17.1 C
New York
Friday, September 17, 2021
Home Travel കവിതകൾ വിരിയുന്ന കടൽ തീരങ്ങൾ (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 43)

കവിതകൾ വിരിയുന്ന കടൽ തീരങ്ങൾ (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 43)

പത്മിനി ശശിധരൻ✍


രാവിലെ നേരത്തെ ഉണർന്നെങ്കിലും വേറെ ഒന്നും ചെയ്യാനില്ലാത്തതിനാൽ കുറച്ചു നേരം വെറുതെ കിടന്നു. പിന്നെ എഴുന്നേറ്റു കുളിച്ചു. കഴുകിയ തുണിയെല്ലാം ഉണക്കണമെങ്കിൽ താഴേക്ക് പോകണം. അവിടെയും മുറ്റത്ത് വെയിൽ വീഴുന്നത് വളരെ കുറവാണ്. ചുറ്റിലും നല്ല ഉയരത്തിലുള്ള മരങ്ങളാണ്. ഏകദേശം ഒരു ചെറിയ വനം പോലെയുണ്ട്.വളരെ ശാന്തവും സുന്ദരവുമായ അന്തരീക്ഷം.താമസിക്കുന്ന വീട് കൂടാതെ വേറെ മൂന്നാല് വീടുകൂടി അവിടെയുണ്ട്. താഴെയിറങ്ങി വാതിൽതുറന്നു സ്റ്റാൻഡ് പുറത്തുവച്ച് തുണിയെല്ലാം  ഇട്ടു.

അവരുടെ അടുക്കളയിൽ വലിയ പരിചയമില്ലെങ്കിലും പാത്രങ്ങളും തേയിലയുമെല്ലാം തപ്പിയെടുത്തു ചായയുണ്ടാക്കി. കുടിക്കാൻ തുടങ്ങുമ്പോഴേക്കും  നിഖിലും പ്രജക്തയും എഴുന്നേറ്റു വന്നു. എന്തിനാണ് ഇത്ര നേരത്തെ എഴുന്നേറ്റ് വന്നത് എന്ന് ചോദിച്ചു നിഖിൽ പരിഭവം പറഞ്ഞു.അവർ വിസമ്മതിച്ചെങ്കിലും പ്രഭാത ഭക്ഷണം ഉണ്ടാക്കാൻ ഞാനും പ്രജക്തയുടെ കൂടെ കൂടി. ഞാൻ അവർക്ക് നമ്മളുടെ ഗോതമ്പ് ദോശയും നല്ല ഉള്ളിച്ചമ്മന്തിയും ഉണ്ടാക്കിക്കൊടുത്തു. അത് അവർക്ക് വളരെ ഇഷ്ടപ്പെട്ടു.പിന്നീട് പുറത്തു പോകേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഞങ്ങൾക്ക് സ്ഥലമൊന്നും അറിയാത്തതിനാൽ എല്ലാം നിഖിലിനോട് തന്നെ തീരുമാനിക്കാൻ പറഞ്ഞു . എന്നാൽ മനോഹരമായ ചില കടൽത്തീരങ്ങൾ കാണിച്ചു തരാം എന്നായി നിഖിൽ.പ്രഭാതഭക്ഷണം  കഴിഞ്ഞു11:30 കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നും യാത്ര പുറപ്പെട്ടു.

Bournmouth എന്ന  കടൽത്തീരം  ആയിരുന്നു  ഇന്നത്തെ യാത്രയിലെ ആദ്യ ലക്ഷ്യം. അവരുടെ താമസസ്ഥലമായ  ബ്രാക്കണേൽ പട്ടണത്തിൽ നിന്നും 70 മൈലാണ് അവിടേക്കുള്ള ദൂരം.  ഏകദേശംരണ്ടു മണിക്കൂർ നീളുന്ന യാത്രയാണ് എന്ന് നിഖിൽ പറഞ്ഞു.

നിഖിലിന്റെ വീട്ടിൽ നിന്നും പ്രധാന പാതയിലേക്ക് എത്തുന്ന വഴി എന്നെ പല ഓർമ്മകളിലേക്കും കൊണ്ടുപോയി.ഇരുവശത്തും കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും കാടും പോലെയുള്ള സ്ഥലങ്ങൾ. പഴയകാലത്തെ നമ്മുടെ നാട്ടിൻപുറത്തെ  ഇടവഴികൾ പോലെ.റോഡിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ആളുകൾ ജോലിക്ക് പോകുന്ന സമയമല്ലാത്തതു കൊണ്ടാകാം.ധ്രുവ് (നിഖിലിന്റെ മോൻ )നല്ലപോലെ ഞങ്ങളുമായി ഇണങ്ങിയിരുന്നു.. അതിനാൽ അവൻ കുറച്ചു കുസൃതികളുമായി ഇരുന്നു.ഉറക്കം ശരിയാവാത്തതു കൊണ്ടാവാം നല്ല ക്ഷീണം ഉണ്ടായിരുന്നു.  കുറച്ചുനേരം അറിയാതെ കണ്ണുകളടഞ്ഞു പോയി.


ഏകദേശം രണ്ടു മണിയോടെ അവിടെ  എത്തി. കാർ പാർക്ക് ചെയ്യാൻ പോലും  ബുദ്ധിമുട്ട് ഉള്ളത്ര തിരക്ക് നല്ല  വെയിൽ ഉണ്ടായിരുന്നു.എങ്കിലും കടപ്പുറത്തു നിറയെ ജനക്കൂട്ടം ആയിരുന്നു. സ്വദേശികളും  വിദേശികളും ആയി, നീന്തുന്നവരും കുളിക്കുന്നവരും,കുളി കഴിഞ്ഞു പേരിനു മാത്രം വസ്ത്രം  ധരിച്ചു മണലിൽ കിടന്നു വെയിൽ കായുന്നവരും.കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ  വരെ അക്കൂട്ടത്തിലുണ്ട്.അതിനിടയിൽ  രസകരമായ ഒരു കാഴ്ച കണ്ടു. (നമ്മൾ മലയാളികൾക്ക് കൗതുകകരം ആണെങ്കിലും അവർക്ക് അതൊരു കാഴ്ചയെ അല്ല )കടലിൽ നീന്തി കുളിച്ചു വന്ന അതേ നീന്തൽ വസ്ത്രത്തിൽ  ഒരു യുവതി മണ്ണിൽ കമിഴ്ന്നു കിടക്കുന്നു. കൂട്ടുകാരനോട് പിണങ്ങിയാണാ കിടപ്പെന്ന് തോന്നുന്നു. അവളുടെ കൂട്ടുകാരൻ ആയ യുവാവ് (ഭർത്താവാണോ കാമുകൻ ആണോ എന്നെനിക്കറിയില്ല) നല്ല ചൂടുള്ള പൂഴിമണൽ എടുത്ത് ഇക്കിളിപ്പെടുത്തുന്ന വിധത്തിൽ അവളുടെ പുറത്തും  നിതംബങ്ങൾക്കിടയിലും തൂകിക്കൊണ്ടിരിക്കുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾ എണീറ്റു. രണ്ടുപേരും കെട്ടിപ്പിടിച്ച്  വീണ്ടും കടലിലേക്ക് പോയി.

നല്ല തെളിഞ്ഞ നീലക്കടൽ .നല്ല വെയിൽ ഉണ്ടെങ്കിലും തീരെ ചൂട് ഉണ്ടായിരുന്നില്ല. സുഖദമായ കാറ്റും, നടക്കുമ്പോൾ പൂഴ്ന്നു പോകുന്ന കാലടികളിൽ കുളിരുകോരിയിടുന്ന നനുത്ത മണ്ണും. ഷൂസെല്ലാം അഴിച്ചു വെച്ചു ഞാനും കടലിൽ ഇറങ്ങി. “ഹോ !എന്താ ഒരു തണുപ്പ്.” ഇടയ്ക്കിടെ കടപ്പുറത്തു പോയിരുന്ന ബാല്യ കൗമാര്യകാലസ്മൃതികൾ  അയവിറക്കി. പൂഴിമണ്ണിൽ  കൊട്ടാരം പണിയുന്ന കുട്ടികൾ.ചിലരുടെ ഒപ്പം അച്ഛനും അമ്മയും. അതുകണ്ടപ്പോൾ എനിക്കും ഒരു മോഹം.താഴെ ഇരിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ  മോഹം മനസ്സിൽ അടക്കി.കടലിൽ ഓടി നടന്നു കക്ക പെറുക്കിയപ്പോൾ വല്ലാത്ത ഒരു ഊർജ്ജവും ഉത്സാഹവും സിരകളിൽ  നിറയുന്നു.

കുട്ടികൾക്കും വലിയവർക്കും വേണ്ടിയുള്ള പല വിനോദോപാധികളും  കടൽ തീരത്ത് ഒരുക്കിയിട്ടുണ്ട്. റോപ്പ് സ്ലൈഡിങ്, സർഫിങ് ഓഷ്യനേറിയം (ocenarium )തുടങ്ങി  പലതും.അവിടെയും റോഡിനിരുവശത്തും നിറയെ വൃക്ഷലതാദികൾ  ഉണ്ടായിരുന്നു.

അവിടെ നിന്നും 5മണിയോടെ ഇറങ്ങി.  വരുന്ന വഴിയിൽ ഐസ്ക്രീം കഴിച്ചതു കൊണ്ട് വിശപ്പ് തോന്നിയില്ല.എങ്കിലും നിഖിലിന്റെ നിർബന്ധം കാരണം ഒരു ചെറിയ പനീർപഫ്‌സും പഴങ്ങളും  കഴിച്ചു. അവിടെ  നിന്നും ഞങ്ങൾ ഇറങ്ങി പിന്നീട് പോയത് ദര്ടില്‍Durdle door എന്ന കടൽത്തീരത്തേയ്ക്കായിരുന്നു. ഏകദേശം ഒന്നേമുക്കാൽ മണിക്കൂറിലധികം എടുത്തു അവിടെ എത്താൻ.കണ്ട കടൽത്തീരത്തെക്കാൾ മനോഹരമായിരുന്നു അവിടം.

ഒരു  മലയുടെ മുകളിലാണ് ഞങ്ങളുടെ വണ്ടി കൊണ്ട് നിർത്തിയത്. അകത്തേക്ക് കടക്കുമ്പോൾ തന്നെ  കാർ പാർക്കിംഗ് സൗകര്യത്തിനു ടിക്കറ്റ് എടുക്കണമായിരുന്നു. അതിനു check in /checkout system ഉപയോഗിക്കണം. ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് വ്യക്തമായ തീരുമാനം ഉണ്ടെങ്കിൽ കാർ പ്ലേറ്റ് നമ്പറിനോടൊപ്പം check in /checkout time ടൈപ്പ് ചെയ്താൽമെയിൻ സ്‌ക്രീനിൽ  അടക്കേണ്ട തുക തെളിയും അപ്പോൾ അത് അടയ്ക്കാം. അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കൊണ്ട് ടാപ്പ് ചെയ്തു കാർഡ് അതിന്റെ സ്ലോട്ടിൽ ഇടുകയുംചെയ്യണം അപ്പോൾ പൈസ എടുക്കില്ല. തിരിച്ചു പോരുന്ന സമയം ചെക്ക് ഔട്ട് സിസ്റ്റത്തിൽ കാർഡ് ഇടുമ്പോൾ ചെലവഴിച്ച സമയത്തിന്റെ തുക എടുക്കും. നിഖിൽ അതാണ് ചെയ്തത്. ഇവിടെ വന്നാൽ എത്ര സമയമാണ്  ചെലവഴിക്കുന്നതെന്നറിയില്ലെന്നാണു അവൻ  പറഞ്ഞത്. മാർച്ച് ഒന്നു മുതൽ ഒക്ടോബർ 31 വരെ പാർക്കിംഗ് രാത്രി 10 മണി വരെയും നവംബർ മുതൽ ഫെബ്രുവരി അവസാനം വരെ നാലു മണി വരെയുമാണ് ഉണ്ടാവുക. ഒരു മില്യണിലധികം സന്ദർശകരാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്. ഈ കിട്ടുന്ന തുക,വരും തലമുറയ്ക്ക് വേണ്ടി യുനെസ്കോ പൈതൃക സ്ഥലമായി അംഗീകരിച്ചിട്ടുള്ള  ഈ പ്രദേശം  സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നുവെന്നാണ് അവിടെ എഴുതി വെച്ചിരിക്കുന്നത്. അവിടെ കുറച്ചു ഓഫീസുകളും ടോയ്‌ലറ്റുകളും കണ്ടു. അവിടെനിന്നും കുറച്ച് കുത്തനെയുള്ള ഇറക്കം നടക്കണം. മഴപെയ്താൽ ചെളികെട്ടുന്ന സ്ഥലം. അതുകഴിഞ്ഞാൽ കുറച്ചുദൂരം സമതലം  പോലെ. പിന്നെയും അധികം വീതിയില്ലാത്ത ഒരു പാതയിലൂടെ നടക്കണം. അവിടെ നിന്നു നോക്കിയാൽ മൂന്നു ഭാഗത്തും കടൽ കാണാം. ആ കാഴ്ച വിസ്മരിക്കാനാവില്ല, അതിന്റെ മനോഹാരിത വർണ്ണിക്കാനും ആവില്ല..


അവിടെനിന്ന് താഴേക്ക് കുറെ പടികൾ ഇറങ്ങി പോയാൽ കടലിൽഎത്തും. ഒരുഭാഗത്ത് ഇറങ്ങാതിരിക്കാൻവേണ്ടി കമ്പി കൊണ്ട് കെട്ടിയിട്ടുണ്ടെങ്കിലും പലരും അതിലെ ഊർന്നിറങ്ങുന്നതു  കണ്ടു. സത്യം പറഞ്ഞാൽ നമ്മുടെ ആവേശം തടഞ്ഞുനിർത്താൻ ഭയങ്കര ബുദ്ധിമുട്ടാണ്. അത്രയ്ക്കും മനം കവരുന്ന കാഴ്ച.  പടികൾ ഇറങ്ങാൻ എന്നെ ശശിയേട്ടൻ സമ്മതിച്ചില്ല കാലിന് പ്രശ്നമുള്ളതുകൊണ്ട്. അവരെല്ലാം ഇറങ്ങി പോകുന്നത് കണ്ടു സങ്കടവും ദേഷ്യവും ഉള്ളിലടക്കി ഞാനങ്ങനെ നിന്നു. നിഖിൽ വളരെയധികം നിർബന്ധിച്ചെങ്കിലും ശശിയേട്ടൻ സമ്മതിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ താഴെ നിന്നും ഒരു വയസ്സായ മദാമ്മ കയറിവരുന്നു. മുകളിലെത്തിയപ്പോൾ അവർ കൈ രണ്ടും ഉയർത്തിപ്പിടിച്ച് എനിക്ക് 78 വയസ്സായി.എനിക്ക് കഴിഞ്ഞു  ഞാൻ ഇതു ചെയ്തു എന്നു പറഞ്ഞു ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. അതു കണ്ടതോടെ എനിക്കും വാശിയായി. ഞാനും എന്തായാലും ഇറങ്ങും എന്ന് പറഞ്ഞു. താഴത്ത് നിന്നും  ശശിയേട്ടൻ മുകളിലേക്ക് കയറിവന്നു. ഞാനും ഇറങ്ങാൻ തുടങ്ങി. മല വെട്ടിയെടുത്തു ഉണ്ടാക്കിയ പല വലിപ്പത്തിലും പല ആകൃതിയിലും ഉള്ള പടികൾ. ഒരു പടി വീതി കുറഞ്ഞതും നീളം കൂടിയതുംആണെങ്കിൽ അടുത്തത്  നേരെ വിപരീതമായിരിക്കും.  146 പടികൾ ഉണ്ടായിരുന്നു ഞാൻ അത് എണ്ണി.( പൊതുവേ പടികൾ  കയറുമ്പോൾ എണ്ണുക എന്നുള്ളത് എന്റെ ഒരു ശീലമാണ്). താഴെ എത്തിയപ്പോൾ പല വർണ്ണങ്ങളിലുള്ള ചെറിയ ചെറിയ കല്ലുകൾ. ഒരു പിടി വാരി ബാഗിൽ ഇട്ടു.( നമ്മുടെ നാട്ടിലാണെങ്കിൽ ആളുകൾ ചുമരുകളും മതിലുകളും അലങ്കരിക്കാൻ അത് എന്നേ  എടുത്തു കൊണ്ടു പോയേനെ എന്ന് ഞാൻ പറഞ്ഞു).
സർഫിങ്ങ്‌( Surfing) ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പോടെയും  ചിലർ അവിടെയെത്തിയിരുന്നു .

കുറെ നേരം കടലിലിറങ്ങി. നല്ല തണുത്ത വെള്ളം. തെളിഞ്ഞു കിടക്കുന്ന വെള്ളത്തിനടിയിൽ പലനിറത്തിലുള്ള മിനുസമുള്ള  ഉരുളൻകല്ലുകൾ. കാലിന്നടിയില്‍ ഇക്കിളി കൂട്ടിഅത് ഉരുണ്ടുകൊണ്ടിരുന്നു.അനിര്‍വചനീയമായ ഒരനുഭൂതിഅനുഭവപ്പെടും ആര്‍ക്കും.നിഖിൽ നല്ല സ്നേഹമുള്ള മകനാണ്.  അവൻ എന്റെ  ഇഷ്ടത്തിനനുസരിച്ച് കൈപിടിച്ചു കടലിലേക്ക് ഇറക്കിക്കൊണ്ടുപോയി.


നിഖിൽ കുറെനേരം നീന്തി. രണ്ടു വയസ്സാവാത്ത മകനെയും വെള്ളത്തിൽ ഇറക്കി. പ്രജക്ത അതെല്ലാം  ക്യാമറയിൽ പകർത്തി കൊണ്ട് കരയിലിരുന്നു. വളരെ മനോഹരമായ ഒരു സായാഹ്നമായിരുന്നു അത്. മലകൾക്കപ്പുറത്ത്, തെളിഞ്ഞ  നീലാകാശത്തിൽ  നേരിയ പാടലവർണ്ണം പരത്തി മറയാൻ തുടങ്ങുന്ന സൂര്യൻ.   യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടംപിടിച്ച ഈ സ്ഥലം ഇംഗ്ലണ്ടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള WestLulworth പ്രവിശ്യയിലെ  Dorset എന്ന സ്ഥലത്തെ ജുറാസിക് തീരത്താണ് . ഏതു പ്രായക്കാർക്കും സമയം ചിലവഴിക്കാൻ പറ്റിയ ഒരു കടൽ തീരം. ചുണ്ണാമ്പു മലകളിൽ തിരയടിച്ചു ഉണ്ടായി പല രൂപത്തിലുള്ള ആർച്ചുകൾ രൂപം കൊണ്ടിരിക്കുന്നത് മനോഹരമായ ദൃശ്യമാണ്. പ്രകൃതി തന്നെ നിർമ്മിച്ച അത്ഭുത ദൃശ്യങ്ങളാണ് അവിടെ നമ്മെ കാത്തിരിക്കുന്നത്. തുര ക്കുക എന്നർത്ഥത്തിലുള്ള പഴയ ഇംഗ്ലീഷ് പദമായ thirl എന്ന വാക്കിൽ നിന്നാണ് Durdle door എന്ന വാക്ക് ഉരുത്തിരിഞ്ഞുവന്നത്. ശരിക്കും പ്രകൃതിതന്നെ ചുണ്ണാമ്പ് മലകളെ തുരന്നുണ്ടാക്കിയ വാതിലുകൾ തന്നെയാണ്.

 ലോകത്തിലെ ഏറ്റവും അധികം ഫോട്ടോഗ്രാഫിയും  വീഡിയോഗ്രാഫിയും  നടന്നിട്ടുള്ള ഒരു കടൽത്തീരമാണ് ഇത്. എട്ടര കഴിഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ  ഞങ്ങൾ അവിടെ നിന്നും മുകളിലേക്ക് നടക്കാൻ തുടങ്ങി. അപ്പോഴും സൂര്യൻ മറഞ്ഞിരുന്നില്ല. ഞങ്ങൾ മുകളിലേക്ക് വരുമ്പോഴും ചിലർ താഴേക്കിറങ്ങി പോകുന്നുണ്ടായിരുന്നു. അതിൽ ഒരു മലയാളി കുടുംബത്തെയും കണ്ടു.തിരിച്ചുവരുമ്പോൾ കുറെ ദൂരം പിന്നിട്ടപ്പോൾ മക്ഡൊണാൾഡ് ഔട്ട്ലെറ്റ്  കണ്ടു. അവിടെ കയറി കഴിക്കാമെന്ന് കരുതി .നല്ല തിരക്കായിരുന്നു അവിടെ.  ഞാനും പ്രജക്തയും  മോനും കൂടി തിരിച്ചു കാറിൽ തന്നെ വന്നിരുന്നു. ശശിയേട്ടനും നിഖിലും ക്യു നിന്നു ബർഗർ വാങ്ങി. അവിടെ ഇരുന്നു കഴിക്കാൻ ഉള്ള സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല.. എല്ലാവരും വണ്ടിയിൽതന്നെ ഇരുന്ന് ഭക്ഷണം കഴിച്ചു.അധികം തിരക്കില്ലാത്ത നിലാവെളിച്ചം വീഴുന്ന വഴികളിലൂടെയുള്ള യാത്ര നല്ല രസകരമായി തോന്നി.വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഏകദേശം രാത്രി ഒരു മണി ആകാറായിരുന്നു.  ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു ദിവസം കൂടിസമ്മാനിച്ചുകൊണ്ട് ആ യാത്രയും അവസാനിച്ചു.

പത്മിനി ശശിധരൻ✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com