25-03-2022 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.30 ഓടുകൂടി ഞാനും , മകളും , മരുമകനും, കുട്ടികളും കൂടി ചൈനീസ് ഉൽപന്നങ്ങൾ മാത്രം വിൽക്കുന്ന Dragon City Mall ലേക്ക് പോയി. ഞങ്ങൾ താമസിക്കുന്ന “സാർ ” എന്ന സ്ഥലത്തു നിന്ന് 35 കി.മി. ദൂരമുണ്ട് ഇവിടേക്ക്. ഞാൻ ഇതിന് മുമ്പ് ബഹ്റിനിൽ വന്നപ്പോഴും രണ്ടു തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു. കുട്ടികളുടെ കളിക്കോപ്പുകൾ മുതൽ വലിയ മെഷിനറികൾ വരെ ഇവിടെ വിൽക്കുന്നുണ്ട്. ഒരു കുടക്കീഴിൽ ആയിരത്തോളം മുറികളോടു കൂടിയ ഒരു കൂറ്റൻ കച്ചവട സ്ഥാപനം. ആ മാളിലേക്ക് കയറിയാൽ ഏതോ ഒരു മായിക ലോകത്ത് എത്തിപ്പെട്ട ഒരു പ്രതീതിയാണ്.. എത്ര വേണ്ടെന്നു വെച്ചാലും എന്തെങ്കിലും വാങ്ങിക്കാൻ തോന്നുന്ന അത്രയും ഭംഗി തോന്നുന്ന ജീവസ്സുള്ള ഉൽപന്നങ്ങൾ . ദീർഘചതുരാകൃതിയിൽ ചൈനീസ് ശിൽപ മാതൃകയിലുള്ള ഒരു കൂറ്റൻ കെട്ടിടമാണ് Dragon Mall. നീളമുള്ള ഭാഗത്ത് ഏഴ് ഗെയിറ്റുകളും (entrance) അകത്തു കടന്നാൽ വീതി ഭാഗത്ത് 5 നെടുനീളൻ തെരുവുകളുമുണ്ട് (Streets) . രണ്ടു തെരുവുകൾക്കുമിടക്ക് രണ്ടു നിര മുറികളും രണ്ടു ഗെയിറ്റുകളുടെ ഇടക്ക് പത്തു മുറികൾ വീതവുമാണുള്ളത്.. രണ്ടു ഭാഗത്തുള്ള ഓരോ നിര മുറികളിലേക്കും തെരുവിൽ നിന്ന് കയറാൻ പാകത്തിലാണ് രൂപഘടന . ഓരോ ഗെയിറ്റിനിരുവശവും ടോയ്ലറ്റ് ,എ ടി എം തുടങ്ങിയ സൌകര്യങ്ങളുമുണ്ട്. ഈ മാളിന്റെ ഒരറ്റത്ത് ഫുഡ് കോർട്ടുണ്ട്. ഏതു രാജ്യത്തിലെയും എല്ലാ തരം ഭക്ഷണവും അവിടെ ലഭിക്കുന്നതാണ്. ഞാൻ നാലു വർഷം മുമ്പ് ഇവിടെ വന്നപ്പോൾ എൻറെ ഒരു കൗതുകത്തിന് ഫുഡ് കോർട്ടുകളുടെയും ഇരിപ്പിടങ്ങളുടെയും ഒരു വീഡിയോ മൊബൈൽ ഫോണിൽ എടുത്തിരുന്നു. ആ സമയത്ത് ഒരു “മൊശകോടൻ കാട്ടറബി ” വന്ന് എന്നെ ഭീഷണിപ്പെടുത്തി ആ വീഡിയോ delete ചെയ്യിച്ചു . അവിടെ വന്ന് ഭക്ഷണം കഴിക്കുന്ന സ്ത്രീകളടെ ഫോട്ടോ എന്റെ മൊബൈൽ ഫോണിൽ ഉണ്ടാകുമെന്നതായിരുന്നു കാരണമായി പറഞ്ഞത്. എന്നാൽ അവിടെ വന്ന് തെളിഞ്ഞിരുന്ന് പരസ്യമായി വലിയ വായിൽ വെട്ടി വിഴുങ്ങാൻ ഒരു ജാള്യതയും നിയന്ത്രണവുമില്ലാത്തവരുടെ ഫോട്ടോ എന്റെ മൊബൈൽ ഫോണിൽ ഉണ്ടായാൽ അവരുടെ സ്വകാര്യതക്ക് ഭംഗം വരുമെന്ന അയാളുടെ ഭാഷ്യം ഞാൻ മുഖാന്തിരം അവരുടെ വിശ്വാസ പ്രമാണങ്ങൾക്ക് കോട്ടം തട്ടേണ്ടെന്ന് കരുതിയും ഒരു ബഹളം ഒഴിവാക്കാനുമാണ് ഞാൻ ഈ പ്രക്രിയക്ക് വഴങ്ങി കൊടുത്തത്.
ചൈനീസ് കരവിരുത് അവിടെ കാണുന്ന എല്ലാ ഉൽപന്നങ്ങളിലും പ്രതിഫലിച്ചു കിടക്കുന്നുണ്ട് . ഉദാഹരണത്തിന് കടകളിൽ വിൽപനക്ക് വെച്ചിരിക്കുന്ന ചെടികളും പൂക്കളും വള്ളിപ്പടർപ്പുകളും എല്ലാം തന്നെ കാട്ടിൽ നിന്ന് അന്നേരം വെട്ടി കൊണ്ടു വന്നതാണെന്നേ തോന്നൂ . ഈറ്റ ചെടിയുടെ മൂപ്പെത്തിയ ഇലയും തളിരിലയും അതിന്റെ തനിമയോടെയും കൃത്യതയോടെയും നിറവ്യത്യാസത്തിലും ഉണ്ടാക്കി വെച്ചത് കണ്ടാൽ ആശ്ചര്യപ്പെട്ടു പോകും. ഞാൻ അറിയാതെ ആ ഇലകളെല്ലാം തൊട്ടുനോക്കി അതിശയപ്പെട്ടു . ഈറ്റക്കമ്പിൽ അങ്ങിങ്ങ് കാണാറുള്ള വെളുത്ത പൊടിയുടെ നിറം പോലും ഒരു തരി പോലും കളയാതെ പകർത്തി വെച്ചിരിക്കുന്നു. അവരുടെ കരവിരുതിനെ എത്ര പ്രകീർത്തിച്ചാലും മതിയാവുകയില്ല. നമ്മുടെ നാട്ടിൽ കിട്ടുന്ന ചൈനീസ് സാധനങ്ങളുടെ ക്വാളിറ്റിയേക്കാൾ എത്രയോ മടങ്ങ് മഹത്തരമായതാണ് ഇവിടെ കണ്ടതൊക്കെയും. ചൈനക്കാർ പല രാജ്യങ്ങളിലും മാർക്കറ്റ് സർവെ നടത്തി ഓരോ രാജ്യത്തിന്റെയും സാമ്പത്തിക ശേഷിയും പർച്ചേസിങ്ങ് കപ്പാസിറ്റിയും കണ ക്കിലെടുത്താണത്രെ സാധനങ്ങൾ നിർമിക്കുന്നത്. ഉദ്ദേശം 3 മണിക്കൂർ സമയം ഇവിടെ ചെലവഴിച്ച് കുട്ടികൾക്ക് വേണ്ടുന്ന ചില കളിക്കോപ്പുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും വാങ്ങി ഞങ്ങൾപുറത്തിറങ്ങി . പാർക്കിങ്ങ് ഏരിയയിൽ വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാതെ സന്ദർശകർ വിഷമിക്കുന്നു. ഈ മാളിന്റെ പാർക്കിങ്ങ് ഏരിയ കഴിഞ്ഞാൽ ഒരു ഭാഗം കടലാണ്. ഈ മാൾ നിൽക്കുന്ന സ്ഥലം ഉൾപ്പെടെ ഒരു വലിയ പ്രദേശം കടൽ മണലിട്ട് നികത്തിയെടുത്തിട്ടുള്ളതാണ്. ഇവിടെയും ഭൂമാഫിയ തടിച്ചു കൊഴുത്തു വളരുകയാണ്. കടൽ നികത്തി ചെറിയ ദ്വീപുകളുണ്ടാക്കി അതിൽ കെട്ടിടങ്ങൾ നിർമിച്ച് വിൽപന നടത്തുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ടു അതിശയിച്ച് നിൽക്കാനേ നമുക്ക് കഴിയുകയുള്ളു. അത്രമാത്രം വലിയ ടൌൺഷിപ്പുകളാണ് രൂപം കൊള്ളുന്നത്.. നാലു വർഷം മുമ്പ് ബഹറിന്റെ വിസ്തീർണം 755 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇന്നത് 780 ച.കി.മീറ്ററായിരിക്കുന്നു മണ്ണിനോടുള്ള ദാഹം എല്ലാ നാട്ടിലും ഒരുപോലെ തന്നെ.
തിരിച്ചു പോരുമ്പോൾ മനാമ എയർപോർട്ടിലേക്കുള്ള റോഡ് കാണാം , എയർപോർട്ട് അടുത്താണ്. അതുപോലെ മനുഷ്യനിർമിതമായ ഒരു കരയിൽ ഒരു ഫിഷ് ലാൻഡിങ്ങ് ഹാർബറുണ്ട് , ” ഹിദ്ദ് ” എന്നാണതിന്റെ പേർ. ഞാൻ ഇതിന് മുമ്പ് ബഹ്റീനിൽ വന്നപ്പോൾ മൂന്നു തവണ ഇവിടെ വന്ന് മൽസ്യം വാങ്ങിയിട്ടുണ്ട്. ഈ മാർക്കറ്റിൽ പ്രാദേശികമായി പിടിച്ചു കൊണ്ടുവരുന്ന മീനുകൾക്ക് പലതിനും ജീവനുണ്ടാകും. അത്രയും ഫ്രഷ് മൽസ്യമാണിവിടെ കിട്ടുന്നത്. വിലയാണെങ്കിൽ വളരെ തുച്ഛം. നമ്മുടെ നാട്ടിൽ വളമാക്കാൻ പാകത്തിൽ കിട്ടുന്ന മീനിന്റെ വിലയുടെ പകുതി പോലും ഇവിടെ വിലയില്ല. ഇപ്പോൾ ചെമ്മീൻ പിടിക്കുന്നതിനു് വിലക്കുള്ളതിനാൽ അത് ഇവിടെ കിട്ടുകയില്ല. മറ്റ് വിശേഷപ്പെട്ട മൽസ്യങ്ങളായ അയക്കൂറ , ആകോലി, ഹമൂർ തുടങ്ങി പലതരം മൽസ്യങ്ങളുണ്ട് ഈ മാർക്കറ്റിൽ . ഇവിടെയുമുണ്ട് മലബാറുകാർ മീൻ കച്ചവടത്തിൽ. ബംഗ്ലാദേശികളാണ് കൂടുതലും.. ഏതായാലും 5 കിലോയിൽ കൂടുതൽ ആകോലിയും ഹമൂറും പേര് മറന്നു പോയ മറെറാരു മീനും വാങ്ങി. വെറുതെ മൽസ്യങ്ങളെ കാണാൻ പോയതായിരുന്നു. കണ്ടപ്പോൾ വാങ്ങാതിരിക്കാൻ പറ്റിയില്ല. ഞങ്ങൾ സാധാരണ വാങ്ങുന്ന സ്ഥലത്തെ വില വെച്ച് നോക്കിയാൽ പകുതി വിലയേ ഇത്രയും മീനുകൾക്ക് കൊടുക്കേണ്ടിവന്നുള്ളു. എനിക്ക് മാംസത്തിനേക്കാൾ ഇഷ്ടം മൽസ്യമാണ്.
കുറച്ച് ദിവസം കുശാലായി മീൻ കഴിക്കാമല്ലൊയെന്ന ചാരിതാർത്ഥ്യത്തോടെ ഞങ്ങൾ “ഹിദ്ദ് “മാർക്കറ്റ് വിട്ട് രാത്രി എട്ട് മണിയോടെ വീട്ടിലെത്തി .
സി. അശോകൻ
കറോണാക്കാലം പുതിയ എഴുത്തുകാരെ കളത്തിലേക്കിറക്കുന്നു .
Condemed for creativity