ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന് ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ് ആദ്യം പോകുന്നത് 45 മിനിറ്റ് യാത്ര ഉണ്ട് എന്ന് രാമേട്ടൻ പറഞ്ഞു.

ചെറുപട്ടണങ്ങളും ഗ്രാമങ്ങളും പിന്നിട്ടു വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ കൃഷി സ്ഥലം കാണാം ദൂരെ മലനിരകൾ വീടുകളെക്കാളും കെട്ടിടങ്ങളെക്കാളും കൂടുതൽ വൃക്ഷങ്ങൾ തന്നെ .9. 05നു പിസ സ്റ്റോപ്പിൽ എത്തി. കോച്ചുകൾക്ക് പല സ്ഥലത്തേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട് ഇവിടെയും. അതുകൊണ്ട് ഇനി നാലുമിനുട്ടോളം നടന്നു റോഡിൽ കൂടി ഓടുന്ന ട്രെയിനിൽ കേറി ഞങ്ങൾ പിസാചത്വരത്തിൽ എത്തുമ്പോൾ ഒമ്പതരയായി. അല്പം മങ്ങിയ പോലെയാണ് അന്തരീക്ഷം.മതിലിനു പുറത്തു നിറയെ സോവനീർ വിൽക്കുന്ന ചെറിയ കടകളാണ്.

പിയാസ്സ ഡി മിറാകോളി (Piazza Dei Miracoli,Piazza del Duomo (Square of Miracles ) എന്നഈ ചത്വരത്തിൽ സപ്താത്ഭുതങ്ങളിൽ ഒന്നായ ചരിഞ്ഞ ഗോപുരത്തോടൊപ്പം വേറെ മനോഹരക്കാഴ്ചകളും ഉണ്ടായിരുന്നു. 8.87 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ചത്വരം ഇറ്റലിയിൽ എത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. പിസാകത്തീഡ്രൽ, പിസബാപ്റ്റിസ്റ്ററി,The Campanile(pisa tower ,(monumental cemetery എന്നിവയെല്ലാം മനോഹരകാഴ്ചകൾ ആയി സന്ദർശകർക്ക് മുൻപിൽ കാഴ്ചകളൊരുക്കി നിൽക്കുന്നു . പച്ച പരവതാനി പോലെയുള്ള മൈതാനവും ഇഷ്ടിക പതിച്ച വിശാലമായ വീഥികളുമായി നിൽക്കുന്ന ചത്വരത്തിന്റെ ഹൃദയഭാഗത്തായി Duomo എന്ന മധ്യകാലഘട്ടത്തിലെ സാന്താ മരിയ കത്രീഡൽ വെള്ള മാർബിളിൽ തീർത്ത ശില്പ ഭംഗിയുള്ള ഒരു പള്ളിയാണ്. 1064 ലാണ് നിർമാണം തുടങ്ങിയത്.

ഭീമാകാരമായ പിച്ചള വാതിലുകൾ പ്രധാന കവാടത്തിൽ ഉള്ളത് 1595ൽ ഒരു തീപിടുത്തത്തിൽ ആദ്യത്തെ വാതിലുകൾ നശിച്ചപ്പോൾ നിർമ്മിച്ചതാണ്. ആ ചർച്ചിന്റെയും കുറേ ചിത്രങ്ങൾ പകർത്തി. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് അറ്റത്തായി പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച സെന്റ് ജോൺ ബാപ്പിസ്റ്റേട്രി സ്ഥിതിചെയ്യുന്നു. ഇറ്റലിയിലെ ഏറ്റവും വലിയBaptistery ആണിത്.
സെൻറ് മരിയ കത്തീഡ്രലിന്റെ പിൻ ഭാഗത്തായിട്ടാണ് ലോകപ്രശസ്തമായ ചരിഞ്ഞ ഗോപുരം.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സപ്താത്ഭുതങ്ങളെയും പിസയിലെ ചരിഞ്ഞ ഗോപുരത്തെയും കുറിച്ച് ആദ്യമായി കേട്ടത് എന്ന് തോന്നുന്നു. പിന്നീട് ചരിത്രപുസ്തകത്തിൽ ഇതിന്റെചിത്രം കണ്ടതും ഞാൻ ഓർത്തു. നേരിട്ട് കണ്ടപ്പോൾ ചിത്രത്തിൽ കണ്ട പോലെയല്ല തോന്നിയത്. ഇതിന്റെ കഥകളെല്ലാം പറഞ്ഞു ഞങ്ങളോട് അസംബ്ലി പോയിന്റിൽ എത്തേണ്ട സമയം പറഞ്ഞു രാമേട്ടൻ ആൾക്കൂട്ടത്തിൽ മറഞ്ഞു. സമയം ഒമ്പതരയെ ആയിട്ടുള്ളൂവെങ്കിലും സന്ദർശക ബാഹുല്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല 1173ൽ നിർമ്മാണം തുടങ്ങിയ പിസാ ഗോപുരം മൂന്നാം നിലയിൽ എത്തിയപ്പോഴേക്കും ചരിയാൻ തുടങ്ങി. കളിമണ്ണും ചളിയും കൊണ്ടുള്ള അടിത്തറ ആയതു കൊണ്ടാണത്രേ ചരിയാൻ തുടങ്ങിയത്. ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് നിർത്തിവെച്ചപണി പിന്നീട് ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം1272ൽ ജിയോവാനി ഡീ സൈമൺ എന്ന് ശില്പി ഏറ്റെടുത്ത് പുനരാരംഭിച്ചു. ഈ കാലത്തിനിടയിൽ മണ്ണ് നല്ലപോലെ ഉറച്ചത് അനുകൂലമായി. അസ്ഥിവാരം ഒന്നുകൂടി ബലപ്പെടുത്തി വീണ്ടും നാല് നില കൂടി പണിതു1319 എഴുനിലകളുടെയും പണിതീർന്നു. ചരിയുന്ന തിന്റെ മറുഭാഗത്ത് കൂടുതൽ ഭാരം വരുന്ന രീതിയിൽ തുലനം ചെയ്തായിരുന്നു നിർമ്മാണം ഗോപുരത്തിന്റെ ചരിവ് വീണ്ടും തുടർന്നതിനാൽ ഒരു മണി ഗോപുരം (Bell Tower) കൂടി പണിതു നിർമ്മാണം നിർത്തിവെച്ചു. ഗോഥിക് ശൈലിയിൽ സപ്ത സ്വരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏഴുമണികളാണ് ഇവിടെ പ്രതിഷ്ഠിച്ചത്. പണിതീർന്ന വൃത്ത സ്തംഭത്തിന്റെ (സിലിണ്ടർ ) ആകൃതിയിലുള്ള ഇതിന്റെ ഉയരം 57 മീറ്ററാണ്. വ്യാസം 15.5 മീറ്ററും. മാർബിളും കല്ലും ആണ് ഇത് നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഗോപുരത്തിന് 14,500മെട്രിക്ക് ടൺ ഭാരമുണ്ട്. 1372 ലാണ് നിർമ്മാണം പൂർത്തിയായി ഇത് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. നിർമ്മാണം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞപ്പോഴേക്കും വീണ്ടും ചരിഞ്ഞു തുടങ്ങിയത്രേ. ഇന്നും ഈ ബലപ്പെടുത്തൽ ജോലി തുടരുന്നത് കൊണ്ട് അത് ഒരു പണിതീരാത്ത കെട്ടിടം ആയിഇന്നും നിലനിൽക്കുന്നു.

രണ്ടാംലോകമഹായുദ്ധത്തിൽ സമീപത്തുള്ള എല്ലാ ഗോപുരങ്ങളും തകർത്ത അമേരിക്ക ഇതിനെ എന്താണാവോ വിട്ടുകളഞ്ഞത്? ചരിഞ്ഞു നിൽക്കുന്നതുകൊണ്ട് താനേ വീഴും എന്ന് കരുതി കാണുമായിരിക്കും! എന്നാൽ 1292 മുതലുള്ള കാലഘട്ടത്തിൽ 4 ഭൂകമ്പങ്ങളെ അതിജീവിച്ച് ഈ കെട്ടിടം നിലനിൽക്കുന്നത് വാസ്തുവിദ്യാശില്പികൾക്ക് ഇന്നും അത്ഭുതം നിറഞ്ഞ ഒരു പ്രഹേളികയായി നിലനിൽക്കുന്നു. 1990 മുതൽ 2001 വരെ,(അന്ന് നാലര മീറ്റർ ചരിവുണ്ടായിരുന്ന ഗോപുരം നിലംപതിക്കുമെന്ന് ഭയപ്പെട്ടിരുന്നതിനാൽ ) ഇവിടേക്ക് സന്ദർശകരെ നിരോധിച്ചിരുന്നു. തുടർന്ന് ചരിയുന്ന ഭാഗത്തെ ഇളക്കമുള്ള മണ്ണ് നീക്കി പകരം കുഴലുകൾ സ്ഥാപിച്ചാണ് എൻജിനീയർമാർ ഇതിന് പരിഹാരം കണ്ടത്. 2001നു ശേഷം ഗോപുരത്തിന്റെ 41 സെൻറി മീറ്റർ നേരെ ആയിട്ടുണ്ട് എന്നാണ് പറയുന്നത്.

അന്തരീക്ഷം തെളിഞ്ഞിരിക്കുന്നു.പച്ചപ്പരവതാനി വിരിച്ച പോലെ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പുൽമൈതാനത്തിന്റെ മദ്ധ്യത്തിൽ സൂര്യരശ്മികളിൽ തിളങ്ങിനിൽക്കുന്ന ഗോപുരം ഒരു അത്ഭുതം തന്നെയാണ് കാണികളിൽ നിറക്കുന്നത്. ചത്വരത്തിലെ ഏറ്റവും തെക്കേ അറ്റത്തായിട്ടാണ് മോന്യൂമെന്റൽ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. ഒപേറ പാലസ് എന്ന കെട്ടിടവും ഞങ്ങൾ കണ്ടു. എല്ലാം ഓടിനടന്ന് കാണുന്നതിനിടയിൽ എല്ലാവരെയും ആകർഷിച്ചതും എല്ലാവരും കൂടുതൽ ക്യാമറയിലാക്കിയതും ചരിഞ്ഞ ഗോപുരം തന്നെ. ഗോപുരത്തെ തള്ളിനീക്കുന്നതും ഗോപുരത്തെ കൈവെള്ള ക്കടിയിൽ നിർത്തുന്നതും എല്ലാമായി ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. കുറേ വീഡിയോയും ചിത്രങ്ങളും പകർത്തി. അവിടെയെല്ലാം കുറേനേരം കറങ്ങി നടന്നു (ഒരു കൗതുക വർത്തമാനം കൂടി പറയട്ടെ. ഇപ്പോൾ ലോകത്തെ ഏറ്റവും ചരിഞ്ഞ കെട്ടിടം പിസാ ഗോപുരംഅല്ല. നിർമ്മാണ സമയത്തുതന്നെ ബോധപൂർവ്വം ചരിച്ച് പണിത അബുദാബിയിലെ ക്യാപിറ്റl ഗേറ്റ് എന്ന അംബരചുംബി ആണ് ഈ സ്ഥാനം കൈയടക്കിയിരിക്കുന്നത് 160 മീറ്ററിലധികം ഉയരമുള്ള ഇത് 35 നിലകളിൽ ആയിട്ടാണ് പണിതിരിക്കുന്നത്.5.5ഡിഗ്രി ചരിവ് ഉണ്ടായിരുന്ന പിസ ഗോപുരത്തിന്റെ ചരിവ് ഇപ്പോൾ 4ഡിഗ്രി ആണെങ്കിൽ ക്യാപിറ്റൽ ഗേറ്റ് ടവറിന്റെ ചരിവ് 18 ഡിഗ്രിയാണ് ) പുറത്തുകടന്നു. കൗതുകവസ്തുക്കൾ വാങ്ങാനുള്ള കടകളിൽ കയറി. ഭൂരിഭാഗവും ബംഗാളികളുടെ കടകളാണ്. സന്ദർശകരെ കടകളിലേക്ക് പിടിച്ചു വലിക്കുന്ന തിരക്കായിരുന്നു അവിടെ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കുന്നതിനായി പലതരത്തിലുള്ള സൂവനീറുകൾ അവിടെ നിന്നും വാങ്ങി.

11 :10നാണ് എല്ലാവരോടും ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ചേരേണ്ട സമയം പറഞ്ഞിരിക്കുന്നത്. ആ സമയത്ത് തന്നെ എല്ലാവരും അവിടെ എത്തി. അവിടെ നിന്നുംഉച്ചഭക്ഷണം കഴിക്കാൻ വേണ്ടിഉള്ള സ്ഥലത്തേക്ക് ഏകദേശം അഞ്ചു മിനിറ്റോളം നടക്കേണ്ടി വന്നു. ഭക്ഷണം വളരെ നേരത്തെയാണ്. പിസ പാസ്താ എന്നിവ കൂടാതെ പൂരി കടലക്കറി പുലാവ്, ഉരുളക്കിഴങ്ങ് മസാല, തൈര്, തേങ്ങാ കൊണ്ട് ഉണ്ടാക്കിയ ഒരു മധുരപലഹാരം ഇതെല്ലാം ആയിരുന്നു വിഭവങ്ങൾ. പന്ത്രണ്ടരയോടു കൂടി ഞങ്ങൾ വീണ്ടും റോഡ് ട്രെയിനിൽ ഞങ്ങളുടെ വാഹനം കിടക്കുന്ന സ്ഥലത്തേക്ക് യാത്രയായി. അപ്പോഴാണ് ഞങ്ങളുടെ സാരഥിയായ ഷായോൺ അദ്ദേഹത്തിന്റെ കഥ പറഞ്ഞത്.

അദ്ദേഹത്തിന് നാലു മക്കളും 3പേരകുട്ടികളും ഉണ്ടത്രേ! ഞങ്ങൾ 51 പേരുടെയും ഇരുപത് കിലോഗ്രാം വീതം ഭാരമുള്ള പെട്ടികൾ എത്ര അനായാസമായാണ് അദ്ദേഹം വണ്ടിയിൽ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത് എന്നോർത്ത് എല്ലാവരും അത്ഭുതപ്പെട്ടു. ഞങ്ങൾ വീണ്ടും യാത്ര പുറപ്പെട്ടു. ഏഴ് മണിക്കൂറോളം ഇനിയും യാത്ര ചെയ്യണം അടുത്ത സ്ഥലത്തെത്താൻ ജനീവയിലേക്ക് ആണ് ഇനി യാത്ര
( തുടരും….)
തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍
