17.1 C
New York
Tuesday, September 26, 2023
Home Travel ട്രെവി ജലധാരക്കാഴ്ച്ചയും മറക്കാനാവാത്ത മറ്റു വിശേഷങ്ങളും.-(യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 31)

ട്രെവി ജലധാരക്കാഴ്ച്ചയും മറക്കാനാവാത്ത മറ്റു വിശേഷങ്ങളും.-(യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 31)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

ട്രെവി ജലധാരക്കാഴ്ച്ചയും മറക്കാനാവാത്ത മറ്റു വിശേഷങ്ങളും.-


വഴിയോരക്കാഴ്ചകൾ പകർത്തിക്കൊണ്ട്, അവർ പറയുന്ന നഗര പുരാണം കേട്ടുകൊണ്ട്  ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ ഞാൻ ഇരുന്നു.

 ഞങ്ങൾ കൊളോസിയത്തിന് അടുത്തെത്തുമ്പോൾ  സമയം ഒരു മണി ആകുന്നതേയുള്ളൂ. കത്തിജ്ജ്വലിക്കുന്ന മദ്ധ്യാഹ്ന സൂര്യൻ. പകൽ വെളിച്ചത്തിൽ കൊളോസിയം വേറൊരു അനുഭവമാണ് നൽകുന്നത്. പലവിധ പ്രകൃതിദുരന്തങ്ങളെയും, ആക്രമണങ്ങളെയും അതിജീവിച്ച്, നിഗൂഢത നിറച്ചു തലപൊക്കി കാലാതീതമായി നിൽക്കുന്ന  ആ നിർമ്മിതിയുടെ സ്രഷ്ടാക്കളുടെ കഴിവിന് മുന്നിൽ നമസ്കരിക്കാതെ വയ്യ. 

കൊളോസിയത്തിന്റെ ചുറ്റുവട്ടത്തായി വേറെയും  ചരിത്രസ്മാരകങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കോൺസ്റ്റാൻടൈൻ ആർച്ചു (Constantine Arch). എഡി 312ൽ പണിത കോൺസ്റ്റാൻടൈൻ ചക്രവർത്തിയുടെ പേരിലുള്ള ഈ യുദ്ധവിജയസ്മാരകം, റോമിലെ ഇന്നും നിലനിൽക്കുന്ന ഇത്തരത്തിലുള്ള മൂന്ന് സ്മാരകങ്ങളിൽ   പ്രധാനപ്പെട്ടതാണ്. 21 മീറ്റർ ഉയരവും 25.6 മീറ്റർ വീതിയുമായി മൂന്ന് കമാനങ്ങളുമായി ഇത് ഇന്നും ചരിത്രാന്വേഷികളെ ആകർഷിച്ചുകൊണ്ട് നിൽക്കുന്നു.കുറെ ചിത്രങ്ങൾ പകർത്തി പത്തുപതിനഞ്ച് നിമിഷങ്ങൾക്കുള്ളിൽ  വീണ്ടും ഞങ്ങൾ യാത്ര തുടങ്ങി.

വഴിയിൽ പിന്നെയും ധാരാളം ചരിത്രസ്മാരകങ്ങൾ കണ്ടിരുന്നു. അതെല്ലാം വാഹനത്തിൽ  ഇരുന്നുകൊണ്ടുതന്നെ  ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബസ്സിൽ നിന്നിറങ്ങി നടന്നുകൊണ്ട് കാഴ്ചകൾ  കണ്ടു നീങ്ങിത്തുടങ്ങി. റോമിലെ പല ചരിത്ര സ്ഥലങ്ങളിലേക്കും  വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല. അതിനാൽ എല്ലാവരും നടന്നാണു അതെല്ലാം കാണുവാൻ പൊയ്ക്കൊണ്ടിരുന്നത്. പാസ്പോർട്ട് എന്ന ഒരു ചെറിയ ബിൽഡിംഗ് കണ്ടു. അതിൽ ഒരു ത്രീഡി സിനിമാപ്രദർശനം ഉണ്ടെന്നും,  ട്രെവി ഫൗണ്ടൻ  കണ്ടതിനുശേഷം ഇത് കാണാനായി വരാമെന്നും രാമേട്ടൻ പറഞ്ഞു. അവിടേക്ക് നടക്കുന്നതിനിടയിൽ ആ നീരുറവയെപ്പറ്റിയുള്ള ഐതിഹ്യവും ചരിത്രവുമെല്ലാം വളരെ വിശദമായി ആ ഇറ്റാലിയൻ ഗൈഡ് പറഞ്ഞുകൊണ്ടിരുന്നു.

