കാലാഗ്നിയായ് മണ്ണിലേക്ക് വിരുന്നു വന്ന കൊറോണയുടെ കയ്യിൽ അകപ്പെടുന്നതിനു തൊട്ട് മുന്നേ, ഡിസംബറിന്റെ ഹിമ ബിന്ദു മനസ്സിലേക്ക് പൊഴിയുന്നത് പോലെ, ഈ ജന്മ സാഫല്യമായി, കൈലാസ നാഥന്റെ വരദാനമായി തീർന്ന ഒരു യാത്ര. അതായിരുന്നു 2019 ഡിസംബറിൽ നടത്തിയ ഋഷികേശ്, ഹരിദ്വാർ തീർത്ഥാടന കേന്ദ്രങ്ങളിലെ ദർശനപുണ്യം.
ഡിസംബറിൽ 10 ദിവസത്തെ ഡൽഹി യാത്രക്ക് എന്റെ കുടുംബം ഒരുങ്ങുമ്പോൾ ഉള്ളിൽ ഒരായുസ്സിന്റെ പുണ്യം ലഭിക്കുമോ എന്ന് ശങ്കിച്ചിരുന്നു. സി എ എ പ്രശ്നങ്ങൾ കൊടുംബിരിക്കൊണ്ട സമയം ആയിരുന്നു. എന്നിട്ടും തീരുമാനിച്ച യാത്ര മാറ്റിവെക്കാൻ ഏട്ടൻ(ഭർത്താവ് ) തയ്യാറായില്ല. യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന എനിക്കു കിട്ടിയ മറ്റൊരു പുണ്യം ആയിരുന്നു എന്റെ ഏട്ടൻ. അങ്ങിനെ ഞങ്ങൾ നാലു പേരും ഞാനും ഏട്ടനും 2 മക്കളും ചേർന്നു യാത്ര ആരംഭിച്ചു. ആഗ്രയിലെ വിറങ്ങലിക്കുന്ന തണുപ്പിൽ ഹോട്ടൽ മുറികളിലെ ഹീറ്ററിന് പോലും ചൂടില്ലെന്നു തോന്നി.
കോച്ചുന്ന തണുപ്പിൽ വെള്ള മേഘങ്ങൾ പോലെ തിളങ്ങി നിൽക്കുന്ന താജ്മഹൽ കൺകുളിർക്കേ കണ്ടു മടങ്ങി. അതിനു ശേഷം മുഗൾ സാമ്രാജ്യത്തിന്റെ കുളമ്പടികൾ മുഴങ്ങിയ കൊട്ടാരങ്ങളും കോട്ടകളും കണ്ടു. പിറ്റേ ദിവസം എന്നും കണികണ്ടുണരുന്ന കണ്ണന്റെ ജന്മസ്ഥലമായ വൃന്ദാവനിലേക്കു പോയി. അത്ഭുതം കൂറിയ ഓർമ്മകളാണ് അത്. ഇന്നും പഴയതു പോലെ കാത്തു സൂക്ഷിക്കുന്ന, കണ്ണന്റെ പവിത്ര ജന്മത്തിന് സാക്ഷ്യം വഹിച്ച തുറുങ്കിലേക്ക് കടന്നു. അവിടെ നിറയെ കണ്ണന്റെ കുസൃതി നിറഞ്ഞു നിൽക്കുന്നതായി തോന്നി.
പിറ്റേ ദിവസം ഡൽഹിയിലെത്തി.4 ദിവസം അവിടെ മുഴുവൻ കറങ്ങി കണ്ടു. പിന്നീട് വീണ്ടും ആരും കൊതിക്കുന്ന മറ്റൊരു തീർത്ഥാടന കേന്ദ്രത്തിലേക്ക്. മഞ്ഞു മൂടിയ മലകളിലൂടെ, ഉരുളൻ കല്ലുകളുടെ ഇടയിലൂടെ ഓടിയ വണ്ടി ഒടുവിൽ ഋഷികേശിൽ എത്തിച്ചേർന്നു. ഹിമാവൽ ശൃംഗങ്ങളിൽ നിന്നും ഉതിർന്നു കിലുകിലെ ചിരിക്കുന്ന കന്യകയെപ്പോലെ താഴോട്ട് ഒഴുകുന്ന ഗംഗാ നദി. അതിന്റെ കരയിൽ വിളങ്ങുന്ന മഹാദേവന്റെ വലിയ ശിവലിംഗം. പവിത്രമായ ആ പ്രതിമയിലേക്ക് ഒരു കുഞ്ഞു കുടത്തിൽ വെള്ളമെടുത്തു ഒഴിക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്തൊരു അനുഭൂതി ആയിരുന്നു. മഹായോഗികളുടെ ധ്യാന കേന്ദ്രമായ അവിടെങ്ങും യോഗിവര്യന്മാർ പഠനങ്ങളിലും ധ്യാനങ്ങളിലും മുഴുകിയിരിക്കുന്നത് കാണാമായിരുന്നു.
അവിടെ നിന്നും പോയത് ഹരിദ്വാറിലേക്കായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെ അവിടെ എത്തി. നാഗദേവതയായ മനസദേവിയുടെ കോവിൽ മല മുകളിൽ തലയെടുപ്പോട് കൂടി നിക്കുന്നത് താഴെ നിന്നേ കാണാമായിരുന്നു. റോപ് വേ വഴി വളരെ എളുപ്പം തന്നെ അവിടെ എത്തി പ്രാർത്ഥിച്ചു തിരിച്ചു. താഴെ ഗംഗാ നദിയുടെ അതിപ്രധാനമായ ചടങ്ങിനായി അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുന്നുണ്ടായിരുന്നു. ഇരു കരകളിലും പുഷ്പതാലത്തിൽ ദീപമേന്തി നിൽക്കുന്ന ജനാവലി. അതിനിടയിലൂടെ താലമേന്തി മുന്നിലെത്താൻ ഞങ്ങളെ ഗൈഡ് സഹായിച്ചു. അങ്ങിനെ വാദ്യഘോഷങ്ങളോടെ എന്നും നടക്കുന്ന മഹത്തായ ഗംഗാ ആരതിയിൽ മനസ്സ് നിറഞ്ഞു എല്ലാം മറന്നു മുഴുകി നിന്നു. അവാച്യമായിരുന്നു ആ അനുഭൂതി. രാത്രി ഗംഗാ നദിക്കരികെയുള്ള ഹോട്ടലിൽ മുറിയെടുത്തു.
ഗംഗതീരത്തു അവിടവിടെയായി കുഞ്ഞു കുഞ്ഞു മണ്ഡപങ്ങൾ ഉണ്ട്. ദിവസവും ആരതി തെളിക്കുവാൻ വേണ്ടി ഉള്ളതാണ് ഇത്. രാത്രി ഞങ്ങൾ ഡ്രൈവറെയും കൂട്ടി ഗംഗാ നദിക്കരയിലേക്ക് പോയി. മരം കോച്ചുന്ന തണുപ്പിൽ ഗംഗയിൽ മുങ്ങി നിവർന്നു. ആ തണുപ്പിലും ഗംഗയുടെ വെള്ളം തലയിലേക്ക് വീഴുമ്പോൾ ഒരു പ്രത്യേക നിർവൃതി അനുഭവപ്പെട്ടു.എഴുതിയാലും എഴുതിയാലും തീരാത്ത മനോഹരമായ അനുഭവങ്ങൾ സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്. ഓർമ്മകൾക്കിന്നും സ്വർണ്ണവർണ്ണം ചാർത്തുന്ന, അനുഭവത്തിന്റെ ഒരു തരിപോലും മാഞ്ഞു പോകാതെ ജ്വലിച്ചു നിൽക്കുന്ന ധന്യ മുഹൂർത്തങ്ങളായിരുന്നു അത്. ദൈവനിയോഗം പോലെ തെളിഞ്ഞു നിൽക്കുന്ന യാത്ര. തിരിച്ചെത്തുമ്പോഴേക്കും ലോകം കോവിഡിന്റെ കരാള ഹസ്തത്തിൽ അമരുകയായിരുന്നു. ഇനിയെന്നെങ്കിലും മുഖം മൂടിയില്ലാത്ത, രോഗ ഭയമില്ലാത്ത ഇതുപോലൊരു യാത്ര സാധ്യമാകുമോ…. അറിയില്ല.
സംഗീത മോഹൻദാസ്, ബാഗ്ലൂർ