അരുണാചലേശ്വരക്ഷേത്രം
അരുണാചലേശ്വരക്ഷേത്രം അഥവാ അണ്ണാമലയാർക്ഷേത്രം എന്നറിയപ്പെടുന്ന പുണ്യസ്ഥലം തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ അതേപേരുള്ള പട്ടണത്തിൽ അരുണാചലത്തിന്റെ അടിവാരത്ത് സ്ഥിതിചെയ്യുന്നു. ഇത് പരമശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് . പഞ്ചഭൂതങ്ങളുമായിബന്ധപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണിത്. പഞ്ചഭൂതസ്തംഭങ്ങളിൽ പ്രധാനപ്പെട്ട അഗ്നിലിംഗമാണിവിടെ. അല്ലെങ്കിൽ അഗ്നിമൂലകം .
ഇവിടെയുള്ള പരമേശ്വരനെ അഗ്നിലിംഗേശ്വരൻ എന്നും പരമേശ്വരപത്നിയായ പാർവതിയെ ഉണ്ണാമലൈ അമ്മൻ എന്നും പറഞ്ഞുവരുന്നു.
ഏഴാംനൂറ്റാണ്ടിലെ നായനാർ തമിഴ്സന്യാസികവികൾ എഴുതിയ തേവാരത്തിൽ ലോകാധിപനായ പരമേശ്വരനെ പ്രകീർത്തിക്കുന്നുണ്ട്. ഒമ്പതാംനൂറ്റാണ്ടിലെ ശൈവകവി മാണിക്കവാസഗർ തിരുവെമ്പാവ് എന്നകൃതി രചിച്ചത് ഇവിടെ വെച്ചാണ്
പത്തുഹെക്ടർ വിസ്തൃതിയുള്ള ഈ ക്ഷേത്രസമുച്ചയം ഇന്ത്യയിലെ ഏറ്റവുംവലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നാണ്. ഇതിന്റെ വിശാലമായപശ്ചാത്തലം കുളിർമയാർന്ന ജലാശയങ്ങളാലും സസ്യശ്യാമളമായ മലഞ്ചെരിവുകളാലും ശാന്തസുന്ദരമാണ്.
ക്ഷേത്രപരിസരത്ത് ഉയർന്നു നിൽക്കുന്ന നാലുഗോപുരങ്ങളിൽ 11 നിലകളും 66 മീറ്റർ ഉയരവും ഉള്ള കിഴക്കേഗോപുരമാണ് ഏറ്റവും വിശേഷപ്പെട്ടത്. സേവപ്പനായക്കർ നിർമ്മിച്ച ഈ ഗോപുരം ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ക്ഷേത്രഗോപുരങ്ങളിൽ ഒന്നാണ്.
ക്ഷേത്രസമുച്ചയത്തിൽ നിരവധി മണ്ഡപങ്ങളും ശില്പസമൃദ്ധമായ തൂണുകളും ഉണ്ട്. വിജയനഗരകാലത്ത് നിർമ്മിച്ച ആയിരംകാൽമണ്ഡപം വളരെ പ്രസിദ്ധമാണ്.
ഒമ്പതാം നൂറ്റാണ്ടിൽ ചോഴരാജവംശത്തിന്റെ കാലത്താണ് ഇന്നുകാണുന്ന കൊത്തുപണികളുള്ള സ്തംഭങ്ങളും മണ്ഡപങ്ങളും നിർമ്മിച്ചത് , എന്നാൽ പിന്നീടുണ്ടായ വിപുലീകരണങ്ങൾ സംഗമരാജവംശത്തിലെയും സാലുവരാജവംശത്തിലെയും തുളുവ രാജവംശത്തിലെയും വിജയനഗരഭരണാധികാരികളുടെ സംഭാവനയാണ്.
ഇവിടെ ഓരോമാസത്തിലും ഉത്സവമുണ്ട് . പന്ത്രണ്ട് വാർഷിക ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാർത്തികദീപോത്സവം നവംബർ – ഡിസംബർ മാസത്തിലുള്ള പൗർണ്ണമി ദിനത്തിൽ ആഘോഷിക്കപ്പെടുന്നു,
ഈ ദിവസങ്ങളിൽ കുന്നിൻ മുകളിൽ ഒരു വലിയവിളക്ക് ജ്വലിച്ചുകൊണ്ടിരിക്കും. ഇത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള ഗ്രാമങ്ങളിൽനിന്ന് കാണാൻകഴിയും. ഓരോവർഷവും മൂന്നുദശലക്ഷം തീർത്ഥാടകർ ഈ ജ്യോതിദർശനത്തിന്ന് സാക്ഷ്യം വഹിക്കുന്നു. ഓരോ പൗർണ്ണമിക്കും മുമ്പുള്ളദിവസം, തീർഥാടകർ ക്ഷേത്രത്തിന്റെ അടിത്തറയും അരുണാചലമലനിരകളും പ്രദക്ഷിണം വയ്ക്കുന്ന ഗിരിവലം എന്ന ചടങ്ങിൽ പ്രതിവർഷം ഒരുദശലക്ഷം തീർഥാടകർ പങ്കെടുക്കുന്നതായി കണക്കാക്കപ്പെടുന്നു.
പരമ്പരാഗതമായ വിശ്വാസമനുസരിച്ച് അരുണാചലത്തിന് മറ്റൊരു പ്രാധാന്യമുണ്ട്
“ജനനാകമലാലയേ
ദർശനാദഭ്രസദസി
കാശ്യാന്തുമരണേമുക്തി
സ്മരണാദരുണാചലം.”
അതായത് കമലാലയത്തിൽ (കുംഭകോണത്തിൻ) ജനിച്ചാൽ മുക്തി.
ചിദംബരത്തെ ദർശിച്ചാൽ മുക്തി.
കാശിയിൽ മരിച്ചാൽ മുക്തി
എന്നാൽ അരുണാചലത്തെ സ്മരിച്ചാൽത്തന്നെ മുക്തി എന്നാണ്. ഇത് സ്കന്ദപുരാണത്തിലുള്ള പ്രമാണമാണ്.
സ്കൂൾ അദ്ധ്യയനയാത്രയുടെ ഭാഗമായി ഒരുതവണ അരുണാചലം സന്ദർശിച്ചിട്ടുണ്ടെങ്കിലും റെയിൽവേസർവീസിൽനിന്ന് വിരമിച്ചശേഷമാണ് ഇവിടത്തെ രമണമഹർഷിയുടെ ആശ്രമത്തിൽ മാസംതോറും പോയിവരാറുള്ള ഒരുഡോക്ടർ എന്റെ സുഹൃത്തായത്. അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങൾ എനിക്കും പ്രചോദനമായിട്ടുണ്ട്. മനസ്സ് അസ്വസ്ഥമായ ഒന്നുരണ്ടുസന്ദർഭങ്ങളിൽ ഇവിടെയെത്തി ഞാനും ധ്യാനസ്ഥനായിട്ടുണ്ട്. ആശ്രമത്തിലെ ശാന്തമായഅന്തരീക്ഷവും കുളിർമയുള്ള നിശ്ശബ്ദതയും പലർക്കും വലിയ സമാധാനമായി അനുഭവപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് ഇവിടെ ക്ഷേത്രദർശനം നടത്തുവാൻ എത്തുന്നവർ രമണമഹർഷിയുടെ ആശ്രമപരിസരംകൂടി കണ്ട്, ഇവിടെയിരുന്ന് അല്പനേരം ധ്യാനിക്കുന്നത് പുതിയൊരു അനുഭവമായിരിക്കും.
തയ്യാറാക്കിയത്: പി. എൻ. വിജയൻ