 പുരാതന റോമാ സാമ്രാജ്യത്തോളം പഴക്കമുള്ള ഈ ജലധാരയെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്. ദാഹാർത്തരായി വലഞ്ഞ പട്ടാളക്കാരെ പ്രകൃതിദത്തമായി ഒഴുകുന്ന ഒരു നീരുറവയുടെ ഉത്ഭവ സ്ഥാനത്തേക്ക് ഒരു കന്യക ആനയിച്ചുകൊണ്ട് പോയത്രേ. അതുകൊണ്ട് ഈ ജലസ്രോതസ്സിനെ അക്വാ വിർഗോ എന്ന് പേരിട്ടു വിളിക്കുവാൻ തുടങ്ങി.. കാലങ്ങളേറെ കഴിഞ്ഞപ്പോൾ നഗരത്തിലേക്കുള്ള ജലലഭ്യത ഉറപ്പാക്കുവാൻ വേണ്ടി പുരാതന റോമിലെ അതി സമർത്ഥരായ സാങ്കേതിക വിദഗ്ധർ ഒരു പദ്ധതി ഉണ്ടാക്കി  കുന്നുകളിൽ നിന്നുള്ള ജലധാരകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി തടങ്ങൾ ഉണ്ടാക്കി ശേഖരിച്ചു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതായ ഈ ജലസ്രോതസിന്റെ ഭംഗി നുകരാനായി ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കണക്കില്ല.

റോമിലെ മൂന്നു തെരുവുകളുടെ സംഗമസ്ഥാനം ആയതിനാലാണ്  ഇതിനു ട്രെവി എന്ന പേരുവന്നത് .1730 ൽ ജലധാരയുടെ പുനരുദ്ധാരണത്തിനായി ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പ ഒരു രൂപകല്പന മത്സരം നടത്തി. വിഖ്യാതരായ പല ശിൽപ്പികളെയും പിന്നിലാക്കി റോമാക്കാരനായ  നിക്കോള സാൽവി തന്നെ അതിനുള്ള അവകാശം നേടി.മനോഹരമായ കൊട്ടാരമുഖപ്പും ഗ്രീക്ക് ദേവന്മാരുടെ ശിൽപങ്ങളും എല്ലാം  നീരൊഴുക്കും ആയി  സംയോജിപ്പിച്ചുകൊണ്ടുള്ള രൂപഭംഗി ഇന്നും ആരെയും ആകർഷിക്കുന്നത് തന്നെ ആയിരുന്നു  l732 ൽ ഇതിന്റെ നിർമ്മാണം തുടങ്ങി. മദ്ധ്യത്തിലായി സമുദ്രദേവൻ ആയ ഓഷ്യാനസിന്റെയും സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും ദേവൻമാർ വശങ്ങളിലും. ഓഷ്യാനസിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്ന രണ്ടു കുതിരകൾ ഒന്നു ശാന്തരൂപിയും ഒന്ന് രൗദ്ര രൂപിയുമാണ്. ഇവ സമുദ്രത്തിന്റെ രണ്ടു ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു.1762 ഈ ജലധാര ഒഴുകിത്തുടങ്ങുമ്പോഴേക്കും ഇതിന്റെ ശിൽപ്പിയായ സാൽവി മരണപ്പെട്ട 11 വർഷം കഴിഞ്ഞിരുന്നു.  മനോഹരമായ ശില്പങ്ങൾ കൊണ്ട് അലംകൃതമായ  49 മീറ്റർ വീതിയും 26 മീറ്റർ ഉയരവുമുള്ള,ഈ ജലധാര എങ്ങനെ സഞ്ചാരികളെ ആകർഷിക്കാതിരിക്കും! ഇറ്റലിയിലെ  ഏറ്റവും പ്രശസ്തമായ ഒരു ജലധാരയാണിത്.

ചിത്രങ്ങൾ മനസ്സിലും ക്യാമറയിലും പകർത്തി കുറെ നേരം ഞങ്ങൾ അവിടെ നടന്നു. തെരുവോരത്തു ധാരാളം കടകൾ ഉണ്ട്. അവിടത്തെ ഐസ്ക്രീം വളരെ പേരു കേട്ടതാണെന്നും  ആ രുചി അനുഭവിച്ചറിയണമെന്നും അത്   ടൂർ പാക്കേജിൽ ഉള്ളതാണെന്നും പറഞ്ഞു  രാമേട്ടൻ ഞങ്ങൾക്കെല്ലാവർക്കും ഐസ്ക്രീം വാങ്ങാനുള്ള കൂപ്പൺ  തന്നു. ശശിയേട്ടന്റെ ഓഹരി ഞാനും  മാധുരിയും പങ്കിട്ടു.ചൂടുള്ള മദ്ധ്യാഹ്നത്തിൽ ഐസ്ക്രീം തണുപ്പ് നുണഞ്ഞിറക്കി  ഞങ്ങൾ നടക്കുമ്പോൾ ഒരു കാഴ്ച കണ്ടു. വിവാഹ വസ്ത്രങ്ങളോടെ, അന്നു വിവാഹിതർ ആയ നവദമ്പതികൾ  ബന്ധുക്കളും സുഹൃത്തുക്കളും കൂടി അവിടേക്ക് വരുന്നു. വരനും വധുവും ജലധാരക്ക് മുഖം പുറം തിരിഞ്ഞു നിന്നു തലയ്ക്കുമുകളിലൂടെ വെള്ളത്തിലേക്ക് നാണയത്തുട്ടുകൾ എറിയുന്നു. അങ്ങനെ പലരും ചെയ്യുന്നത് അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിച്ചത്.ആ കാഴ്ച കൗതുകകരമായി തോന്നിയതിനാൽ ഞങ്ങളത് വീഡിയോയിൽ പകർത്തി. അപ്പോഴാണ് ഗൈഡ് ഒരു ഐതിഹ്യം പറഞ്ഞത്.  വധുവരന്മാർ അങ്ങനെ ചെയ്താൽ അവരുടെ ദാമ്പത്യം ഐശ്വര്യ പൂർണമായി വളരെക്കാലം നീണ്ടുനിൽക്കും എന്നാണ് വിശ്വാസം.

 ജലധാരയിലെ മൂന്നു നാണയങ്ങൾ എന്ന ഹോളിവുഡ് ചിത്രത്തിൽ ഈ ഐതിഹ്യത്തെ വേറൊരു രീതിയിൽ  ചിത്രീകരിച്ചിട്ടുണ്ട് എന്നായി രാമേട്ടൻ വിസ്തരിച്ചു. ജലധാരയിലേക്ക്  ഒരു തവണ നാണയം എറിഞ്ഞാൽ ഒരിക്കൽ കൂടി നമ്മൾ റോമിൽ എത്തുമെന്നും,  രണ്ടാമത് എറിഞ്ഞാൽ നമ്മൾ അവിടെ എത്തുക മാത്രമല്ല ഇറ്റാലിയൻ സുന്ദരിയുമായി പ്രണയത്തിലാവും മൂന്നാമതും ഒരു നാണയം എറിഞ്ഞാൽ ആ പ്രണയം സഫലമാകും എന്നാണ് സിനിമാക്കഥ.  ആ പടത്തിന്റെ അനന്തരഫലം  കൊണ്ടാണോ ധാരാളം സന്ദർശകർ ഇവിടെ പണം എറിയാറുണ്ടെന്നായി രാമേട്ടൻ പറഞ്ഞു. എന്തായാലും ധാരാളമാളുകൾ നാണയം എറിയുന്നത് കണ്ടു. എല്ലാ ദിവസവും ഈ ജലധാരയന്ത്രം  ഒരു മണിക്കൂർ നിശ്ചലമാക്കി ഈ നാണയങ്ങൾ ശേഖരിച്ചു,അത് കാരിത്താസ് എന്ന റോമൻ കാത്തലിക് സന്നദ്ധ സംഘടനയ്ക്ക് കൈ മാറുന്നു. ആ നാട്ടിലെ പാവപ്പെട്ടവർക്കും വീടില്ലാത്തവർക്കും സാന്ത്വനമേകാൻ ആ തുക ഉപയോഗിക്കുന്നു. ചിത്രം സിനിമയിൽ ലാലേട്ടൻ പറഞ്ഞത് പോലെ എന്തെല്ലാം മനോഹരമായ ആചാരങ്ങൾ!   

ഐതിഹ്യങ്ങളും ആചാരങ്ങളും സമൂഹനന്മയ്ക്ക് ഉതകുമെങ്കിൽ അത് പിന്തുടരുന്നത് നല്ലതാണെന്ന് എനിക്ക് തോന്നി. ഞങ്ങളുടെ കൂട്ടത്തിൽ ആരും അവിടെ പണം ഇട്ടതായി കണ്ടില്ല. “ഉള്ളതിനെ വച്ചുപൊറുപ്പിക്കാൻ വയ്യ പിന്നെ ഇനി ഇറ്റാലിയൻ സുന്ദരി കൂടി വന്നാൽ പുലിവാൽ ആകും ‘എന്ന് പറഞ്ഞു ശശിയേട്ടനും രഘുവേട്ടനും ചിരിച്ചു.

 പിന്നീട് ഞങ്ങൾ കാണാൻ പോയത് പാന്തിയോൺ എന്ന ഏകദേശം രണ്ടായിരം വർഷത്തോളം പഴക്കമുള്ള ഇപ്പോൾ ഒരു കാത്തലിക് പള്ളിയായി നിൽക്കുന്ന ചരിത്രസ്മാരകം കാണാൻ ആണ്. എല്ലാ ദേവന്മാരുമായി ബന്ധപ്പെട്ടതോ പൊതുവായതോ  എന്നാണ് പാന്തിയോൺ എന്ന വാക്കിന്റെ അർത്ഥം. ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടം ഇതിന്റെ മുകളിലുള്ളത്  ആണത്രേ.

 കുറച്ചുനേരം കൂടി അവിടത്തെ കാഴ്ചകൾ കണ്ടതിനുശേഷം ഞങ്ങൾ പാസ്പോർട്ട് എന്നെഴുതിയ കടയുടെ മുന്നിലെത്തി. അപ്പോൾ ഞങ്ങൾക്ക് ശുഭയാത്ര നേർന്നു കൊണ്ട് ഇറ്റാലിയൻ ഗൈഡ് പോയി. ഒരു ചെറിയ വാതിലിലൂടെ പ്രവേശിക്കുന്നത് സുവനീറുകൾ വിൽക്കുന്ന സ്ഥലത്തേക്കാണ്. ഒരു ഷോ നടക്കുന്നതിനാൽ ഞങ്ങളെല്ലാവരും അവിടുത്തെ കാഴ്ചകൾ കണ്ടുനിന്നു. അവിടെ കണ്ട ഒരു പ്രത്യേക പ്രതിമ എനിക്ക് വളരെ ഇഷ്ടമായി അതിനാൽ അതിനു മുന്നിൽ വച്ച് ഒരു ഫോട്ടോ എടുത്തു. അപ്പോഴേക്കും ഞങ്ങൾക്ക് തിയേറ്ററിനുള്ളിൽ കടക്കാനുള്ള സമയമായിരുന്നു. പടിപടിയായി ഉയരങ്ങളിലേക്ക് കയറുന്ന  രീതിയിലായിരുന്നു ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും മുകളിലത്തെവരിയിലെ ഇരിപ്പിടത്തിൽ ആണ് ഞങ്ങൾ ഇരുന്നത്. പുരാതന റോമിലെ ചരിത്രം പറയുന്ന (TIME ELEVATOR ROMA എന്ന multi sensorial and dynamics show )സിനിമ ആയിരുന്നു അത്. സ്പെഷ്യൽ കണ്ണടയും ഇയർഫോണും എല്ലാം വച്ചാണ് ഫിലിം കാണുന്നത്.
നീറോ ചക്രവർത്തിയും മറ്റുള്ള ചക്രവർത്തിമാരും ഗ്ലാഡിയേറ്റർമാരെല്ലാം മുന്നിൽ വന്നുമറഞ്ഞു കൊണ്ടിരുന്നത് ഒരു സ്വപ്നം പോലെ അനുഭവപ്പെട്ടിരുന്നുള്ളൂ. സമ്പന്നമായ റോമൻ  ചരിത്രം മുഴുവൻ പ്രേക്ഷകർക്കു  മുൻപിൽ വിശദീകരിക്കുന്ന സിനിമ. ചൂടുള്ള കാലാവസ്ഥയിൽ നിന്നും ഏസിയുടെ സുഖകരമായ ശീതളിമയിൽ എത്തിയപ്പോൾ  അറിയാതെ പലപ്പോഴും കണ്ണുകൾ അടഞ്ഞു കൊണ്ടിരുന്നു. ചിലരുടെ കൂർക്കംവലി നല്ലപോലെ കേട്ടു. സിനിമ കഴിഞ്ഞത് ആരും അറിഞ്ഞില്ല. പുറത്തിറങ്ങുന്നത് നേരിട്ട് റോഡിലേക്ക് ഇറങ്ങുന്ന ഒരു വാതിലൂടെ ആയിരുന്നു. ഇറങ്ങുന്നതിനു മുൻപ് ഞങ്ങൾക്ക് എല്ലാവർക്കും അവർ റോമൻ ചരിത്ര സ്തംഭങ്ങളുടെ ചെറിയകൗതുകരൂപങ്ങൾ  സമ്മാനിച്ചു. അത് പോക്കറ്റിലേക്ക് ഇട്ടുകൊണ്ട്  ബസ്സിലേക്ക് നടക്കുന്നതിനിടയിലാണ് ഫോൺ നഷ്ടപ്പെട്ട കാര്യം ശശിയേട്ടൻ അറിഞ്ഞത്. അപ്പോഴാണ് ഫോൺ സീറ്റിൽ വെച്ചിട്ടാണ് ഇരുന്നിരുന്നത് എന്ന  കാര്യമോർത്തത്. അത് പറഞ്ഞപ്പോൾ  എന്തോ വീഴുന്ന ശബ്ദം കേട്ടു എന്നായി തൊട്ടു മുമ്പിൽ ഇരുന്നിരുന്ന സ്ത്രീകളിൽ ഒരാൾ പറഞ്ഞു. അപ്പോൾ തന്നെ ആ ഫോണിലേക്ക് വിളിച്ചുനോക്കി. അത് സ്വിച്ച് ഓഫ് ആയിരുന്നു.( കിട്ടിയവർ സ്വിച്ച് ഓഫ് ആക്കിയത് ആകാം ) സമയം വൈകുമെന്ന് പറഞ്ഞ് രാമേട്ടൻ ബഹളം കൂട്ടിയെങ്കിലും അവിടെ പോയി അന്വേഷിക്കാൻ തയ്യാറായി അപ്പോഴേക്കും അവിടെ അടുത്ത പ്രദർശനത്തിനുള്ള  കാണികൾ  കയറിയിരുന്നു. എങ്കിലും അഞ്ചുമിനിറ്റ് നിർത്തി നോക്കാം എന്ന് പറഞ്ഞു രാമേട്ടനെയും ശശിയേട്ടനെയും  അതിനുള്ളിലേക്ക് കൊണ്ടുപോയി. കുറച്ചുനേരം തപ്പി നോക്കിയെങ്കിലും അത്  കിട്ടിയില്ല. ഫോൺ നഷ്ടപ്പെട്ടതിനേക്കാൾ സങ്കടം രണ്ടുമൂന്നു ദിവസത്തെ യാത്രകളുടെ മനോഹരമായ ദൃശ്യങ്ങൾ നഷ്ടപ്പെട്ടത് ആയിരുന്നു. (അത് ഇന്നു ആലോചിക്കുമ്പോഴും ഞങ്ങൾക്ക് വിഷമം തോന്നാറുണ്ട്. ചിത്രങ്ങൾ നഷ്ടപ്പെട്ടെങ്കിലും ദൃശ്യങ്ങൾ ഇപ്പോഴും മനസ്സിൽ ഉണ്ടല്ലോ എന്ന് സമാധാനിക്കാൻ മക്കൾ പറയും)
 ഉടൻതന്നെ പ്രശാന്തിനെ വിളിച്ച് ഫോൺ ലോക്ക് ചെയ്തു എല്ലാ പാസ്‌വേർഡുകളും മാറ്റി. അല്ലാതെ ഒന്നും ചെയ്യാൻ നിർവാഹമില്ലല്ലോ. ആ സ്ഥാപനത്തിൽ ഉള്ളവർക്ക് കിട്ടിയാൽ അവർ എന്തായാലും വിളിച്ചു തരുമെന്ന് രാമേട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു. അതൊരിക്കലും സംഭവിക്കാൻ ഇടയില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. 

