തയ്യാറാക്കിയത്: പത്മിനി ശശിധരൻ
ഭാഗം – 3
2018 ജൂലൈ 11 ബുധനാഴ്ച
യു. കെയിലെത്തി രണ്ടാംദിനം …..
ലണ്ടന്‍ഐ
പിസ്സ ഹട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങി. ബേക്കർ സ്ട്രീറ്റ് സ്റ്റേഷനിലേക്ക് നടന്നു.
ഭൂഗർഭ റെയിൽവേകളെക്കുറിച്ച് പൊതുവായ കുറച്ചു കാര്യങ്ങൾ കൂടി ഇവിടെ എഴുതട്ടെ. ചില ട്രെയിൻ കയറുന്നതിന് വേണ്ടി അറുപതിൽ പരം പടികൾ കയറി ഇറങ്ങേണ്ടി വരാറുണ്ട്. വളരെ നീളം കൂടിയ എസ്കലേറ്ററുകൾ മുകളിൽ നിന്നാൽ താഴെയുള്ള, നമ്മൾക്ക് എത്തേണ്ട സ്ഥലം കാണുകയില്ല. അത്രയ്ക്ക് നീളംകൂടിയവ. ചിലയിടത്ത് രണ്ടു നിലകൾ താഴേക്ക് പോകേണ്ടി വരും. പടികൾ കയറി ക്ഷീണിക്കും എങ്കിലും വളരെ രസകരമായ യാത്രകളായിരുന്നു അവ. എസ്കലേറ്ററിൽ പോകുമ്പോൾ കൈവരിയിൽ പിടിച്ച് നിൽക്കുന്ന യാത്രികർ ഒരു വശത്തും, ( വലതുവശം ആണെന്നാണ് ഓർമ്മ) കൂടുതൽ ധൃതിയുള്ള യാത്രക്കാർ മറുഭാഗത്ത് കൂടി ഓടിപ്പോയിക്കൊണ്ടിരിക്കും.

ഇനിയുള്ള യാത്ര ലണ്ടൻ ഐ കാണുന്നതിനാണ്. ഞങ്ങൾ വെസ്റ്റ്മിൻസ്റ്റർ സ്റ്റേഷനിൽ ഇറങ്ങി.
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമാണ് ലണ്ടൻ ഐ. 1999 സ്ഥാപിച്ച ഈ ചക്രം തേംസ് നദിക്കരയിൽ സ്ഥിതിചെയ്യുന്നു. 135 മീറ്റർ ഉയരവും, 120 മീറ്റർ വ്യാസവുമുള്ള ഈ ചക്രത്തിന്റെ പ്രധാന ശിൽപികൾ ഫ്രാങ്ക് അനറ്റോളി, നിക്ക് ബെയിലി, ജൂലിയ ബാർഫീൽഡ്, ഡേവിഡ് മാർക്സ്,സ്റ്റീവ് ചിൽടോൺ, മാർക്സ് സ്പേരോഹോക്ക് എന്നിവരാണ്. 70 ലക്ഷം പൗണ്ടാണ് നിർമ്മാണത്തിനു വേണ്ടി ചെലവഴിച്ചത്. ഇത് നിർമ്മിച്ചതും മേൽനോട്ടം വഹിക്കുന്നതും ബ്രിട്ടീഷ് എയർവേയ്സ് ആണ്.1999 ഡിസംബർ 31നാണ് ഉദ്ഘാടനം നടന്നത് അതിനാൽ ഇതിനെ മില്ലേനിയം വീൽ എന്നും വിളിക്കുന്നുണ്ട്. വർഷം തോറും 35 ലക്ഷം ആളുകൾ ഇതിൽ കയറാറുണ്ട് എന്നാണ് കണക്ക്. ലണ്ടനിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും ഇതിൽ കയറി ലണ്ടൻ നഗരത്തിന്റെ വിഹഗവീക്ഷണം നടത്താറുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽപ്പെട്ട, യുകെയുടെ തലസ്ഥാനമായ ലണ്ടൻ 2000 വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ്. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യകാലത്ത് സ്ഥാപിതമായ ഈ നഗരത്തിന്റെ റോമൻ പേര് ലോണ്ടിനിയം എന്നായിരുന്നു.
സ്റ്റേഷനിൽ നിന്നും ഇറങ്ങി, ഞങ്ങൾ തെംസ് നദിക്ക് കുറുകെയുള്ള പാലത്തിൽ കൂടി മറുകരയിലുള്ള ലണ്ടൻ ഐ ലക്ഷ്യമാക്കി നടന്നു. തണുത്തകാറ്റ്വീശുന്നുണ്ടായിരുന്നു. പാലത്തിനടിയിൽ കൂടി കലങ്ങിമറിഞ്ഞൊഴുകുന്ന തെംസ് നദി.

പാലത്തിൽ നിന്നുള്ള ദൃശ്യങ്ങൾ മനോഹരമായിരുന്നു. പാലത്തിൽ കൂടി നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ചിലയിടങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നു. അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ ഞങ്ങൾ എത്തി നോക്കി. അപ്പോൾ കണ്ട കാഴ്ച നാട്ടിലെ ഉത്സവപ്പറമ്പുകളിൽ കാണുന്ന ഒരു കാഴ്ചയായിരുന്നു. മുച്ചീട്ടു കളി പോലെയുള്ള ഒരു കളി. ചെറിയ കപ്പുകൾ വെച്ച് ഒരാൾ(ബംഗാളി ആണെന്ന് തോന്നുന്നു ). സ്വദേശികളും വിദേശികളുമായ കുറച്ചുപേർ അയാളെ കൂട്ടംകൂടി കളിയിൽ പങ്കെടുത്തുകൊണ്ട് നിൽക്കുന്നുണ്ട്. പാലത്തിന്റെ പലഭാഗത്തും ഇതുപോലെ കണ്ടു. ഇതെല്ലാം കണ്ടു നടന്നു മറുകരയിൽ എത്തി. ടിക്കറ്റ് കൗണ്ടറിൽ ചെന്നു ടിക്കറ്റ് വാങ്ങി. അപ്പോഴാണ് ഒരു ഫോർ ഡി ഫിലിം കാണിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഞങ്ങൾ അത് കാണാൻ അവിടെ കയറി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലണ്ടൻചരിത്രം വിവരിക്കുന്ന ഒരു ഫിലിം മുമ്പിൽ അനുഭവവേദ്യമായി. അതു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലണ്ടൻ ഐ സന്ദർശിക്കുന്നവരുടെ നീണ്ട നിരയായിരുന്നു. ഞങ്ങളും ആ നിരയിൽ ചേർന്നു. സൈക്കിൾ ചക്രത്തിന്റെ മാതൃകയിലാണ് ലണ്ടൻ ഐ നിർമ്മിച്ചിരിക്കുന്നത്. നാട്ടിൽ പണ്ട് ഉത്സവകാലത്ത് കണ്ടിരുന്ന യന്ത്രഊഞ്ഞാലിൽ കയറാൻ പേടിച്ചു നിന്നിരുന്ന ബാല്യകാല സ്മൃതികളിലേയ്ക്ക് ഒരു നിമിഷത്തേക്ക് എന്റെ മനസ്സ് പോയി.
32 സ്ഫടിക നിർമ്മിത പേടകങ്ങൾ. ക്യാപ്സൂൾ മാതൃകയിലുള്ള, ശീതീകരിച്ച ഓരോ പേടകത്തിലും 25 പേർക്ക് ഇരിക്കാനും നിൽക്കാനും കഴിയും. മണിക്കൂറിൽ 900 മീറ്ററാണ് വേഗത. വേഗത കുറവായതുകൊണ്ട് ആളുകൾ കയറാനും ഇറങ്ങാനും ആയി അത് നിർത്തില്ല. കറങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തിലേക്ക് ഞങ്ങളും കയറി. 360 ഡിഗ്രിയിൽ കറങ്ങുന്ന ആ ആ ചക്രം മുകളിലേക്ക് ഉയർന്നു കൊണ്ടിരുന്നു. ലണ്ടൻ നഗരത്തിലെ വശ്യമനോഹരമായ കാഴ്ചകൾ ഞങ്ങളെ ആനന്ദഭരിതരാക്കി. കൂടെയുണ്ടായിരുന്ന കുട്ടികളും മറ്റുള്ളവരും സന്തോഷംകൊണ്ട് മതിമറന്ന് ചിരിക്കുകയും അഭിപ്രായം പറയുകയും ചെയ്തുകൊണ്ടിരിക്കുന്നുവെങ്കിലും ഭൂരിഭാഗം പേരും ആ വശ്യമനോഹര രംഗങ്ങൾ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു.

കലങ്ങിമറിഞ്ഞു കൊണ്ട് ഒഴുകുന്ന തേംസ് നദിയിലൂടെ വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള പലതരം ബോട്ടുകൾ. ബ്രിട്ടീഷ് പാർലമെന്റ് മന്ദിരം, ബക്കിംഗ് ഹാം കൊട്ടാരം, സെന്റ് പോൾസ് കത്തീഡ്രൽ, വെസ്റ്റ് മിൻസ്റ്റർ അബൈയ്….. തുടങ്ങി ലണ്ടനിലുള്ള ഒരുവിധം എല്ലാ കാഴ്ചകളും ഈ രാക്ഷസചക്രം കറങ്ങിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് ദർശിക്കാൻ കഴിയും. ഇതിലും നമ്മുടെ ഫോട്ടോ എടുക്കുന്ന ഒരു പരിപാടിയുണ്ട്. താഴെയിറങ്ങുമ്പോൾ നമ്മുടെ ഫോട്ടോ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. വലിയ വിലപറയുന്നതിനാൽ ഭൂരിഭാഗം പേരും ആ ഫോട്ടോകൾ കാണുവാൻ തന്നെ നിൽക്കുന്നില്ല. അരമണിക്കൂർ കൊണ്ട് മായക്കാഴ്ചകൾ സമ്മാനിച്ച ഈ യാത്ര അവസാനിച്ചുവെങ്കിലും അതിന്റെ ഓർമ്മകൾ എന്നും മനസ്സിലുണ്ടാവും. ഞങ്ങൾ പുറത്തിറങ്ങി. ഇനി വീണ്ടും മറുകരയിലേക്ക് നടക്കണം. അവിടെയാണ് ഇന്നത്തെ കോംബോ പാക്കേജിലെ അവസാന ഇനമായ ബോട്ട് യാത്ര.. സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ മറുകരയിലേക്ക് നടക്കാൻ തുടങ്ങി. തിരിച്ചു നടക്കുമ്പോഴും പാലത്തിൽ ചെപ്പടിവിദ്യകൾ കാണിക്കുന്ന ആളുകളുടെ തിരക്കുണ്ടായിരുന്നു.
മറുകരയിലെത്തി ബോട്ട് സവാരി നടത്തുന്ന സ്ഥലത്ത് എത്തി. അവിടെ നിന്ന് കിട്ടിയ മറുപടി ഞങ്ങളെ നിരാശാഭരിതരാക്കി. ഞങ്ങൾ അവിടെ എത്തുന്നതിനു തൊട്ടുമുൻപ് ഈ പാക്കേജിൽ പറഞ്ഞിരുന്ന യാത്ര നടത്തുന്ന അവസാനത്തെ ബോട്ട് കരയിൽ നിന്നും നീങ്ങിയിരുന്നു.
പിസാ ഹട്ടിൽ വെറുതെ കുറെ സമയം കളഞ്ഞതിന് ഞങ്ങൾ കൊടുക്കേണ്ടി വന്ന വില.
അങ്ങനെ ആ യാത്ര നടന്നില്ല.കുറച്ചുനേരം കൂടി അവിടെയെല്ലാം നടന്നു. വീണ്ടും തിരിച്ചു ട്യൂബ് ട്രെയിനിൽ യാത്ര.

ആദ്യ ഭാഗത്തിൽ ഞാൻ ഒരു കളർകോഡിനെ കുറച്ച് പറഞ്ഞിരുന്നു. ഓരോ ഭാഗത്തേക്ക് നേരിട്ടും വളഞ്ഞും പോകുന്ന ട്രെയിനുകൾക്ക് പ്രത്യേകനിറങ്ങളാണ്. ആ നിറങ്ങൾ അനുസരിച്ചുള്ള മാപ്പ് സ്റ്റേഷനുകളിലും കമ്പാർട്ട്മെന്റ്കളിലും പതിച്ചിട്ടുണ്ട്. അതുനോക്കി യാത്രക്കാർക്ക് അവരുടെ വഴിയും ട്യൂബ് ട്രെയിനും വേഗം കണ്ടെത്താം. ട്രെയിനിൽ നല്ല തിരക്കായിരുന്നു ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന, വിവിധവേഷങ്ങളിലുള്ള , പല രാജ്യക്കാരായ മനുഷ്യർ. കുറച്ചുനേരം ഞങ്ങൾക്ക് നിൽക്കേണ്ടി വന്നു.പിന്നീടെപ്പോഴോ സീറ്റ് കിട്ടിയപ്പോഴേക്കും ഇറങ്ങി മാറിക്കയറേണ്ട സ്റ്റേഷനിൽ എത്തി. ധൃതിയിൽ ഇറങ്ങി അടുത്ത പ്ലാറ്റ്ഫോമിലേക്ക്. അവിടെനിന്നും ഞങ്ങളുടെ താമസസ്ഥലമായ ബാർക്കിംഗിലേക്ക്..
മാധുരിയെയും ചേട്ടനെയും കൊണ്ടുപോകാൻ ലത വന്നിരുന്നു. അവരോട് ശുഭരാത്രി പറഞ്ഞു, ഞങ്ങൾ താമസിക്കുന്ന ലോഡ്ജിലേക്ക് പോകുന്ന പരിസരങ്ങൾ നിരീക്ഷിച്ചുകൊണ്ട് പതുക്കെ നടന്നു. സമയം ഏകദേശം രാത്രി ഒമ്പത്. അപ്പോഴും പകൽ വെളിച്ചം മാഞ്ഞിരുന്നില്ല. അത്താഴത്തിനായി മാക് ഡൊണാൾഡ് ബർഗർ വാങ്ങിക്കഴിച്ചു. ലോഡ്ജിലെത്തി മക്കൾക്ക് മെസ്സേജ് അയച്ചു.നടന്നു ക്ഷീണിച്ചിരുന്നതിനാൽ വേഗം കിടന്നു. രണ്ടാം ദിവസത്തിനും തിരശ്ശീല വീണു.
(തുടരും)
