പരിശുദ്ധ എൽദോ മോർ ബേസെലിയോസ് ബാവയും സംഘവും കോതമംഗലത്തേക്കുള്ള യാത്ര :-
പരിശുദ്ധ എൽദോ മോർ ബേസെലിയോസ് ബാവയും സംഘവും കാടും മലയും കയറിയിറങ്ങി കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ യാത്ര തുടർന്ന് കോതമംഗലത്തുള്ള കോഴിപ്പിള്ളിയിലെത്തി. അവിടം ആൾപ്പാർപ്പുണ്ടെന്നറിഞ്ഞു ബാവയും ഹിദായത്തുള്ള ഇവാനിയോസ് റമ്പാനും കൂട്ടുയാത്രക്കാരെ പിരിഞ്ഞ് അവിടെ അല്പം വിശ്രമിച്ചു. ഇനി രണ്ടുപേരുംകൂടി ഒരുമിച്ചുള്ള യാത്ര സുരക്ഷിതമല്ലെന്ന് കരുതി റമ്പാനെ ഒരു വൃക്ഷത്തിൽ കയറ്റി ഇരുത്തി.
ബാവ തനിയെ യാത്ര തുടർന്നു. അവിടെ ചുറ്റും നോക്കി നടന്നു. അപ്പോളാണ് അങ്ങകലെ കാലികളെ മെയ്ച്ചുകൊണ്ടിരുന്ന ഒരു ബാലനെ കണ്ടു. ബാവ അടുത്തുചെന്നതും ബാലൻ ഭയന്ന് വിറച്ചു. അത് കണ്ട ബാവ ബാലനോട്,, “പള്ളി അടുത്തുണ്ടോ എന്ന് ആംഗ്യഭാഷയിൽ” ചോദിച്ചു. ബാവയെ കണ്ടതും ബാലൻ ഏതോ ദിവ്യനാണെന്നു മനസ്സിലായി നമസ്കരിച്ചു. ആ ബാലൻ “ചക്കാലക്കൽ തറവാട്ടിലെ നായർ യുവാവായിരുന്നു “. ബാവ പള്ളിയിലേക്കുള്ള വഴി കാണിച്ചു തരുമോ എന്ന് ബാലനോട് ചോദിച്ചു, അവൻ പറഞ്ഞു, ഞാൻ കൂടെ വന്നാൽ കാലികൾ കൂട്ടം വിട്ട് പോകും, തന്നെയുമല്ല വന്യമൃഗങ്ങൾ ഉള്ളതിനാൽ വരാനും സാധിക്കില്ലെന്നു ആംഗ്യഭാഷയിൽ പറഞ്ഞു. പെട്ടെന്ന് ബാവ തന്റെ കയ്യിലിരുന്ന വടികൊണ്ട് ഒരു “വൃത്തം” വരച്ചു. കാലികളെ ആ വൃത്തത്തിൽ നിർത്താൻ കല്പിച്ചു. അതുപോലെ ചെയ്ത ബാലൻ അത്ഭുതം കൂറി. തന്റെ മുന്നിൽ നിൽക്കുന്ന ദിവ്യനെ വണങ്ങി തന്റെ സഹോദരിയുടെ കാര്യം ഓർത്തു . പ്രസവാരിഷ്ടതയിൽ കഷ്ടപ്പെടുന്ന തന്റെ സഹോദരിയുടെ കരച്ചിൽ കണ്ടിട്ടാണ് വരുന്നത്,, എങ്ങനെയെങ്കിലും രക്ഷിക്കണമെന്നപേക്ഷിച്ചു. ബാവ തെങ്ങിനെ നോക്കി കരിക്കു പറിക്കുവാൻ, അപ്പോൾ ബാലൻ തെങ്ങിൽ കയറാൻ ഒരുങ്ങി. പെട്ടെന്ന് ബാവ കയ്യിലിരുന്ന വടി ഉയർത്തിയപ്പോൾ തെങ്ങ് താനേ വളഞ്ഞു നിന്നു. അപ്പോൾ ബാലൻ കുമ്പിട്ടു വണങ്ങി,,ബാവ പറിച്ചു കൊടുത്ത കരിക്കു വാഴ്ത്തി കൊടുത്തുവിട്ടു സഹോദരിക്കായി. വീട്ടിൽ ചെന്നു നടന്നകാര്യങ്ങൾ പറഞ്ഞു, കരിക്കിൻ വെള്ളം കുടിച്ച സഹോദരിക്കു സുഖപ്രസവവും നടന്നു. തിരിച്ചു വന്ന ബാലനും കുടുംബവും സന്തോഷപൂർവം ബാവയെ ആദരപൂർവം തൊഴുതു. (ഈ അത്ഭുതങ്ങൾ നടത്തിയ സ്ഥലത്താണ് ചക്കാലക്കുടി ചാപ്പൽ സ്ഥിതിചെയ്യുന്നത്) ബഹുമാന്യനായ ഒരാളെ വരവേൽക്കുന്ന രീതി അനുസരിച്ച് അരയിൽ മുണ്ടുകെട്ടി കോൽവിളക്കും പിടിച്ച് ആ യുവാവ് മുന്നേ നടന്നു ബാവയെ പള്ളിയിലേക്കാനയിച്ചു. അതാണ് “കോഴിപ്പിള്ളിയിൽ നിന്നും ചെറിയ പള്ളിയിലേക്കുള്ള ആദ്യ പ്രദിക്ഷണം ” നടത്തിയത്. അന്ന് കോഴിപ്പിള്ളി പുഴ വട്ടം കടന്നാണ് പോയത്. അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ബാവയെകണ്ടു ആർത്തു വിളിച്ചു. ബാവക്കു കുട്ടികളോട് സന്തോഷം കൂടി.”മണൽ വാരിയെറിഞ്ഞു കളിച്ചതു അന്തരീക്ഷത്തിൽ തന്നെ നിന്നു താഴെ വീഴാതെ. “ആ കുട്ടികളും, നാട്ടുകാരും കൂടെ ആഘോഷവും ആർപ്പുവിളികളുമായി പള്ളിയിലേക്ക് ആനയിച്ചു. (ഇന്നും എല്ലാ വർഷവും കന്നിപെരുന്നാളിന് അതുപോലെ തന്നെ പ്രദിക്ഷണവും നടത്തുന്നു) . പള്ളിയിലെക്കെത്തിയപ്പോൾ കേട്ടവർ കേട്ടവർ ഓടിക്കൂടി വൻ ജനാവലി തന്നെ ഉണ്ടായിരുന്നു.
ബാവയെ പള്ളിയിലേക്ക് വഴി കാണിച്ചുകൊടുത്തതിന്റ ഓർമ്മ പുതുക്കുവാൻ ഇന്നും ആ കുടുംബക്കാർ “കോൽവിളക്ക് “മുന്നിൽ പിടിച്ചാണ് കന്നിപ്പെരുന്നാളിൽ പള്ളിയിൽ നിന്നും പ്രദക്ഷിണത്തിനു പുരോഹിതന്മാരുടെ മേക്കട്ടിക്ക് മുന്നിൽ പോകുന്നത്.
പള്ളിയിൽ നടന്ന അത്ഭുതം.
പരിശുദ്ധ ബാവ പള്ളിയങ്കണത്തിലേക്ക് പ്രവേശിച്ചപ്പോൾ “പള്ളി മണി മുഴങ്ങി, വാതിൽ താനേ തുറന്നു “. ബാവ പള്ളിയിൽ പ്രവേശിച്ചു മദ്ബാഹയുടെ (അൾത്താര )തെക്കു പടിഞ്ഞാറേ ഭാഗത്തുള്ള നടയിൽ ഇരുന്നു. വന്ദ്യവയോധികതനായ ബാവ ആകെ തളർന്നിരുന്നു. പള്ളിമണി കേട്ടു ജനങ്ങൾ ഓടിക്കൂടി.ബാവ സുറിയാനിയിൽ സംസാരിച്ചപ്പോൾ ജനങ്ങൾസുറിയാനി പഠിച്ച ഒരു ശേമ്മാശനേ വരുത്തി. മലങ്കര മക്കൾക്കായി അന്ത്യോഖ്യയിൽ നിന്നും വന്ന സഭാത്തലവനാണെന്നറിഞ്ഞ ജനങ്ങൾ ആഹ്ലാദഭരിതരായി. ബാവ പറഞ്ഞതനുസരിച്ച് സഹ യാത്രികനായ ഇവാനിയോസ് റമ്പാനെ കൂട്ടികൊണ്ടുവരാൻ ബാവ ശേമ്മാശനെ തന്റെ വെള്ള കൈലോസു, (ടവൽ) മേനാവു (മഞ്ചൽ )മായി അയച്ചു. അകലെ അവരെ കണ്ടപ്പോൾ ഇവാനിയോസ് ഭയമായിരുന്നു, ബാവയുടെ കൊന്നു, തന്നെയും വകവരുത്താനാണെന്ന് കരുതി പേടിച്ചു മരത്തിലിരുന്നു പ്രാർഥിച്ചു. അപ്പോൾ ശേമ്മാശൻ “ശ്ലോമ്മോ” (സമാധാനം ) ചൊല്ലി. ഭയം വിട്ടകന്ന് കൂടെ പോയി.സന്തോഷത്തോടെ ശേമ്മാശനെ ആശ്ലേഷിച്ചു.പള്ളിയിലെത്തി വിശ്വാസികളോട് ഇവാനിയോസ് റമ്പാൻ അൽപനേരം സംസാരിച്ചു.തുടർന്നുള്ള ദിനങ്ങൾ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ദിനങ്ങളായിരുന്നു.
“അന്ത്യോഖ്യ പാതിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദെദ് മിശിഹാ ബാവ”യുടെ കല്പന ജനങ്ങളെ വായിച്ചു കേൾപ്പിച്ചു. മലങ്കരയിൽ നിന്നും ആവശ്യപ്പെട്ടിരുന്ന “വിശുദ്ധ മൂറോൻ “കൊണ്ടുവന്നിരുന്നു ബാവ. ജനങ്ങളെല്ലാം സന്തോഷത്തോടെയും സമാധാനത്തോടെയും ഇരുവരെയും എതിരെറ്റ് സ്വീകരിച്ചു. നാടിന്റെ നാനാ ഭാഗത്തുനിന്നും ജനങ്ങൾ എത്തികൊണ്ടിരുന്നു. ഒരു വിശുദ്ധൻ അന്ത്യോഖ്യയിൽ നിന്നും ഈ നാട്ടിലെ ജനങ്ങളെ സന്ദർശിക്കാൻ വരിക, ഇതിൽപരം ഒരാനന്ദമുണ്ടോ…
( തുടരും…)
മിനി എൽദോസ്, കോതമംഗലം.