 പിന്നീട് ഇന്നത്തെ യാത്രയിലുടനീളം ശശിയേട്ടൻ മൗനി ആയിരുന്നു. ഞങ്ങൾ വാഹനത്തിൽ കയറി യാത്ര തുടങ്ങി. സമയം  4:30 കഴിഞ്ഞിരുന്നു. ഇന്നത്തെ താമസ സ്ഥലത്ത്എത്താൻ ഇനിയും നാലു മണിക്കൂറിലധികം യാത്ര ചെയ്യണം ചൂട് ഇപ്പോഴും കുറഞ്ഞിട്ടില്ല. കുന്നുകളും  പുൽമേടുകളും പിന്നിട്ടു കൊണ്ട് സഞ്ചാരം തുടർന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ പെട്രോൾ സ്റ്റേഷനുകൾ കാണുന്നുണ്ടായിരുന്നു. കോച്ചിൽ സൽമാൻഖാൻറെ ടൈഗർജിൻഡാ ഹൈ എന്ന പടം ഓടിക്കൊണ്ടിരുന്നു.ഇപ്പോൾ അന്തരീക്ഷം ഒരല്പം മാറിയിട്ടുണ്ട്. അതിനാൽ ബസ്സിലെ എ.സിക്കു തണുപ്പ് തോന്നുന്നുണ്ട്. ഏഴുമണിയോടെ എല്ലാവരും  ഒരു സ്ഥലത്ത് ഇറങ്ങി. ചായ/കാപ്പി കുടിച്ചു  എല്ലാവരും ഒന്ന് ഫ്രഷ് ആയി. അര മണിക്കൂർ ആകുമ്പോഴേക്കും വീണ്ടും വാഹനത്തിൽ കയറി. സമയം ഏഴരയോടടുക്കുന്നു. സൂര്യൻ അസ്തമിച്ചിട്ടില്ല മഴക്കാറു കാരണം കാണുന്നില്ലെങ്കിലും നല്ല വെളിച്ചം ഉണ്ട്. മനോഹരമായ ദൃശ്യങ്ങൾ ആണെങ്കിലും ക്യാമറയിൽ പകർത്തുന്നത് നിർത്തി. സ്റ്റോറേജ് ഫുൾ ആകാറായി. (മനസ്സെന്ന ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ ഇന്നും ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്നു ) മഴക്കാറുകൾക്കിടയിൽ പോയി ഒളിച്ചിരുന്ന സൂര്യേട്ടൻ ഇപ്പോൾ പൂർവ്വാധികം ശോഭയോടെ തെളിഞ്ഞുനിൽക്കുന്നു. ഭൂപ്രകൃതി വീണ്ടും മാറി  വലിയ മലനിരകളാണ് ഇപ്പോൾ കാണുന്നത്. മലകൾക്ക് അപ്പുറത്ത് മറഞ്ഞിരിക്കുന്ന സൂര്യന്റെ രശ്മികൾ കുറച്ച് മേഘാവൃതമായ ആകാശത്ത് പതിക്കുമ്പോൾ മലയുടെ മുകൾ ഭാഗത്തിന് ഒരു പ്രത്യേക ചാരുത. ഇറ്റലിയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര. ഇന്നും ഇറ്റലിയിൽ (പിസ)ആണ് താമസം നാളെയാണ് പിസ കാണാൻ പോകുന്നത്.

 വീണ്ടും തങ്കവിഗ്രഹം പോലെ തിളങ്ങുന്ന അസ്തമയ സൂര്യന്റെ കാഴ്ച. 8 31 കഴിഞ്ഞപ്പോൾ സൂര്യൻ മറഞ്ഞു. എങ്കിലും പോകാൻ മടിച്ചു  നിൽക്കുന്ന ആ പാടലവർണ്ണത്തിന്റെ അഭൗമ സൗന്ദര്യത്തിൽ കുളിച്ചുനിൽക്കുന്ന ആകാശവും ഭൂമിയും.”വൗ! ബ്യൂട്ടിഫുൾ! നാം അറിയാതെ പറഞ്ഞു പോകും. മനോഹരമായ സമതലങ്ങളും കൃഷിസ്ഥലങ്ങളും ആണ്. ഇപ്പോൾ ഏതോ പട്ടണത്തിൽ കൂടിയാണ് യാത്ര. വീടുകളും വ്യവസായ സ്ഥാപനങ്ങളും കാണുന്നുണ്ട്. ബോർഡുകൾ ഒന്നും വായിക്കാൻ കഴിയാത്തതിനാൽ ഒന്നും മനസ്സിലാവുന്നില്ല ബസ്സിൽ മുൻസീറ്റിൽ ആണ്‌. അധികം പ്രത്യേകതയുള്ള സ്ഥലം ആകാത്തതിനാലാവാം  വിശദീകരണവും കേട്ടില്ല..

 ഇന്ത്യൻ രീതിയിൽ ഉള്ള അത്താഴം കഴിച്ചു പിസയിലുള്ള  കണ്ട്രി ക്ലബ് എന്ന  ഇന്നത്തെ താമസസ്ഥലത്ത് എത്തുമ്പോൾ രാത്രി ഒമ്പതരയോടടുത്തിരുന്നു.ഇന്ന് അനുഭവിച്ചറിഞ്ഞ  സംഭവങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് കിടക്കുമ്പോൾ നിദ്രാദേവി എപ്പോഴാണ് പുൽകിയതെന്ന് അറിഞ്ഞില്ല 
തുടരും…

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ ഭദ്രാസനം

ന്യൂയോർക്ക്: കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന -...

“ദൈവത്തെ അന്വേഷിക്കുന്നവരും ദൈവ  ദൈവഭയത്തിൽ  ഉപദേശിക്കുന്നവരും ആയിരിക്കണം ശുശ്രൂഷകൻമാർ” ഷാജി പാപ്പച്ചൻ. 

ഡാളസ്:  ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ  ദൈവത്തെ അന്വേഷിക്കുന്നവരും  ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ  ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി  തീരുകയുള്ളൂ എന്ന് മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ...

ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കും.

ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ...

SOCIAL MEDIA INFLUENCING: Challenges and scopes

INDO AMERICAN PRESS CLUB proudly presents for the first time in the history of Media Conferences, Social Media Influencers- their challenges and scope. We...
WP2Social Auto Publish Powered By : XYZScripts.com
error: