17.1 C
New York
Tuesday, May 17, 2022
Home Travel തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ (7) ചിദംബരം

തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ (7) ചിദംബരം

പി.എൻ.വിജയൻ.

നമ്മളിപ്പോൾ ചിദംബരത്താണ് എന്ന് സങ്കൽപ്പിക്കുക. കടലൂർ ജില്ലയിൽ, ബംഗാൾ ഉൾക്കടലിന്റെ തീരത്തുനിന്ന് 15 കിലോമീറ്റർ പടിഞ്ഞാട്ടുമാറി, കാവേരിനദിയുടെ വടക്കുഭാഗത്താണ് ചിദംബരം എന്ന സ്ഥലം. ഇവിടെ തില്ലൈനടരാജക്ഷേത്രസമുച്ചയം 40 ഏക്കർ വിസ്തൃതിയിൽ ഏകദേശം സമചതുരത്തിൽ കിടക്കുന്നു.

ശൈവസിദ്ധാന്തമനുസരിച്ചുള്ള തീർത്ഥപാരമ്പര്യങ്ങളിൽ പ്രശസ്തമായ പഞ്ചമഹാലിംഗങ്ങളിൽ ഒന്നാണിത്. പണ്ടിവിടെ തില്ലൈമരങ്ങളുടെ (കണ്ടൽവനം) നിബിഡവനമായിരുന്നു. തില്ലെെനടരാജൻ എന്ന പേരിന് അടിസ്ഥാനം അതാണ്. ചിദംബരം – ചിത്തമാവുന്ന അംബരം, ജ്ഞാനാന്തരീക്ഷം എന്നും പറയാം. ചിത്രമ്പലം – ചിതമ്പലം – ചിദംബരം – ചിന്തയാൽ വസ്ത്രംധരിച്ച എന്നതുവരെ പലരും ഈ സങ്കല്പം വളർത്തിയിട്ടുണ്ട്.

സംഘസാഹിത്യകൃതികളിൽ ചിദംബരം പരാമർശിക്കപ്പെട്ടിട്ടില്ല. ആറാം നൂറ്റാണ്ടിലെ തമിഴ്കൃതികളിലാണ് ചിദംബരം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഏഴാംനൂറ്റാണ്ടിലെ തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ, സുന്ദരമൂർത്തി നായനാർ എന്നിവരുടെ തേവാരകൃതികളിലാണ് കുടൽ വിവരങ്ങൾ. പത്താം നൂറ്റാണ്ടിലെ മാണിക്യവാസകരുടെ തിരുവാസകം എന്ന കൃതി ചിദംബരത്ത് പാടി സമർപ്പിക്കപ്പെട്ടതാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചിദംബരമാഹാത്മ്യത്തിൽ മഹാവിഷ്ണു മോഹിനീരുപത്തിൽ നൃത്തം ചെയ്യുന്നതും കാമാതുരനായ പരമശിവൻ നടരാജരൂപത്തിൽ കൂടെ ആനന്ദനൃത്തം ചെയ്യുന്നതും വിവരിക്കുന്നുണ്ട്. പിറകെ വിഷ്ണുവിൽനിന്ന് ഈ ആനന്ദനൃത്തത്തിന്റെ കഥകേട്ട്, അതു കാണുവാൻ മോഹിച്ചഅനന്തൻ പതഞ്ജലി മഹർഷിയായി ഇവിടെവന്നു തപസ്സു ചെയ്തു എന്നും അദ്ദേഹത്തോടൊപ്പം തപസ്സിന്നായി മറ്റുമുനിമാർ സങ്കല്പിച്ച ധ്യാനലിംഗമാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ എന്നും പറയപ്പെടുന്നു.

ചിദംബരം പത്താംനൂറ്റാണ്ടു മുതൽ ചോഴരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ആദിത്യചോഴന്റെ കാലത്താണ് ക്ഷേത്രം വളർന്നുവലുതായത്. വിസ്തൃതമായ ചുറ്റമ്പലവും പ്രവേശനകവാടങ്ങളും ഗോപുരങ്ങളും ശിവഗംഗാ എന്ന തീർത്ഥക്കുളവും രഥചക്രങ്ങളുള്ള സൂര്യക്ഷേത്രവും ഐതിഹ്യങ്ങൾ കൊത്തിവെച്ച ചുമരുകളും തൂണുകളും ശില്പങ്ങളും കഥപറയുന്ന മണ്ഡപങ്ങളും എല്ലാം പിറകെ പണിതതാണ്‌.

ചോഴന്മാരുടെ പതനത്തിനു ശേഷം പാണ്ഡ്യന്മാരാണ് ക്ഷേത്രം സംരക്ഷിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ സുന്ദരപാണ്ഡ്യൻ കിഴക്കുഭാഗത്തു പുതിയൊരു ഗോപുരം പണിതു. നാട്യശാസ്ത്രമനുസരിച്ചുള്ള 108 ഭാവങ്ങൾ ഇതിൽ അതിമനോഹരമായി കൊത്തിയിട്ടുണ്ട്. പിറകെ വിജയനഗരസാമ്രാജ്യത്തിന്റെ കീഴിൽ വന്നപ്പോൾ കൃഷ്ണദേവരായരാണ് ഈ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്തത്. അതിനിടയിൽ അലാവുദ്ദീൻ കിൽജിയുടെ അക്രമണകാലത്ത് ക്ഷേത്രം കൊള്ളയടിക്കപ്പെടുകയും ബിംബങ്ങളും ശില്പങ്ങളും തകർക്കപ്പെടുകയും ഉണ്ടായി. വിവരംകിട്ടിയ ഉടനെ പ്രധാനവിഗ്രഹങ്ങൾ മണ്ണിൽകുഴിച്ചിട്ടതുകൊണ്ട് അക്രമികൾ കണ്ടില്ല. പതിനാറാം നൂറ്റാണ്ടിന്നുശേഷം വിജയനഗരസാമ്രാജ്യവും നശിച്ചപ്പോൾ മറ്റുക്ഷേത്രനഗരങ്ങളിൽ സംഭവിച്ചത് ഇവിടെയും ആവർത്തിച്ചു. പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും പിറകെ ബ്രിട്ടീഷുകാരും ക്ഷേത്രനഗരത്തിന്റെ അവകാശികളായി.

ചിദംബരത്ത് ശൈവവും വൈഷ്ണവവും ശാക്തേയവും ഒന്നിക്കുന്ന ഭക്തിസാന്ദ്രമായ അവസ്ഥയാണ്. ഇവിടത്തെ സൂര്യക്ഷേത്രത്തിൽ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പരമശിവന്റെയും ശിരസ്സുകളുള്ള സൂര്യഭഗവാൻ എല്ലാവരുടെയും സവിശേഷശ്രദ്ധ നേടുന്നു. മാത്രമല്ല നടരാജനായി പരമശിവനും മഹാവിഷ്ണുവും ശക്തിസ്വരൂപിണിയായി ശിവകാമിയും ആരാധനാമൂർത്തികളാണ്.

ഇവിടെ നിത്യവും ഉത്സവമാണ്. എങ്കിലും മാർഗഴി മാസത്തിലെ തിരുവോണമാണ് പ്രധാനം. അന്ന് മധുരയിലുള്ളതുപോലെ ശിവപാർവ്വതീകല്യാണം തിരുക്കല്യാണമായി ആഘോഷിക്കപ്പെടുന്നു. അലങ്കാരങ്ങളോടുകൂടി ദേവീദേവന്മാരെ അണിയിച്ചിരുത്തി രഥോത്സവം നടക്കുന്നു.

ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട ചിത്സഭയും കനകസഭയും പ്രസിദ്ധമാണ്. നൃത്തസഭ അഥവാ നാട്യസഭ 56 തൂണുകളുളള മനോഹരമായ മണ്ഡപമാണ്. ശിവനും മോഹിനിയും ഇവിടെയെത്തി നൃത്തമത്സരത്തിൽ പങ്കെടുത്തു എന്നാണ് ഐതിഹ്യം. ഊർദ്ധ്വതാണ്ഡവത്തിൽ (ഒരു കാൽ നേരെകുത്തനെ ഉയർത്തിയുള്ള നൃത്തം) പരമശിവൻ വിജയിച്ചുവെന്നും അതിനുകഴിയാതെ മോഹിനി പരാജയം സമ്മതിച്ചുവെന്നുമാണ് ഒരുകഥ.

നാട്യസഭയുടെ അടിത്തറ രഥത്തിന്റെ ആകൃതിയിലാണ്‌. രഥംവലിക്കുന്ന കുതിരകളും പിറകിൽ രഥചക്രങ്ങളും നിലത്തുനിന്ന് ആകാശത്തേയ്ക്ക് ഉയരുന്ന പ്രതീതിയാണ്. ചിദംബരവും ചിദംബരത്തെ നടരാജനും അതിന്നു പിറകിലെ ചിദംബരരഹസ്യവും വിവരണങ്ങൾക്ക് അതീതമാണ്. ഇത് ഇവിടെവന്ന് കാണുക, അനുഭവിക്കുക, മഹാന്മാരുടെയും സിദ്ധന്മാരുടെയും ഭക്തന്മാരുടെയും
കവികളുടെയും വലിയഅനുഭവങ്ങൾ അനുസ്മരിക്കുക. അങ്ങനെ ഈ പ്രപഞ്ചഘടനയുടെ താളമാവുക ഓംകാരത്തിന്റെ ഓളമാവുക, മഹാപൈതൃകത്തിന്റെ ഒരുഭാഗമാവുക… അങ്ങനെയൊക്കെ ചിന്തിക്കാവുന്നതാണ്.

ചിദംബരത്തെ പൂർണ്ണമായോ ഭാഗികമായോപോലും ഒരു കൊച്ചുകുറിപ്പിൽ സങ്കല്പിക്കാൻ പറ്റുകയില്ല . എങ്കിലും ഒരു എളിയശ്രമം. ഇതോടൊപ്പം സി. വി. ശ്രീരാമന്റെ ചിദംബരം എന്ന കഥയും
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണകൾ എന്ന അനുഭവക്കുറിപ്പുകളും ചേർത്തുവായിക്കുക. ചിദംബരം വായനക്കാരുടെ ചിദാകാശങ്ങളിൽ പ്രകാശിക്കട്ടെ.

പി.എൻ.വിജയൻ.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: