തയ്യാറാക്കിയത്: പത്മിനി ശശിധരൻ
യൂറോപ്പിൽ ഒരു ഓട്ടപ്രദക്ഷിണം-രണ്ടാം ഭാഗം
2018 ജൂലൈ 11 ബുധനാഴ്ച
യു. കെയിലെത്തി രണ്ടാംദിനം
മെഴുകു മ്യൂസിയത്തിലെ മായക്കാഴ്ചകള്‍
രാവിലെ നേരത്തെ തന്നെ ഉണർന്നു. ജനാലയിലൂടെ അരിച്ചിറങ്ങുന്ന സുഖദമായ തണുപ്പ്. പുറത്തേക്കു നോക്കിയപ്പോൾ എതിർദിശയിൽ ഫ്ലാറ്റുകളിൽ ചില അനക്കങ്ങൾ കണ്ടു. കുറച്ചു പേർ രാവിലെയുള്ള നടത്തത്തിൽ, ആരോഗ്യപരിപാലനത്തിൽ ബദ്ധശ്രദ്ധരായിരുന്നു.
കെറ്റിലിൽ വെള്ളം തിളപ്പിച്ചു ചായ ഉണ്ടാക്കി കുടിച്ചു. സ്വതവേ ടീ ബാഗ് ഉപയോഗിക്കുന്നത് ഇഷ്ടമല്ല,. തീരെ കടുപ്പം ഇല്ലാത്ത ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ടീ, തീരെ ഇഷ്ടപ്പെട്ടില്ല.( പാകത്തിന് പൊടിയും പാലും ചേർത്ത്, വീശിയടിച്ചു നമ്മൾ ഉണ്ടാക്കുന്ന ചായ, ഇനി കുറച്ചു ദിവസത്തേക്ക് സ്വപ്നങ്ങളിൽ മാത്രം, )
വാട്സ്ആപ്പ് എടുത്തു നോക്കി, വൈഫൈ കണക്ഷൻ കിട്ടുന്നുണ്ടായിരുന്നില്ല.. യുകെയിൽ നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു വൈഫൈ കണക്ഷൻ ലഭ്യത.ഹോട്ടലിൽ ദിവസവും അരമണിക്കൂർ വീതം വൈഫൈ കണക്ഷൻ തരും എന്ന് പറഞ്ഞിരുന്നെങ്കിലും അവർ തന്നിരുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ച് ഞങ്ങൾക്ക് കണക്ഷൻ കിട്ടിയിരുന്നില്ല. പിന്നെ രാവിലെ എഴുന്നേറ്റ് രാത്രി വൈകി തിരിച്ചെത്തുന്നതിനാൽ അത് അത്ര അവശ്യമായി തോന്നിയില്ല. റിസപ്ഷനിൽ പോയി ഒന്ന് രണ്ടു പ്രാവശ്യം അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം കിട്ടിയില്ല.

ആദ്യ ദിവസം തന്നെ അവിടത്തെ സിം കാർഡ് എടുത്തിരുന്നെങ്കിലും, മൊബൈൽ ഡാറ്റ വളരെ കുറവായിരുന്നു. അവിടെനിന്നും മിക്ക രാജ്യങ്ങളിലേക്കും വാട്സ്ആപ്പ് കോൾ ചെയ്യാം എങ്കിലും യുഎഇയിൽ അതിന് നിയമസാദ്ധ്യത ഇല്ലാത്തത്തിനാൽ മക്കളുമായി സംസാരിക്കാൻ കഴിയില്ല. വെള്ളത്തിനും, ഇന്റര്‍നെറ്റ് സേവനങ്ങൾക്കും ആണ് യുകെയിൽ ഏറ്റവും അധികം പൈസ ഈടാക്കുന്നത് എന്ന് തോന്നുന്നു.
പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു, റെഡിയായി പുറത്തിറങ്ങി, എട്ടുമണിക്ക് മുൻപേ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടാം എന്നാണ് മാധുരിയോടും രഘുഏട്ടനോടും പറഞ്ഞിരിക്കുന്നത്. ഇന്നത്തെ യാത്ര മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നത് ആണ്. മാഡം തുസ്സാദ് മ്യൂസിയം, ലണ്ടൻ ഐ, തെംസ് നദിയിൽ ഒരു ബോട്ട് യാത്ര, — ഇതാണ് ഇന്നത്തെ സ്പെഷ്യല്‍കോമ്പോ പാക്കേജ്.
നടക്കാൻ പറ്റിയ സുഖകരമായ കാലാവസ്ഥ ഞങ്ങൾ രണ്ടുപേരും ചുറ്റുപാടുകൾ വീക്ഷിച്ചു കൊണ്ട് നടക്കുകയാണ്. അപ്പോഴാണ് ഒരു കാഴ്ച കണ്ടത്. റോഡിന്റെ പകുതി ഭാഗത്തോളം മറച്ചുകൊണ്ട് താൽക്കാലിക കൂടാരങ്ങൾ ഉയരുന്നു വഴിവാണിഭക്കാരുടെ കച്ചവടം ആരംഭിക്കുകയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പുതപ്പ്, സൗന്ദര്യവർധക വസ്തുക്കൾ…. തുടങ്ങി ഒരു വിധം എല്ലാ സാധനങ്ങളും വിൽക്കുന്ന കടകൾ നിമിഷനേരത്തിനുള്ളിൽ ഉയരുന്നു. തിരിച്ചു വരുമ്പോൾ നോക്കാം, ഇപ്പോൾ സമയം ഇല്ല എന്നും പറഞ്ഞു കൊണ്ട് ഞങ്ങൾ നടന്നു.( മൂന്നര നാലു മണി ആകുമ്പോഴേക്കും കച്ചവടം മതിയാക്കി ഷെഡ്ഡ് അഴിച്ചവർ പോകുന്നതിനാൽ അവിടെ നിന്നും ഒന്നും വാങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.അവിടെ താമസിച്ച എല്ലാ ദിവസങ്ങളിലും ഇത് സംഭവിച്ചു ).

ഇന്ന് ആദ്യത്തെ യാത്ര മാഡം ടുസോദ്സ് മ്യൂസിയത്തിലേക്കാണ്( Madame Tussauds). ലോക പ്രശസ്തമായ മെഴുക് മ്യൂസിയം- (ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇതിന്റെ ചെറു ശാഖകൾ ഉണ്ട്. ഇന്ത്യയിൽ 2017 ഡിസംബറിൽ, ന്യൂഡൽഹിയിൽ ഇതിന്റെ ഒരു ശാഖ ഉദ്ഘാടനം ചെയ്തിട്ടുണ്ട് ) ലണ്ടനിൽ എത്തുന്ന സന്ദർശകരെല്ലാം കാണാൻ കൊതിക്കുന്ന ഒരു പ്രധാന സ്ഥലം. ലോകത്തിലെ പ്രധാന ചരിത്രങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളും എന്തിനേറെ പേരുകേട്ട ടിവി കഥാപാത്രങ്ങളെ വരെ മെഴുകിൽ തീർത്തു വച്ചിരിക്കുന്ന ഒരു അത്ഭുത കേന്ദ്രം.. 1761-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗ് സ്ഥലത്ത് ജനിച്ച മേരിഗ്രോസ് ഹോൾട്സ് (മാഡം ടുസോദ്സ് ) ചെറുപ്പത്തിൽ തന്നെ മെഴുകു കൊണ്ട് രൂപങ്ങൾ ഉണ്ടാക്കുന്നതിൽ പ്രാവീണ്യം തെളിയിച്ചിരുന്നു.1835ൽ മേരി ട്യൂസ്സാദ് ലണ്ടനിലെ ബേക്കർ സ്ട്രീറ്റിൽ ആദ്യ മ്യൂസിയം തുറന്നു. അവർ ഉണ്ടാക്കിയ ചില ശില്പങ്ങൾ ഇപ്പോഴും അവിടെയുണ്ട്.
ബാര്‍കിംഗ്സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റ് സ്റ്റേഷനിൽ ഇറങ്ങി. ഇവിടെ നിന്നും കുറച്ചു ദൂരം നടക്കേണ്ടി വന്നു. ഉണ്ണി കൂടെ വന്നതിനാൽ വഴി അറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.
അവിടെ എത്തുമ്പോൾ തന്നെ സന്ദർശകരുടെ നീണ്ടനിര ഉണ്ടായിരുന്നു. ഞങ്ങളും ആ വരിയിൽ ഇടംപിടിച്ചു പിന്നീട് പോകേണ്ട സ്ഥലത്തേക്കുള്ള വിശദവിവരങ്ങൾ പറഞ്ഞുതന്നു, ഉണ്ണി ജോലിക്ക് പോയി.
സന്ദർശക നിരയുടെ നീളം കൂടിക്കൊണ്ടിരുന്നു. കുറച്ചു നേരത്തെ കാത്തുനിൽപ്പിനു ശേഷം ഞങ്ങളും അകത്തുകടന്നു.. മെഴുകു കൊണ്ട് തീർത്ത പ്രശസ്തരായവരുടെ ജീവൻ തുടിക്കുന്ന ശില്പങ്ങളും, ചരിത്ര സംഭവങ്ങളുടെയും പല സിനിമകളുടെയും മെഴുകു കൊണ്ടുള്ള ആവിഷ്കാരങ്ങളും നിറഞ്ഞ ഒരു അത്ഭുത ലോകത്തേക്കാണു ഞങ്ങൾ കടന്നു ചെന്നത്. ഇഷ്ടപ്പെട്ട ശില്പങ്ങൾക്ക് മുന്നിൽ നിന്ന് ഫോട്ടോയും വീഡിയോയും പകർത്താനുള്ള തിരക്കിലാണ് എല്ലാവരും. ഞാനും അവരുടെ കൂട്ടത്തിൽ ഒരാളായി മാറി. കുറെയേറെ ചിത്രങ്ങളും വീഡിയോകളും പകർത്തി..
ലേഡി ഡയാനയുടെ അടുത്ത് നിന്ന് ഫോട്ടോ എടുത്തപ്പോൾ അവർ അലൈൻ ബ്രിട്ടീഷ് എംബസി സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ട കാര്യം ഓർത്തുപോയി.(1989 മാര്‍ച്ച്15നാണു ലേഡിഡയാന അലൈനില്‍ വന്നതും ഞങ്ങള്‍ കണ്ടതും).
നമ്മുടെ പ്രധാനമന്ത്രി മോദിജി,സച്ചിന്‍ടെണ്ടുല്‍ക്കര്‍,അമിതാബച്ചന്‍… തുടങ്ങി നമ്മുടെരാജ്യത്തിലെയും ലോകപ്രശസ്തരരായ മറ്റുവ്യക്തികളുടെയും ഫോട്ടോ എടുത്തെങ്കിലും മഹാത്മജി,ചാച്ചാജിഇന്ദിരാജി എന്നിവരെ അന്ന് അവിടെ കണ്ടില്ല എന്നതു എനിക്ക് ഇന്നും സങ്കടകരമായ ഒരു ഓര്‍മ്മയായിനില്‍ക്കുന്നു.
അതിനിടയിൽ ഞാനും മാധുരിയും നേരിട്ട ഒരു രസകരമായ അനുഭവം ഇവിടെ പങ്കുവെക്കട്ടെ. പ്രതിമകളും മറ്റു കാഴ്ചകളും കണ്ടു നടന്നിരുന്ന ഞങ്ങൾ ഒരു കാടിന്റെ സെറ്റിലെത്തി. ഏതോ ഒരു സിനിമയുടെ സെറ്റ് പുനർജനിച്ചതായിരുന്നു അത്. അവിടെ ഒരു ഭടന്റെ പ്രതിമ കണ്ടു. കാടിന്റെ കാവല്ക്കാരന് ഒരു ഹലോ പറയാം എന്ന് പറഞ്ഞു ഞാനും മാധുരിയും കൂടി ആ പ്രതിമയ്ക്ക് അരികിലെത്തി. ഹലോ പറഞ്ഞുകൊണ്ട് ഞാൻ കൈ നീട്ടി, തൊട്ടു. തൊട്ടപ്പോൾ പ്രതിമ കൈനീട്ടി ഞങ്ങളെ നോക്കുന്നു. ഞാൻ വേഗം കൈ വലിച്ചെടുത്തു മാറി നടന്നു. അപ്പോൾ ഭടനുണ്ട് ഞങ്ങളുടെ പിന്നാലെ നടന്നു വരുന്നു. ഞങ്ങൾ രണ്ടുപേരും അയ്യോ എന്നു പറഞ്ഞുകൊണ്ട് ഞെട്ടി പിന്മാറി.പിന്നീട് അവിടെ ഒരു കൂട്ടച്ചിരിയായി മാറി.പ്രതിമ വേഷത്തിൽ നിന്നിരുന്ന കക്ഷി ഗൗരവം ഒട്ടും കുറയാതെ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി ആദ്യ സ്ഥലത്തുതന്നെ ചെന്നുനിന്നു.
അവിടെക്കണ്ട മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു ദി സ്പിരിറ്റ് ഓഫ് ലണ്ടൻ എന്ന ഡാര്‍ക്ക്‌റോഡ് ഷോ( dark road show.)
രണ്ടു പേർക്ക് ഇരിക്കാവുന്ന കാർ ഒഴുകി വരുന്നത് പോലെ വന്നുകൊണ്ടിരിക്കുന്നു. നമ്മൾ വേഗത്തിൽ അതിൽ കയറി ഇരിക്കണം.നമ്മളെയും കൊണ്ട് ആ വാഹനം സഞ്ചാരം തുടങ്ങുകയായി.കയറുന്നതിനിടയില്‍ എന്‍റെ തോള്‍സഞ്ചിയുടെ വള്ളി ഒന്ന്കുരുങ്ങിയെങ്കിലും വേഗം അതില്‍ കയറിപ്പറ്റി.

നമ്മൾ ഒരു അത്ഭുത ലോകത്തിലേക്കാണ് പ്രവേശിക്കുന്നത്, നമുക്കുചുറ്റും ലണ്ടനിലെ ചരിത്രം അനാവരണം ചെയ്യപ്പെടുന്നു, വളരെ ആകർഷകമായ യാത്ര. വിഖ്യാതരായ എഴുത്തുകാരും ശാസ്ത്രജ്ഞരും അവരുടെ പണിപ്പുരയിൽ ജീവനോടെ ഇരിക്കുന്ന രീതിയിൽ നമുക്ക് മുൻപിൽ പുനർജനിക്കുന്നു., കൂടാതെ ലണ്ടനിലെ പല ജീവിത യാഥാർത്ഥ്യങ്ങളും നമുക്ക് മുൻപിൽ, അരികെ. ഒരു വർഷം കഴിഞ്ഞിട്ടും ആ രംഗങ്ങൾ എന്റെ മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്നു.അതിനിടയിൽ ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോൾ നമ്മുടെ ഫോട്ടോയും എടുത്തിരിക്കും. നമ്മൾ തിരിച്ചിറങ്ങുമ്പോൾ വേണമെങ്കിൽ അത് വാങ്ങാം. വാങ്ങണം എന്ന് ഞങ്ങൾ വിചാരിച്ചെങ്കിലും വളരെ വലിയ തുക പറഞ്ഞതിനാൽ ഞങ്ങൾ അത് വാങ്ങിയില്ല, കാരണം ഇനിയും മൂന്നാഴ്ചയോളം പലസ്ഥലത്തും സന്ദർശിക്കാൻ ഉള്ളതാണ് അതുകൊണ്ട് ആദ്യമേ കീശ കാലിയാക്കുന്ന പ്രവൃത്തികൾ വേണ്ടെന്നുവച്ചു. ഇനി നേരെ പുറത്തേക്ക്.
വല്ലാതെ വിശന്നു തുടങ്ങിയിരുന്നു. പിസ്സഹറ്റ്(pizza hut) അടുത്തു തന്നെയുണ്ടെന്ന് ഉണ്ണി പറഞ്ഞു തന്നിരുന്നു. നടന്നുനടന്ന് അവിടെയെത്തി. ചെന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ അല്പം പ്രായം തോന്നിച്ച ഒരു മദാമ്മ മെനു കാർഡ്കൊണ്ടു എത്തി. ഞങ്ങൾ മെനു നോക്കുന്നതിനിടയിൽ അവർ അവിടെ നിന്നും അടുത്തയാളുടെ അടുത്ത് പോയി.ഞങ്ങളെ സഹായിക്കാൻ ഒരു പെൺകുട്ടി ( യു. കെ യിൽ പഠിക്കാനെത്തിയ ഏഷ്യൻ വംശജയായ ഒരു കുട്ടി,(പാര്‍ട്ട് ടൈം ജോബ്)ആണെന്ന് തോന്നുന്നു,) എത്തി. ഒരു സ്പെഷൽ മെനു ഓർഡർ ചെയ്താൽ ഒരു പ്രത്യേക ഡെസർട്ട് ഉണ്ടെന്ന് അവൾ പറഞ്ഞു. അപ്പോൾ അതിന്റെ രുചി നോക്കണം എന്ന് എനിക്കും മാധുരിക്കും അതിയായ ആഗ്രഹം. ( യു എ ഇ പിസ്സ ഹട്ടിൽ അത്തരമൊരു പേര് കേട്ടിട്ടില്ല)അതിനാൽ ഞങ്ങൾ ആ മെനു തന്നെ ഓർഡർ ചെയ്തു. അതിനിടയിൽ മദാമ്മ ഞങ്ങൾക്ക് അരികിൽ തിരിച്ചെത്തി. പെൺകുട്ടി ഞങ്ങളുടെ അടുത്തു നിന്ന് ഓർഡർ എടുത്തത് അവർക്ക് ഇഷ്ടപ്പെട്ടില്ല. രണ്ടുപേരുംകൂടി രസകരമല്ലാത്ത രീതിയിൽ സംസാരിക്കുന്നത് ഞങ്ങൾ കണ്ടു. അവർ തമ്മിലുള്ള വഴക്ക് കാരണം ഞങ്ങൾക്ക് ഭക്ഷണം കിട്ടാൻ വൈകി. പിസ കഴിച്ചു കഴിഞ്ഞിട്ടും കുറെ നേരത്തേക്ക് ബില്ല് തന്നില്ല. സ്പെഷലായി പറഞ്ഞിരുന്ന ഡെസർട്ട് വരുന്നതും കാത്ത് കുറേനേരം ഇരിക്കേണ്ടി വന്നു, അതിനിടയിൽ ലണ്ടൻ ഐ കാണാൻപോകേണ്ട കാര്യം പറഞ്ഞു ശശിയേട്ടൻ തിരക്കുക്കൂട്ടിക്കൊണ്ടിരുന്നു. ശശിയേട്ടന്‍ പുറത്തിറങ്ങി. സ്പെഷ്യൽ വിഭവം എത്തിയപ്പോൾ നല്ല ചൂടുള്ള, പശ പോലെയുള്ള മധുരമുള്ള ഒരുതരം വിഭവം. അത് കഴിച്ചു കഴിച്ചില്ല എന്ന് വരുത്തി ഞങ്ങൾ പുറത്തിറങ്ങി.അവിടെ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നു
പക്ഷേ അതിന് ഞങ്ങൾ വലിയ വില കൊടുക്കേണ്ടി വന്നു……….
(തുടരും)

വിശദമായി ഓരോ നീക്കങ്ങളിലൂടെയും കൂട്ടിക്കൊണ്ട് പോയി വായനക്കാരെ പദ്മിനി ഈ യാത്രയിൽ ഉടനീളം. യൂറോപ് കാണാനുള്ള ത്വര വർധിപ്പിക്കുന്നു ഇതിലെ വിവരണങ്ങൾ. തുടരൂ…..
ഒത്തിരി സ്നേഹം സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും
ശരിക്കും ദൃശ്യങ്ങൾ മനസ്സിൽ കാണാൻ പറ്റുന്നു. പ്രൊഫഷണൽ സ്റ്റൈലിൽ ഉള്ള എഴുത്ത്. ഇനിയും തുടരട്ടെ. ആശംസകൾ
Super professional writing. Can visualise the journey
നല്ല യാത്രാ വിവരണം