✍️തയ്യാറാക്കിയത്: പത്മിനി ശശിധരൻ
അദ്ധ്യായം1- നാന്ദി
പഠന കാലത്ത് ഒരു ഹരമായിരുന്നു അനശ്വരനായ എസ്. കെ പൊറ്റക്കാട് എഴുതിയ യാത്രാവിവരണങ്ങൾ. ആ പുസ്തകങ്ങളിൽ കൂടി യാത്ര പോയ എത്രയെത്ര ദേശങ്ങൾ. ടിവിയും മറ്റു വിനോദോപാധികളും ഇല്ലാതിരുന്ന ആ കാലത്ത് ഒരു ലഹരി തന്നെയായിരുന്നു പുസ്തകവായന. ഹൈസ്കൂൾ തലത്തിൽ പഠിക്കുമ്പോൾ മുതലാണ് എസ്.കെയുടെ സഞ്ചാരകൃതികൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്. തളിക്കുളം ഹൈസ്കൂളിലെ മലയാളം പഠിപ്പിച്ചിരുന്ന രാമചന്ദ്രൻ മാഷിനെ ഞാൻ വളരെ നന്ദിയോടെ സ്മരിക്കുന്നു. എനിക്ക് വളരെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു തന്നിരുന്നത് അദ്ദേഹമായിരുന്നു,
ഇന്ന് ഞാനും ഒരു യാത്രയുടെ പരമ്പര എഴുതാൻ തുടങ്ങുന്നു. പണ്ടത്തെപ്പോലെ അത്ര വിഷമം പിടിച്ച കാര്യമൊന്നുമല്ല ഇന്നു യാത്രകൾ. ഇച്ഛാശക്തിയും ആരോഗ്യവും പിന്നെ ഒരല്പം സാമ്പത്തികവും ഉണ്ടായാൽ ഇന്ന് ആർക്കും എവിടെയും പറന്നെത്താൻ കഴിയുന്ന കാലം.
കല്യാണം കഴിഞ്ഞ നാൾ മുതൽ, ബ്രിട്ടീഷ് എംബസിയിൽ ജോലിചെയ്യുന്ന പ്രിയതമൻ പറയാറുണ്ടായിരുന്നു നിന്നെ ഞാൻ ഇംഗ്ലണ്ടിൽ കൊണ്ടുപോകുമെന്ന്. എന്നാൽ ജീവിതസാഹചര്യങ്ങളുടെ ഓരോ സമ്മർദ്ദത്തിൽ പെട്ട് ആ മോഹങ്ങൾ അങ്ങനെ തന്നെ കിടന്നു. നീണ്ട 32 വർഷങ്ങൾക്ക് ശേഷം 2018-ൽ ആ മോഹങ്ങൾ വീണ്ടും ചിറകുവിരിച്ച് പറക്കാൻ തുടങ്ങുന്നു. അതിനു ചിറകു വിരിക്കാൻ ഉത്തേജകമായത് മക്കളുടെയും മരുമക്കളുടെയും നിസ്സീമമായ സ്നേഹവും സഹകരണവുമാണ്. അങ്ങനെ രണ്ടുമൂന്നുമാസത്തെ ഒരുക്കങ്ങൾക്കൊടുവിൽ 2018 ജൂലൈ ഒൻപതാം തീയതി തിങ്കളാഴ്ച സന്ധ്യയ്ക്ക് ഞാനും ശശിയേട്ടനും കൂടി അൽ ഐനിൽ നിന്നും യാത്ര പുറപ്പെട്ടു– മകൻ പ്രശാന്തിന്റെ വാഹനത്തിൽ , ഞങ്ങളെ ദുബായ് വിമാനത്താവളം വരെ അനുഗമിക്കാൻ രാധികയും ( മരുമകൾ), നീലിമയും( മകൾ) കൂടെയുണ്ടായിരുന്നു. 9 മണിയോടെ ഞങ്ങൾ ദുബായ് വിമാനത്താവളത്തിലെത്തി. ഞങ്ങളുടെ സഹയാത്രികരായ പ്രിയ സുഹൃത്തുക്കൾ മാധുരിയും രഘുഏട്ടനും അല്പസമയത്തിനുള്ളിൽ ഞങ്ങളുടെ കൂടെ ചേർന്നു.. പത്താം തീയതി പുലർച്ചെ രണ്ടുമണിക്കായിരുന്നു ഞങ്ങൾക്ക് പോകാനുള്ള റോയൽബ്രൂണൈ എയർവെയ്സ് വിമാന സമയം.

മാധുരിയും രഘു ഏട്ടനും ഇതിനുമുമ്പ് രണ്ടുമൂന്നുതവണ യുകെയിൽ സന്ദർശനം നടത്തിയിട്ടുള്ളതാണ്. രഘുഏട്ടന്റെ അനിയനും(ഉണ്ണി) കുടുംബവും യുകെയിലാണ്..ചെക്ക് ഇൻ കഴിഞ്ഞു . ഞങ്ങൾ യാത്രയുടെ കാര്യങ്ങളും കാണാൻ പോകുന്ന കാഴ്ചകളുടെ കാര്യങ്ങളും പറഞ്ഞിരുന്നു . സമയം പോയത് അറിഞ്ഞില്ല. കൃത്യം രണ്ട് മണിക്ക് തന്നെ ഞങ്ങളെയും വഹിച്ചുകൊണ്ട് റോയൽബ്രൂണൈ എയർവെയ്സിന്റെ ആകാശപ്പറവ പറന്നുയർന്നു.
ഏഷ്യൻ വൻകര വിട്ടുള്ള കന്നിയാത്ര. ഏഴ് മണിക്കൂറിലധികം ഉള്ള നീണ്ട യാത്ര ആദ്യാനുഭവമായിരുന്നു. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം തല വേദനിക്കുന്നു എന്ന് പറഞ്ഞ് ശശിയേട്ടൻ കണ്ണടച്ചു കിടന്നു..എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് ബ്രൂണൈക്കാരിയായ ഒരു യുവതിയായിരുന്നു. അവരുമായി കുറച്ചു നേരം സംസാരിച്ചിരുന്നു. അവർ യുകെയിൽ പഠിക്കുകയാണ്. ഇപ്പോൾ അവധിക്ക് നാട്ടിൽ വന്ന് തിരിച്ചു പോവുകയാണ്. കുറച്ചുകഴിഞ്ഞപ്പോൾ അവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. തലവേദന എന്നുപറഞ്ഞ് കിടന്ന ശശിയേട്ടനും മയക്കത്തിലായിരിക്കുന്നു. യാത്രക്കാരിൽ ഭൂരിപക്ഷവും ഉറക്കത്തിൽ ആയിരിക്കുന്നു. ചിലർ ഇരുന്ന് സിനിമ കാണുകയോ കളിക്കുകയോ ചെയ്യുന്നുണ്ട്
യാത്രയെ കുറിച്ചുള്ള ആകാംക്ഷ കൊണ്ടാകാം എനിക്ക് തീരെ ഉറങ്ങാൻ കഴിഞ്ഞില്ല in flight entertainment system ഓൺ ചെയ്തു , sudoko, chess, solitair എല്ലാം മാറിമാറി കളിച്ചുകൊണ്ടിരുന്നു.കുറെ നേരം കഴിഞ്ഞു ഞാൻ പുറത്തേയ്ക്കു നോക്കി. ദൂരെ ചെറിയ വെളിച്ചം കാണുന്നു ഒരു ചുവന്ന ബൾബ് കത്തുന്ന പോലെ, ശശിയേട്ടനോട് അത് നോക്കാൻ പറഞ്ഞു.,

വീണ്ടും വീണ്ടും നോക്കിയപ്പോൾ…. മനസ്സിലായി- നമ്മുടെ സൂര്യേട്ടൻ പതുക്കെ എഴുന്നേറ്റു വരുന്നതാണെന്ന്. കണ്ടാൽ തീരെ മനസ്സിലാവാത്ത മുഖമായിരുന്നു മൂപ്പർക്ക്…. ‘കുളിരുകൊണ്ടാകും.’ ഞങ്ങൾ പറഞ്ഞു ചിരിച്ചു.
പിന്നീട് എപ്പോഴോ ഞാൻ മയങ്ങിപ്പോയി. ഉറങ്ങാതിരുന്നത് വളരെ നഷ്ടമായെന്നു പിന്നീടാണ് മനസ്സിലായത്. കാരണം വിമാനം ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന കാഴ്ച ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ സമയം നോക്കി ഞാൻ മയങ്ങിപ്പോയി. പോരുന്ന സമയം മോൻ പ്രത്യേകം പറഞ്ഞിരുന്നതായിരുന്നു അതൊരു മനോഹരക്കാഴ്ച ആയിരിക്കുമെന്ന്..എന്നെ ഉണർത്താതെയിരുന്നതിനു ശശിയേട്ടനോട് ഒരല്പം പരിഭവിക്കുകയും ചെയ്തു. അങ്ങനെ ആ നഷ്ടബോധത്തോടെ പുറത്തിറങ്ങി. കസ്റ്റംസ് പരിശോധന എല്ലാം വേഗത്തിൽ കഴിഞ്ഞു ഞങ്ങൾ വെളിയിൽ വന്നു. അവിടെ പ്രാദേശിക സമയം 6:30.
ഉണ്ണി വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഉണ്ണിയെ വിളിച്ചപ്പോൾ എത്താൻ കുറച്ചു സമയം കൂടി എടുക്കും എന്ന് പറഞ്ഞു. ഞങ്ങൾ അവിടെയുള്ള ഇലക്ട്രോണിക് നോട്ടീസ് ബോർഡിൽ തെളിയുന്ന വാർത്തകൾ വായിച്ചും ചുറ്റിലുമുള്ള യാത്രികരുടെ ഭാവഹാവാദികൾ വിശകലനം ചെയ്തും അങ്ങനെ നിന്നു. പുറത്ത് ചെറുതായി മഴ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ചെറുതായി തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. ചുട്ടുപൊള്ളുന്ന യു എ ഇ യുടെ അന്തരീക്ഷത്തിൽ നിന്നും സുഖകരമായ ഒരു തണുപ്പിലേക്ക്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്നേഹിതന്റെ വണ്ടിയിൽ ഉണ്ണി എത്തി. ഞങ്ങൾ വീണ്ടും യാത്ര പുറപ്പെട്ടു അവരുടെ താമസസ്ഥലമായ ബാർക്കിങ് എന്ന ചെറു പട്ടണത്തിലേക്ക്.
തിരക്കുകൾ അധികമില്ലാത്ത പട്ടണപ്രാന്തങ്ങളിൽ കൂടിയായിരുന്നു യാത്ര. ഇടയ്ക്കിടെ മഴ ചാറിക്കൊണ്ടിരുന്നു. അവിടുത്തെ മരങ്ങളും ഭൂപ്രകൃതിയും കണ്ടപ്പോൾ തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ കൂടി പോകുന്ന പോലെ തോന്നി. ഇടയ്ക്കിടെ ഞങ്ങൾ ഉറങ്ങിക്കൊണ്ടിരുന്നു. സുഖകരമായ തണുപ്പും വാഹനത്തിനുള്ളിൽ പ്രിയപ്പെട്ട പഴയ മലയാളഗാനങ്ങളുടെ നേരിയ ശബ്ദവും ഉറക്കത്തിന് അകമ്പടിയേകി. അപ്രതീക്ഷിതമായ കാലാവസ്ഥയാണ് ഇവിടെ. എപ്പോഴാണ് മഴയെത്തുക എന്നറിയില്ല. അതിനാൽ കുടയും, റെയിൻകോട്ടും കരുതണമെന്ന് ഞങ്ങൾക്ക് ആദ്യമേ നിർദേശം ലഭിച്ചിരുന്നു.
രണ്ടു മണിക്കൂറോളം എടുത്തു അവരുടെ വീട്ടിലെത്താൻ ഉണ്ണിയുടെ ഭാര്യ ശ്രീലത ഞങ്ങളെ ഹാർദ്ദമായി സ്വീകരിച്ചു. ഫോട്ടോയും വീഡിയോയും കണ്ടു പരിചയം ഉള്ളതിനാൽ തീരെ അപരിചിതത്വം തോന്നിയില്ല. പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങൾ താമസിക്കാൻ ഏർപ്പാടാക്കിയ ഹോട്ടലിലേക്ക് പോകാൻ ഒരുങ്ങി. പക്ഷേ ഒന്നുറങ്ങി കുളിയെല്ലാം കഴിഞ്ഞു വിശ്രമിച്ചു പോയാൽ മതിയെന്ന് അവർ നിർബന്ധം പിടിച്ചു ഇവരുടെ സ്നേഹപൂർണമായ നിർബന്ധത്തിനു മുന്നിൽ വഴങ്ങി കുളിയും ഊണും വിശ്രമവും എല്ലാം കഴിഞ്ഞു വൈകുന്നേരം ഹോട്ടൽ മുറിയിൽ കൊണ്ടാക്കി. മുറിയിൽ പെട്ടിയും ബാഗും എല്ലാം വെച്ച് ഞങ്ങൾ അവരോടൊപ്പം തന്നെ പുറത്തിറങ്ങി. ഹോട്ടലിൽ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളൂ ബാർക്കിങ്ങ് റെയിൽവേ സ്റ്റേഷനിലേക്ക്.
ഞങ്ങളെ രണ്ടുപേരെയും വളരെ ആകർഷിച്ച ഒന്നായിരുന്നു യുകെയിൽ കണ്ട ട്യൂബ് ട്രെയിൻ സിസ്റ്റം. ആദ്യമായി ഇവിടെയെത്തുന്നവർക്ക് ഈ സിസ്റ്റം വളരെ കൗതുകകരം തന്നെയാണ്.
യുകെയിലെ പൊതു ഗതാഗതവകുപ്പ് ആണ് the tube എന്ന ഓമനപ്പേരിലറിയുന്ന The London Underground. ഇംഗ്ലണ്ടിനെ യുകെയിലെ പല ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചങ്ങലക്കണ്ണിയാണ് ഇത്. ലോകത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ ആയ മെട്രോപൊളിറ്റൻ ആരംഭിക്കുന്നത് 1863 ജനുവരിയിലാണ്.
2017, 18 ലെ കണക്കനുസരിച്ച് പതിനൊന്നു ലൈനുകളിൽ ആയി 1357 ബില്യൻ യാത്രക്കാരെ വഹിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോസിസ്റ്റം ആയി ഇത് കണക്കാക്കുന്നു. 11 ലൈനിൽ കൂടി ഏകദേശം 5 മില്യൺ യാത്രക്കാർ ഒരുദിവസം സഞ്ചരിക്കുന്നു എന്ന് കണക്കാക്കുന്നു. റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും ഇതിനെപ്പറ്റിയുള്ള വിവരണങ്ങൾ ഒട്ടിച്ചു വെച്ചിട്ടുണ്ട്. ഓരോ ലൈനും ഓരോ പ്രത്യേകകളർ കോഡ് ഉണ്ട്
(ഇതിനെപ്പറ്റി എഴുതാൻ ഇരുന്നാൽ മറ്റു വിശേഷങ്ങൾ പറയാൻ സമയം കിട്ടില്ല.)
റീചാർജ് ചെയ്യാവുന്ന ട്രാവൽ കാർഡ് ഞങ്ങൾ കൗണ്ടറിൽ നിന്നും വാങ്ങിച്ചു. ബസ്സിൽ സഞ്ചരിക്കുന്നതിനും ഇതേ കാർഡ് ഉപയോഗിക്കാമെന്ന് ഉണ്ണി ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ തിരക്കിട്ടു താഴേക്കിറങ്ങി. മുപ്പത് പടികൾ ഇറങ്ങാനുണ്ട് ഞങ്ങൾക്ക് വേണ്ട ട്രെയിൻ കിട്ടുന്നതിന്. തിരക്കുപിടിച്ച ഓടുന്ന ജനക്കൂട്ടം.
സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കാർഡ് സ്വയ്പ് ചെയ്യണം. എങ്കിലേ ഗേറ്റ് ഓപ്പൺ ആവു. ഒരാൾക്ക് മാത്രം കടക്കാൻ കഴിയുന്ന ഗേറ്റ് തുറന്ന ഉടൻ തന്നെ നമ്മൾ കടന്നില്ലെങ്കിൽ ചില വിരുതന്മാർ ചാടിക്കടന്ന് പോവുകയും നമുക്ക് കാശ് നഷ്ടമാവുകയും ചെയ്യും എന്ന് ഉണ്ണി പറഞ്ഞു. കളവും സർവസാധാരണമാണ് എന്ന് അവർ പറഞ്ഞു. ഞങ്ങൾക്കുള്ള ട്രെയിൻ എത്തി. ഞങ്ങൾ വേഗം കയറി. സീറ്റ് കിട്ടിയവർ ഇരുന്നു, തിരക്കുണ്ടെങ്കിലും വൃത്തിയുള്ള ബോഗികൾ. ഓരോ സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോഴും പുറപ്പെടുമ്പോഴും mind the gap between the train and platform എന്ന അനൗൺസ്മെന്റ്കേൾക്കാം. അടുത്തസ്റ്റേഷൻഏതാണെന്നു മുൻകൂട്ടി അനൗൺസ് ചെയ്യും. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം രണ്ടു കിലോമീറ്റർ ആണെന്നും അത് സഞ്ചരിക്കാൻ എടുക്കുന്ന സമയം രണ്ട് മിനിട്ട് ആണെന്നും ഉണ്ണി ഞങ്ങൾക്ക് പറഞ്ഞു തന്നു.ഞങ്ങൾക്കു ഇറങ്ങേണ്ട സ്റ്റേഷനിലെത്തിയപ്പോൾ ഇറങ്ങി.

ഓക്സ്ഫോർഡ് സ്ട്രീറ്റ് കാണാനാണ് പോയത്. വെസ്റ്റ് മിൻസ്റ്റർ സിറ്റിയിലെ പ്രധാനപ്പെട്ട ഒരു തെരുവാണ് ലണ്ടന്റെ പടിഞ്ഞാറെ അറ്റത്തുള്ള ഓക്സ്ഫോർഡ് സ്ട്രീറ്റ്.. കാഴ്ചകൾ കണ്ട് തെരുവിലൂടെ നടന്നു. ചില കടകളിൽ കയറിയെങ്കിലും ഒന്നും വാങ്ങിയില്ല.
തിരിച്ചുവരുമ്പോൾ ഒരു കോഫീ ഷോപ്പിൽ കയറി കാപ്പിയും കേക്കും കഴിച്ചു,. ( കാപ്പി കുടിക്കാത്തതിനാൽ ഞാനൊരു ജ്യൂസ് കുടിച്ചു)
തിരിച്ചു വീണ്ടും ട്രെയിനിൽ ഉള്ള യാത്ര. Barking സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോൾ എട്ടര കഴിഞ്ഞിരുന്നു. എങ്കിലും പകൽവെളിച്ചം മാഞ്ഞിരുന്നില്ല, അവർ നാലു പേരോടും ശുഭരാത്രി പറഞ്ഞു ഞങ്ങൾ കുറച്ചുനേരം ആ പരിസരത്ത് നടന്നു അടുത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്നും വെള്ളവും പാലും പഴങ്ങളും വാങ്ങി ഞങ്ങൾ ഹോട്ടലിലേക്ക് നടന്നു. മുറിയിലെത്തി മക്കളെ വിളിച്ച് വിശേഷങ്ങൾ പറഞ്ഞു. അങ്ങനെ യുകെയിലെ ആദ്യദിവസത്തിന് തിരശ്ശീല വീണു.
ബാക്കി വിശേഷങ്ങൾ അടുത്തു തന്നെ പറയാം ട്ടോ
തുടരും
S. K പൊറ്റെക്കാട് ന്റെ ആരാധികയെന്നതിനു ഉത്തമ തെളിവാണ് ശ്രീമതി പദ്മിനിയുടെ ഈ വിവരണം. അറിയാതെ പദ്മിനിക്കൊപ്പം നമ്മളും നീങ്ങുന്ന ഒരു
അനുഭവമാണ് നമുക്ക് നൽകുന്നത്.തുടർന്നുള്ള യാത്രയുടെ വിവരണവും കാത്തുകൊണ്ട്……
ഒത്തിരി സ്നേഹം,സന്തോഷം, നന്ദി, ഈ വിലയേറിയ അഭിപ്രായത്തിനു
മനോഹരമായ യാത്രാവിവരണം വായനക്കാരെ അക്ഷരങ്ങളിലൂടെ യാത്രയിലുടനീളം കൈപിടിച്ച് കൊണ്ടുപോകുന്ന മാന്ത്രിക ശക്തിയുള്ള അവതരണം..❤❤❤❤❤
❤️❤️❤️
Padmini kutty Enthu nalla sailiyil yaathra vivaranam..👌👌🌹padminiyude koode njanum U.K.yil ethi enna thonnal..Baakki vayikkuvan kaathirikkunnu 😍
Super professional writing
♥♥♥ സ്നേഹം ചേച്ചി