മേടസൂര്യന്റെ തീക്കനലുകളിൽ നഗരം വെന്തുരുകുന്ന ഏപ്രിൽ മാസത്തിലാണ്
കോടനാട് ആനക്കളരിയിൽ ഞങ്ങളെത്തിയത്. എറണാകുളം ജില്ലയിലെ, വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
ഉച്ചത്തണൽ പരത്തിയ ശീതളിമയിൽ ‘അഭയാരണ്യ’ മെന്ന പേര് നിറുകയിൽ പേറി തലയെടുപ്പോടെ നിൽക്കുകയായിരുന്നു കാടകത്തെ ആ സങ്കേതം.
മലനിരകളെ പാദസരമണിയിച്ച് മുത്തുമണി പളുങ്കുവെള്ളവുമായി, കുണുങ്ങിയൊഴുകുന്ന ‘പെരിയാർ’ തൊട്ടരികെ.
പേരുപോലെ തന്നെ ആനകൾക്കുള്ള ആലയമാണ് ഈ സങ്കേതം.
ശലഭോദ്യാനം, മാൻ പാർക്ക്, കുട്ടികളുടെ പാർക്ക്, ഔഷധ – ഫലവൃക്ഷത്തോട്ടം, മുളങ്കാടുകൾ …. തുടങ്ങി പ്രകൃതി ഒരുക്കിയ വിസ്മയക്കലവറയിലെ തണലും തണുപ്പും നുകർന്നുള്ള യാത്ര അത്രമേൽ അനുഭൂതി തന്നു.
ആറ് ആനകളുണ്ടായിരുന്നു അവിടെ. സുരക്ഷിതമായ അകലം പാലിച്ച്, വൃത്തിയും വെടിപ്പുമുള്ള ‘കൊട്ടിലു’കളിലാണ്, അവരെ പാർപ്പിച്ചിരിക്കുന്നത്.
കാട്ടിലെ ഭക്ഷണദൗർലഭ്യം മൂലമോ, മറ്റു കാരണത്താലോ ജനവാസമേഖലയിൽ ഇറങ്ങേണ്ടി വരുന്നവരും, പരിക്ക് പറ്റിയവരും,, അസുഖബാധിതരുമാണ് ഇവിടെയെത്തുന്നത്. അത്തരക്കാർക്ക് വനംവകുപ്പ് വിദഗ്ധചികിത്സയും സൗകര്യങ്ങളും നൽകി ശ്രദ്ധയോടെ പരിപാലിക്കുന്നു.
പാപ്പാൻമാരുടെ വാക്കുകളെ സ്നേഹപൂർവ്വം അനുസരിക്കുന്ന കരിവീരൻമാരുടെ ഇഷ്ടയിടമായ് മാറുന്നു ഇവിടം.
നാൽപ്പത്തൊൻപതിന്റെ പക്വതയുമായി സുനിത….
താളാത്മകമായി തുമ്പിക്കൈ ചലിപ്പിച്ച് തലയാട്ടി നിൽക്കുന്ന അഞ്ജനയെന്നു പേരുള്ള പതിനാലുകാരി.
അടുത്തിടെ ‘പ്രായപൂർത്തി- വോട്ടവകാശം’ നേടി കരിമിനുപ്പോടെ തലയാട്ടി നിൽക്കുന്ന പതിനെട്ടുകാരായ പാർവ്വതിയും,ആശയും,
മെരുങ്ങാതെയും ഇണങ്ങാതെയും ബന്ധനത്തിലും തന്റെ വീര്യം പ്രകടിപ്പിക്കുന്ന
നാൽപ്പത്തിമൂന്നുകാരൻ ഹരിപ്രസാദ് എന്ന കൊമ്പൻ… അങ്ങനെ തുടരുന്നു അംഗങ്ങൾ.
അല്പം അകലെയായിരുന്നു ആനകളെ ചട്ടം പഠിപ്പിക്കുന്ന കൂടും, അതിനരികിലായി
ആനപ്രേമികളുടെ പ്രിയപ്പെട്ടവനും യൂട്യൂബ് ഫെയിമുമായ ‘പീലാണ്ടി ചന്ദ്രു’ വിന്റെ വാസസ്ഥലം.
സോഷ്യൽ മീഡിയയിലെ താരമായ ഇവന് ത്രസിപ്പിക്കുന്ന ഒരു ജീവിതകഥയുണ്ട്…..
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരൻ അട്ടപ്പാടി ആദിവാസി ഊരിന്റെ പ്രിയപ്പെട്ടവനായിരുന്നു.
ഒൻപത് മനുഷ്യജീവനുകൾ അപഹരിക്കപ്പെടാൻ കാരണഭൂതനെന്ന ചീത്തപ്പേരുള്ളവനെങ്കിലും ഊരിലുള്ളവർക്ക് ഇന്നുമവൻ പ്രിയപ്പെട്ടവൻ തന്നെ.
ആനയുടെ ചവിട്ടേറ്റ് മരിക്കുന്നത് പുണ്യമായി കരുതുന്ന മണ്ണാർകാട്ടെ ഗോത്രവർഗ്ഗക്കാർ ആദ്യം മരണപ്പെട്ട ‘പീലാണ്ടി’എന്ന മനുഷ്യന്റെ പേരുതന്നെ
ആനയ്ക്ക് നൽകിയത്രെ !
വിളനാശകനായ കൊലയാളി ആനയെക്കൊണ്ട് പൊറുതി മുട്ടിയ അവിടത്തെ കുടിയേറ്റ കർഷകരുടെ നിരന്തര പരാതികളാണ്, പീലാണ്ടിയുടെ നാടുകടത്തലിന് കാരണമായത്. എന്തായാലും കൊലയാളി പീലാണ്ടി, ജയിൽവാസവും ചട്ടം പഠിക്കലും കഴിഞ്ഞ് തികച്ചും മര്യാദരാമനായി, ഇന്ന് കോടനാട് കളരിയുടെ അഭിമാനമായി നിൽക്കുന്നു.
വനംവകുപ്പ് കനിഞ്ഞിട്ട ‘കോടനാട്-ചന്ദ്രശേഖരൻ’ എന്നപേര് ആനയുടെ ‘ഉടയോന്മാരായ ‘ ആദിവാസികളുടെ ആവശ്യപ്രകാരം ‘പീലാണ്ടി ചന്ദ്രു’ എന്നാക്കിയ അപൂർവ്വ ചരിത്രവും ഇതിനൊപ്പമുണ്ട്.
മൺപ്രതിമയുണ്ടാക്കി അവനെ ആരാധിക്കുന്ന അട്ടപ്പാടിയിലെ മനുഷ്യർ ഒരിക്കൽ, കുഞ്ഞുകുട്ടി പാരാധീനങ്ങളടക്കം കാഴ്ചദ്രവ്യങ്ങളുമായി തങ്ങളുടെ പ്രിയ ഗണപതി ഭഗവാനെ നേരിൽ കാണാനെത്തിയ വാർത്ത ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
ഒരാന പരിശീലനകേന്ദ്രത്തിന്റെ ചിത്രവും ചരിത്രവും ഒരാനയിലേക്ക് ചുരുങ്ങുന്നതും, ഒരാനയോളം വളരുന്നതും അവന്റെ മികവ് ഒന്നുകൊണ്ടു മാത്രമാവും !
നിരവധിപേരുടെ മരണത്തിനു കാരണക്കാരനായ ഒരു മൃഗത്തെ ഈ മനുഷ്യർ ഇത്രമേൽ സ്നേഹിക്കുന്നത് എന്തുകൊണ്ടാവും? തീർച്ചയായും അത് പഠിക്കേണ്ടതുണ്ട്.
ആനക്കൊട്ടിലിലെ പ്രഗല്ഭരായ പാപ്പാൻമാരുടെ സേവനം പ്രത്യേകം പറയേണ്ടതു തന്നെ.
പീലാണ്ടിയടക്കമുള്ള ആനകളെക്കണ്ട് തിരികെ വരുമ്പോഴാണ് ആനക്കുളി കാണാനുള്ള അവസരമുണ്ടായത്. പൂക്കൈതകളും, മുളങ്കാടുകളും തിങ്ങി വളരുന്ന പെരിയാറിന്റെ കൊച്ചു കടവത്ത്, പാപ്പാന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പാർവ്വതിക്കുട്ടി നീരാടുന്ന കാഴ്ച കാണേണ്ടതുതന്നെ. ‘കുളിസീൻ’ കാഴ്ചക്കാർക്ക് കണ്ണിന് വിരുന്നായി. തുമ്പിയിൽ നിറയെ വെള്ളമെടുത്ത് ചീറ്റിത്തെറിപ്പിക്കുന്ന രംഗം, ‘ആനയും തുന്നൽക്കാരനും’ എന്ന കഥയെ ഓർമ്മിപ്പിച്ചു.
വനം വകുപ്പിന്റെ പ്രകൃതിവിഭവ വിൽപന ശാലയിലും നല്ല തിരക്കുണ്ടായിരുന്നു.
ഇഞ്ചിത്തേൻ, ഗാർലിക് തേൻ, നെല്ലിക്ക ത്തേൻ തുടങ്ങി വിവിധയിനം വനവിഭവങ്ങളാൽ അവിടം സമൃദ്ധം.
കോടനാടിനടുത്ത് പെരിയാറിൻ്റെ മറുകരയിലാണ് പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടി.
മനസ്സ് നിറച്ച കാനനക്കാഴ്ചകൾക്ക് വിടനൽകി, മുളങ്കാടുകളുടെ മർമ്മരങ്ങൾക്കൊപ്പം അഭയാരണ്യത്തിന്റെ പടിയിറങ്ങുമ്പോഴും, ആനയുടെ ചിന്നംവിളിയും, ചീവീടുകളുടെ ചൂളംവിളിയും മധുരസംഗീതമായി പിന്നാലെ ഒഴുകി വരുന്നുണ്ടായിരുന്നു.
✍ സുജഹരി
❤️❤️❤️
നന്ദി …സന്തോഷം പ്രഭ🙏❤️❤️🙏
🙏❤️
🙏🥰🥰🙏