17.1 C
New York
Tuesday, September 28, 2021
Home Travel (യൂറോപ്പിലൂടെ ഒരു യാത്ര) - ഭാഗം 23)

(യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 23)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

ഓസ്ട്രിയയിലേക്കുള്ള യാത 22-07-2018

ഇന്നു അഞ്ചു മണി കഴിഞ്ഞപ്പോൾ തന്നെ എഴുന്നേറ്റു. ഇപ്പോൾ പ്രഭാതകർമങ്ങൾ കഴിഞ്ഞു മുടി ഉണങ്ങാൻ വേണ്ടി വെയിൽ കായുകയാണ് സൂര്യോദയം 6മണി കഴിഞ്ഞായിരുന്നു ഇപ്പോൾസമയം  6:58.swissotel(താമസിക്കുന്ന ഹോട്ടൽ) ഇരുപത്തിമൂന്നാമത്തെ നിലയിൽ നാലാമത്തെ മുറിയിൽ ഇരിക്കുന്നു.

വശ്യമനോഹരമായ നീലനിറത്തിൽ ചിത്രം വരച്ചു കൊണ്ട് ആകാശം. അതിനു താഴെ  ഉറങ്ങിക്കിടക്കുന്ന സൂറിച്ചു നഗരത്തിന്റെ മനോഹരക്കാഴ്ചകൾ.  ഇന്നത്തോടെ ഈ കാഴ്ചകൾക്ക് വിരാമമാകും. ജീവിതത്തിലെ മറക്കാനാവാത്ത മൂന്നു നാളുകൾ. ഇന്നു ഇവിടെ നിന്നും  യാത്രയാവുകയാണ്. 

ഏഴരയോടെ പ്രഭാതഭക്ഷണത്തിനായി താഴേക്ക് പോയി. ഭക്ഷണം കഴിഞ്ഞു മുറിയിലേക്ക് തിരിച്ചുവന്നു. സാധനങ്ങൾ ഒന്നും മറന്നിട്ടില്ല എന്ന് ഉറപ്പു വരുത്തി പെട്ടികളുമെടുത്ത് താഴേക്കിറങ്ങി 8:30 നു മുൻപ് വണ്ടി  നീങ്ങി. മനോഹരമായ  കാഴ്ചകൾ ഒരുക്കിയ സൂറിച്ചു നഗരം പിന്നിട്ട്   വണ്ടി നീങ്ങിക്കൊണ്ടിരുന്നു. മേഘങ്ങൾ താഴേക്കിറങ്ങി വന്നു പർവ്വത ശിഖരങ്ങളെ മറയ്ക്കുന്ന കാഴ്ച മനോഹരം, നിരനിരയായി നട്ടുവളർത്തിയ മരക്കൂട്ടങ്ങൾ. പ്രകൃതിയുടെ മനോഹരിതയെ കുറിച്ച്  ഇനിയും വർണ്ണിക്കുന്നില്ല. എൻഗിൽ ബെർഗ് (Engleberg) എന്ന ചെറു പട്ടണത്തിന്റെ  മനോഹാരിത മുഴുവൻ വീഡിയോയിൽ പകർത്തിക്കൊണ്ടിരുന്നു ഞാൻ.

ലീഷ്ടെൻസ്റ്റീൻ  (Lieshtenstein) എന്ന ഒരു ചെറു രാജ്യം കാണാനാണ് ആദ്യയാത്ര. ഇപ്പോൾ ഗൈഡ് രാമേട്ടൻ അതിനെ കുറിച്ചുള്ള വിവരണം നൽകിക്കൊണ്ടിരിക്കുകയാണ്. തെക്കും പടിഞ്ഞാറും സ്വിറ്റ്സർലൻഡും, കിഴക്കും പടിഞ്ഞാറും ഓസ്ട്രിയയും അതിരുകൾ പങ്കിടുന്ന ലീഷ്ടെൻസ്റ്റീൻ യൂറോപ്പിലെ ചെറു രാജ്യങ്ങളിൽ നാലാം സ്ഥാനം വഹിക്കുന്നു. രണ്ട് രാജ്യങ്ങൾ മാത്രം അതിർത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളിൽ ഒന്നാണിത്. (മറ്റേ രാജ്യം ഉസ്ബക്കിസ്ഥാൻ ആണ്). 160 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ രാജ്യംസാമ്പത്തികമായി വളരെയധികം മുന്നിട്ടുനിൽക്കുന്നു. ഷെങ്കൺ യൂണിയനിലും യൂറോപ്യൻ യൂണിയനിലും ഒരേപോലെ പങ്കാളിത്തം വഹിക്കുന്ന ഈ രാജ്യത്തിന്റെ പലകാര്യങ്ങളിലും സ്വിറ്റ്സർലൻഡും ഇടപെടുന്നുണ്ട്..

രാമേട്ടൻ ഇതെല്ലാം പറഞ്ഞു കഴിയുമ്പോഴേക്കും ഞങ്ങൾ അവിടത്തെ  ഉദ്യാനകേന്ദ്രത്തിൽ  എത്തിയിരുന്നു. സമയം പത്തുമണി ആയിട്ടില്ല. ഓഹോഫ് (Auhof )എന്നാണ് ആ സ്ഥലത്തിന്റെ പേര്. .ലീഷ്ടെൻസ്റ്റീന്റെ  തലസ്ഥാനമായ വാഡ്‌സ് (Vaduz) നഗരത്തിലെ ഒരു സ്ഥലമാണിത്. കുറച്ചുനേരം കറങ്ങി നടന്നു. ആ മനോഹാരിതയെ ക്യാമറയിൽ പകർത്തി. അപ്പോഴേക്കും സിറ്റി ട്രെയിൻ യാത്രയുടെ സമയമായിരുന്നു.   ഈ യാത്രയും അസ്മരണീയമായ അനുഭൂതിയാണ് പകരുന്നത് . ഒരു മിനി ട്രെയിനിൽ 30- 35 മിനിറ്റോളം നീണ്ടുനിന്ന യാത്ര. ആ യാത്രയിൽ ഇവിടെയുള്ള പ്രധാനപ്പെട്ട എല്ലാ കാഴ്ചകളും കാണാൻ കഴിഞ്ഞു.

മധ്യകാലഘട്ടത്തിലെ കൊട്ടാരങ്ങൾക്കും മുന്തിരിത്തോട്ടങ്ങൾക്കും  പേരുകേട്ട രാജ്യം. മുന്തിരിത്തോട്ടങ്ങളും പഴയകാല ചരിത്ര സ്ഥലങ്ങളും എല്ലാം തൊട്ടറിയുന്ന വിധത്തിൽ വളരെ സാവധാനത്തിലുള്ള ഒരു യാത്ര. യാത്രയിലുടനീളം അവരുടെ ഗൈഡ്  ഓരോ കാര്യങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു കൊണ്ടിരിക്കുന്നു, ആൽപൈൻ താഴ് വരയിലൂടെ സഞ്ചരിച്ച് രാജ്യം മുഴുവൻ കറങ്ങി വരുന്ന സവാരി. കൈയെത്തിപ്പിടിക്കാൻ ആവുന്ന വിധത്തിൽ ഫലങ്ങൾ തൂങ്ങിക്കിടക്കുന്ന ആപ്പിൾ,   പിയേർസ് ,  വാൾനട്ട്   മരങ്ങൾ വഴിനിറയെ കണ്ടു. അതൊന്നും പൊട്ടിക്കരുതെന്ന്  ഗൈഡ്  നിർദ്ദേശം നൽകി..

അതിനിടയിൽ മിട്ടൽഡോർഫ്(Mitteldorf) എന്ന സ്ഥലത്തുള്ള ചരിത്രപ്രധാനമായ (Red house)എന്ന  കൊട്ടാരത്തിനു മുമ്പിൽ വണ്ടി നിന്നു.  പതിനഞ്ചാം  നൂറ്റാണ്ടിൽ പണിത ഇത് പതിനെട്ടാം നൂറ്റാണ്ടിൽ പുതുക്കിപ്പണിതു. അവിടെയിറങ്ങി മുന്തിരിത്തോട്ടങ്ങളുടെയും ആൽപൈൻ മലനിരകളുടെയും ഹൃദയഹാരിയായ കാഴ്ചകൾ പകർത്തി. ആ കാഴ്ചകൾ വർണിച്ചു എഴുതണമെങ്കിൽ ഏറെയുണ്ട്. മലമുകളിൽ ആയി വാഡ്‌സ് കൊട്ടാരം കണ്ടു. രാജകുടുംബത്തിന്റെ   വേനൽക്കാല വസതി ആണ് ഈ കൊട്ടാരം. പ്രശസ്തമായ മ്യൂസിയങ്ങളും പതിമൂന്നാം നൂറ്റാണ്ടിൽ പണിത ഹോട്ടലും(1380) എല്ലാം യാത്രയിൽ കണ്ടു. ഏകദേശം അര മണിക്കൂറിലധികം യാത്ര കഴിഞ്ഞു കയറിയ സ്ഥലത്തുതന്നെ ഞങ്ങൾ തിരിച്ചെത്തി. അവിടെ നിന്ന് ഉച്ചഭക്ഷണം കഴിക്കാൻ പോയി.

പിന്നീടുള്ള യാത്ര ഓസ്ട്രിയയിലേക്ക് ആയിരുന്നു. വൃത്തിയും വീതിയുമുള്ള റോഡുകൾക്ക്  ഇരുവശവും പച്ചപ്പുൽത്തകിടിയും  മൈതാനങ്ങളും അതിർത്തിയിട്ടു നിൽക്കുന്ന മരക്കൂട്ടങ്ങൾക്ക് പിന്നിലായി മഞ്ഞു പുതച്ചുറങ്ങുന്ന ആൽപ്സ് മലനിരകൾ. നീണ്ടു കിടക്കുന്ന ചില കെട്ടിടങ്ങൾ ഏതോ വ്യവസായകേന്ദ്രങ്ങൾ ആണെന്നു തോന്നുന്നു .  റോഡിനിരുവശത്തും കടും പച്ചനിറത്തിൽ ഇലകളും നിറയെ ശാഖകളുമായി  നല്ല ഉയരത്തിൽ നിൽക്കുന്ന മരക്കൂട്ടങ്ങൾ. ഇനിയങ്ങോട്ട് പച്ചപിടിച്ച പ്രകൃതി തന്നെയാണ്.. ഇടക്കിടക്ക് ചില കെട്ടിടങ്ങൾ കാണുന്നുണ്ട്. എത്ര വർണ്ണിച്ചാലും മതിവരാത്ത പ്രകൃതിഭംഗി. ഓടുന്ന വണ്ടിയിൽ ഇരുന്നു ഫോട്ടോ എടുത്താൽ വ്യക്തമാവില്ല എന്ന് കരുതി ഞാൻ വീഡിയോ എടുത്തത് ഇപ്പോൾ ഇത് എഴുതുമ്പോൾ സഹായകമായി.

ഇപ്പോൾ  വാഹനം ഓസ്ട്രേലിയയിലേക്കുള്ള ചെക്പോസ്റ്റിൽ നിൽക്കുകയാണ്. രാമേട്ടൻ(ഗൈഡ്)  വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോയി കാര്യങ്ങൾ എല്ലാം ശരിയാക്കി. ഇപ്പോൾ ഓസ്ട്രിയൻ വീഥികളിലൂടെ ആണ് യാത്ര സാമാന്യം ജനസാന്ദ്രതയുള്ള പട്ടണപ്രദേശമാണ്.ഒരേ രീതിയിൽ കാണുന്ന കെട്ടിടങ്ങൾ. ചില പഴയ കെട്ടിടങ്ങൾ കണ്ടു, അത് പഴയകാല കൊട്ടാരങ്ങൾ ആണെന്നാണ് തോന്നുന്നത്. വാഹനം വളരെ സാവധാനത്തിൽ നീങ്ങുന്നതിനാൽ നഗരത്തിലെയും പ്രകൃതിയുടെയും മുഴുവൻ കാഴ്ചകളും ആസ്വദിക്കുവാൻ കഴിയുന്നുണ്ട്. ഒരു വശത്തേക്ക് കരിങ്കൽ മലകളുടെ മുകളിൽ നിറഞ്ഞുനിൽക്കുന്ന  വൃക്ഷങ്ങൾ.  പ്രകൃതിയുടെ ഘടന  തന്നെ മാറിയിരിക്കുന്നു.

ഇന്ന്സ്ബ്രക് (Innsbruck ) നഗരത്തിലേക്കുള്ള വീഥിയിൽ തിരക്കു പിടിച്ച് ഓടുന്ന വാഹനങ്ങൾ.പച്ചപിടിച്ചു നിൽക്കുന്ന വൃക്ഷലതാദികളും പുൽമേടുകളും, ഒരു വനത്തിനുള്ളിലൂടെ കടന്നുപോകുന്ന അനുഭൂതി പ്രദാനം ചെയ്തു. ഇവിടെയും പല സ്ഥലങ്ങളിൽ തുരങ്കത്തിൽ കൂടിയാണ് യാത്ര. ഇടയ്ക്കിടെ കുറച്ചു വീടുകൾ മാത്രം വീണ്ടും കാടുകൾ. ഇന്ന്സ്ബ്രക് എന്ന  നഗരത്തെക്കുറിച്ച് ഗൈഡ്  രാമേട്ടൻ പറഞ്ഞുകൊണ്ടിരുന്നു. ഇന്ന്സ്ബ്രക് എന്നതിന്റ അർത്ഥം ഇൻനദിയുടെ മുകളിലുള്ള പാലം (Bridge over the river Inn) എന്നാണ്. ശൈത്യകാലകായിക വിനോദങ്ങൾക്ക് പ്രശസ്തി നേടിയ ഈ സ്ഥലം 1964 ലും 1976 ലും ശൈത്യകാല ഒളിമ്പിക്സിനും, 1984ലും , 1988 ലും പാരാലിമ്പിക്‌സിനും  ആതിഥ്യമരുളിയിട്ടുണ്ട്.. വളരെ പഴക്കമുള്ള ചരിത്രമുള്ള ഈ നഗരത്തിലെ  പ്രധാനപ്പെട്ട പല ചരിത്രസ്മാരകങ്ങളും വളരെ  കീർത്തി കേട്ടതാണ്.. 

പഴയ നഗരമധ്യത്തിൽ എത്തിയിരിക്കുന്നു. വാഹനം ഒരിടത്ത് പാർക്ക് ചെയ്തു എല്ലാവരും ഇറങ്ങി. കുറച്ചു ദൂരം നടന്ന ഞങ്ങൾ നേരെ പോയത് ഈ നഗരത്തിലെ  ഏറ്റവും പ്രശസ്തമായ ചരിത്രസ്മാരകമായി കണക്കാക്കപ്പെടുന്ന The Golden Dachl (The Golden Roof ) കാണുന്നതിനു വേണ്ടിയാണ്. 1500മാണ്ടിൽ മാക്സിമില്ലൻ ചക്രവർത്തി തന്റെ രണ്ടാം ഭാര്യയായ ബാൻകാ മരിയ സ്‌ഫോറോസക്ക് പ്രത്യേക സമ്മാനമായി നൽകാൻ വേണ്ടി പണിതതാണത്രേ ഇത്. 2657   ചെമ്പു തകിടുകളിൽ സ്വർണം പൂശിയ മേൽക്കൂരയുള്ള ഈ ബാൽക്കണിയിൽ നിന്നാണത്രെ ചക്രവർത്തി തന്റെ പ്രിയഭാജനത്തിന്റെ കൂടെ താഴെയുള്ള ചത്വരത്തിൽ നടക്കുന്ന ഉത്സവങ്ങളും മത്സരങ്ങളും മറ്റു പരിപാടികളും എല്ലാം വീക്ഷിച്ചിരുന്നത്. കൊട്ടാരത്തിനുള്ളിൽ കാഴ്ചകൾ വളരെ മനോഹരം ആണെന്ന് പറഞ്ഞു. ഞങ്ങൾ അതിനുള്ളിൽ കയറിയില്ല.

അതിനുള്ളിൽ ” ദി  മാക്സിമില്ലെനിയം ” എന്ന പേരിൽ ഒരു മ്യൂസിയം ഉണ്ട്. 2003  ജനുവരി മുതൽ കൊട്ടാരം ഇന്റർനാഷണൽ അൽപൈൻ  കൺവെൻഷൻ ഓഫീസ് ആയി പ്രവർത്തിക്കുന്നു. യൂറോപ്യൻ ആൽപ്സ് മേഖലയിലെ എട്ടു  രാജ്യങ്ങളുടെ സംഘടനയാണിത്. 2017 മാർച്ചിൽ സൽമാൻ ഖാനും കത്രീന കൈഫും വന്ന് ടൈഗർ സിന്ദാ ഹൈ എന്ന പടത്തിനു വേണ്ടി ഇവിടെ ഒരു ഗാനരംഗം ചിത്രീകരിച്ചിട്ടുണ്ട്.ഇതെല്ലാം വിസ്തരിച്ചു പറഞ്ഞ ശേഷം ഞങ്ങൾക്കു അവിടെയെല്ലാം  നടന്നുകണ്ട് വരാൻ ഗൈഡ് അനുമതി നൽകി. വളരെ വീതിയുള്ള ചത്വരത്തിനു  ഇരുവശത്തുമായി ധാരാളം വലിയ കെട്ടിടങ്ങൾ. അവയ്ക്കുള്ളിൽ  വിവിധതരം സാധനങ്ങൾ വിൽക്കുന്ന കടകളും, ഭോജനശാലകളും. ഞങ്ങൾ അവിടെയെല്ലാം കുറെ നേരം കറങ്ങി നടന്നു, ചിത്രങ്ങളും വീഡിയോകളും പകർത്തി. അതിനിടയിൽ ഏകദേശം രണ്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടി എന്നോട് വളരെ ഇഷ്ടം കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു  നിന്നു. രണ്ട് വിദേശ വനിതകൾ (അമ്മയും മകളും) ഞങ്ങളെ വന്നു പരിചയപ്പെടുകയും ഫോട്ടോ എടുത്തു തരാൻ സഹായിക്കുകയും ചെയ്തു.
അതിനു ശേഷം ഞങ്ങൾGolden Dachl (The Golden Roof)കൊട്ടാരത്തിന്റെ വലതുവശത്തേക്ക്  നടന്നു.

കൊട്ടാരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. അതിനാൽ ആ ഭാഗം മറച്ചിരിക്കുകയായിരുന്നു.അവിടെനിന്നും കുറച്ച് അകലെയായി കാർമേഘങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന സൂര്യരശ്മികൾ ഏറ്റുതിളങ്ങുന്ന ആൽപ്‌സ്  പർവ്വതനിരകളുടെ മറക്കാനാവാത്ത മനോഹര ദൃശ്യം കണ്ടു.അവിടെ നിന്നും കുറെ ദൂരം ഞങ്ങൾ നഗരത്തിൽ കൂടി കറങ്ങി നടന്നു. ഭംഗിയുള്ള കെട്ടിടങ്ങ ബാൽക്കണികളിൽ ഒരേ നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികൾ. ജനസാന്ദ്രതയുള്ള പട്ടണ പ്രദേശമാണിത്.

പിന്നീട് ഞങ്ങൾ പോയത് ലോകപ്രശസ്തമായ സ്വർവോസ്കി മ്യൂസിയം (Swarvoski   kristallwelten) കാണുന്നതിനാണ്. ലോകപ്രശസ്തമായ സ്വർവോസ്കി ക്രിസ്റ്റൽ  കമ്പനി 1895 ഡാനിയൽ സ്വർവോസ്കി ആണ് സ്ഥാപിച്ചത്, 1995 നൂറാം വാർഷികത്തിൽ ആണ് അത്ഭുതങ്ങളുടെ നിലവറകൾ (Chambers of wonders ) എന്ന ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം 1998 ലും, 2003ലും  2007ലും പുതിയ പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത്ഇപ്പോൾ 7.5 ഹെക്ടറിൽ പരന്നു കിടക്കുന്നു.എട്ടുലക്ഷം ക്രിസ്റ്റൽ  ഉപയോഗിച്ചുള്ള ക്രിസ്റ്റൽ മേഘക്കുട(crystal cloud ) കളിക്കുന്നതിനുള്ള സ്ഥലം (play tower)  റസ്റ്റോറന്റ് എന്നിവയെല്ലാം ഇതിലുണ്ട്.

ആ മായിക ലോകത്തെ കുറിച്ചു വിസ്തരിക്കാൻ വളരെയേറെയുണ്ട്. എത്ര വിവരിച്ചാലും മതിയാവാത്ത ആ കാഴ്ചകൾ അടുത്ത ലക്കത്തിൽ തുടരാം… 

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: