സൂര്യൻ അസ്തമിച്ചിരുന്നില്ല.

ഹോട്ടലിൽ വൈഫൈ കണക്ഷൻ വളരെ മോശമായതിനാൽ ആർക്കും സന്ദേശങ്ങൾ അയക്കാൻ കഴിഞ്ഞില്ല.
മനസ്സിൽ സൂക്ഷിക്കാൻ മറക്കാത്ത കാഴ്ചകൾ സമ്മാനിച്ചു കൊണ്ട് ഒരു ദിവസം കൂടി കൊഴിഞ്ഞു വീണിരിക്കുന്നു.
ഇപ്പോൾ സമയം 11മണി കഴിഞ്ഞു. നാളെ രാവിലെ ഏഴരക്ക് പ്രഭാതഭക്ഷണത്തിന് താഴെ എത്തണം. എട്ടരക്ക് യാത്ര തുടങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്. ശശിയേട്ടൻ ഉറങ്ങി.ഞാനും ഉറങ്ങാൻ പോകുന്നു.

നാളത്തെ യാത്രാവിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.

(തുടരും… )

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: