17.1 C
New York
Friday, September 17, 2021
Home Travel മകന്‍ പഠിച്ച യൂണിവേഴ്സിറ്റിയില്‍ (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 44)

മകന്‍ പഠിച്ച യൂണിവേഴ്സിറ്റിയില്‍ (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 44)

✍പത്മിനി ശശിധരൻ


രാവിലെ കുറച്ചു നേരം നിഖിലും പ്രജക്തയുമായി സംസാരിച്ചിരുന്നു. ധ്രുവ ഇപ്പോൾ ഞാനുമായി നല്ല ചങ്ങാത്തത്തിലാണ്. ഞാൻ ഭക്ഷണം കൊടുത്താൽ വേഗം കഴിക്കും.

ഇന്നു നിഖിലും പ്രശാന്തും പഠിച്ച സസെക്സ് (Sussex) യൂണിവേഴ്സിറ്റിയിലേക്ക് പോകാം എന്നാണ് നിഖിൽ പറയുന്നത്.പ്രഭാത ഭക്ഷണം കഴിഞ്ഞു ഒരു പത്തര യോടെ ഞങ്ങൾ പുറപ്പെട്ടു.ഏകദേശം രണ്ടു മണിക്കൂറോളം യാത്ര ഉണ്ടെന്ന് നിഖിൽ  പറഞ്ഞു.70 മൈലിൽ അധികം ദൂരം ഉണ്ട്.നല്ല പ്രകൃതിരമണീയമായ പ്രദേശങ്ങൾ  ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങൾ അവിടെ എത്തി.1959 ഇൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സസക്സ് ആരംഭിച്ചുവെങ്കിലും, റോയൽചാർട്ടർ 1961-ലാണ് യൂണിവേഴ്സിറ്റി സ്റ്റാറ്റസ് അംഗീകരിച്ചത്. ഒരു പബ്ലിക് റിസർച്ച് യൂണിവേഴ്സിറ്റി ആണിത്.ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ഫാമർ എന്ന സ്ഥലത്താണ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. ബ്രൈറ്റ്ൺ നഗരാതിർത്തിക്കുള്ളിലാണ്  സ്ഥിതി ചെയ്യുന്നതെങ്കിലും നഗര മദ്ധ്യത്തിൽ നിന്നും ഏകദേശം അഞ്ചര കിലോമീറ്റർ ദൂരമുണ്ട്.. നാല്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അധ്യാപകരും അനധ്യാപകരും ആയി രണ്ടായിരത്തിലധികംപേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
മോൻ ഏകദേശം രണ്ടു വർഷത്തോളം ചെലവഴിച്ച പ്രദേശം. അവർ താമസിച്ചിരുന്ന സ്ഥലങ്ങളെയും വിശേഷങ്ങളെയും  കുറിച്ചു നിഖിൽ പറഞ്ഞുകൊണ്ടിരുന്നു .ഈ യൂണിവേഴ്സിറ്റിയിൽ വച്ചാണ് മോന് ഈ നല്ലൊരു സുഹൃത്തിനെ കിട്ടിയത്.സമപ്രായക്കാരോ, ഒരേ വിഷയം പഠിക്കുന്നവരോ, ഒരേ ഭാഷ സംസാരിക്കുന്നവരോ അല്ലാതിരുന്നിട്ടുംഅവർ തമ്മിൽ നല്ല സൗഹൃദത്തിലായി. അവിടെ എത്തിയ കുറച്ചുനാളുകൾക്കുള്ളിൽ തന്നെ പ്രശാന്തിനു ലഭിച്ച നല്ലൊരു കൂട്ടുകാരനാണ് നിഖിൽ. ഉദ്ദേശം രണ്ടു വർഷത്തോളം അവർ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.നിറയെ വൃക്ഷലതാദികൾ   നിറഞ്ഞുനിൽക്കുന്ന ഒരു കുന്നിൻ മുകളിലാണ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.സന്ദർശകർക്കായുള്ള വിശാലമായ പെയ്ഡ് കാർ പാർക്കിങ്ങ്‌ സ്ഥലത്ത് ഞങ്ങൾ കാർ പാർക്ക് ചെയ്തു.സന്ദർശകരെ സ്വാഗതം ചെയ്യുന്ന നീണ്ട മാർബിൾ ഫലകം കണ്ടു. അവിടെനിന്നും നിറയെ മരങ്ങൾ തണൽ വിരിക്കുന്ന  സ്ഥലം കടന്നുചെല്ലുമ്പോൾ വിശാലമായ കെട്ടിടങ്ങൾ പരന്നു കിടക്കുന്നത് കാണാം.വീതിയും വൃത്തിയുമുള്ള റോഡുകള്‍.  

മനോഹരമായ പ്രദേശം. യൂണിവേഴ്സിറ്റി കണ്ടാൽ ഒന്ന് ആർക്കും അവിടെ ചേർന്നു  പഠിക്കുവാൻ തോന്നിപ്പോകും. ഞാനത് പറഞ്ഞപ്പോൾ നിഖിൽ കാര്യമായി പറയുകയാണ് എന്നോട് അവിടെ ഏതെങ്കിലും വിഷയത്തിന് ജോയിൻ ചെയ്യാൻ . അവൻ എല്ലാ കാര്യങ്ങളും ശരിയാക്കിത്തരാമത്രേ!അവിടവിടെയായി കുറച്ചു വിദ്യാർത്ഥികളെയുംഅധ്യാപകരെയും എല്ലാം കണ്ടു.മകൻ, അവിടത്തെ വിശാലമായ, അവനു ഏറ്റവും പ്രിയപ്പെട്ട ലൈബ്രറിയെയും  ഗ്രന്ഥശേഖരത്തെയും കുറിച്ചു ആദ്യമേ പറഞ്ഞിട്ടുണ്ട്. അവിടെ ചെന്നു ചേർന്ന ദിവസങ്ങളിൽ തന്നെ പറഞ്ഞിട്ടുണ്ട് .അത് കാണാൻ കഴിയുമോ എന്ന് ഞാൻ നിഖിലിനോട് ചോദിച്ചു. പൂർവവിദ്യാർത്ഥി എന്നുള്ള ബാഡ്ജ് നിഖിലിന് ഉള്ളതുകൊണ്ട് എവിടെയും കയറി ചെല്ലാം.ഞങ്ങൾ അവിടേക്ക് കയറി.

വിശാലമായി കിടക്കുന്ന  ലൈബ്രറി ഹാൾ.വിഷയം അനുസരിച്ച് തരംതിരിച്ചിരിക്കുന്നു അനേകലക്ഷം ഗ്രന്ഥങ്ങൾ.ലൈബ്രേറിയൻ കൂടിയായ ഒരു അധ്യാപകനെ അവിടെ വച്ച് കണ്ടു.ഞങ്ങളുടെ മകൻ അവിടെ പഠിച്ചിരുന്നതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി.  അദ്ദേഹം ഞങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അവിടെയിരുന്നു വായിക്കുന്നതും വിവരശേഖരണം നടത്തുന്നതും കണ്ടു.ലൈബ്രേറിയനോട് സമ്മതം വാങ്ങി  അവിടെയിരുന്നു’ ചില പുസ്തകങ്ങൾ എടുത്തു ഞാനും വെറുതെ ഒന്നു മറിച്ചുനോക്കി.ശൗചാലയവും, മറ്റു സൗകര്യങ്ങളും അവിടെത്തന്നെയുണ്ട്..

കുറച്ചു കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.ധാരാളം മരങ്ങൾ തണൽ വിരിക്കുന്ന മൈതാനം. പ്രജക്ത മോന് ഭക്ഷണം കൊടുക്കുവാൻ തുടങ്ങി.അടുത്തു തന്നെ ഒരു കാന്റീൻ കണ്ടു ഞങ്ങൾ അവിടേക്ക് നടന്നു.എന്നാൽ അവിടെ ഒന്നും നമുക്ക് പറ്റിയതായി കണ്ടില്ല. ഒരു പാക്കറ്റ് ചിപ്സ് വാങ്ങിച്ചു ഞങ്ങൾ പുറത്തിറങ്ങി  അതിനോട് തൊട്ടുതന്നെ സുവനീറുകൾ, പുസ്തകങ്ങൾ, വിദ്യാർത്ഥികൾക്കുള്ള അവശ്യവസ്തുക്കൾ, കൗതുകവസ്തുക്കൾ എന്നിവ വിൽക്കുന്ന ഒരു കട കണ്ടു. എല്ലാറ്റിനും വളരെ  വില കൂടുതലാണ്.എങ്കിലും മോനെ അത്ഭുതപ്പെടുത്താമെന്നു കരുതി അവനുവേണ്ടി യൂണിവേഴ്സിറ്റിയുടെ എംബ്ലം പതിച്ച ചുവന്ന നിറത്തിലുള്ള ഒരു ടീഷർട്ട്  വാങ്ങി.10 പൗണ്ടായിരുന്നു അതിന്റെ വില .അവിടെ നിന്നിറങ്ങി ഞങ്ങൾ മകന്റെ ലാബും ക്ലാസ് മുറികളും കാണുവാൻ വേണ്ടി പോയി. അവൻ പഠിച്ചിരുന്നത് മോളിക്കുലർ ബയോളജിയും ജനിറ്റിക് മാനിപുലേഷനും ആയിരുന്നു. അവിടേക്ക് നടക്കുമ്പോൾ ഒരു പെൺകുട്ടിയെ കണ്ടു. അപ്പോൾ നിഖിൽ പറഞ്ഞു അത് മലയാളി കുട്ടിയാണ് പ്രശാന്തിനെ അറിയും ആ കുട്ടി എന്നു.അങ്ങനെയാ കുട്ടിയുമായി പരിചയപ്പെട്ടു കുന്നംകുളത്തു കാരി നിഷ ആയിരുന്നു അത്.പ്രശാന്തിന്റെ സീനിയർ ആയി പഠിച്ചിരുന്ന ആ കുട്ടി അവിടെതന്നെ പിഎച്ച്ഡി ചെയ്തു. പഠിച്ച സ്ഥലത്തുതന്നെ  അവർക്ക് ജോലി കിട്ടുകയും ചെയ്തു.കുറെ നേരം ആ കുട്ടിയുമായി സംസാരിച്ചു .പിന്നെ അവള്‍ കൂടിവന്നു ലാബും,അവന്‍ പഠിച്ചിരുന്നക്ലാസ് എല്ലാംകാണിച്ചുതന്നു. വൈകിട്ട് ഒരു സ്ഥലത്ത് വച്ച് കാണാം എന്ന് പറഞ്ഞു പിരിഞ്ഞുകുറച്ചു നേരം കൂടി അവിടെ എല്ലാം തുടങ്ങിയതിനുശേഷം ഞങ്ങൾ തിരിച്ചു പോരാൻ തുടങ്ങി. ഞാൻ യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക്  എത്തുന്നതിനു കുറച്ചു ദൂരെയായി തന്നെ  സന്ദർശകരെ സ്വാഗതം ചെയ്യുന്ന നീണ്ട മാർബിൾ ഫലകമുണ്ട് . അതിനു മുമ്പിൽ നിന്ന് ഫോട്ടോ എടുക്കാൻ നിൽക്കുമ്പോൾ കോളേജിൽ നിന്നും നടന്നുപോകുന്ന ഒരു പയ്യൻ അടുത്തേക്ക് വന്നു.ഞങ്ങൾ മലയാളികൾ ആണെന്ന് മനസ്സിലായപ്പോഴാണ് അവൻ വന്നത്.  കോലഞ്ചേരിക്കാരൻ കെവിൻആയിരുന്നു അത്.അവൻ എക്കണോമിക്സ് പഠിക്കാൻ ആണ് അവിടെ വന്നിരിക്കുന്നത് എന്നു പറഞ്ഞതായി ഒരു ഓർമ്മയുണ്ട്. “നിങ്ങൾ അഞ്ചുപേരും നിൽക്കൂ ഞാൻ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് ഞങ്ങളുടെ ഫോട്ടോ എടുത്തു തന്നു  .കുറച്ചുനേരം അവനോട് കുശലാന്വേഷണങ്ങൾ നടത്തി. ആശംസകളും നൽകി ഞങ്ങൾ പിരിഞ്ഞു.


വീട്ടില്‍ പോയിഒന്ന് ഫ്രഷ്‌ ആയി ബ്രൈറ്റൺമറിനയിലെക്കെത്താം എന്നു  പറഞ്ഞു നിഷ പോയി.ഞങ്ങൾ അവിടെ നിന്നും തിരിച്ചു യാത്രയാകുമ്പോൾ അഞ്ചര കഴിഞ്ഞിരുന്നു. 

കാറിൽ കയറി സസക്സ് ബീച്ച് കാണാൻ നല്ല രസമാണ് അവിടെ പോകാം എന്നു പറഞ്ഞു.. എന്നാൽ പോകുന്ന വഴിയിൽ ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. പഠിക്കുന്ന സമയം മകനും കുറച്ചു കൂട്ടുകാരും    ഡോമിനോസ്‌ പിസ്സാ എന്നാ  ഭക്ഷണവ്യവസായശൃംഖലയിൽ പാർട്ട് ടൈം  ജോലി ചെയ്തിരുന്നു.. അവിടെ പോയി ഭക്ഷണം കഴിക്കാം എന്നായി നിഖിൽ. വൺവേ ട്രാക്ക് ആയതിനാൽ ഞങ്ങൾക്ക് പോകേണ്ട വഴിയിൽ നിന്നും കുറെ വീണ്ടും പിന്നോട്ട് തിരിച്ചു വരണം അവിടേക്ക് പോകാൻ.. അതിനാൽ ആ ഉദ്യമം വേണ്ടെന്നുവച്ചു.ഞങ്ങൾ ബ്രൈറ്റൺ മറിനയിലേക്ക് പോയി.യാത്രയ്ക്കിടയിൽ പലസ്ഥലങ്ങളിലും യൂണിവേഴ്സിറ്റിയുടെ കെട്ടിടങ്ങൾ തന്നെയായിരുന്നു. പ്രശാന്ത് പഠിച്ചിരുന്ന മെഡിക്കൽ കോളേജ് കെട്ടിടവും , നിഖിൽ പഠിച്ചിരുന്ന എഞ്ചിനീയറിംഗ് കോളേജുകെട്ടിടവും  അവർ താമസിച്ചിരുന്ന സ്ഥലത്തേക്കുള്ള വഴിയും ചുറ്റിക്കറങ്ങിയിരുന്ന സ്ഥലങ്ങളും നിഖിൽ കാണിച്ചുതന്നു.വളരെ ഭംഗിയുള്ള പ്രദേശങ്ങൾ.. വൃത്തിയും വെടിപ്പുമുള്ള  റോഡുകൾ. ഇടയ്ക്കിടെ ഡബിൾഡക്കർ ബസുകൾ പോകുന്നത് കണ്ടു. ഇരുവശത്തും മനോഹരമായ കെട്ടിടങ്ങൾ. അതിനോടൊപ്പം ഹരിതാഭമായ കാഴ്ച നൽകി വൃക്ഷങ്ങളും തലയുയർത്തി നിന്നിരുന്നു.ചിഏകദേശം  ആറേകാൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ അവിടെ എത്തി. വിശപ്പ് സഹിക്കാൻ കഴിയാതെ നിഖിലിനു കണ്ണുകാണാത്ത അവസ്ഥയായിരുന്നു. കാറിൽ നിന്നിറങ്ങി ഭക്ഷണം കഴിക്കാൻ വേണ്ടി അവർ സാധാരണ പോകാറുള്ള ഒരു ഇന്ത്യൻ ഭോജനശാലയിലേക്ക് നടന്നു. അവിടെ എത്തിയപ്പോഴാണ് അത് അടച്ചിട്ടിരിക്കുന്നതായി കണ്ടത്. അടുത്ത് കണ്ട ഒരു ഹോട്ടലിൽ കയറി,അതും ഇന്ത്യൻ ഹോട്ടൽ ആയിരുന്നുവെങ്കിലും നമ്മുടെ രുചിക്കുള്ള  ഒന്നും കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോഴേക്കും നിഷയും അവിടെയെത്തി വിശപ്പടക്കാൻ ആയി എന്തോ കഴിച്ചു പുറത്തിറങ്ങി ഇനി ബീച്ച് കാണാന്‍ സമയമില്ല . തലേ ദിവസം രണ്ടു ബീച്ച് കണ്ടത് മതി എന്ന് തീരുമാനിച്ചു.

ഇനി ഞങ്ങൾ പോകുന്നത് ഈസ്റ്റ് ഹാമിൽ വെച്ചു പരിചയപ്പെട്ട ധനേഷിന്റെ  വീട്ടിലേക്കാണ്.   അടുത്തുകണ്ട ഒരു സൂപ്പർമാർക്കറ്റിൽ കയറി കുറച്ചു ഫലവർഗങ്ങൾ വാങ്ങി. നിഷയോട് യാത്രപറഞ്ഞ് ഞങ്ങൾ സഞ്ചാരം തുടർന്നു.ഇരുവശവും ഇടതൂർന്ന മരങ്ങൾ തങ്ങിനിൽക്കുന്ന വഴികൾ.. ചില ഭാഗത്ത് നല്ല ഇരുട്ട്. ചില സ്ഥലത്ത് എത്തുമ്പോൾ ഉരുകിയൊലിക്കുന്ന  തങ്കം പോലെ ശോഭ ചൊരിയുന്ന ആകാശം. റോഡ് പൊതുവേ വിജനമായിരുന്നു. ഇടയ്ക്ക് ഒന്നോരണ്ടോ കാറുകൾ കണ്ടു.മനോഹരമായ ഭൂപ്രദേശങ്ങൾ താണ്ടി ധനേഷ് താമസിക്കുന്ന റോയൽ ടേൺ ബ്രിഡ്ജ് ടൗണിൽ എത്തുമ്പോൾ ഏകദേശം ഒൻപതു മണിയോടടുത്തിരുന്നു.സൂര്യവെളിച്ചം അപ്പോഴും മാഞ്ഞിട്ടില്ല. സാമാന്യം വലിപ്പമുള്ള ഒരു ടൗൺ ആണ് റോയൽ ടേൺ ബ്രിഡ്ജ് ടൌൺ. ഗൂഗിൾ ആന്റിയുടെ നിർദ്ദേശപ്രകാരം വണ്ടിയോടിച്ച ഞങ്ങൾ ധനേഷിന്‍റെ വീടിനു മുൻപിൽ എത്തി കാർ പാർക്ക് ചെയ്തു.കാറിൽനിന്നിറങ്ങി, അവർക്ക് കൊടുക്കുവാനായി കൊണ്ടുവന്ന സാധനങ്ങൾ എടുക്കുവാൻ എന്റെ ഹാൻഡ്ബാഗ് നോക്കിയപ്പോൾ ബാഗ് കാണുന്നില്ല. കുറെ നേരം തിരഞ്ഞിട്ടും കണ്ടില്ല. ബ്രൈറ്റൻ മറീനയിൽ ഭക്ഷണം കഴിക്കാനുള്ള തിരക്കിനിടയിൽ ഓടിയപ്പോൾ കാർ ശരിയായി ലോക്ക് ചെയ്യുവാൻ നിഖിൽ മറന്നിരിക്കാം. അപ്പോൾ കാറിനുള്ളിൽ നിന്നും കിട്ടിയ എന്റെ ബാഗ് ആരോ എടുത്തുകൊണ്ട് പോയിരിക്കാം. ഭാഗ്യത്തിന് പാസ്പോർട്ട് എല്ലാം ശശിയേട്ടൻറെ ബാഗിൽ ആണ്.പക്ഷേ ഇന്നലെ ഡർഡിൽഡോർ കടൽത്തീരത് നിന്നും ശേഖരിച്ച നിറമുള്ള കല്ലുകളും, മകന് സസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും വാങ്ങിയ ഷർട്ടും, ഒരു നല്ല പവർ ബാങ്കും എന്റെ ഫോൺ ചാർജറും, ശശിയേട്ടന്റെ ഷാളും അതിലുണ്ടായിരുന്നു. (പവർ ബാങ്ക് ആണെങ്കിൽ പ്രശാന്ത് ആദ്യമായി രാധികയെ  കാണുമ്പോൾ കൊടുത്ത സമ്മാനം ആയിരുന്നു. അത് നഷ്ടപ്പെട്ടതിൽ വളരെ സങ്കടം തോന്നി.ഞങ്ങളെത്തിയിട്ടും കാണാതെ ധനേഷ് ഇറങ്ങിവന്നു. ഇനി  ബാഗ് തെരഞ്ഞിട്ടു കാര്യമില്ലെന്ന് മനസ്സിലായി ഞങ്ങളും അവരുടെ വീട്ടിലേക്കു നടന്നു.ശരിക്കും നാടൻ രീതിയിൽ ഒരുക്കിയിരിക്കുന്ന ഒരു വീട്.പകുതി പണിത വീട് വാങ്ങി അത് ഇതുപോലെ ഒരുക്കിയത് ധനേഷ് ഒറ്റയ്ക്ക് തന്നെയായിരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി. ഇനിയും കുറച്ചു പണി കൂടി ബാക്കിയുണ്ട് അതും ചെയ്തു തീർക്കണം വേഗം എന്നായി പറഞ്ഞു.നാട്ടിലെ പോലെ പൂജാമുറി, കണിക്കൊന്നപൂത്തുനിൽക്കുന്ന സ്വീകരണമുറിയുടെ  ചുവർ(മനോഹരമായിരുന്നു ആ വാൾപേപ്പർ).എല്ലാം ധനേഷിന്റെ കലാഭിരുചി വ്യക്തമാക്കുന്നതായിരുന്നു. അവിടെ വീടിന്റെ അടുത്ത് തന്നെയായി മകൾക്കുള്ള സ്കൂൾ ഉണ്ട്‌ എന്നു പറഞ്ഞു. തൊട്ടുപിന്നിൽ ധനേഷിന്റെ ചേച്ചിയുടെ വീടുണ്ട്.നാടൻ രീതിയിൽ കുത്തരിച്ചോറും, കാളനും അവിയലും  തോരനും എല്ലാമായി ചെറിയ സദ്യതന്നെ ഒരുക്കിയിരുന്നു അവർ. നിഖിൽ ഇത് കഴിക്കുമോ എന്ന സംശയം ഉണ്ടായതിനാൽ ഞാനും ഇന്ദുവും കൂടി വേഗം ചപ്പാത്തിയും, ഓംലെറ്റും ഉണ്ടാക്കി.ഭക്ഷണം കഴിഞ്ഞു കുറച്ചുനേരം കൂടി  സംസാരിച്ചതിനുശേഷം തിരിച്ചുപോന്നു. കണ്ടുമുട്ടിയ ദിവസം തന്നെ ഹൃദ്യമായ പെരുമാറ്റത്താൽ മനസ്സ് കീഴടക്കിയ കുടുംബത്തിന്റെ സ്നേഹപൂർവമായ വിരുന്നിന്റെ ഓർമ്മകളും മനസ്സിൽ നിറച്ച് ഞങ്ങൾ യാത്രയായി. ഇന്നും ബ്രേക്കനലിൽ എത്തുമ്പോൾപാതിരാത്രി കഴിഞ്ഞിരുന്നു.കാറിനുള്ളിൽ ഒരിക്കൽകൂടി ബാഗ് തെരഞ്ഞു നിഖിൽ.അത് പോയത് പോകട്ടെ എന്നു പറഞ്ഞു ഞങ്ങൾ സമാധാനിപ്പിച്ചു. സൂക്ഷിക്കാൻ ഒരുപാട് ഓർമ്മകൾ നൽകിക്കൊണ്ട് ഒരു ദിനം കൂടി കൊഴിഞ്ഞു വീണിരിക്കുന്നു.

✍പത്മിനി ശശിധരൻ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com